ഡല്‍ഹിയില്‍ ബിജെപി ക്രിമിനലുകള്‍ എ കെ ജി ഭവനുമുന്നിലെ ബോര്‍ഡ് എറിഞ്ഞുതകര്‍ക്കുന്നു
സിപിഐ എമ്മിനെ തെരുവില്‍ നേരിടുമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷായും കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദും ശനിയാഴ്ച പരസ്യമായി ഭീഷണി മുഴക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഞായറാഴ്ച പാര്‍ടി ഓഫീസിനു നേരെയുള്ള ആക്രമണം. ബിജെപി ഡല്‍ഹി അധ്യക്ഷന്‍ സതീശ് ഉപാധ്യായയുടെ നേതൃത്വത്തിലാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രകടനമായി എത്തിയത്. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍നിന്നാണ് പ്രകടനം ആരംഭിച്ചത്.
പാര്‍ടി ഓഫീസിനുനേരെ ബിജെപി പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടേക്കുമെന്ന മുന്നറിയിപ്പ് ഡല്‍ഹി പൊലീസിന് ലഭിച്ചിരുന്നു. സിപിഐ എം ഓഫീസ് സ്ഥിതിചെയ്യുന്ന ഭായ്വീര്‍സിങ് മാര്‍ഗില്‍ മൂന്നിടത്തായി പൊലീസ് ബാരിക്കേഡ് തീര്‍ത്തു. നൂറുകണക്കിന് പൊലീസുകാരെയും വിന്യസിച്ചു. പ്രകടനം അക്രമാസക്തമായാല്‍ പ്രയോഗിക്കാന്‍ ജലപീരങ്കി ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും ഒരുക്കിയിരുന്നു.
എന്നാല്‍, സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഭായ്വീര്‍സിങ് മാര്‍ഗിലേക്ക് പ്രവേശിച്ചപ്പോള്‍ ദുര്‍ബലമായ പ്രതിരോധംമാത്രമാണ് പൊലീസ് തീര്‍ത്തത്. അവര്‍ ബാരിക്കേഡ് തള്ളിമാറ്റി നീങ്ങിയപ്പോള്‍ പൊലീസ് നിഷ്ക്രിയരായി നോക്കിനിന്നു. ചില പൊലീസുകാരാകട്ടെ അക്രമികള്‍ക്ക് വഴികാട്ടാനാണ് താല്‍പ്പര്യമെടുത്തത്. ജലപീരങ്കി പ്രയോഗിക്കാനും കൂട്ടാക്കിയില്ല. ഇതോടെ എളുപ്പത്തില്‍ പാര്‍ടി ഓഫീസിനു മുന്നിലെത്താന്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു.
ബിജെപിയുടെ പ്രകടനമുണ്ടാകുമെന്ന് മുന്‍കൂട്ടി വിവരം ലഭിച്ചിരുന്നതിനാല്‍ തലസ്ഥാനത്തെ നൂറുകണക്കിന് സിപിഐ എം പ്രവര്‍ത്തകര്‍ രാവിലെതന്നെ പാര്‍ടി ഓഫീസില്‍ എത്തിയിരുന്നു. പൊലീസ് അക്രമികള്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്ന് ബോധ്യപ്പെട്ടതോടെ ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചവരെ പാര്‍ടി പ്രവര്‍ത്തകര്‍ തടഞ്ഞു. അക്രമികളില്‍ ചിലരെ പാര്‍ടി പ്രവര്‍ത്തകരാണ് പിടികൂടി പൊലീസിന് കൈമാറിയത്. ഇതിനിടെയാണ് ചില സംഘപരിവാറുകാര്‍ സിപിഐ എം കേന്ദ്രകമ്മിറ്റി ഓഫീസ് എന്ന് എഴുതിയ ബോര്‍ഡ് തകര്‍ത്തത്. ഇവരെയും സിപിഐ എം പ്രവര്‍ത്തകര്‍ പിടികൂടി പൊലീസിന് കൈമാറി.
ബിജെപിക്കാരെ പിന്നീട് പൊലീസ് അറസ്റ്റ്ചെയ്തു നീക്കി. ചില ബിജെപിക്കാര്‍ പിടികൊടുക്കാതെ ഓടി. ബിജെപി പ്രകടനം അക്രമാസക്തമായതായി വാര്‍ത്ത വന്നുതുടങ്ങിയതോടെ ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ മലയാളികള്‍ ഉള്‍പ്പെടെ കൂടുതല്‍ പാര്‍ടി പ്രവര്‍ത്തകര്‍ എ കെ ജി ഭവനിലെത്തി. സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി, നേതാക്കളായ ഡി രാജ, ആനി രാജ എന്നിവരും അക്രമവിവരമറിഞ്ഞ് എ കെ ജി ഭവനിലെത്തി. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, എ കെ പത്മനാഭന്‍, ഹന്നന്‍ മൊള്ള, സുഭാഷിണി അലി, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ജോഗീന്ദര്‍ശര്‍മ, പുഷ്പേന്ദ്ര ഗ്രെവാള്‍ തുടങ്ങിയവര്‍ അക്രമം നടക്കുന്ന വേളയില്‍ പാര്‍ടി ഓഫീസിലുണ്ടായിരുന്നു.
ജനവിധി മാനിക്കാത്ത അസഹിഷ്ണുത: യെച്ചൂരി
ന്യൂഡല്‍ഹി > നിയമസഭ തെരഞ്ഞെടുപ്പിലെ കേരള ജനതയുടെ ജനാധിപത്യപരമായ വിധിയെഴുത്ത് അംഗീകരിക്കാന്‍ സംഘപരിവാറിന് കഴിയുന്നില്ലെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ജനവിധി അട്ടിമറിക്കാനാണ് സംഘപരിവാര്‍ ശ്രമം. അക്രമത്തിന്റെ പാത അവര്‍ ബോധപൂര്‍വം തെരഞ്ഞെടുക്കുകയാണ്. കേരളത്തിലെ പ്രബുദ്ധരായ ജനം ഇത് തിരിച്ചറിയുകയും സംഘപരിവാറിനെ ഒറ്റപ്പെടുത്തുകയും ചെയ്യും. കഴിഞ്ഞദിവസം ഒരു കേന്ദ്രമന്ത്രി നടത്തിയ ആഹ്വാനത്തിന്റെ ഭാഗമായാണ് ഈ ആക്രമണം. ബിജെപിയുടെ ചില പ്രധാന ഭാരവാഹികള്‍തന്നെയാണ് ഇതിന് നേതൃത്വം നല്‍കിയത്. ആക്രമണത്തെ ശക്തമായി അപലപിക്കുന്നു.
കേരളത്തിലെ സ്ഥിതിഗതികളെക്കുറിച്ച് സിപിഐ എം നേരത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ ധരിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന് സത്യാവസ്ഥ അറിയാം. രാഷ്ട്രപതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങള്‍ വിലപ്പോകില്ല. കേരളത്തില്‍ ആര്‍എസ്എസും ബിജെപിയുമാണ് ആക്രമണങ്ങള്‍ക്കു തുടക്കമിട്ടത്. ധര്‍മടത്ത് എല്‍ഡിഎഫിന്റെ വിജയാഹ്ളാദ പ്രകടനത്തിനുനേരെ ആര്‍എസ്എസ് നടത്തിയ ബോംബാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സിപിഐ എംഎല്‍എയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. സംസ്ഥാനത്താകെ ഇത്തരം ആക്രമണങ്ങള്‍ അരങ്ങേറുകയാണ്.
കേരളത്തില്‍ പ്രധാനമന്ത്രിയും ബിജെപി അധ്യക്ഷനുമൊക്കെ നടത്തിയ പ്രചാരണങ്ങളും ആഹ്വാനങ്ങളും തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തള്ളുകയാണുണ്ടായത്. കേരളത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങള്‍ വിജയം കാണില്ലെന്നും യെച്ചൂരി പറഞ്ഞു.
എം പ്രശാന്ത് Monday May 23, 2016
സമാധാനപരമായ രാഷ്ട്രീയപ്രവര്‍ത്തനം ഉറപ്പാക്കും: കോടിയേരി
തിരുവനന്തപുരം > സമാധാനപരമായ രാഷ്ട്രീയപ്രവര്‍ത്തനം ഉറപ്പുവരുത്താനാണ് സിപിഐ എം ആഗ്രഹിക്കുന്നതെന്ന് പാര്‍ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരുതരത്തിലുള്ള പ്രകോപനത്തിലും സിപിഐ എം പ്രവര്‍ത്തകര്‍ പെട്ടുപോകരുതെന്ന് പാര്‍ടി പരസ്യമായി അഭ്യര്‍ഥിക്കുകയാണ്. എതിരാളികള്‍ സൃഷ്ടിക്കുന്ന പ്രകോപനത്തിന്റെ ഭാഗമാണ് വിജയാഹ്ളാദപ്രകടനത്തിനുനേര്‍ക്ക് നടന്ന ആക്രമണം. ഇത്തരം സംഭവങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ സമാധാനത്തിനായി സിപിഐ എം മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കും.
സിപിഐ എമ്മിനെ തെരുവില്‍ നേരിടുമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് നടത്തിയ പ്രസ്താവനയെ കോണ്‍ഗ്രസ് അപലപിച്ചില്ല. ഇത്തരം ആക്രമണങ്ങളെ പ്രോത്സാഹിപ്പിച്ച് കേരളത്തില്‍ അക്രമമാണെന്ന പ്രചാരണം അഴിച്ചുവിടാനാണ് കോണ്‍ഗ്രസ് ശ്രമം.വി എം സുധീരന്റെ പ്രസ്താവന അതാണ് സൂചിപ്പിക്കുന്നത്.
ബിജെപി പ്രവര്‍ത്തകന്‍ തൃശൂരില്‍ മരിച്ച സംഭവവുമായി സിപിഐ എമ്മിന് ബന്ധമില്ല. എല്‍ഡിഎഫിന്റെ വിജയാഹ്ളാദ പ്രകടനം എടവിലങ്ങ് ചന്തയില്‍നിന്ന് കാരായിലേക്ക് പോകുന്ന വഴിക്കാണ് എടവിലങ്ങ് സൊസൈറ്റി ജങ്ഷനില്‍വച്ച് ആര്‍എസ്എസുകാര്‍ കല്ലെറിഞ്ഞത്. നിരവധി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കയ്പമംഗലം സീറ്റില്‍ ജയിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടൈസണ്‍ മാസ്റ്ററുടെ പര്യടനം നടക്കുമ്പോള്‍ മുമ്പേ പോയ വാഹനങ്ങള്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്. കൊച്ചുകുട്ടികളുള്‍പ്പെടെ ഈ വാഹനത്തിലുണ്ടായിരുന്നു. അങ്ങോട്ടുമിങ്ങോട്ടും കല്ലേറുണ്ടായി. പ്രമോദ് എന്നയാള്‍ക്ക് പരിക്കേറ്റു. എന്നാല്‍, അയാള്‍ ചികിത്സ തേടാതെ വീട്ടിലേക്കാണ് പോയത്. ഗൌരവ സംഭവമുണ്ടായിരുന്നെങ്കില്‍ ആശുപത്രിയില്‍ പോകുമായിരുന്നു. പിന്നീട് 20ന് ഉച്ചയ്ക്കുശേഷമാണ് മരിച്ചത്. ഈ സംഭവത്തെ ഉപയോഗിച്ചാണ് ആര്‍എസ്എസ് ദേശവ്യാപകമായി പ്രചാരണം നടത്തുന്നത്.
കമ്യൂണിസ്റ്റ് പാര്‍ടി കേരളത്തില്‍ അധികാരത്തില്‍ വരുമ്പോഴെല്ലാം ആര്‍എസ്എസ് സ്വീകരിക്കുന്ന സമീപനത്തിന്റെ ഭാഗമാണ് ഇപ്പോഴും കാണുന്നത്. വിമോചനസമരത്തില്‍ ആര്‍എസ്എസ് സജീവമായി പങ്കെടുത്തു. മന്ത്രിസഭ പിരിച്ചുവിട്ടപ്പോള്‍ ജനസംഘം വിജയദിനമായി ആചരിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിനുമുമ്പുതന്നെ കേരളം അക്രമത്തിന്റെ കേന്ദ്രമാക്കാന്‍ ആര്‍എസ്എസ് തയ്യാറെടുക്കുന്നത് അതുകൊണ്ടാണ്. സംഘപരിവാറിന്റെ ഇത്തരം പ്രവര്‍ത്തനങ്ങളെ കേരളത്തില്‍ പ്രതിരോധിച്ചത് സിപിഐ എമ്മാണ്. സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനെ അസഹിഷ്ണുതയോടെയാണ് ആര്‍എസ്എസ് നോക്കിക്കാണുന്നത്. കേരളത്തില്‍ അരാജകത്വം സൃഷ്ടിക്കാനാണ് ശ്രമം.
കണ്ണൂരിലടക്കം അക്രമം നടക്കുന്ന സ്ഥലങ്ങളില്‍ സര്‍വകക്ഷിയോഗം നടത്താന്‍ സിപിഐ എം എപ്പോഴും സഹകരിക്കുമെന്ന് കോടിയേരി മറുപടി നല്‍കി.
ജനവിധിക്കെതിരെ ബിജെപി അക്രമം: പിണറായി
തിരുവനന്തപുരം > കേരളത്തിലെ ജനവിധി അംഗീകരിക്കാനുള്ള സഹിഷ്ണുത നഷ്ടപ്പെട്ടതിനാലാണ് കേരളത്തിലും ഡല്‍ഹിയിലും അക്രമത്തിന്റെ മാര്‍ഗത്തിലേക്ക് ബിജെപി തിരിഞ്ഞതെന്ന് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ധര്‍മടം മണ്ഡലത്തില്‍ വിജയാഹ്ളാദപ്രകടനം നടത്തിയ കുട്ടികളടക്കമുള്ളവര്‍ക്കുനേരെ ആര്‍എസ്എസ് വോട്ടെണ്ണല്‍ നാളില്‍ നടത്തിയ ആക്രമണത്തില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകനായ രവീന്ദ്രന്‍ കൊല്ലപ്പെട്ടു. അന്നുമുതല്‍ സംസ്ഥാനത്തിന്റെ പല മേഖലകളിലും ആര്‍എസ്എസ് അക്രമം അഴിച്ചുവിടുന്നു.
അത് മറച്ചുവച്ചാണ്“സിപിഐ എം അക്രമം എന്ന വ്യാജ ആരോപണവുമായി കേന്ദ്രമന്ത്രി രംഗത്തു വന്നത്. ഡല്‍ഹിയില്‍ സിപിഐ എം ആസ്ഥാനത്തിനു മുന്നില്‍ ബിജെപി നടത്തിയ അതിക്രമങ്ങള്‍ ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാനാകാത്ത അസഹിഷ്ണുത പ്രകടമാണ്. കേന്ദ്ര ഭരണകക്ഷി എന്ന നിലയിലുള്ള ഉത്തരവാദിത്തം ബിജെപി കാണിക്കണം.
കേരളത്തിലെ ജനങ്ങളെ അവഹേളിക്കുന്ന വിധത്തില്‍ വ്യാജ പ്രചാരണം നടത്തി സ്വന്തം അക്രമം മൂടിവയ്ക്കാനുള്ള അപഹാസ്യമായ ശ്രമത്തില്‍നിന്ന് പിന്മാറാനും ജനാധിപത്യവിരുദ്ധ മാര്‍ഗങ്ങള്‍ വെടിയാനും ബിജെപി നേതൃത്വം തയ്യാറാകണമെന്നും പിണറായി ഫെയ്സ്ബുക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
ആര്‍എസ്എസ് അഴിഞ്ഞാട്ടത്തിനെതിരെ പ്രതിഷേധിക്കുക: വി എസ്
തിരുവനന്തപുരം > ബിജെപിയും ആര്‍എസ്എസും തീക്കൊള്ളികൊണ്ട് തലചൊറിയുന്നത് അവസാനിപ്പിക്കണമെന്ന് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. രാജ്യത്തെ സമാധാനാന്തരീക്ഷവും ജനാധിപത്യ– മതനിരപേക്ഷ സംവിധാനവും തകര്‍ക്കാനുളള ബിജെപി– സംഘപരിവാര്‍ കക്ഷികളുടെ കുത്സിത നീക്കത്തിനെതിരെ എല്ലാ ജനാധിപത്യവാദികളും പ്രതിഷേധം ഉയര്‍ത്തണം. ഡല്‍ഹിയില്‍ സിപിഐ എം ആസ്ഥാനമായ എ കെ ജി ഭവനുനേരെ ബിജെപി–സംഘപരിവാര്‍ ശക്തികള്‍ നടത്തിയ ആക്രമണത്തെ വി എസ് ശക്തിയായി അപലപിച്ചു.
മോഡി ഭരണത്തിന്റെ ഹുങ്കില്‍ നിയമം കൈയിലെടുത്ത് ബിജെപിയും സംഘപരിവാറും ഡല്‍ഹിയില്‍ അഴിഞ്ഞാടുന്നതാണ് കണ്ടത്. അവിടത്തെ പൊലീസ് കിരാതമായ ഈ ആക്രമണങ്ങള്‍ക്കെല്ലാം ഒത്താശ ചെയ്തുകൊടുക്കുന്ന നിലയില്‍ നിഷ്ക്രിയരായി നില്‍ക്കുകയായിരുന്നു.
വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് അഖ്ലകിനെ കൊലപ്പെടുത്തിയതിനും കനയ്യകുമാറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനും സമാനമായ രീതിയിലാണ് കേരളത്തില്‍ ആര്‍എസ്എസിനെ സിപിഐ എം ആക്രമിക്കുന്നു എന്ന വ്യാജ ആരോപണം ഉന്നയിച്ച് ഡല്‍ഹിയിലെ സിപിഐ എം ആസ്ഥാന മന്ദിരത്തിനു നേരെ ആര്‍എസ്എസുകാര്‍ അഴിഞ്ഞാടിയത്. കേരളത്തില്‍ സംഘപരിവാറാണ് സിപിഐ എം പ്രവര്‍ത്തകരെയും എല്‍ഡിഎഫ് പ്രവര്‍ത്തകരെയും ഇല്ലായ്മ ചെയ്യുന്നതിന് ആസൂത്രിത ശ്രമങ്ങള്‍ നടത്തുകയാണ്. ഇത് മറച്ചുവയ്ക്കാന്‍ വേണ്ടിയാണ് ഇക്കൂട്ടര്‍ ജനാധിപത്യ സംവിധാനത്തില്‍ കേട്ടുകേള്‍വി ഇല്ലാത്ത തരത്തില്‍ പാര്‍ടി കേന്ദ്ര ഓഫീസിനു നേരെ ആക്രമണം നടത്തുന്നത്– വി എസ് പ്രസ്താവനയില്‍ പറഞ്ഞു.
No comments:
Post a Comment