Monday, January 6, 2014

ഏഷ്യാനെറ്റിന്റെത് കള്ളപ്രചാരണം: പിണറായി

ദേശാഭിമാനിയുടെ  ഭൂമി വില്‍പ്പന  യുമായി ബന്ധപ്പെട്ട് ഏഷ്യനെറ്റ് കള്ളപ്രചാരണമാണ് നടത്തുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഏഷ്യാനെറ്റിന്റെ താല്‍പര്യം എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. അതിന്റെ തലപത്തുള്ളവര്‍ക്ക് പല ലക്ഷ്യങ്ങളുമുണ്ട്. അതിന് വേണ്ടി ദേശാഭിമാനി എന്ന ഉത്തരവാദിത്വമുള്ള പത്രത്തേയും സിപിഐ എമ്മിനേയും എന്തു പറയാമെന്നാണോ. കള്ളം പ്രചരിപ്പിക്കുന്നവര്‍ പറയുന്നത് തൊണ്ട തൊടാതെ ജനം വിഴുങ്ങുമെന്നാണോ കരുതുന്നത്. ഈ പാര്‍ടിയേ പറ്റിയും ദേശാഭിമാനി പത്രത്തെ പറ്റിയും ജനങ്ങള്‍ക്ക് നന്നായറിയാം. ഏഷ്യാനെറ്റ് ചെയ്ത് കൊണ്ടിരിക്കുന്നത് ഒരു മാധ്യമത്തിന് ചേര്‍ന്ന പണിയല്ല.

സിപിഐ എമ്മിനെതിരെ അപവാദം പറഞ്ഞ് മറ്റുള്ളവര്‍ക്ക് ഗുണമുണ്ടാക്കുന്ന നിലപാടാണത്. ദേശാഭിമാനി പുതിയ കെട്ടിടത്തിലേക്ക് മാറിയതിന്റെ ഭാഗമായാണ് പഴയ കെട്ടിടവും സ്ഥലവും വിറ്റത്. ദേശാഭിമാനി തീരുമാനിച്ചു എന്ന് പറയുമ്പോള്‍ പാര്‍ടി തീരുമാനിച്ചു എന്ന് തന്നെയാണ്. സ്ഥലം വില്‍ക്കാന്‍ പരസ്യവും നല്‍കിയിരുന്നു. അപ്രകാരം ആദ്യം ഒരു വ്യക്തിയുമായി ഉടമ്പടി ഒപ്പു വെച്ചു. എന്നാല്‍ എതോ കാരണത്താല്‍ ആയാള്‍ക്ക് വില്‍പ്പനയുമായി മുന്നോട്ടുപോകാനായില്ല. അപ്പോഴാണ് ഡാനിഷ് ചാക്കോയെന്ന വ്യക്തിയുമായി കച്ചവടം ഉറപിച്ചത്. ന്യായമായ വിലയും ഭൂമിക്ക് കിട്ടി. എന്നാല്‍ ഇപ്പോഴാണ് മാധ്യമങ്ങള്‍ മറ്റൊരാളാണ് കമ്പനിയുടെ ഉടമ എന്ന് പറയുന്നത്. എന്നാല്‍ സ്ഥലം വാങ്ങിയ ആള്‍ തന്നെ അത് വാങ്ങിയത് താന്‍ ആണെന്നും ആ കമ്പനിയുടെ ഉടമയും താനാണെന്നും വ്യക്തമാക്കിയല്ലോ. എന്നിട്ടും കള്ളം പ്രചരിപ്പിക്കുകയാണ്.

അതേ കുറിച്ചുള്ള രേഖ ഉണ്ടെന്ന്് പറയുന്നു. എങ്കിലത് കൊണ്ടുവരൂ. കൂടുതല്‍ വിലക്ക് വാങ്ങുമായിരുന്നെങ്കില്‍ ആര്‍ക്കും സമീപിക്കാമായിരുന്നല്ലോ. ആരുടേയെങ്കിലും കക്ഷത്തിരിക്കുന്ന ഡോക്യുമെന്റുവെച്ചല്ല കള്ളം പറയേണ്ടത്. ഇതിനെതിരെ നിയമനടപടിക്കില്ലെന്നും ഇപ്പോള്‍ പറഞ്ഞത് തന്നെ അധികമാണെന്നും വാര്‍ത്താസമ്മേളനത്തിലുയര്‍ന്ന ചോദ്യത്തിന് മറുപടിയായി പിണറായി പറഞ്ഞു.

പാചകവാതക വില വര്‍ദ്ധനക്കെതിരെ 15 മുതല്‍ നിരാഹാരം

തിരു: ജനങ്ങള്‍ക്ക് കടുത്ത ദ്രോഹമായി കുത്തനെ കൂട്ടിയ പാചകവാതകവില ഉടനെ കുറയ്ക്കണമെന്നാവശ്യപ്പെട്ട് ജനുവരി 15 മുതല്‍ എല്ലാ അസംബ്ലി നിയോജക മണ്ഡലങ്ങളിലും സിപിഐ എം നിരാഹാര സമരം തുടങ്ങുമെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വില വര്‍ദ്ധനക്കെതിരെ കടുത്ത ബഹു ജനപ്രതിഷേധം ഉയരണം.സംസ്ഥാനത്തെ 140 അസംബ്ലി മണ്ഡലങ്ങളില്‍ പത്ത് കേന്ദ്രങ്ങളിലായാണ് നിരാഹാരമിരിക്കുക. 1400 കേന്ദ്രങ്ങളിലായി ഓരോ ആൾവീതമാണ് നിരാഹാരമിരിക്കുക. എന്നാല്‍ സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് കുടുംബാംഗങ്ങളടക്കമുള്ളവര്‍ തുടര്‍ ദിവസങ്ങളില്‍ നിരാഹാരമിരിക്കും.

വന്‍കിട കുത്തകകളായ റിലയന്‍സ്, എസ് ആര്‍ തുടങ്ങിയവരെ സഹായിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ വില കുത്തനെ കൂട്ടിയത്. എന്ത് സംഭവിച്ചാലും വില കുറയ്ക്കില്ലെന്നാണല്ലോ കേന്ദ്ര മന്ത്രി വീരപ്പ മൊയ്ലി പറയുന്നത്. ജനതാല്‍പര്യമല്ല. കുത്തകതാല്‍പര്യമാണ് ഇവര്‍ സംരക്ഷിക്കുന്നത്. ആഗോളവല്‍ക്കരണ നയത്തിന്റെ തുടര്‍ച്ചയാണിതെല്ലാം. മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായി ചുമതല്‍യേല്‍ക്കുമ്പോള്‍ 150 രൂപയായിരുന്നു പാചകവാതകത്തിന്റെ വില.ഇന്നത് സബ്സിഡിയില്ലാതെ 1294 രൂപയിലെത്തി. വന്‍കിടക്കാരുടെ ലക്ഷകണക്കായ കടങ്ങള്‍ ഒരു മടിയുമില്ലാത്ത എഴുതിതള്ളുന്ന സര്‍ക്കാര്‍ സാധാരണ ജനങ്ങളുടെ സബ്സിഡി വെട്ടികുറയ്ക്കുകയാണ്.

ക്രൂഡ് ഓയിലിന് അന്താരാഷ്ട്ര തലത്തില്‍ വില കുറയുകയാണ്. അന്താരാഷ്ട്ര വിലയനുസരിച്ചല്ല പാചകവാതകത്തിന്റെ വില കൂട്ടുന്നത്. പാചകവാതകത്തിന് ആധാര്‍ ബാധകമാക്കുന്നത് ചിലരുടെ ചൂക്ഷണവും മോഷണവും അവസാനിപ്പിക്കാനാണെന്നാണ് ഉമ്മന്‍ ചാണ്ടി പറയുന്നത്. പക്ഷെ അത് ജനങ്ങളെ ദ്രോഹിച്ചാകരുത്. ആധാര്‍ നിര്‍ബന്ധമാക്കുന്ന നിയമം പാര്‍ലമെന്റ് പാസാക്കിയിട്ടില്ല. ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് സുപ്രീംകോടതിയുടെ വിധിയുമുള്ളതാണ്. എന്നിട്ടും എണ്ണകമ്പനികളെ സഹായിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതിനെതിരെയാണ് പ്രതിഷേധമെന്നും പിണറായി പറഞ്ഞു.

ദേശാഭിമാനിക്കെതിരെ ഏഷ്യാനെറ്റ് പച്ചക്കള്ളം പ്രചരിപ്പിച്ചു

ദേശാഭിമാനി ഭൂമിയിടപാടില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍, ഇതുസംബന്ധിച്ച് പച്ചക്കള്ളം പ്രചരിപ്പിച്ച് ദേശാഭിമാനിക്കും പാര്‍ടിക്കും എതിരെ അപകീര്‍ത്തി പരത്താന്‍ ഏഷ്യാനെറ്റ് നോക്കുകയാണെന്ന് വാര്‍ത്താലേഖകരുടെ ചോദ്യത്തിന് മറുപടിയായി പിണറായി പറഞ്ഞു.

ഏഷ്യാനെറ്റ് ചെയ്യുന്നത് ഉത്തരവാദപ്പെട്ട മാധ്യമങ്ങള്‍ക്ക് ചേര്‍ന്ന പണിയല്ല. ദേശാഭിമാനി സ്ഥലം വാങ്ങി പുതിയ കെട്ടിടം നിര്‍മിച്ചപ്പോള്‍ പഴയ സ്ഥലവും കെട്ടിടവും ആവശ്യമില്ലാതെ വന്നു. അത് വില്‍ക്കാന്‍ പാര്‍ടി തീരുമാനിച്ചു. ദേശാഭിമാനി പാര്‍ടിയുടെ അനുമതിയോടെയാണ് ഭൂമിവില്‍പ്പന നടത്തിയത്. സ്ഥലവും കെട്ടിടവും വാങ്ങാന്‍ ആദ്യം കരാറില്‍ ഏര്‍പ്പെട്ടയാള്‍ക്ക് കരാര്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വന്നു. അപ്പോള്‍ വില്‍പ്പനയ്ക്കു വേണ്ടി പത്രത്തില്‍ പരസ്യം നല്‍കി. അതുപ്രകാരമാണ് ഡാനിഷ് ചാക്കോ എന്നയാള്‍ പണം കൊടുത്ത് സ്ഥലവും കെട്ടിടവും വാങ്ങിയത്. അന്നും ഇന്നും തന്റെ പേരിലാണ് സ്ഥലമെന്ന് ഡാനിഷ് ചാക്കോ പറയുന്നുണ്ട്. അപ്പോള്‍ ദേശാഭിമാനിക്കും പാര്‍ടിക്കും എതിരെ ഏഷ്യാനെറ്റ് അപവാദമാണ് പ്രചരിപ്പിച്ചതെന്ന് കൂടുതല്‍ വ്യക്തമാകുന്നു. ഇതുമായി ബന്ധപ്പെട്ട് രേഖകള്‍ ഉണ്ടെന്ന് ഏഷ്യാനെറ്റ് ലേഖകന്‍ പറഞ്ഞപ്പോള്‍ അത് താങ്കളുടെ കക്ഷത്ത് വയ്ക്കാതെ പരസ്യപ്പെടുത്തുകയോ ഞങ്ങളെ കാണിക്കുകയോ ചെയ്യൂവെന്ന് പിണറായി പറഞ്ഞു.

രേഖയുണ്ടെന്ന് പ്രചരിപ്പിച്ച് പച്ചക്കള്ളം തട്ടിവിട്ടതിനു പിന്നില്‍ ഏഷ്യാനെറ്റിന്റെ തലപ്പത്തുള്ളവരുടെ നിക്ഷിപ്ത താല്‍പ്പര്യമുണ്ട്. അത് ഏന്തെന്ന് അറിയില്ലെങ്കില്‍ ചോദിച്ചാല്‍ വിവരിക്കാം. പക്ഷേ, ദേശാഭിമാനിക്കും പാര്‍ടിക്കും എതിരെയുള്ള ഏഷ്യാനെറ്റിന്റെ അപവാദപ്രചാരണത്തിന്റെ പൊള്ളത്തരം ജനങ്ങള്‍ മനസിലാക്കും. ഏഷ്യാനെറ്റിനെതിരെ നിയമനടപടി ഉദ്ദേശിക്കുന്നോയെന്ന് ചോദിച്ചപ്പോള്‍ ഇങ്ങനെ പരസ്യമായി കാര്യങ്ങള്‍ പറഞ്ഞു അപവാദത്തെ നേരിടാനാണ് പാര്‍ടി ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭൂമി വിറ്റത് കുറഞ്ഞ വിലയ്ക്കാണെന്ന ആക്ഷേപമുണ്ടല്ലോയെന്ന് ഒരു ലേഖകന്‍ ചോദിച്ചപ്പോള്‍ പത്രത്തില്‍ പരസ്യംചെയ്ത വേളയില്‍ നിങ്ങള്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ കൂടുതല്‍ തുക വാഗ്ദാനം ചെയ്തുകൂടായിരുന്നോയെന്ന് പിണറായി ചോദിച്ചു.

DESHABHIMANI

No comments:

Post a Comment