Saturday, May 28, 2016

RSS നൈരാശ്യത്തിന്റെ വാള്‍മുന

ഒരാഴ്ചയ്ക്കകം രണ്ട് സിപിഐ എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരിക്കുന്നു. ഇടതുപക്ഷ ജനാധിപത്യമുന്നണി വമ്പിച്ച വിജയം നേടിയതിന്റെ ആഹ്ളാദവേളയില്‍ പിണറായിയില്‍ രവീന്ദ്രന്‍ എന്ന തൊഴിലാളിയെയാണ് ആര്‍എസ്എസ് ആദ്യം കൊന്നത്. ആഹ്ളാദപ്രകടനത്തിനുനേരെ, അതില്‍ പങ്കെടുത്ത പിഞ്ചുകുഞ്ഞുങ്ങള്‍ക്കുനേരെപോലും ബോംബെറിഞ്ഞു. രണ്ടാമത്തെ കൊലപാതകം ഏങ്ങണ്ടിയൂര്‍ കടപ്പുറം ചെമ്പന്‍വീട്ടില്‍ ശശികുമാറിന്റേത്. ഞായറാഴ്ച രാത്രിയാണ് ശശികുമാറിനെ തലയ്ക്കിടിച്ച് ബൈക്കില്‍നിന്ന് വീഴ്ത്തി വെട്ടിയത്. ആറ് ആര്‍എസ്എസുകാരാണ് ഈ കേസില്‍ അറസ്റ്റിലായത്. ശശികുമാറിന്റെ കൈയും കാലും അറ്റുതൂങ്ങുംവരെ വെട്ടിയശേഷമാണ് ക്രിമിനലുകള്‍ കടന്നുകളഞ്ഞത്. ഇടതുകാല്‍ ആശുപത്രിയില്‍വച്ച് മുറിച്ചുമാറ്റേണ്ടിവന്നു. ഇരുമ്പുവടികൊണ്ട് തല്ലിച്ചതച്ച് രക്തപ്രവാഹം നിലച്ച് പഴുപ്പുകയറിയ കാല്‍ മുറിക്കുകയേ വഴിയുണ്ടായിരുന്നുള്ളൂ. ഏതാനും മണിക്കുറുകള്‍ക്കുശേഷം ശശികുമാറിന്റെ ജീവന്‍ നഷ്ടപ്പെട്ടു.

ആര്‍എസ്എസ് നൈരാശ്യത്തിലാണ്. കേരളത്തില്‍ മുന്നേറ്റമുണ്ടാക്കാമെന്ന മോഹം തകര്‍ന്നു. യുഡിഎഫുമായി നടത്തിയ നീക്കുപോക്കുകള്‍ ഫലം ചെയ്തില്ല. 70 പ്ളസ് എന്ന വീരവാദം ദയനീയമായ ഒന്നില്‍ ഒതുങ്ങി. തിരുവനന്തപുരം ജില്ലയിലെ നേമത്ത് ഒ രാജഗോപാല്‍ നേടിയ വിജയം അക്കൌണ്ട് തുറന്നതിന്റെ ഗണത്തില്‍ ആരും പരിഗണിക്കുന്നില്ല. യുഡിഎഫിന് കെട്ടിവച്ച കാശ് നഷ്ടപ്പെടുത്തിയും സഹതാപവോട്ടിന്റെ ബലത്തിലും ഒ രാജഗോപാലിന് ലഭിച്ച ഒരു ചാന്‍സ്. അതിലപ്പുറം കേരള രാഷ്ട്രീയത്തില്‍ ആ ഫലത്തിന് പരിഗണനയില്ല. എസ്എന്‍ഡിപി യോഗത്തെ കാവിവല്‍ക്കരിച്ച് ആര്‍എസ്എസ് കൂടാരത്തിലെത്തിക്കാനുള്ള വെള്ളാപ്പള്ളി നടേശന്റെ മോഹവും തകര്‍ന്നു. ബിഡിജെഎസ് തെരഞ്ഞെടുപ്പില്‍ നിര്‍ണായക ശക്തിയായില്ല. മോഡിപ്രഭാവവും ബിഡിജെഎസ് അടക്കമുള്ള കക്ഷികളുമായി ഉണ്ടാക്കിയ കൂട്ടുകെട്ടും എന്‍ഡിഎയെ കേരളത്തില്‍ മൂന്നാംമുന്നണി എന്ന നിലവാരത്തിലേക്ക് ഉയര്‍ത്തിയില്ല. ശ്രീനാരായണീയര്‍ വെള്ളാപ്പള്ളി നടേശന്റെ പിന്നിലല്ല, സ്വന്തമായി മനസ്സിലുറപ്പിച്ച രാഷ്ട്രീയത്തിന് ഒപ്പമാണ് നില്‍ക്കുക എന്ന യാഥാര്‍ഥ്യമാണ് ആവര്‍ത്തിച്ച് തെളിഞ്ഞത്.

മോഹഭംഗത്തിലാണ് സംഘപരിവാര്‍. യുഡിഎഫിന് തുടര്‍ഭരണം നല്‍കാനാണ് അവര്‍ ആഗ്രഹിച്ചതും കണക്കുകൂട്ടി പ്രവര്‍ത്തിച്ചതും. തങ്ങളുടെ എല്ലാ ശക്തിയും ഉപയോഗിച്ചാല്‍പ്പോലും ഉലയുന്നതല്ല കേരളത്തിന്റെ ഇടതുപക്ഷമനസ്സ് എന്ന് തെളിഞ്ഞതോടെ അക്രമത്തിന്റെയും ഭീഷണിയുടെയും മാര്‍ഗം മാത്രമാണ് അവര്‍ക്കുമുന്നിലുള്ളത്. ഒരേസമയം പുതിയ സര്‍ക്കാരിന് ആശംസ അറിയിക്കുകയും ആ സര്‍ക്കാരിനെതിരെ ആക്രമണം നടത്തുകയും ചെയ്യുന്ന പരിഹാസ്യതയിലേക്ക് അവര്‍ എത്തിയതും മറ്റൊന്നും കൊണ്ടല്ല.

പിണറായിയിലും ഏങ്ങണ്ടിയൂരിലും മാത്രമല്ല കേരളത്തിന്റെ നാനാഭാഗങ്ങളിലും ആര്‍എസ്എസ് ആക്രമണം നടത്തി. അതാകെ മൂടിവച്ച് ഡല്‍ഹിയില്‍ സിപിഐ എം ആസ്ഥാനത്തിനുനേരെ പാഞ്ഞടുക്കുന്നു. എ കെ ജിയുടെ നാമധേയത്തിലുള്ള ഓഫീസിനുമുന്നില്‍ ഡല്‍ഹി പൊലീസിന്റെ സംരക്ഷണയിലാണ് ആര്‍എസ്എസ് അഴിഞ്ഞാട്ടം നടത്തിയത്. കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ കേരളത്തെ ഭീഷണിപ്പെടുത്താന്‍ മുതിര്‍ന്നതിന്റെ പശ്ചാത്തലവും അതുതന്നെ. തങ്ങളാണ് ഡല്‍ഹി ഭരിക്കുന്നത്, തങ്ങള്‍ക്ക് ഹിതകരമല്ലാത്ത ഒന്നും രാജ്യത്ത് അനുവദിക്കില്ല എന്ന ഭീഷണിയാണ് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദില്‍നിന്ന് ഉതിര്‍ന്നുവീണത്. ബിജെപി അധ്യക്ഷന്‍ അമിത് ഷായും അതേ ഭീഷണിയാണ് ആവര്‍ത്തിച്ചത്. ആര്‍എസ്എസ് ഇന്ത്യന്‍ ഭരണഘടനയോട് ആദരവുള്ള സംഘടനയല്ല. ഭരണഘടനയെയും അതിന്റെ അടിസ്ഥാനമൂല്യങ്ങളെയും തകര്‍ക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. ഫെഡറല്‍ സമ്പ്രദായം അടിമ ഉടമ സമ്പ്രദായമല്ല എന്ന ന്യായത്തില്‍ അവര്‍ക്ക് വിശ്വാസമില്ല. കൈയൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന പ്രാകൃത നിയമത്തിന്റെ വക്താക്കളാണവര്‍.

ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ കഴിഞ്ഞ ഏതാനും നാളുകളിലെ പ്രസ്താവനകളില്‍ വ്യക്തമാകുന്നത് നുണപ്രചാരണത്തിലാണ് അവര്‍ അഭയം തേടുന്നത് എന്നാണ്. കേരളത്തിലാകെ നടത്തിയ അക്രമങ്ങളുടെ കണക്ക് തെളിവുസഹിതം സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയതാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ വിജയം അംഗീകരിക്കാന്‍ കഴിയാതെയാണ് സംസ്ഥാന വ്യാപകമായി ആക്രമണം അഴിച്ചുവിടുന്നത്. അതിലൊന്നുപോലും സമ്മതിക്കാനോ കൊലപാതകത്തെ അപലപിക്കാനോ തയ്യാറാകാതെ മാര്‍ക്സിസ്റ്റ് ആക്രമണ മുറവിളി കൂട്ടുകയാണ് കുമ്മനം.

കേരളത്തില്‍ ഒരിടത്തും ഒരു രാഷ്ട്രീയപാര്‍ടിക്കും പ്രവര്‍ത്തന സ്വാതന്ത്യ്രം നിഷേധിക്കപ്പെട്ടിട്ടില്ല. അത്തരം ജനാധിപത്യവിരുദ്ധ മാര്‍ഗങ്ങള്‍ സംഘപരിവാറിന്റേതാണ്. ക്ഷേത്രങ്ങള്‍ ആയുധപ്പുരകളാക്കുന്നതും ആയുധപരിശീലന കേന്ദ്രങ്ങളാക്കുന്നതും ആര്‍എസ്എസാണ്. അവര്‍ തന്നെയാണ് കൊലപാതക പരമ്പരകള്‍ നടത്തുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 19 സിപിഐ എം പ്രവര്‍ത്തകരെയാണ് ആര്‍എസ്എസുകാര്‍ കൊന്നൊടുക്കിയതെങ്കില്‍ തെരഞ്ഞെടുപ്പിനുശേഷം ആ പട്ടികയില്‍ രണ്ടുപേരുകള്‍കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നശേഷം നാലുദിവസംകൊണ്ട് 41 ഇടത്ത് നടന്ന ആര്‍എസ്എസ് ആക്രമണങ്ങളില്‍ 82 സിപിഐ എം പ്രവര്‍ത്തകര്‍ പരിക്കേറ്റ് ആശുപത്രിയിലായി. കാഞ്ഞങ്ങാട്ടുനിന്ന് ജയിച്ച സിപിഐയുടെ നിയമസഭാകക്ഷി നേതാവും റവന്യൂ മന്ത്രിയുമായ ഇ ചന്ദ്രശേഖരന്‍ പരിക്കുകളോടെയാണ് സത്യപ്രതിജ്ഞയ്ക്കെത്തിയത്. അദ്ദേഹത്തെയും സഹപ്രവര്‍ത്തകരെയും ആര്‍എസ്എസ് സംഘംചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.

യുഡിഎഫ് ഭരണകാലത്ത് പൊലീസില്‍ ആര്‍എസ്എസിന് അവിഹിതമായ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞു. പൊലീസ് സേനയില്‍ യുഡിഎഫ് നേതൃത്വം വഴിയും നേരിട്ടും ആര്‍എസ്എസ് നുഴഞ്ഞുകയറിയിട്ടുണ്ട്. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരായ വിവിധ കേസുകള്‍ പിന്‍വലിച്ചു മാത്രമല്ല, കൊലപാതക കേസുകളില്‍ ഉള്‍പ്പെടെ അന്വേഷണം അട്ടിമറിച്ചും യുഡിഎഫ് സഹായിച്ചിട്ടുണ്ട്. അത്തരം ചില കേസുകളുടെ അന്വേഷണം അതേ രീതിയില്‍ തുടരുകയാണ്. എക്കാലത്തും പൊലീസിനെ ഭീഷണിപ്പെടുത്തിയും ദുസ്വാധീനം ചെലുത്തിയും പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചും തങ്ങള്‍ക്കനുകൂലമായി കേസുകള്‍ തിരിച്ചുവിടാമെന്ന വ്യാമോഹം ഇന്നും വച്ചുപുലര്‍ത്തുന്ന ആര്‍എസ്എസുകാരുണ്ട്. അതുകൊണ്ടാണ് പരസ്യമായി ആക്രമണങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും അവര്‍ തയ്യാറാകുന്നത്.

ആക്രമണം നടത്തുക, ആസൂത്രിത കൊലപാതകം സംഘടിപ്പിക്കുക, അക്രമകാരികള്‍ സിപിഐ എം ആണെന്ന് മുറവിളി കൂട്ടുക, അതിന്റെ പേരില്‍ വീണ്ടും പ്രശ്നങ്ങള്‍ സൃഷ്ടിക്കുക, അതിന് കേന്ദ ഭരണാധികാരം ഉപയോഗിക്കുക എന്ന ശൈലി ആര്‍എസ്എസ് തുടരുകയാണ്. ഇതിനെതിരായ ശക്തമായ ജനവികാരം കേരളത്തില്‍ ഉയരുന്നുണ്ട്. ആര്‍എസ്എസിനെയും അതിന്റെ ഫാസിസ്റ്റ് രീതികളെയും തിരിച്ചറിഞ്ഞതുകൊണ്ടാണ് ജനങ്ങള്‍ എന്‍ഡിഎയ്ക്ക് അര്‍ഹിക്കുന്ന പരാജയം സമ്മാനിച്ചത്. ആ പരാജയംകൊണ്ടും സംഘപരിവാര്‍ അടങ്ങില്ല എന്നതിന്റെ ലക്ഷണമാണ് ശശികുമാറിന്റെ കൊലപാതകം. ഇത് എല്ലാ വിഭാഗത്തിലുംപെട്ട ജനങ്ങള്‍ പ്രതികരിക്കേണ്ട വിഷയമായി മാറുകയാണ്

*
പി എം മനോജ്, Saturday May 28, 2016 , Deshabhimani

No comments:

Post a Comment