Monday, January 6, 2014

കേരളത്തില്‍ നാളികേര ഉല്‍പ്പാദനം പകുതിയിലധികം കുറയും

മലപ്പുറം: കേരളത്തില്‍ നാളികേര ഉല്‍പ്പാദനം പകുതിയിലധികം കുറയും. 2013-14 സാമ്പത്തികവര്‍ഷം തൊട്ടുമുമ്പുള്ള വര്‍ഷത്തേക്കാള്‍ പകുതിയിലധികം ഉല്‍പ്പാദനം കുറയുമെന്ന് ഉറപ്പായി. കുറച്ചുവര്‍ഷങ്ങളായി നാളികേരത്തിന് തുടര്‍ച്ചയായുണ്ടായ വിലക്കുറവും 2012-13ല്‍ ഉണ്ടായ വരള്‍ച്ചയുമാണ് ഉല്‍പ്പാദനക്കുറവിന്റെ പ്രധാന കാരണങ്ങള്‍. നാല് കോടിയിലധികം ടണ്‍ നാളികേരമാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം കേരളത്തില്‍ ഉല്‍പ്പാദിപ്പിച്ചത്. ഇത് രണ്ട് കോടി ടണ്ണായി കുറയുമെന്നാണ് കണക്കാക്കുന്നത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നാളികേരം ഉല്‍പ്പാദിപ്പിക്കുന്ന മലപ്പുറം ജില്ലയില്‍ ഉല്‍പ്പാദനം പകുതിയിലേറെ കുറഞ്ഞതായി കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. മലപ്പുറം ജില്ലയില്‍ 1,09,000 ഹെക്ടര്‍ ഭൂമിയില്‍ നാളികേര കൃഷിയുണ്ട്. ഇതില്‍നിന്ന് കഴിഞ്ഞ സാമ്പത്തികവര്‍ഷം 95 കോടി നാളികേരം ഉല്‍പ്പാദിപ്പിച്ചിരുന്നു. ഒരു ഹെക്ടറില്‍ നിന്ന് 8670 നാളികേരം ശരാശരി ഉല്‍പ്പാദിപ്പിച്ചിരുന്നു. അത് ഈ സാമ്പത്തികവര്‍ഷം പകുതിയില്‍ താഴെയായി. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് കിട്ടുന്ന നാളികേരം കുറഞ്ഞുവെന്ന് എടപ്പാളിലെ കര്‍ഷകനായ സദാനന്ദന്‍ "ദേശാഭിമാനി"യോട് പറഞ്ഞു. മൂന്ന് വര്‍ഷമായി നാളികേരത്തിന് വില കുറവായതു കാരണം കര്‍ഷകര്‍ നാളികേരത്തിനുള്ള പരിചരണം കുറച്ചതാണ് ഉല്‍പ്പാദനം കുറയാനുള്ള പ്രധാന കാരണം. വരുമാനം കുറഞ്ഞതോടെ കര്‍ഷകര്‍ നനയും വളവും കുറച്ചതോടെയാണ് ഉല്‍പ്പാദനം ഗണ്യമായി കുറഞ്ഞത്. കഴിഞ്ഞവര്‍ഷത്തെ മഴക്കുറവും കാരണമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ നാളികേര ഉല്‍പ്പാദനത്തിന്റെ 41 ശതമാനമാണ് കേരളത്തിലുള്ളത്. തൊട്ടടുത്ത് 27 ശതമാനത്തോടെ തമിഴ്നാടുണ്ട്. 15 കോടിയോളം തെങ്ങുകള്‍ കേരളത്തിലുണ്ട്. 50 ലക്ഷം ആളുകള്‍ നാളികേര കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നു. നാളികേരത്തിന് ഇപ്പോള്‍ മികച്ച വിലയാണ് കിട്ടുന്നത്. ഒരു തേങ്ങക്ക് കേരളത്തില്‍ ശരാശരി 20 രൂപയാണ് വില. മഞ്ചേരിയില്‍ ഒരു ക്വിന്റല്‍ നാളികേരത്തിന് 2300 രൂപയായിരുന്നു ശനിയാഴ്ച വില. വെളിച്ചെണ്ണ കിലോക്ക്് 104 രൂപയും. വെളിച്ചെണ്ണ കിലോയ്ക്ക് ഒരു ഘട്ടത്തില്‍ 110 രൂപ വരെയായി ഉയര്‍ന്നിരുന്നു. മൂന്ന് വര്‍ഷംമുമ്പ് ഒരു നാളികേരത്തിന് മൂന്ന് രൂപയായിരുന്നു വില. നാളികേരം ഇടാന്‍ ആളുകളെ കിട്ടാത്തതും വിലക്കുറവുമാണ് കര്‍ഷകരെ കൃഷിയില്‍നിന്ന് അകറ്റിയത്. ഒരു തെങ്ങില്‍ കയറാന്‍ 70 രൂപ വരെ കൂലി കൊടുക്കുന്ന സ്ഥലങ്ങള്‍ കേരളത്തിലുണ്ട്. ഒരു വര്‍ഷം ഒരു തെങ്ങില്‍നിന്ന് ശരാശരി 80 തേങ്ങയെങ്കിലും കിട്ടിയില്ലെങ്കില്‍ കൂലി കൊടുക്കാന്‍ പോലുമുള്ള വരുമാനം കിട്ടില്ലെന്നതായിരുന്നു അവസ്ഥ. വില ഉയര്‍ന്നതിനെത്തുടര്‍ന്ന് കര്‍ഷകര്‍ വീണ്ടും തെങ്ങുകളെ നന്നായി പരിചരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ അതിന്റെ ഫലം കിട്ടാന്‍ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും കാക്കണം.

കേരളത്തിലെ തെങ്ങുകളില്‍ വലിയൊരു പങ്കും 50 വര്‍ഷം വരെ പ്രായമുള്ളതാണ്. തമിഴ്നാട്ടില്‍ തെങ്ങുകൃഷി വ്യാപകമായത് അടുത്തിടെയാണ്. ഉല്‍പ്പാദനശേഷി കൂടിയ ഇനം തെങ്ങുകളാണ് അവിടെ വ്യാപകമായി കൃഷി ചെയ്തിട്ടുള്ളത്. കേരളത്തില്‍ ശരാശരി ഹെക്ടറിന് 8000 നാളികേരമാണ് കിട്ടുന്നതെങ്കില്‍ തമിഴ്നാട്ടില്‍ ഇത് 15,000 ലധികമാണ്. കേരളത്തിലെ കുറഞ്ഞ ഉല്‍പ്പാദനക്ഷമതയും ഉല്‍പ്പാദനം കുറഞ്ഞുവരുന്നതിന് കാരണമാണ്.
(വി ജയിന്‍)

deshabhimani

No comments:

Post a Comment