Tuesday, January 21, 2014

നിയമസഭ: പെട്രോള്‍വില 18 തവണയും ഡീസല്‍വില 16 തവണയും വര്‍ധിപ്പിച്ചു

തിരു: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 18 തവണ പെട്രോളിനും 16 തവണ ഡീസലിനും കേന്ദ്രസര്‍ക്കാര്‍ വിലവര്‍ധിപ്പിച്ചെന്ന് ധനമന്ത്രി കെ എം മാണി. കഴിഞ്ഞ രണ്ടരവര്‍ഷത്തെ കണക്കാണിത്. ഇതുമൂലം സംസ്ഥാന സര്‍ക്കാരിന് നികുതി വരുമാനമായി കോടികള്‍ ലഭിച്ചതായി മന്ത്രിസഭയില്‍വച്ച രേഖകളില്‍ പറയുന്നു.

കഴിഞ്ഞവര്‍ഷംമാത്രം ഡീസലിന് 11ഉം പെട്രോളിന് പത്തുതവണയും വില വര്‍ധിപ്പിച്ചു. ഡീസലിന് 39 ശതമാനവും പെട്രോളിന് 12 ശതമാനവും പാചകവാതകത്തിന് 21 ശതമാനവും വിലവര്‍ധനയാണ് കഴിഞ്ഞ രണ്ടരവര്‍ഷത്തിനിടെയുണ്ടായത്. ഏറ്റവും ഒടുവില്‍ ജനുവരി മൂന്നിന് പെട്രോളിന് 75 പൈസയും ഡീസലിന് 50 പൈസയും വര്‍ധന വരുത്തി. ഈ കാലയളവില്‍ പാചകവാതകത്തിന് 35,406.46 ലക്ഷവും പെട്രോളിന് 44,8481.89 ലക്ഷവും ഡീസലിന് 50,7492.66 ലക്ഷവും മണ്ണെണ്ണയ്ക്ക് 59,01.07 ലക്ഷവും നികുതി ഇനത്തില്‍ സര്‍ക്കാരിന് വരുമാനം ലഭിച്ചു. പെട്രോളിന് ലിറ്ററിന് 26.21 ശതമാനവും ഡീസലിന് 19.80 ശതമാനവും മണ്ണെണ്ണയ്ക്കും പാചകവാതകത്തിനും അഞ്ചു ശതമാനംവീതവും നികുതിവരുമാനമാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഈ വര്‍ഷം എട്ടുമുതല്‍ പത്തു ശതമാനംവരെ നികുതിവരുമാനത്തില്‍ വര്‍ധന പ്രതീക്ഷിക്കുന്നതായും എം എ ബേബി, ജയിംസ് മാത്യു, സാജു പോള്‍, കെ അജിത് എന്നിവരെ മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ലോട്ടറി മാഫിയ ശക്തം: ധനമന്ത്രി

തിരു: സംസ്ഥാനത്തിപ്പോള്‍ അന്തര്‍ സംസ്ഥാന ലോട്ടറി മാഫിയ വീണ്ടും ശക്തമായതായി ധനമന്ത്രി കെ എം മാണി നിയമസഭയെ അറിയിച്ചു. അന്യസംസ്ഥാന ലോട്ടറികളുടെ വില്‍പ്പന അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച അപേക്ഷകള്‍ പരിശോധിച്ച് നടപടി സ്വീകരിക്കും. അനധികൃത ലോട്ടറി വില്‍പ്പനയും ഇടപാടുകളും നടത്തിയതിന് 63 കേസ് രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. ലോട്ടറി സമ്മാനത്തുക കള്ളപ്പണക്കാര്‍ കൈവശപ്പെടുത്താന്‍ ശ്രമിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും എ പ്രദീപ്കുമാറിന് മറുപടി ലഭിച്ചു.

സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന് ഗ്രാന്റ് നല്‍കില്ലെന്ന് മന്ത്രി

തിരു: സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന് ബജറ്റില്‍ വകകൊള്ളിച്ച ഗ്രാന്റ് താല്‍ക്കാലം നല്‍കില്ലെന്ന് മന്ത്രി പി കെ അബ്ദുറബ്ബ് നിയമസഭയില്‍ പറഞ്ഞു. തെറ്റായ നടപടി തിരുത്തി സര്‍ക്കാര്‍ നിര്‍ദേശം പാലിച്ചാലേ ഈ വര്‍ഷത്തെ ഗ്രാന്റ് അനുവദിക്കൂ. സര്‍ക്കാര്‍ ആവശ്യപ്പെട്ട വിശദീകരണം ലൈബ്രറി കൗണ്‍സില്‍ നല്‍കുന്നില്ല. സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയ പോരായ്മകള്‍ പരിഹരിച്ചാല്‍ അനുകൂലമായ തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കോടിയേരി ബാലകൃഷ്ണനാണ് സബ്മിഷന്‍ അവതരിപ്പിച്ചത്. രാഷ്ട്രീയ അഭിപ്രായവ്യത്യാസം മാറ്റിവച്ച് ലൈബ്രറികള്‍ക്ക് ബജറ്റില്‍ വകയിരുത്തിയ ഗ്രാന്റ് ഉടന്‍ നല്‍കണമെന്ന് കോടിയേരി പറഞ്ഞു. കൗണ്‍സിലുമായി തര്‍ക്കമുണ്ടെങ്കില്‍ അത് ചര്‍ച്ചയിലൂടെ പരിഹരിക്കണം. ഗ്രാന്റ് നിഷേധിച്ചതുകൊണ്ട് ലൈബ്രേറിയന്‍മാര്‍ക്ക് വേതനം നല്‍കാനാവുന്നില്ല. ഭൂരഭിമാനം വെടിഞ്ഞ് ഗ്രാന്റ് വിതരണം പുനഃസ്ഥാപിക്കണം- കോടിയേരി ആവശ്യപ്പെട്ടു.

മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷന്‍ ഭേദഗതി ബില്‍ സബ്ജക്ട് കമ്മിറ്റിക്ക്

തിരു: മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷന്‍ ബില്‍ ഭേദഗതി ഫിഷറീസ് മന്ത്രി കെ ബാബു സഭയില്‍ അവതരിപ്പിച്ചു. കമീഷന്‍ സിറ്റിങ്ങിന് ക്വാറത്തില്‍ കുറവുവരുത്തുന്ന വ്യവസ്ഥയാണ് ഭേദഗതിയിലുള്ളത്. 2008ലെ കടാശ്വാസ കമീഷന്‍ നിയമത്തിലെ കമീഷന്‍ സിറ്റിങ്ങിനുള്ള ക്വാറം മൂന്നാണ്. കമീഷന് ഉചിതമെന്നു തോന്നിയാല്‍ മൂന്നോ അതിലധികമോ അംഗങ്ങള്‍ ഉള്‍പ്പെടുന്ന ബെഞ്ച് രൂപീകരിച്ച് ജില്ലകളില്‍ സിറ്റിങ് നടത്താനും അധികാരം നല്‍കിയിട്ടുണ്ട്. ഇതേ നിയമം കമീഷന്റെ അംഗസംഖ്യ അഞ്ചായി പരിമിതപ്പെടുത്തുന്നു. ഇതുമൂലം ബെഞ്ച് രൂപീകരിച്ച് ജില്ലകളില്‍ സിറ്റിങ് നടത്തുന്നതിനുള്ള ബുദ്ധിമുട്ട് പരിഗണിച്ചാണ് നിയമഭേദഗതി കൊണ്ടുവന്നതെന്ന് മന്ത്രി കെ ബാബു പറഞ്ഞു. കഴിഞ്ഞവര്‍ഷം മെയ് 17ന് ഈ വ്യവസ്ഥ ഉള്‍പ്പെടുത്തി ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു. ഇതിനു പകരമായി അവതരിപ്പിച്ച ബില്‍ ചര്‍ച്ചകള്‍ക്കുശേഷം സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. ചര്‍ച്ചയില്‍ എസ് ശര്‍മ, സാജുപോള്‍, സി കെ നാണു, ഡൊമനിക് പ്രസന്റേഷന്‍ എന്നിവര്‍ പങ്കെടുത്തു.

യുവജന കമീഷന്‍ ബില്‍ സബ്ജക്ട് കമ്മിറ്റിക്ക്

തിരു: സംസ്ഥാന യുവജന കമീഷന്‍ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് സബ്ജക്ട് കമ്മറ്റിയുടെ പരിഗണനയ്ക്ക് വിട്ടു. യുവജനങ്ങളെ വിദ്യാസമ്പന്നരാക്കാനും ശാക്തീകരിക്കാനുമുള്ള പദ്ധതികള്‍ക്കും അവകാശ സംരക്ഷണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കുമായി കമീഷന്‍ രൂപീകരിക്കാന്‍ വ്യവസ്ഥചെയ്യുന്നതാണ് ബില്‍. 2012 ആഗസ്ത് 18ന് ഗവര്‍ണര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിനു പകരമാണ് ബില്‍. 2012 ഡിസംബര്‍ 21ന് ബില്‍ സഭയില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. ചെയര്‍പേഴ്സണും 10ല്‍ കവിയാത്ത അംഗങ്ങളും ഉള്‍പ്പെടുന്നതാകും കമീഷന്‍. ചെയര്‍പേഴ്സണെയും അംഗങ്ങളെയും സര്‍ക്കാര്‍ നിയമിക്കും. കാലാവധി മൂന്നുവര്‍ഷമാണ്. 18 മുതല്‍ 40 വയസ്സുവരെയുള്ളവരെ തെരഞ്ഞെടുക്കാം. 40 വയസ്സ് പൂര്‍ത്തിയായാല്‍ കമീഷന്‍ സ്ഥാനം നഷ്ടപ്പെടും. രണ്ടില്‍ കൂടുതല്‍ തവണ സ്ഥാനത്തിന് അര്‍ഹതയില്ല. അഡീഷണല്‍ സെക്രട്ടറി പദവിയുള്ളയാളായിരിക്കും കമീഷന്‍ സെക്രട്ടറി. തിരുവനന്തപുരമാണ് ആസ്ഥാനം. യുവജനങ്ങളുടെ സംരക്ഷകനായി പ്രവര്‍ത്തിക്കുക, തൊഴില്‍ അന്തസ്സിനെപ്പറ്റി യുവാക്കളില്‍ അറിവുണ്ടാക്കുക, മെച്ചപ്പെട്ട വിദ്യാഭ്യസത്തിനും തൊഴിലവസരങ്ങള്‍ക്കും സര്‍ക്കാര്‍ വകുപ്പുകളെ ഏകോപിപ്പിക്കുക, ഗവേഷണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുക, ഗോത്രവര്‍ഗ വിഭാഗങ്ങളിലടക്കം യുവജനങ്ങളുടെ സാമൂഹിക സാമ്പത്തിക വികസനത്തിന് നടപടി സ്വീകരിക്കുക, അസംഘടിതമേഖലയിലെ തൊഴില്‍ദുരിതങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുക തുടങ്ങിയവയാണ് കമീഷന്റെ അധികാരങ്ങള്‍. പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ ഗ്രാന്റ് നല്‍കും. സാഹിത്യ-സാംസ്കാരിക-കായിക മേഖലയില്‍ യുവജനങ്ങള്‍ക്കായി എന്റോവ്മെന്റ് ഏര്‍പ്പെടുത്താനും കമീഷന് അധികാരമുണ്ട്. മന്ത്രി മന്ത്രി പി കെ ജയലക്ഷ്മി ബില്‍ അവതരിപ്പിച്ചു. പി രാമകൃഷ്ണന്‍, ഇ ചന്ദ്രശേഖരന്‍, വി എസ് സുനില്‍കുമാര്‍, ഷാഫി പറമ്പില്‍, എന്‍ ഷംസുദീന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷനെ കടലാസ് കമീഷനാക്കി: എസ് ശര്‍മ

തിരു: സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷനെ കടലാസ് കമീഷനാക്കി അധഃപതിപ്പിച്ചതായി എസ് ശര്‍മ നിയമസഭയില്‍ പറഞ്ഞു. കമീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കുന്നതിന് പണം കണ്ടെത്താന്‍ സര്‍ക്കാരിനാകുന്നില്ല. കമീഷന്‍ ശുപാര്‍ശ നടപ്പാക്കാന്‍ സര്‍ക്കാരിന്റെ ഔദാര്യം വേണ്ട. മത്സ്യത്തൊഴിലാളികള്‍ നേടിത്തരുന്ന സമ്പത്തിന്റെ ചെറിയ ഭാഗംമാത്രം വിനിയോഗിച്ചാല്‍ മതിയാകുമെന്നും കമീഷന്‍ ഭേദഗതി ബില്ലില്‍ നടന്ന ചര്‍ച്ചയില്‍ ശര്‍മ പറഞ്ഞു. സര്‍ക്കാര്‍ തൊഴിലാളികളെ കൂടുതല്‍ കടക്കെണിയിലേക്ക് തള്ളിവിടുകയാണ്. കടത്തിന്റെ മുതലിലേക്ക് വകയിരുത്താനായി കമീഷന്‍ ശുപാര്‍ശചെയ്ത തുക പലിശയും പിഴപ്പലിശയുമായി സംഘങ്ങള്‍ വകയിരുത്തുന്നു. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ പേരില്‍ സഹകരണവകുപ്പ് നല്‍കിയ സര്‍ക്കുലറാണിതിന് കാരണം. കമീഷന്‍ ശുപാര്‍ശചെയ്ത അപേക്ഷകളില്‍ കൂടുതല്‍ അന്വേഷണത്തിനെന്ന പേരില്‍ ബാങ്ക് കാലതാമസം വരുത്തുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ കമീഷന്റെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതിന് മതിയായ തുക അനുവദിച്ചിരുന്നു. ഈ തുകപോലും വിനിയോഗിക്കാന്‍ ഇപ്പോഴാകുന്നില്ല. കടാശ്വാസം കടലാസ് പദ്ധതിയല്ലെന്ന് ബോധ്യപ്പെടുത്താന്‍ എല്‍ഡിഎഫ് സര്‍ക്കാരിനായി. ഈ വിശ്വാസം ഇപ്പോള്‍ നഷ്ടമായതായും ശര്‍മ പറഞ്ഞു.

പേഴ്സണല്‍ സ്റ്റാഫില്‍ ആരെയും ഒഴിവാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരു: സോളാര്‍കേസില്‍ പ്രതികളായ സരിത എസ്}നായരെയും ബിജു രാധാകൃഷ്ണനെയും ബന്ധപ്പെട്ടതിന്റെ പേരില്‍ ആരെയും പേഴ്സണല്‍ സ്റ്റാഫില്‍നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ അവകാശവാദം. മുഖ്യമന്ത്രിയുടെ നിഴലായി നടന്ന ടെന്നിജോപ്പന്‍, ജിക്കുമോന്‍ ജേക്കബ് തുടങ്ങിയവരെ പേഴ്സണല്‍ സ്റ്റാഫില്‍നിന്ന് പുറത്താക്കിയത് അവരുടെ ആവശ്യപ്രകാരമാണെന്നും ഉമ്മന്‍ചാണ്ടി. നിയമസഭയ്ക്ക് രേഖാമൂലം നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രിയുടെ വിചിത്രനിലപാട്. പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളായ ടെന്നി ജോപ്പന്‍, ജിക്കുമോന്‍ ജേക്കബ്, സുനില്‍കുമാര്‍, സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മേത്തര്‍, കോള്‍ സെന്റര്‍ ജീവനക്കാരന്‍ ഗിരീഷ് കുമാര്‍ എന്നിവരെയാണ് ഒഴിവാക്കിയതെന്ന് ബാബു എം പാലിശേരിയെ മുഖ്യമന്ത്രി അറിയിച്ചു.

വ്യക്തിപരമായി ആവശ്യപ്പെട്ടതിനാലാണ് ഇവരെ ഒഴിവാക്കിയത്. പേഴ്സണല്‍ സ്റ്റാഫിലുള്ള ആരുടെയെല്ലാം ഫോണില്‍നിന്ന് സരിതയുടെയും ബിജുവിന്റെയും ഫോണിലേക്ക് വിളിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് വിവരങ്ങള്‍ ലഭ്യമല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സോളാര്‍തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് പേഴ്സണല്‍ സ്റ്റാഫില്‍പ്പെട്ടവരെ ഒഴിവാക്കിയതതെന്നായിരുന്നു ഉമ്മന്‍ചാണ്ടി മുമ്പെടുത്ത നിലപാട്.

കേന്ദ്രത്തിന് നല്‍കിയ നിവേദനങ്ങളെക്കുറിച്ച് സര്‍ക്കാരിന് ഉത്തരമില്ല

തിരു: സംസ്ഥാന സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ച് പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രിമാര്‍ക്കും സമര്‍പ്പിച്ച നിവേദനങ്ങളെക്കുറിച്ച് വ്യക്തമായ ഉത്തരമില്ല. അവയുടെ തുടര്‍നടപടികളെക്കുറിച്ച് വ്യക്തതയില്ലെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സി കെ സദാശിവന് നല്‍കിയ മറുപടിയില്‍ പറയുന്നു. പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും നേരില്‍ കണ്ട് നിവേദനം സമര്‍പ്പിക്കാന്‍ എത്രതവണ ഡല്‍ഹിക്ക് പോയി എന്ന ചോദ്യത്തിന് വിവരം ശേഖരിച്ചുവരുന്നു എന്നായിരുന്നു മറുപടി. നിവേദനങ്ങളില്‍ പരിഗണിക്കപ്പെടാത്തതും കേന്ദ്രമന്ത്രിമാര്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ നടപ്പാക്കാത്തത് ഏതൊക്കെ തുടങ്ങിയ ചോദ്യങ്ങള്‍ക്കും മറുപടിയുണ്ടായില്ല.

deshabhimani

No comments:

Post a Comment