Sunday, January 26, 2014

സര്‍ക്കാര്‍ ഓഫീസുകള്‍ ഇല്ലാതാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിക്കുക



എത്ര ഓഫീസുകള്‍ പൂട്ടാന്‍ പറ്റുമെന്ന് സര്‍ക്കാര്‍ പരിശോധിക്കണം: ജ. സി എന്‍ രാമചന്ദ്രന്‍നായര്‍

കൊച്ചി: ചെലവുചുരുക്കാന്‍ എത്ര ഓഫീസുകള്‍ പൂട്ടാന്‍ പറ്റുമെന്നും എത്ര ജോലികള്‍ ഒഴിവാക്കാന്‍ പറ്റുമെന്നും സര്‍ക്കാര്‍ പരിശോധിക്കണമെന്ന് ശമ്പളകമീഷന്‍ ചെയര്‍മാന്‍കൂടിയായ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍നായര്‍. രാഷ്ട്രീയസ്വാധീനം മുന്നില്‍ക്കണ്ടാണ് സര്‍ക്കാര്‍ പൊതുമേഖലയ്ക്കായി വാദിച്ച് സ്വകാര്യമേഖലയെ അവഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ കെ എം മാണി സെന്റര്‍ ഫോര്‍ ബജറ്റ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ നടന്ന ബജറ്റ് ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശമ്പളപരിഷ്കരണ കമീഷനുപകരം ഭരണപരിഷ്കരണ കമീഷനാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന്റെ സാമ്പത്തികസ്ഥിതി മോശമാണ്. സിബിഐയെ അല്ല നികുതിവകുപ്പിനെയാണ് സര്‍ക്കാര്‍ കൂടുതുറന്ന് വിടേണ്ടത്. നികുതി വെട്ടിക്കുന്നതില്‍ രാഷ്ട്രീയസ്വാധീനമുള്ളവര്‍ രക്ഷപ്പെടുകയാണ്. നികുതിപിരിവ് ഏജന്‍സിയെ സ്വതന്ത്രസംവിധാനമായി മാറ്റണം. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പുതിയ മേഖലകളിലേക്ക് നിക്ഷേപം എത്തിക്കാനും പദ്ധതികളുണ്ടാകണം. സാമ്പത്തിക പ്രതിസന്ധിയെന്ന് വിലപിക്കുന്ന സര്‍ക്കാരുകള്‍ കള്ളപ്പണം തടയുന്നില്ല. വസ്തു ഇടപാടുകള്‍ അടക്കമുള്ളവ ബാങ്കിങ്വഴിയാക്കിയാല്‍ കള്ളപ്പണവും കള്ള നോട്ടും നിയന്ത്രിക്കാം. നിര്‍മാണവസ്തുക്കള്‍ക്ക് നികുതി വര്‍ധിപ്പിച്ചത് ശരിയായില്ല. കേരളത്തില്‍ ചലിക്കുന്ന ഏക മേഖല ഇതാണ്. ടൂറിസം അടക്കമുള്ള മേഖലകളിലേക്ക് സ്വകാര്യ സംരംഭകരെ ക്ഷണിച്ച് പുതിയ പദ്ധതികള്‍ നടപ്പാക്കണം. നികുതിയിതര വരുമാനം കൂട്ടണം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉടച്ചുവാര്‍ത്ത് ചെലവ് കുറയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.

പരമ്പരാഗത രീതിക്കുപകരം ജനങ്ങളുമായി സംവദിക്കുന്നതാകണം ബജറ്റെന്ന് ചര്‍ച്ചയില്‍ അധ്യക്ഷനായ പ്രൊഫ. എം എ ഉമ്മന്‍ പറഞ്ഞു. സി എ ആര്‍ കൃഷ്ണയ്യര്‍, കേരള പബ്ലിക് എക്സ്പന്റിച്ചര്‍ റിവ്യൂ കമ്മിറ്റി അംഗം പ്രൊഫ. മേരി ജോര്‍ജ്, പ്രൊഫ. ലോപ്പസ് മാത്യു, പ്രൊഫ. പി എ വാസുദേവന്‍, നാഷനല്‍ സേവിങ്സ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഡോ. ജോസ് ജേക്കബ്, ഡോ. നിര്‍മല പത്മനാഭന്‍, പി എ ജോണി, ബജറ്റ് സ്റ്റഡീസ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. സാബു തോമസ്, കുസാറ്റ് സിന്‍ഡിക്കറ്റ് അംഗം കെ സാജന്‍ എന്നിവര്‍ സംസാരിച്ചു.

സര്‍ക്കാര്‍ ഓഫീസുകള്‍ ഇല്ലാതാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിക്കുക

തിരു: നിലവിലുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ അടച്ചുപൂട്ടണമെന്ന ശമ്പള കമീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍നായരുടെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. രാമചന്ദ്രന്‍നായരുടെ പരാമര്‍ശങ്ങളില്‍ പ്രതിഷേധമുയര്‍ത്താന്‍ എഫ്എസ്ഇടിഒ പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

ശമ്പളപരിഷ്കരണമല്ല, ഭഭരണപരിഷ്കാരമാണ് ലക്ഷ്യമെന്ന് ശമ്പള കമീഷന്‍ ചെയര്‍മാന്‍ പറയുന്നത്. ജീവനക്കാരുടെ ശമ്പള സ്കെയിലുകളുടെയും ആനുകൂല്യങ്ങളുടെയും മെച്ചപ്പെടുത്തലാണ് ശമ്പള കമീഷന്റെ ചുമതലയെന്ന ധാരണ തിരുത്തണമെന്ന അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ യുഡിഎഫ് സര്‍ക്കാരിന്റെ നയമാണ് പ്രതിഫലിക്കുന്നത്. നിലവിലുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ അടച്ചുപൂട്ടാന്‍ കഴിയുന്നവ നിരവധിയുണ്ടെന്നും കംപ്യൂട്ടര്‍ യുഗത്തില്‍ കണക്കപ്പിള്ളമാരുടെ ആവശ്യമില്ലെന്നുമുള്ള ശമ്പള കമീഷന്‍ ചെയര്‍മാന്റെ നിരീക്ഷണം അത്യന്തം പ്രതിഷേധാര്‍ഹമാണ്. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നതിനെതിരായുള്ള അദ്ദേഹത്തിന്റെ പരാമര്‍ശം സിവില്‍ സര്‍വീസിനെ അപമാനിക്കുന്നതിന് തുല്യമാണ്. പത്താം ശമ്പള കമീഷന്‍ രൂപീകരിച്ചപ്പോള്‍ തന്നെ എഫ്എസ്ഇടിഒ പ്രകടിപ്പിച്ച ആശങ്കകളെ അക്ഷരാര്‍ഥത്തില്‍ ശരിവയ്ക്കുന്നതാണ് കമീഷന്‍ ചെയര്‍മാന്റെ പരാമര്‍ശങ്ങള്‍. 2002ല്‍ യുഡിഎഫ് സര്‍ക്കാര്‍ വിദ്യാഭ്യാസ സര്‍വീസ് മേഖലയെ തകര്‍ക്കാന്‍ കൊണ്ടുവന്ന പരിഷ്കാരങ്ങള്‍ വീണ്ടും അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമുയരണമെന്ന് മുഴുവന്‍ ജീവനക്കാരോടും എഫ്എസ്ഇടിഒ പ്രസിഡന്റ് എം ഷാജഹാനും ജനറല്‍ സെക്രട്ടറി എ ശ്രീകുമാറും പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

1 comment:

  1. ഇത് പറയാന്‍ ഇയാള്‍ എത്ര (കമ്മീഷന്‍ ചെയര്‍മാന്‍ എന്ന മറയില്‍) കാശ് സര്‍ക്കാറിന്റേതായി എഴുതി വാങ്ങുന്നു?

    ReplyDelete