Tuesday, May 24, 2016

അവകാശങ്ങള്‍ക്കായി തടവറയിലും പോരാടി

ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണക്കേസില്‍ അറസ്റ്റുചെയ്യപ്പെട്ട കെ സി മാത്യൂ, എം എം ലോറന്‍സ് തുടങ്ങിയവര്‍. ഇടത്തുനിന്നും: കെ സി മാത്യൂ, എം എം ലോറന്‍സ്, കെ എ വറുതൂട്ടി, കുഞ്ഞന്‍ബാവ കുഞ്ഞുമോന്‍, വി പി സുരേന്ദ്രന്‍, എന്‍ കെ ശ്രീധരന്‍, എം എ അരവിന്ദാക്ഷൻ

ഇടപ്പള്ളി പൊലീസ്‌സ്റ്റേഷന്‍ ആക്രമണക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് പൊലീസിന്റെ നിഷ്ഠുര മര്‍ദനത്തിനിരയായിട്ടും മനോധൈര്യം വെടിയാത്ത നേതാവായിരുന്നു കെ സി മാത്യു. തടവുകാരുടെ അവകാശങ്ങള്‍ സര്‍ക്കാര്‍ ഹനിച്ചപ്പോള്‍ ഞാനും അദ്ദേഹവും നടത്തിയ നിരാഹാരസമരമാണ് കേസിലെ പ്രതികള്‍ക്ക് പേരിനെങ്കിലും ഇവ ലഭ്യമാക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചത്. മറ്റ് പ്രതികളൊക്കെ നിരാഹാരത്തില്‍നിന്നും പിന്തിരിഞ്ഞപ്പോഴും ഞാനും മാത്യുവും 16 ദിവസമാണ് നിരാഹാരം തുടര്‍ന്നത്. ലോക്കപ്പിലെ ആ കൊടിയ പീഡനങ്ങളും മറ്റും ഇന്നലെയെന്നോണം ഓര്‍മയിലുണ്ട്.

റെയില്‍വേ തൊഴിലാളികളുടെ അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കുന്നതിന് 1950 മാര്‍ച്ച് ഒമ്പതിന് പോണേക്കരയില്‍ രഹസ്യയോഗം ചേര്‍ന്നിരുന്നു. അന്ന് കമ്യൂണിസ്റ്റ് പാര്‍ടിയുടെ എറണാകുളം സെക്രട്ടറിയായിരുന്നു ഞാന്‍. ഞങ്ങള്‍ ഒളിവിലുമായിരുന്നു. ഞാനും വി വിശ്വനാഥമേനോനും മറ്റുമാണ് യോഗത്തില്‍ പങ്കെടുക്കാന്‍ എറണാകുളത്ത് നിന്നുമെത്തിയത്. രാത്രി 11 മണിയൊക്കെ ആയിട്ടുണ്ടാകും. വിളക്കൊന്നുമില്ലാതെ ഇരുട്ടത്തായിരുന്നു യോഗം.

റെയില്‍വേ പണിമുടക്ക് വിജയിപ്പിക്കുന്നതിന് തൊഴിലാളികളെ ബോധ്യപ്പെടുത്താന്‍ ആലുവമുതല്‍ എറണാകുളംവരെ റെയില്‍പാളത്തിലൂടെ യാത്ര ചെയ്ത എന്‍ കെ മാധവനെയും വറീതുകുട്ടിയെയും പൊലീസ് അറസ്റ്റ് ചെയ്തുവെന്നും പൊലീസ് മര്‍ദനത്തില്‍ ഇവരില്‍ ഒരാള്‍ മരിച്ചുവെന്നും ആരോ കെ സി മാത്യുവിനോട് പറഞ്ഞു. ഇതേത്തുടര്‍ന്ന്, അവശേഷിക്കുന്നയാളെ മോചിപ്പിക്കാനാണ് ഞങ്ങള്‍ സ്റ്റേഷന്‍ ആക്രമിക്കാന്‍ നിശ്ചയിച്ചത്. അതിന് മുന്‍കൂട്ടി ആസൂത്രണമൊന്നും നടത്തിയിരുന്നില്ല. കെ സി മാത്യു തന്നെയായിരുന്നു സ്റ്റേഷന്‍ മാര്‍ച്ചിന്റെ നേതാവ്. പിന്നീട് സിപിഐ സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗമായ പെരുമ്പാവൂര്‍ സ്വദേശി ശിവശങ്കരപ്പിള്ള തുടങ്ങിയവരും ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു.

സംഭവത്തെത്തുടര്‍ന്ന് ഒളിവില്‍പ്പോയ എന്നെയും മാത്യുവിനെയും എറണാകുളത്തുവച്ചാണ് പൊലീസ് പിടികൂടിയത്. ഇവിടെനിന്ന് ഷണ്‍മുഖം റോഡിലെ പൊലീസ് സൂപ്രണ്ട് ഓഫീസിലേക്കാണ് കൊണ്ടുപോയത്. അവിടെവച്ച് ഉപദ്രവിച്ചില്ല. അന്ന് രാത്രി തെക്കോട്ടുകൊണ്ടുപോയി. അവിടെ പൊലീസ് ക്വാട്ടേഴ്സിന് സമീപംവച്ച് ക്രൂരമായ മര്‍ദനവും തുടങ്ങി. പിറ്റേന്നും മര്‍ദനം തുടര്‍ന്നു. ഞങ്ങളുടെ ഷര്‍ട്ടും മുണ്ടും വലിച്ചുകീറിക്കളഞ്ഞു. പിന്നെ അവിടെ ആരോ ഉപയോഗിച്ച മുഷിഞ്ഞ ടര്‍ക്കി ടവ്വലാണ് എനിക്ക് ഉടുക്കാന്‍ തന്നത്. മാത്യുവിനാകട്ടെ ഒരു നിക്കറും. അത് ദ്വാരമുള്ളതുമായിരുന്നു. പിറ്റേന്ന് കൈ കയര്‍കൊണ്ട് ബന്ധിച്ചാണ് കോടതിയിലും തുടര്‍ന്ന് ആലുവ സബ്ജയിലിലും കൊണ്ടുപോയത്. ഇവിടെയും മൃഗീയ മര്‍ദനമായിരുന്നു. പ്രഭാതകൃത്യങ്ങള്‍ക്ക് കൊണ്ടുപോകുമ്പോള്‍ (ചീക്കിനിറക്കുക എന്നാണ് ഇതിനെ പറഞ്ഞിരുന്നത്) പോലും കക്കൂസ്വരെ മര്‍ദിക്കുമായിരുന്നു. അവിടെ കൂടുതല്‍ സമയമെടുത്താല്‍ അതിനും ഇടി ലഭിക്കും.

മൂന്ന്, നാല് പേര്‍ക്ക് കഴിയാന്‍ പറ്റുന്ന സബ്ജയിലില്‍ 28 പേരാണ് ഉണ്ടായിരുന്നത്. അതിലാകട്ടെ മൂട്ടയും കൂറയും ധാരാളം. മുറിയില്‍ മൂത്രക്കുടവും ഉണ്ടായിരുന്നു. രാവിലെ മാത്രമാണ് ചീക്കിനിറക്കിയിരുന്നത്. പിന്നെ വല്ലവര്‍ക്കും വെളിക്കിറങ്ങേണ്ടി വന്നാല്‍ അതും കുടത്തില്‍ തന്നെ സാധിക്കണം. മറ്റുള്ളവരുടെ മുമ്പില്‍ വച്ചുതന്നെ ഇതും നടത്താന്‍ നിര്‍ബന്ധിതരായി. നാറുന്ന പായയിലായിരുന്നു കിടപ്പ്. ഞങ്ങളെ കുളിക്കാനും കൊണ്ടുപോയിരുന്നില്ല. ഒടുവില്‍ നാറ്റം പോലും അറിയാനാവാത്ത അവസ്ഥയിലായി. മാറാന്‍ വസ്ത്രങ്ങളും നല്‍കിയില്ല. ഒരു കുട്ടിക്കുപോലും തികയാത്ത ഭക്ഷണമാണ് നല്‍കിയിരുന്നത്.

ഈ സാഹചര്യത്തിലാണ് ഞങ്ങള്‍ നിരാഹാരസമരം ആരംഭിച്ചത്. തുടര്‍ന്ന് എന്നെയും കെ സി മാത്യുവിനെയും പെരുമ്പാവൂര്‍ സബ്ജയിലിലേക്ക് കൊണ്ടുപോയി. ഇവിടെയും നിരാഹാരം തുടര്‍ന്നു. തുടര്‍ന്ന് ഡോക്ടര്‍ വന്ന് പരിശോധിച്ചു. അദ്ദേഹം ആലുവ ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചു. ആശുപത്രിയിലെ ലോക്കപ്പ് മുറിയിലേക്ക് ഞങ്ങളെ മാറ്റി. രാത്രി ഞങ്ങളുടെ കാല് അഴിയില്‍ വിലങ്ങിട്ട് പൂട്ടും. പലകയാണ് കിടക്കാന്‍ തന്നത്. വിലങ്ങുവച്ചതിനാല്‍ തിരിയാനോ മറിയാനോ കഴിയില്ല. ഇതിനാല്‍ ഉറങ്ങാനും കഴിഞ്ഞിരുന്നില്ല. പിന്നെ ഞങ്ങളെ ബലം പ്രയോഗിച്ച് മൂക്കിലൂടെ കുഴല്‍വച്ച് ഗ്ളൂക്കോസ് കലക്കിയതുപോലുള്ള ഒരു ദ്രാവകം ഒഴിക്കും. ഇത് ഉള്ളില്‍ ചെന്നാല്‍ വല്ലാത്ത വിശപ്പ് ആയിരിക്കും. എന്തും തിന്നാന്‍ തോന്നും. എന്നിട്ടും ഞങ്ങള്‍ പിടിച്ചു നിന്നു. ഒടുവില്‍ ഞങ്ങളുടെ ജീവന്‍ അപകടത്തിലാണെന്നും മിലിട്ടറി ആശുപത്രിയിലോ മറ്റോ കൊണ്ടുപോകണമെന്നും ഡോക്ടര്‍ പറഞ്ഞു. ഇതറിഞ്ഞ് മജിസ്ട്രേട്ട് ഞങ്ങളെ കാണാനെത്തി. ഞങ്ങളുടെ ആവശ്യങ്ങളില്‍ കുറേക്കാര്യങ്ങള്‍ അനുവദിക്കാമെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം അഭ്യര്‍ഥിച്ചതിനെത്തുടര്‍ന്നാണ് അന്ന് ഞങ്ങള്‍ നിരാഹാരം അവസാനിപ്പിച്ചത്.

മാര്‍ക്സിസം ലെനിനിസം സംബന്ധിച്ച് തികഞ്ഞ അവഗാഹമുള്ള നേതാവായിരുന്നു കെ സി മാത്യു. ആലുവ യുസി കോളേജില്‍ വിദ്യാര്‍ഥിയായിരുന്ന കാലത്തേ അദ്ദേഹം പാര്‍ടി പ്രവര്‍ത്തനമാരംഭിച്ചു. പഠനശേഷം അത് സജീവമായി. പാര്‍ടിക്കുപുറമെ ട്രേഡ് യൂണിയന്‍ രംഗത്തും അദ്ദേഹം സജീവമായിരുന്നു. 1948 കാലത്താണ് മാത്യുവുമായി പരിചയപ്പെടുന്നത്. അന്ന് പാര്‍ടി തെക്കന്‍ കൊച്ചി ഡിവിഷന്‍ കമ്മിറ്റിയില്‍ അദ്ദേഹമുണ്ടായിരുന്നു. പി ഗംഗാധരനായിരുന്നു ഡിവിഷന്‍ സെക്രട്ടറി. ഇതിന് കീഴിലെ എറണാകുളം കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്ന കെ എ രാജനെതിരെ പാര്‍ടി നടപടിയെടുത്തു. തുടര്‍ന്നാണ് ഞാന്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഇക്കാലംമുതലേ അടുത്തബന്ധം മാത്യുവുമായുണ്ടായിരുന്നു. കേരളത്തിലെതന്നെ മുതിര്‍ന്ന കമ്യൂണിസ്റ്റിനെയാണ് അദ്ദേഹത്തിന്റെ വേര്‍പാടിലൂടെ നഷ്ടമായത്. ആ സ്മരണകള്‍ക്കുമുന്നില്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു.


എം എം ലോറന്‍സ് Tuesday May 24, 2016 ദേശാഭിമാനി

No comments:

Post a Comment