Saturday, January 4, 2014

വിലക്കയറ്റം മിണ്ടിയില്ല; ഗവര്‍ണറെക്കൊണ്ട് രാഷ്ട്രീയം പറയിച്ചു

സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും പരിഹരിക്കുന്നതിന് കാര്യമായ നിര്‍ദേശങ്ങളില്ലാതെ ഗവര്‍ണറുടെ നയപ്രഖ്യാപനം. പരമ്പരാഗത വ്യവസായ മേഖലയ്ക്കും പൊതുമേഖലയ്ക്കും കാര്‍ഷിക മേഖലയ്ക്കും പ്രത്യേക ഊന്നലൊന്നുമില്ലാത്ത നയപ്രഖ്യാപനത്തിനിടയില്‍ ഗവര്‍ണറെക്കൊണ്ട് സര്‍ക്കാര്‍ രാഷ്ട്രീയ പ്രസംഗവും നടത്തിച്ചു. നയപ്രഖ്യാപനപ്രസംഗത്തിലെ ഒരു പേജ് മുഴുവന്‍ സമരങ്ങളെ പുച്ഛിക്കാനാണ് വിനിയോഗിച്ചത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ സംബന്ധിച്ച ക്രിയാത്മകമായ വിമര്‍ശങ്ങളെ എപ്പോഴും സ്വാഗതംചെയ്യുമെന്ന് അവകാശപ്പെട്ടാണ് ഗവര്‍ണര്‍ സമരങ്ങള്‍ക്കെതിരെ പ്രസംഗം തുടങ്ങിയത്. പ്രക്ഷോഭങ്ങള്‍ അന്തസ്സിന്റെയും ക്രമസമാധാനത്തിന്റെയും എല്ലാ സീമയും ലംഘിക്കുന്നതായും പ്രസംഗത്തില്‍ ആരോപിച്ചു.

പാചകവാതക വിലവര്‍ധന, സോളാര്‍ അഴിമതി തുടങ്ങിയ വിഷയങ്ങളില്‍ പ്രതിപക്ഷം ഉയര്‍ത്തിയ ശക്തമായ പ്രതിഷേധത്തിനിടെയാണ് ഗവര്‍ണര്‍ നിഖില്‍കുമാര്‍ പ്രസംഗം തുടങ്ങിയത്. നയപ്രഖ്യാപന പ്രസംഗം തടസ്സപ്പെടുത്താതെയായിരുന്നു പ്രതിഷേധം. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഗവര്‍ണര്‍ പ്രസംഗം ആരംഭിച്ചയുടന്‍തന്നെ ഈ വിഷയങ്ങള്‍ ഉന്നയിച്ച് ഏതാനും മിനിറ്റ് സംസാരിച്ചു. പ്രതിപക്ഷ അംഗങ്ങള്‍ എഴുന്നേറ്റു നിന്ന് പ്ലക്കാര്‍ഡുകളും ബാനറും ഉയര്‍ത്തി സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധിച്ചു. അഞ്ച് മിനിറ്റിന് ശേഷം ഗവര്‍ണറുടെ പ്രസംഗത്തോട് സഹകരിച്ചു.

വിലക്കയറ്റത്തില്‍നിന്ന് നേരിയ ആശ്വാസമെങ്കിലും നല്‍കാനുള്ള ആര്‍ജവം സര്‍ക്കാരിനില്ലെന്ന് ഗവര്‍ണറുടെ പ്രസംഗം വ്യക്തമാക്കുന്നു. പൊതുവിപണിയില്‍ ഇടപെടുന്ന കാര്യം പരാമര്‍ശിക്കുന്നില്ല. മാവേലി സ്റ്റോറുകളെ സുപ്പര്‍ മാര്‍ക്കറ്റുകളാക്കുമെന്ന പ്രഖ്യാപനം മാത്രമാണുള്ളത്. തകര്‍ച്ചയിലേക്ക് കൂപ്പു കുത്തുന്ന കണ്‍സ്യൂമര്‍ഫെഡിനെ പുനരുദ്ധരിക്കുന്നതിനും ശ്രമമില്ല. പൊതുവിതരണ സംവിധാനം കംപ്യൂട്ടര്‍വല്‍ക്കരിച്ച് ആധാറിന്റെ കീഴിലാക്കുമെന്നാണ് മറ്റൊരു നിര്‍ദേശം. ഇതോടെ റേഷന്‍ അരിയും പഞ്ചസാരയും ഗോതമ്പുമെല്ലാം ആധാര്‍ ഇല്ലാത്തവര്‍ക്ക് നിഷേധിക്കപ്പെടും. സബ്സിഡി നിരക്കിലുള്ള മണ്ണെണ്ണ ലഭിക്കണമെങ്കിലും ആധാര്‍ വേണ്ടിവരും. കൊച്ചിയില്‍ കേന്ദ്രസഹായത്തോടെ രണ്ട് ഇലക്ട്രോണിക് മാനുഫാക്ചറിങ് ക്ലസ്റ്ററുകള്‍ തുടങ്ങും. നഗരവികസനം പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കും. റീസര്‍വേ പദ്ധതി വീണ്ടും തുടങ്ങും. പൊലീസുകാര്‍ക്ക് സമഗ്ര ആരോഗ്യ പദ്ധതിയാരംഭിക്കും. 250 വനിതാ എസ്ഐമാരെയും 1000 കോണ്‍സ്റ്റബിള്‍മാരെയും നിയമിക്കുന്നതിന് റിക്രൂട്ട്മെന്റ് നടത്തും. അട്ടപ്പാടിയിലെ പോഷകാഹാരപദ്ധതി പ്രഖ്യാപനം ഗവര്‍ണര്‍ ആവര്‍ത്തിച്ചു. അടുത്ത അധ്യയന വര്‍ഷം പാഠ്യപദ്ധതി പരിഷ്കരിക്കും. കോളേജുകള്‍ ഇല്ലാത്ത എല്ലാ നിയമസഭാ മണ്ഡലങ്ങളിലും കോളേജ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ വ്യവസായ വികസന മേഖലകള്‍ സ്ഥാപിക്കും. ഈ വര്‍ഷം 7.5 ശതമാനം സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിടുന്നതായും ഗവര്‍ണര്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment