കേരളത്തില്‍ സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ അക്രമം നടക്കുകയാണെന്ന് ബിജെപി രാജ്യവ്യാപകമായി പ്രചരിപ്പിക്കുകയാണ്. അതേത്തുടര്‍ന്ന് സിപിഐ എമ്മിന്റെ കേന്ദ്രകമ്മിറ്റി ഓഫീസിനുനേരെ ആര്‍എസ്എസ് ആക്രമണമുണ്ടായി. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പരസ്യമായി പ്രഖ്യാപിച്ചത്, സിപിഐ എമ്മിനെ തെരുവിലിറങ്ങി നേരിടുമെന്നുമായിരുന്നു.
അടുത്തകാലത്ത് നടന്ന സംഭവങ്ങള്‍ പരിശോധിച്ചാല്‍ത്തന്നെ കേരളത്തില്‍ ആരാണ് അക്രമത്തിന് നേതൃത്വംകൊടുക്കുന്നത് എന്ന് വ്യക്തമാകും. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ 19 സിപിഐ എം പ്രവര്‍ത്തകരാണ് ആര്‍എസ്എസ് അക്രമത്തില്‍ കൊല്ലപ്പെട്ടത്. നിയമസഭാ തെരഞ്ഞെടുപ്പുഫലം പുറത്തുവന്നശേഷം ആര്‍എസ്എസുകാര്‍ ഒരു സിപിഐ എം പ്രവര്‍ത്തകനെ കൊലപ്പെടുത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി ആക്രമണങ്ങള്‍ പാര്‍ടി പ്രവര്‍ത്തകര്‍ക്കും അവരുടെ വീടുകള്‍ക്കും പാര്‍ടി ഓഫീസുകള്‍ക്കും ലൈബ്രറികള്‍ക്കുംനേരെ നടത്തി. തെരഞ്ഞെടുപ്പുഫലം പുറത്തുവന്നശേഷം എട്ടു ജില്ലയിലായി 41 സ്ഥലങ്ങളിലാണ് ആര്‍എസ്എസ് അക്രമം നടന്നത്. 82 പാര്‍ടി പ്രവര്‍ത്തകര്‍ പരിക്കേറ്റ് ആശുപത്രിയിലായി.
കാസര്‍കോട് ജില്ലയിലെ മാവുങ്കാലില്‍ സിപിഐ എംഎല്‍എ ഇ ചന്ദ്രശേഖരന്റെ വിജയഘോഷയാത്ര തടഞ്ഞ് ആക്രമിച്ചു. എംഎല്‍എയ്ക്ക് സാരമായ പരിക്കേറ്റു. ഈ അക്രമത്തില്‍ സിപിഐ എം നേതാക്കളായ എ കെ നാരായണന്‍, ടി കെ രവി, സിപിഐ നേതാവ് കെ വി കൃഷ്ണന്‍ എന്നിവര്‍ക്കും പരിക്കേറ്റു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ആറ് വീടാണ് ആര്‍എസ്എസ് തകര്‍ത്തത്. പതിനഞ്ചോളം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ബീഡി വര്‍ക്കേഴ്സ് യൂണിയന്‍ നീലേശ്വരം ഏരിയ കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന സ. പി കൃഷ്ണപിള്ള സ്മാരകത്തിന്റെ ജനാലഗ്ളാസുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തു. തായന്നൂര്‍ അയ്യങ്കാവില്‍ പാര്‍ടിസ്തൂപം തകര്‍ത്തു. പുല്ലൂര്‍ എടമുണ്ടയിലെ ചെഗുവേര ക്ളബ്, എ കെ ജി മന്ദിരം എന്നിവ തകര്‍ത്തു.
കണ്ണൂര്‍ ജില്ലയിലും വ്യാപകമായ ആക്രമണം നടന്നു. ധര്‍മടം മണ്ഡലത്തില്‍ ആഹ്ളാദപ്രകടനത്തിനുനേരെ ബോംബ് എറിയുകയും വാഹനമിടിച്ച് സിപിഐ എം പ്രവര്‍ത്തകന്‍ ചേരിക്കല്‍ രവിയെ കൊലപ്പെടുത്തുകയുംചെയ്തു. ഈ സംഭവത്തില്‍ ആറുവയസ്സായ കുട്ടിക്ക് ഉള്‍പ്പെടെ പരിക്കേറ്റു. ബോംബേറില്‍ ഒന്‍പതു പേര്‍ക്ക് സാരമായ പരിക്കുപറ്റി. കൊല്ലപ്പെട്ട രവീന്ദ്രന്റെ മകന്‍ ജിതിനും പരിക്കേറ്റു. നീര്‍വേലിയില്‍ ഹോട്ടല്‍ തൊഴിലാളിയായ ശശീന്ദ്രന്റെ വീട്ടില്‍കയറി ഭാര്യ സാവിത്രിയെയും മക്കളായ ആരോമല്‍, അതുല്‍ എന്നിവരെയും ഭീകരമായി മര്‍ദിച്ചു. അതുലിന്റെ ഇരുകാലും തകര്‍ന്നു. തൊക്കിലങ്കാടിയില്‍ പാര്‍ടി ലോക്കല്‍ കമ്മിറ്റി അംഗം രാജീവന്റെ വീടിനുനേരെ ആക്രമണമുണ്ടായി. ഇവിടെ ദേശാഭിമാനി പത്രം വിതരണംചെയ്യാന്‍പോലും പാടില്ലെന്ന് ഭീഷണിപ്പെടുത്തി. കണ്ണവം വെളുമ്പത്ത് ബ്രാഞ്ച് സെക്രട്ടറി സുരേഷ്ബാബുവിന്റെയും പയ്യന്നൂരിലെ കുന്നരുവില്‍ പാര്‍ടി പ്രവര്‍ത്തകന്‍ സി വി ധനരാജിന്റെയും വീടിനുനേരെ ആക്രമണമുണ്ടായി. ചെറുവാഞ്ചേരിയില്‍ 30–ാംതവണയാണ് സിപിഐ എം ഓഫീസ് ആക്രമിക്കപ്പെടുന്നത്. മരുതായി മേറ്റടിയില്‍ പാര്‍ടി ഓഫീസ് നിശ്ശേഷം തകര്‍ത്തു. കണ്ണൂര്‍ ജില്ലയില്‍ മാത്രം നാല്‍പ്പതോളം പ്രവര്‍ത്തകര്‍ക്കാണ് ആര്‍എസ്എസ് ആക്രമണങ്ങളില്‍ പരിക്കേറ്റത്.
കോഴിക്കോട് ജില്ലയിലും അക്രമപരമ്പരയാണ് അരങ്ങേറിയത്. ജില്ലയില്‍ ഇരുപത്തഞ്ചോളം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. വടകരയ്ക്കടുത്ത് അഴിയൂരില്‍ ആര്‍എസ്എസ് ആക്രമണത്തിന്റെ ഫലമായി 10 പാര്‍ടി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. വടകര മടപ്പള്ളി എ കെ ജി സ്മാരകമന്ദിരം തീയിട്ടുനശിപ്പിച്ചു. പ്രേമചന്ദ്രന്‍ സ്മാരക ബസ് സ്റ്റോപ്പ് അടിച്ചുതകര്‍ത്തു. കോഴിക്കോട് പാറോപ്പടിയില്‍ ഡിവൈഎഫ്ഐയുടെ കൊടിമരം നശിപ്പിച്ചു. എലത്തൂര്‍ പറമ്പില്‍ ബസാറില്‍ നമ്പ്യാട്ട് താഴത്ത് ബ്രാഞ്ച് ഓഫീസ് തീയിട്ടുനശിപ്പിച്ചു. രണ്ട് പാര്‍ടി പ്രവര്‍ത്തകരുടെ വീടുകളും തകര്‍ത്തു.
മലപ്പുറം ജില്ലയിലെ തിരൂര്‍ വെട്ടം പഞ്ചായത്തില്‍ സിപിഐ എം പ്രവര്‍ത്തകനെ ആക്രമിച്ചു. താനൂരില്‍ ചിറയ്ക്കല്‍ എല്‍ഡിഎഫ് പ്രകടനത്തിനുനേരെ കല്ലേറുണ്ടായി. ഓഴൂരില്‍ എല്‍ഡിഎഫ് പ്രകടനത്തെ തടയുകയും ആക്രമിക്കുകയുമുണ്ടായി. തിരൂരങ്ങാടിയിലെ പരപ്പനങ്ങാടിയില്‍ മദ്യപിച്ചെത്തിയ ആര്‍എസ്എസ് സംഘം പ്രകടനത്തെ തടഞ്ഞ് ആക്രമിച്ചു.
തൃശൂര്‍ ജില്ലയിലെ കൈപ്പമംഗലത്ത് മെയ് 19ന് പെരിഞ്ഞനം ഓണപ്പറമ്പില്‍നിന്ന് ദുര്‍ഗാനഗറിലേക്ക് പോയ എല്‍ഡിഎഫ് ആഹ്ളാദപ്രകടനത്തെ ബിജെപിക്കാര്‍ ആക്രമിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. മെയ് 20ന് എടവിലങ്ങ് സിപിഐ എം ലോക്കല്‍ കമ്മിറ്റി ഓഫീസ് തകര്‍ത്ത് ബിജെപിക്കാര്‍ തീയിട്ടു. നിരവധി വീടുകളും വാഹനങ്ങളും തകര്‍ത്തു. ഈ അക്രമത്തില്‍ സ്ത്രീകള്‍ക്കും പരിക്കേറ്റു. മതിലകം പൊക്ളായിയില്‍ കൂനിയാറ ശശിധരന്‍ സ്മാരക വെയിറ്റിങ് ഷെഡ് നശിപ്പിച്ചു. കൊടുങ്ങല്ലൂര്‍, കുഴൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസിനുനേരെ ആക്രമണമുണ്ടായി. ഓഫീസിന്റെ ജനല്‍ചില്ലുകള്‍ തകര്‍ത്തു. പ്രദേശത്തെ കൊടിമരങ്ങള്‍ വ്യാപകമായി നശിപ്പിച്ചു. അഷ്ടമിച്ചിറ ലോക്കലിലെ ആനപ്പാറ ബ്രാഞ്ച് ഓഫീസ് ആക്രമിച്ചു. വെള്ളാങ്കല്ലൂരില്‍ പാര്‍ടി പ്രവര്‍ത്തകന്റെ കട തല്ലിത്തകര്‍ത്തു. വീടുകളും ആക്രമിക്കപ്പെട്ടു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ പത്തോളം പേര്‍ക്ക് പരിക്കേറ്റു.
കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ മണ്ഡലത്തിലെ തിരുവാര്‍പ്പ് പഞ്ചായത്തില്‍ കാഞ്ഞിരം മലരിക്കല്‍ പ്രകടനത്തിനുനേരെ ബിഡിജെഎസ് പ്രവര്‍ത്തകര്‍ നടത്തിയ വടിവാള്‍ ആക്രമണത്തില്‍ അഞ്ച് പാര്‍ടി പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കുമരകം പഞ്ചായത്തില്‍ ആശാരിച്ചേരില്‍ എന്ന സ്ഥലത്താണ് ആര്‍എസ്എസുകാര്‍ പാര്‍ടിപ്രവര്‍ത്തകരെ ആക്രമിച്ചത്. രണ്ട് സഖാക്കള്‍ക്ക് പരിക്കേറ്റു.
ആലപ്പുഴ ജില്ലയിലെ അരൂര്‍ മണ്ഡലത്തില്‍ പാര്‍ടി പ്രവര്‍ത്തകര്‍ക്കുനേരെയും വീടുകള്‍ക്കുനേരെയും ആക്രമണമുണ്ടായി. മാരാരിക്കുളം തെക്ക് പഞ്ചായത്തിലും ആര്‍എസ്എസ് ആക്രമണമുണ്ടായി. പി കൃഷ്ണപിള്ള സ്മാരകം നിലനില്‍ക്കുന്ന സ്ഥലമായ കണ്ണര്‍കാട് ദേശാഭിമാനി വായനശാല അടിച്ചുതകര്‍ത്തു. കടകളും വീടുകളും തകര്‍ക്കപ്പെട്ട സംഭവം വ്യാപകമായി ജില്ലയിലുണ്ടായി. അമ്പനാകുളങ്ങര, നേതാജി പ്രദേശങ്ങളിലെ നിരവധി വീടുകള്‍ ആക്രമിക്കുകയും അടിച്ചുതകര്‍ക്കുകയും ചെയ്തു. എടത്വ കൊടുപ്പുന്നയില്‍ സിപിഐ എമ്മിന്റെ ആഹ്ളാദപ്രകടനത്തിനുനേരെ നടത്തിയ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡിവൈഎഫ് മേഖലാ ജോയിന്റ് സെക്രട്ടറി അനുരാഗിന്റെ രണ്ട് താടിയെല്ലും ഒടിഞ്ഞ് ചികിത്സയിലാണ്. എടത്വ, തകഴി, ചമ്പക്കുളം എന്നീ സ്ഥലങ്ങളിലും ആക്രമണമുണ്ടായി.
തിരുവനന്തപുരം ജില്ലയിലെ നേമം മണ്ഡലത്തില്‍ പാപ്പനംകോട്, കാരയ്ക്കാമണ്ഡപം പ്രദേശങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകള്‍ക്കും പാര്‍ടി പ്രവര്‍ത്തകര്‍ക്കുംനേരെ ആക്രമണം നടന്നു. വര്‍ക്കല മണ്ഡലത്തിലെ മടവൂരില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകള്‍ അടിച്ചുതകര്‍ക്കുകയും വ്യാപകമായി ബോര്‍ഡുകള്‍ നശിപ്പിക്കുകയുംചെയ്തു. പാറശാല മണ്ഡലത്തിലെ മഞ്ചവിളാകത്ത് ബിജെപി ആക്രമണത്തില്‍ രണ്ട് സഖാക്കള്‍ക്ക് പരിക്കേറ്റു.
ഇത്തരം ആക്രമണങ്ങള്‍ വ്യാപകമായി നടത്തിയശേഷം ബിജെപി ഇപ്പോള്‍ പ്രചരിപ്പിക്കുന്നത് ബിജെപി പ്രവര്‍ത്തകനെ സിപിഐ എം കൊലപ്പെടുത്തി എന്നാണ്. യഥാര്‍ഥത്തില്‍ അവിടെ സംഭവിച്ചത് ഇതാണ്– എല്‍ഡിഎഫിന്റെ വിജയത്തെ തുടര്‍ന്ന് എടവിലങ്ങ് ചന്തയില്‍നിന്ന് കാരയിലേക്ക് പോയ വിജയാഹ്ളാദ പ്രകടനത്തിന് നേരെ എടവിലങ്ങ് സൊസൈറ്റി സ്റ്റോപ്പില്‍ വച്ച് ആര്‍എസ്എസ്–ബിജെപി പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. നിരവധി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് കല്ലേറില്‍ പരിക്കുപറ്റി. ഈ സംഘര്‍ഷത്തിനിടയില്‍ പ്രമോദിന് കല്ലേറ് ഏല്‍ക്കുകയുണ്ടായി. തുടര്‍ന്ന് ഇയാള്‍ ചികിത്സതേടാതെ വീട്ടില്‍പോകുകയും പീന്നീട് ആശുപത്രിയില്‍ ചികിത്സതേടുകയുമാണ് ഉണ്ടായത്. ആര്‍എസ്എസ് ഉണ്ടാക്കിയ സംഘര്‍ഷത്തെ തുടര്‍ന്ന് ഉണ്ടായ സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്തം സിപിഐ എമ്മിന്റെ തലയില്‍ കെട്ടിവയ്ക്കാനാണ് ഇപ്പോള്‍ പരിശ്രമിക്കുന്നത്.
ന്യൂനപക്ഷത്തിന്റെ പേരുപറഞ്ഞ് രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നവരും ലക്ഷ്യംവയ്ക്കുന്നത് സിപിഐ എമ്മിനെത്തന്നെ. മലപ്പുറത്ത് കല്‍പ്പകഞ്ചേരിയിലെ സിപിഐ എം പ്രവര്‍ത്തകന്‍ ഹംസക്കുട്ടിയുടെ വീട്ടിലേക്ക് തെരഞ്ഞെടുപ്പ് ആഹ്ളാദപ്രകടനത്തിനിടെ മുസ്ളിംലീഗ് പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം സഖാവിനെ നിഷ്ഠുരമായി അടിച്ചുകൊലപ്പെടുത്തി. ഭൂരിപക്ഷ–ന്യൂനപക്ഷ വര്‍ഗീയവാദികള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കാനാണ് സിപിഐ എം എക്കാലത്തും ശ്രമിച്ചിട്ടുള്ളത്.
കേരളത്തിലാകമാനം സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ച് മുന്നോട്ടുപോകാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. കേരളത്തിന്റെ സാമൂഹ്യവികാസത്തില്‍ ഒരു സംഭാവനയും നല്‍കാത്തവരാണ് ആര്‍എസ്എസുകാര്‍. അതേസമയം, സംസ്ഥാനത്തുടനീളം വര്‍ഗീയ സംഘര്‍ഷങ്ങള്‍ കുത്തിപ്പൊക്കാനുള്ള പരിശ്രമം എല്ലാ കാലത്തും അവര്‍ നടത്തിയിട്ടുമുണ്ട്. കേരള സംസ്ഥാന രൂപീകരണത്തെ എതിര്‍ക്കുന്നതിനും വിമോചനസമരത്തെ പിന്തുണയ്ക്കുന്നതിനും ആര്‍എസ്എസ് മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. 1971 ലെ തലശേരി കലാപത്തിലും നിലയ്ക്കല്‍ പ്രശ്നത്തിന്റെപേരിലും വര്‍ഗീയ ധ്രുവീകരണം നടത്തുന്നതിന് പ്രവര്‍ത്തിച്ചത് ആര്‍എസ്എസാണ്. പൂന്തുറ കലാപം ഉള്‍പ്പെടെ കേരളത്തില്‍ നടന്ന വര്‍ഗീയസംഘര്‍ഷങ്ങള്‍ക്കെല്ലാം കാരണക്കാരായതും ആര്‍എസ്എസ് ആയിരുന്നു എന്ന് ചരിത്രം വ്യക്തമാക്കുന്നു.
സംഘപരിവാറിന്റെ രാഷ്ട്രീയത്തെ എല്ലാകാലത്തും പ്രതിരോധിച്ചത് ഇടതുപക്ഷമാണ്. കോ–ലീ–ബി സഖ്യമുണ്ടാക്കി ബിജെപിക്ക് കേരളത്തില്‍ അക്കൌണ്ട് തുറക്കാന്‍ യുഡിഎഫ് ശ്രമിച്ചത് ബാബറിമസ്ജിദ് പ്രശ്നം കുത്തിപ്പൊക്കുന്നതിന് ആര്‍എസ്എസ് നേതൃത്വംകൊടുത്ത തൊണ്ണൂറുകളിലാണ്. ഇപ്പോള്‍ കേരളത്തില്‍ ബിജെപിക്ക് അക്കൌണ്ട് തുറക്കാന്‍ അവസരമൊരുക്കിയത് യുഡിഎഫ് വോട്ടിന്റെ ബലത്തിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേമത്ത് കിട്ടിയത് 13,860 വോട്ടാണ്. എന്നാല്‍, കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പില്‍ 32,639 വോട്ട് അവര്‍ക്ക് ലഭിച്ചിരുന്നു. ബിജെപിയുടെ സഹായത്തോടെയാണ് പതിനാറോളം മണ്ഡലങ്ങളില്‍ യുഡിഎഫ് വിജയിച്ചത്.
കേരളത്തില്‍ യുഡിഎഫും ബിജെപിയും 'മാര്‍ക്സിസ്റ്റ് അക്രമം' എന്ന പ്രചാരവേലയാണ് സംഘടിപ്പിച്ചത്. ബിജെപിക്കെതിരെ സംസാരിച്ചുതുടങ്ങിയ എ കെ ആന്റണിയാകട്ടെ പിന്നീട് 'മാര്‍ക്സിസ്റ്റ് അക്രമ'ത്തിന്റെ കഥകളിലേക്ക് നീങ്ങുകയായിരുന്നു. നരേന്ദ്ര മോഡി കേരളത്തില്‍ നടത്തിയ പ്രചാരണവും ഇതേ മുദ്രാവാക്യം മുന്നോട്ടുവച്ചായിരുന്നു. ഇത്തരത്തില്‍ ഒരേ തൂവല്‍പക്ഷികളായി പ്രചാരണരംഗത്ത് നിലയുറപ്പിച്ച് എല്‍ഡിഎഫിനെ നേരിടാനാണ് യുഡിഎഫും ബിജെപിയും പരിശ്രമിച്ചത്. വോട്ട് മറിക്കുന്നതോടൊപ്പം ഇത്തരം കള്ളപ്രചാരണങ്ങളും ഇവര്‍ സംഘടിപ്പിച്ചു. അക്രമപരമ്പരകളുടെ വേലിയേറ്റം ആര്‍എസ്എസ് സൃഷ്ടിച്ചിട്ടും യുഡിഎഫോ കോണ്‍ഗ്രസോ ഒരക്ഷരംപോലും മിണ്ടാന്‍ തയ്യാറാകാത്തത് ഈ നയത്തിന്റെ ഫലമാണ്.
ജനങ്ങളുടെ ഇടയില്‍ വിദ്വേഷംസൃഷ്ടിച്ച് മാത്രമേ വര്‍ഗീയപ്രസ്ഥാനങ്ങള്‍ക്ക് വളരാനാകൂ. അതിനാല്‍, ജനകീയപ്രശ്നങ്ങള്‍ ഏറ്റെടുത്തുള്ള രാഷ്ട്രീയപ്രവര്‍ത്തനത്തിനുപകരം വര്‍ഗീയസംഘര്‍ഷങ്ങളും അക്രമണങ്ങളും ഉണ്ടാക്കുക എന്ന ശൈലിയാണ് ഇത്തരം സംഘടനകള്‍ക്കുള്ളത്. അതുകൊണ്ടാണ് കേരളത്തിലും അക്രമങ്ങളുടെയും കലാപങ്ങളുടെയും പരമ്പര സൃഷ്ടിക്കുന്നതിന് ബിജെപി നേതൃത്വം ശ്രമിക്കുന്നത്. കേരളത്തിലും സംഘപരിവാറിനെ പ്രതിരോധിക്കുന്നത് ഇടതുപക്ഷപ്രസ്ഥാനങ്ങളാണ്. അതിനാലാണ് എല്‍ഡിഎഫ് അധികാരത്തില്‍ വരുന്നതിനെ ആര്‍എസ്എസ് അസഹിഷ്ണുതയോടെ വീക്ഷിക്കുന്നത്. കേരളത്തില്‍ അരാജകത്വം സൃഷ്ടിക്കാനുള്ള നീക്കവും ഇതിനുപിന്നിലുണ്ട്. ഇത്തരം വസ്തുതകളെ തുറന്നുകാട്ടി ജനങ്ങളെ അണിനിരത്തി മുന്നോട്ടുപോകാനാണ് സിപിഐ എം പരിശ്രമിക്കുന്നത്. അത്തരം പരിശ്രമങ്ങള്‍ക്ക് മുഴുവന്‍ ജനാധിപത്യവിശ്വാസികളുടെയും പിന്തുണ ഉണ്ടാകണമെന്ന് അഭ്യര്‍ഥിക്കുന്നു
കോടിയേരി ബാലകൃഷ്ണന്‍ Tuesday May 24, 2016
No comments:
Post a Comment