Saturday, January 4, 2014

മമതയ്ക്ക് സാംസ്കാരികപ്രവര്‍ത്തകരുടെ തുറന്നകത്ത്

പശ്ചിമബംഗാളിലെ ഉത്തര 24 പര്‍ഗാനാസ് ജില്ലയില്‍ പതിനാറുകാരിയെ രണ്ടുവട്ടം കൂട്ടബലാത്സംഗത്തിന് ഇരയാക്കി ചുട്ടുകൊന്ന സംഭവത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് സാംസ്കാരികപ്രവര്‍ത്തകര്‍ തുറന്ന കത്തയച്ചു. സംഭവത്തില്‍ അമര്‍ഷവും നടുക്കവും പ്രകടിപ്പിച്ചാണ് മഹിള-വിദ്യാര്‍ഥി-യുവജന-ട്രേഡ് യൂണിയന്‍ സംഘടനകളും സാംസ്കാരികപ്രവര്‍ത്തകരും കത്തയച്ചത്. മുഖ്യമന്ത്രിയുടെ മൗനം അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് കത്തില്‍ പറഞ്ഞു.

ആഭ്യന്തരവകുപ്പിന്റെ ചുമതല മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള പൊലീസ് കുറ്റവാളികളെ സഹായിക്കുകയാണ്്. ലൈംഗികാക്രമണക്കേസുകളില്‍ കുറ്റവാളികളെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേത്. സംസ്ഥാനത്ത് നിയമവാഴ്ച പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. മുഴുവന്‍ കുറ്റവാളികളെയും അറസ്റ്റുചെയ്യണമെന്നും പെണ്‍കുട്ടിയുടെ കുടുംബത്തിന് സംരക്ഷണം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍, എന്‍എഫ്ഐഡബ്ല്യു, ജെഡബ്ല്യുപി, സ്വാസ്തിക് മഹിളാസമിതി, ഇന്ത്യന്‍ സ്കൂള്‍ ഓഫ് വിമെന്‍സ് സ്റ്റഡീസ് ആന്‍ഡ് ഡെവലപ്മെന്റ്, സിഐടിയു, എസ്എഫ്ഐ, ഡിവൈഎഫ്ഐ, എഫ്എംആര്‍എഐ എന്നീ സംഘടനാഭാരവാഹികളും ടീസ്റ്റ സെതല്‍വാദ്, അരുണറോയി, പ്രൊഫ. സോണിയഗുപ്ത, പ്രൊഫ. അര്‍ച്ചനപ്രസാദ്, പ്രൊഫ. ഉമര്‍ഫാറൂഖി, ഡോ. നന്ദിതനാരായണ്‍, പ്രൊഫ. അയിഷകിദ്വായി, ഡോ. നളിനിതനേജ, മാലശ്രീഹാഷ്മി, രജീവ്കുമാര്‍ (ഡെമോക്രാറ്റിക് ടീച്ചേഴ്സ് ഫ്രണ്ട്, ഡല്‍ഹി സര്‍വകലാശാല) തുടങ്ങിയവരുമാണ് കത്തില്‍ ഒപ്പുവച്ചത്.

രാജ്യത്തിന് അപമാനം: വൃന്ദ

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ രണ്ടുവട്ടം കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവം രാജ്യത്തിന് അപമാനമാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. ഒരു പെണ്‍കുട്ടി രണ്ടുപ്രാവശ്യം കൂട്ടബലാത്സംഗംചെയ്യപ്പെടുന്നത് രാജ്യചരിത്രത്തില്‍ ആദ്യമാണ്. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നയങ്ങളാണ് ഈ സാഹചര്യം സൃഷ്ടിച്ചത്. മഹിളാ സംഘടനകളും എസ്എഫ്ഐയും ന്യൂഡല്‍ഹി ബംഗ ഭവന്‍ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു വൃന്ദ. ബംഗാളില്‍ കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. പെണ്‍കുട്ടികളുടെ സുരക്ഷയില്‍ മമത സര്‍ക്കാര്‍ പൂര്‍ണപരാജയമാണ്. അക്രമികളെയും നിയമലംഘകരെയും സംരക്ഷിക്കുന്നത് സ്ഥിതി വഷളാക്കുന്നു. പുതിയ സംഭവം നിഷ്പക്ഷ ഏജന്‍സി അന്വേഷിച്ച് കുറ്റക്കാരെ മുഴുവന്‍ ശിക്ഷിക്കണം. പെണ്‍കുട്ടിയുടെ കുടുംബത്തിന് സുരക്ഷ നല്‍കണം. ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെയും നടപടി വേണം- വൃന്ദ ആവശ്യപ്പെട്ടു. അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജഗ്മതി സാങ്വാന്‍, സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍ സെന്‍, സേബാ ഫാറൂഖി തുടങ്ങിയവര്‍ സംസാരിച്ചു.

ആത്മഹത്യയല്ല; പെണ്‍കുട്ടിയെ ചുട്ടുകൊന്നു: പൊലീസ്

കൊല്‍ക്കത്ത: ബംഗാളില്‍ രണ്ടുവട്ടം കൂട്ടബലാത്സംഗത്തിനിരയായ പതിനാറുകാരി തീകൊളുത്തി ആത്മഹത്യ ചെയ്തതല്ല, പീഡിപ്പിച്ചവര്‍ തന്നെ തീയിട്ട് കൊല്ലുകയായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. കനത്ത ജനരോഷം ഉയര്‍ന്ന സാഹചര്യത്തിലാണ് പൊലീസിന്റെ വെളിപ്പെടുത്തല്‍. പെണ്‍കുട്ടി മരണമൊഴിയില്‍ ഇക്കാര്യമുണ്ടെന്നും പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തെന്നും പൊലീസ് അറിയിച്ചു. ഡിസംബര്‍ 23ന് പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കായിരുന്നപ്പോഴാണ്അക്രമികള്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കടന്നുകളഞ്ഞത്. അയല്‍ക്കാര്‍ പെണ്‍കുട്ടിയെ ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. ഡിസംബര്‍ 27നാണ് ഡോക്ടറുടെ സാന്നിധ്യത്തില്‍ പൊലീസിന് മൊഴി നല്‍കിയത്. നാല് ദിവസത്തിന് ശേഷമാണ് മരണം. ബലാത്സംഗം നടത്തിയ സംഘത്തിലെ രത്തന്‍ സില്‍, മിന്‍താ സില്‍ എന്നിവരാണ് പെണ്‍കുട്ടിയുടെ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്. പെണ്‍കുട്ടി ജീവിച്ചിരുന്നാല്‍ തങ്ങള്‍ക്കെതിരെ മൊഴി നല്‍കുമെന്ന് സംശയിച്ചാണ് വകവരുത്താന്‍ തീരുമാനിച്ചത്.

മകള്‍ ആത്മഹത്യ ചെയ്തതല്ല, അക്രമികള്‍ കൊല്ലുകയായിരുന്നുയെന്ന് പെണ്‍കുട്ടിയുടെ അച്ഛനമ്മമാര്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍, പൊലീസ് ഇത് പാടെ നിഷേധിച്ചു. ജനരോഷം ആളിപ്പടരുകയും ചികിത്സിച്ച ഡോക്ടര്‍ സത്യം പുറത്തുപറയുന്ന സ്ഥിതി ഉണ്ടാവുകയും ചെയ്തപ്പോഴാണ് ബിധാന്‍നഗര്‍ സിറ്റി പൊലീസ് ഡെപ്യൂട്ടി കമീഷണര്‍ നിംബാല സന്തോഷ് ഉത്തംറാവു സത്യം വെളിപ്പെടുത്തിയത്. പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നെന്നും ഭ്രൂണം പരിശോധനയ്ക്ക് അയച്ചെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഉത്തര 24 പര്‍ഗാനാസിലെ മധ്യംഗ്രാം സ്വദേശിനിയാണ് രണ്ടുവട്ടം കൂട്ടബലാത്സംഗത്തിനിരയായത്. ഒക്ടോബര്‍ 25നായിരുന്നു ആദ്യസംഭവം. പൊലീസില്‍ പരാതി നല്‍കിയ പകയില്‍ ഇതേ സംഘം രണ്ടുദിവസത്തിന് ശേഷം കടത്തിക്കൊണ്ടുപോയി പിഡിപ്പിച്ച് റെയില്‍ പാളത്തില്‍ തള്ളി. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി പീന്നീട് വീട്ടിനുള്ളില്‍ത്തന്നെ കഴിയുകയായിരുന്നു. കൊലപാതകത്തിലും പൊലീസ് നിലപാടിലും പ്രതിഷേധിച്ച് വ്യഴാഴ്ച കൊല്‍ക്കത്തയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും വന്‍ പ്രതിഷേധമുയര്‍ന്നു. വിവിധ സംഘടനകളുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ കൊല്‍ക്കത്ത കോളേജ് സ്ട്രീറ്റ് മുതല്‍ എസ്പ്ലനേഡ് വരെ നടന്ന പ്രകടനത്തില്‍ ആയിരക്കണക്കിന് ആളുകള്‍ അണിനിരന്നു. കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും കേസ് കേന്ദ്ര ഏജന്‍സി അന്വഷിക്കണമെന്നും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.
(ഗോപി)

deshabhimani

No comments:

Post a Comment