തിരുവനന്തപുരം > ബിജെപി– ആര്‍എസ്എസ് ആക്രമണങ്ങള്‍ക്കെതിരെ സമാധാനം നിലനിര്‍ത്താന്‍ സിപിഐ എം വ്യാപകമായ പ്രചാരണം നടത്തുമെന്ന് പാര്‍ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഒരു സീറ്റില്‍ ബിജെപി ജയിച്ചപ്പോള്‍ ഇതാണ് സ്ഥിതിയെങ്കില്‍,10 സീറ്റില്‍ ജയിച്ചാല്‍ എന്തായിരിക്കും അവസ്ഥയെന്ന് ജനങ്ങള്‍ ആലോചിക്കുന്നത് നന്നായിരിക്കും. അക്രമത്തിനെതിരെ പൊതുജനാഭിപ്രായം സൃഷ്ടിക്കാന്‍ പ്രകടനങ്ങളും പൊതുയോഗങ്ങളും സംസ്ഥാനവ്യാപകമായി സിപിഐ എം സംഘടിപ്പിക്കും.
സിപിഐ എമ്മിന്റെ ഡല്‍ഹിയിലെ കേന്ദ്ര കമ്മിറ്റി ഓഫീസിനുനേരെ ആര്‍എസ്എസുകാര്‍ നടത്തിയ ആക്രമണം അത്യന്തം പ്രതിഷേധാര്‍ഹമാണ്. പാര്‍ടി ഓഫീസിനുനേരെ കല്ലേറ് നടത്തുകയും ഓഫീസിന്റെ ബോര്‍ഡ് നശിപ്പിക്കുകയും ആക്രമണഭീഷണി മുഴക്കുകയും ചെയ്തത് ആര്‍എസ്എസ് കേന്ദ്രനേതൃത്വം ആസൂത്രണം ചെയ്തതാണ്. സിപിഐ എം കേന്ദ്ര കമ്മിറ്റി ഓഫീസിനുനേരെ നടക്കുന്ന അഞ്ചാമത്തെ ആക്രമണമാണിത്.
മെയ് 19ന് തെരഞ്ഞെടുപ്പുഫലം വന്നശേഷം എട്ടു ജില്ലകളില്‍ ബിജെപി ആക്രമണങ്ങള്‍ നടത്തി. 41 സ്ഥലങ്ങളിലാണ് ആക്രമണം നടത്തിയത്. കാഞ്ഞങ്ങാട്ടെ സിപിഐ എംഎല്‍എ ചന്ദ്രശേഖരനടക്കം നിരവധി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. 62 എല്‍ഡിഎഫ് പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രണ്ട് സിപിഐ എം പ്രവര്‍ത്തകര്‍ ആക്രമണങ്ങളില്‍ മരിച്ചു. തലശേരിക്കടുത്ത് പിണറായിയില്‍ ആഹ്ളാദപ്രകടനം നടത്തിയ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കുനേരെ ബോംബെറിഞ്ഞു. നിലത്തുവീണ സി വി രവീന്ദ്രന്റെമേല്‍ വാഹനം കയറ്റി കൊലപ്പെടുത്തി.
ഒമ്പതുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം ജില്ലയിലെ കല്‍പ്പകഞ്ചേരിയില്‍ ഹംസക്കുട്ടിയെ മുസ്ളിംലീഗുകാരാണ് കൊലപ്പെടുത്തിയത്. സംസ്ഥാനത്തിന്റെ പലയിടങ്ങളിലായി ഇത്തരം അക്രമസംഭവങ്ങളുണ്ടായി. 25 സിപിഐ എം പ്രവര്‍ത്തകരുടെ വീടും 12 പാര്‍ടി ഓഫീസും തകര്‍ത്തു. ഇടതുപക്ഷ ജനാധിപത്യമുന്നണി കേരളത്തില്‍ അധികാരത്തിലെത്തിയതോടെ ഇവിടെ അക്രമമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ആസൂത്രിതമായാണ് ആര്‍എസ്എസ് ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നതെന്ന് കോടിയേരി പറഞ്ഞു.
No comments:
Post a Comment