Tuesday, January 21, 2014

അസോസിയേറ്റ് ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിക്കരുത്: എസ്ബിടി സ്റ്റാഫ് യൂണിയന്‍

അസോസിയേറ്റ് ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിക്കാനുള്ള നീക്കത്തെ കൂട്ടായി പരാജയപ്പെടുത്തണമെന്ന് മലപ്പുറത്ത് സമാപിച്ച സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ സ്റ്റാഫ് യൂണിയന്‍ (ബെഫി) ദേശീയ സമ്മേളനം ആഹ്വാനംചെയ്തു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഉള്‍പ്പെടെയുള്ള അസോസിയേറ്റ് ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിക്കാനുള്ള നീക്കം ഇപ്പോഴും അണിയറയില്‍ നടക്കുന്നുണ്ട്. ഇത് സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങളെ ഹനിക്കുന്നതാണ്. ഈ നീക്കം നിരവധി ശാഖകളുടെ അടച്ചുപൂട്ടലിനും തൊഴിലവസരങ്ങള്‍ കുറയ്ക്കുന്നതിനും ബാങ്കിങ് സേവനം പരിമിതപ്പെടുത്തുന്നതിനും ഇടയാക്കും. എടിഎം ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. അക്ഷയകേന്ദ്രങ്ങളിലെ കിയോസ്കുകള്‍ വഴി ബാങ്കിങ് സേവനം എത്തിക്കുകയല്ല, പകരം ബാങ്കുകളില്ലാത്ത ഗ്രാമങ്ങളില്‍ ബാങ്ക് ശാഖകള്‍ തുറക്കുകയാണ് വേണ്ടതെന്നും സമ്മേളനം ആവശ്യപ്പെട്ടു.

തിങ്കളാഴ്ച റിപ്പോര്‍ട്ടിന്‍മേലുള്ള പൊതുചര്‍ച്ചയില്‍ ഹരികുമാര്‍, അമല്‍രവി, കെ ശ്രീകുമാര്‍, ദേവദാസ്, എ ശ്രീനിവാസന്‍, ജാനവാസ്, സ്മിത എസ് നായര്‍, ഗോപകുമാര്‍, ഊര്‍മിള ബാബു, സലിം, ഷാഹുല്‍ഹമീദ് എന്നിവര്‍ പങ്കെടുത്തു. ചര്‍ച്ചക്ക് എസ്ബിടി സ്റ്റാഫ് യൂണിയന്‍ ജനറല്‍ സെക്രട്ടറി പി വി ജോസ് മറുപടി പറഞ്ഞു. ബെഫി ദേശീയ പ്രസിഡന്റ് എ കെ രമേഷ്ബാബു, മുന്‍ ദേശീയ പ്രസിഡന്റ് പി സദാശിവന്‍പിള്ള, കേന്ദ്ര കമ്മിറ്റിയംഗം കെ വി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി കെ ബാലചന്ദ്രന്‍ നന്ദി പറഞ്ഞു. 13 ഭാരവാഹികളും 35 അംഗങ്ങളും മൂന്ന് ഓണററി അംഗങ്ങളുമുള്‍പ്പെടെ 51 അംഗ കേന്ദ്രകമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.

deshabhimani

No comments:

Post a Comment