Saturday, May 28, 2016

കുമ്മനത്തിന്റെ കുതന്ത്രം ഫലിക്കില്ല

അക്രമം നിര്‍ത്താന്‍ സിപിഐ എം നേതൃത്വത്തോട് ആവര്‍ത്തിച്ച് ആവശ്യപ്പെടുകയാണ് കേരളത്തിലെ ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കുമ്മനം മാത്രമല്ല, ബിജെപിയുടെ അഖിലേന്ത്യാ നേതാക്കളായ അമിത് ഷായും കൂട്ടരും അതുതന്നെ ആവര്‍ത്തിക്കുന്നു. ബിജെപിയുടെ വ്യാപകമായ അക്രമം മറച്ചുപിടിക്കാനാണ് ശ്രമം. വളരെ ആസൂത്രിതമായാണ് ബിജെപി നേതാക്കള്‍ സിപിഐ എമ്മിനെ കുറ്റപ്പെടുത്തി പ്രചാരവേല നടത്തുന്നത്. ഇത്തരത്തിലുള്ള സംസാരം പ്രയോജനപ്പെടുമെന്നാണ് ഇക്കൂട്ടര്‍ ധരിക്കുന്നതെന്ന് തോന്നുന്നു. ആര്‍എസ്എസ് അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ് കാലിന്റെ പാദം മുറിച്ചുമാറ്റേണ്ടിവന്ന തൃശൂരിലെ ശശികുമാര്‍ കഴിഞ്ഞദിവസം മരിച്ചു. തെരഞ്ഞെടുപ്പിനുശേഷം ആര്‍എസ്എസ് അക്രമത്തില്‍ രണ്ടുപേര്‍ മരിച്ചു. നിരവധിപേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. ഇതിന്റെയെല്ലാം ഉത്തരവാദിത്തത്തില്‍നിന്ന് തലയൂരാനാണ് ബിജെപി നേതൃത്വത്തിന്റെ കുപ്രചാരണം. തെരഞ്ഞെടുപ്പുഫലം പുറത്തുവന്നശേഷം ഏതെല്ലാം സ്ഥലങ്ങളില്‍ സംഘപരിവാര്‍ നേതൃത്വത്തില്‍ അക്രമം നടന്നുവെന്ന് വിശദമായി പ്രതിപാദിക്കപ്പെട്ടതുകൊണ്ട് അതൊന്നും ആവര്‍ത്തിക്കുന്നില്ല.

ദി ഹിന്ദു പത്രത്തില്‍ ഉത്തര്‍പ്രദേശില്‍നിന്നുള്ള ഒരു വാര്‍ത്ത കഴിഞ്ഞദിവസം അഞ്ചുകോളം തലക്കെട്ടില്‍ പ്രസിദ്ധീകരിച്ചു. സംഘപരിവാര്‍ സംഘടനയായ ബജ്രംഗ്ദളിന്റെ ആയുധപരിശീലനവുമായി ബന്ധപ്പെട്ടാണ് വാര്‍ത്ത വന്നത്. പരിശീലനത്തിന്റെ ചിത്രവും പത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവര്‍ സങ്കല്‍പ്പികമായി ഭീകരപ്രവര്‍ത്തകരുമായി യുദ്ധം ചെയ്യുകയാണുപോലും. മോക്ഡ്രില്ലെന്നാണ് ഇതിന്റെ പേര്. ബജ്രംഗ്ദള്‍ യുവാക്കള്‍ രാജ്യസ്നേഹികളും ശത്രുക്കള്‍ രാജ്യദ്രോഹികളുമായി ചിത്രീകരിച്ചാണ് യുദ്ധം. ആയുധപരിശീലനമാണ് ഇവിടെ നടക്കുന്നത്. ലാത്തിയും വാളും റൈഫിളും ഉപയോഗിച്ച് ആയുധപരിശീലനം നടത്തുന്നത് യഥാര്‍ഥത്തില്‍ ന്യൂനപക്ഷങ്ങളെ ഭീതിപ്പെടുത്താനാണ്. ന്യൂനപക്ഷത്തെമാത്രമല്ല, സ്വന്തം ശത്രുക്കളായി മുദ്രകുത്തുന്ന മറ്റുള്ളവരെയും ആക്രമിക്കാനാണ് ഈ പരിശീലനം.

ആയുധപരിശീലനം ആത്മരക്ഷയ്ക്കുവേണ്ടിയാണെന്നാണ് സംഘാടകരുടെ വാദം. മെയ് 14ന് പരിശീലനം നടത്തുന്ന ഏതാനും യുവാക്കളെ ഐപിസി 153എ പ്രകാരം നിയമവിരുദ്ധമായി ആയുധപരിശീലനം നടത്തിയതിന് പൊലീസ് അറസ്റ്റ് ചെയ്തു. ഈ പരിശീലനത്തെ പരസ്യമായി ന്യായീകരിച്ചത് യുപി ഗവര്‍ണര്‍ രാംനായകാണ്. ആയുധപരിശീലനത്തെ അനുകൂലിക്കുകയും ന്യായീകരിക്കുകയുമാണ് ഗവര്‍ണര്‍ ചെയ്തത്. രാജ്യത്തിന്റെ നാനാഭാഗങ്ങളിലും തോക്കുള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് പരിശീലനം നടന്നുവരുന്നുണ്ട്. അവര്‍ പറയുന്നത്, യുപിയില്‍മാത്രം 45 നഗരങ്ങളില്‍ ഇത്തരം പരിശീലനം നടന്നുവരുന്നുണ്ടെന്നാണ്. ജയ് ശ്രീറാം, ജയ് ഭാരത് എന്നിങ്ങനെയുള്ള മന്ത്രം ഉച്ചരിച്ചാണ് ഇക്കൂട്ടരുടെ പേക്കൂത്ത്്. ഒരു ഗവര്‍ണര്‍തന്നെ ആയുധപരിശീലനത്തിനും അക്രമത്തിനും കൂട്ടുനില്‍ക്കുന്ന സ്ഥിതിയുണ്ടായാല്‍ നാടിന്റെ ഭാവിയെന്താകുമെന്ന് ഉല്‍ക്കണ്ഠപ്പെടാതിരിക്കാന്‍ വയ്യ.

മോഡിസര്‍ക്കാരിന്റെ പൂര്‍ണപിന്തുണയോടെതന്നെയാണ് രാജ്യത്തിന്റെ നാനാഭാഗങ്ങളിലും ഇത്തരം ആയുധപരിശീലനം നടക്കുന്നത്. ഇത് സമാധാനം പാലിക്കാനാണെന്ന് ആരെയും വിശ്വസിപ്പിക്കാന്‍ കഴിയില്ല. ഭീകരവാദികളെന്ന് ഇക്കൂട്ടര്‍ വിശേഷിപ്പിക്കുന്നവരെ തലയോട്ടികൊണ്ട് നിര്‍മിച്ച തൊപ്പി ധരിപ്പിച്ചശേഷമാണുപോലും വെടിവച്ചുകൊല്ലുന്നതായി അഭിനയിക്കുന്നത്. ഭീകരവാദികളെന്ന് ഇക്കൂട്ടര്‍ വിശേഷിപ്പിക്കുന്നത് മതന്യൂനപക്ഷങ്ങളില്‍പ്പെട്ടവരെയാണ്. അവരെ ഭീതിപ്പെടുത്തുകയാണ് ഇത്തരത്തിലുള്ള 'മോക്ഡ്രില്‍'കൊണ്ട് ഉദ്ദേശിക്കുന്നത്. അതോടൊപ്പം ചില ഘട്ടങ്ങളില്‍ ആയുധപരിശീലനം ലഭിച്ചവരെക്കൊണ്ട് ആക്രമണം സംഘടിപ്പിക്കുകയും ചെയ്യാം. ഒരു മതനിരപേക്ഷ രാഷ്ട്രത്തിലാണ് ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഇത്തരം പരിശീലനം നടക്കുന്നത്. ആയുധം ഉപയോഗിച്ച് ആളെ കൊല്ലാന്‍തന്നെയാണ് പരിശീലനം.

സമാധാനവാദികളെന്ന് കുമ്മനം രാജശേഖരന്‍ അവകാശപ്പെടുന്നവരാണ് കേരളത്തിന്റെ പല ഭാഗങ്ങളിലും ആയുധപരിശീലനം നടത്തുന്നതും സിപിഐ എം പ്രവര്‍ത്തകരെ ആക്രമിക്കുന്നതും. അറിയപ്പെടുന്ന ആര്‍എസ്എസുകാരെയാണ് സംസ്ഥാന ഗവര്‍ണര്‍മാരായി മോഡിസര്‍ക്കാര്‍ നിയമിച്ചത്. സംസ്ഥാനഭരണത്തിന്റെ അധിപനായി വിശേഷിപ്പിക്കുന്ന ഗവര്‍ണര്‍തന്നെ അക്രമത്തിന് നേതൃത്വം കൊടുത്താല്‍ ആപല്‍ക്കരമായ സ്ഥിതിവിശേഷമാണ് രാജ്യത്ത് സംജാതമാകുക. ആത്മരക്ഷാര്‍ഥമാണ് ആയുധപരിശീലനം സംഘടിപ്പിക്കുന്നതെന്നാണ് ഗവര്‍ണര്‍പോലും വാദിക്കുന്നത്. ഈ പോക്ക് തനി സ്വേച്ഛാധിപത്യവാഴ്ചയിലേക്ക് നയിക്കുന്നതാണ്. ഇതിന്റെ ഭവിഷ്യത്ത് ഒളിച്ചുവയ്ക്കാനാണ് കുമ്മനം സിപിഐ എമ്മിനോട് അക്രമം നിര്‍ത്താന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത്. ഈ പ്രസ്താവനയുടെ പിറകിലെ ദുരുദ്ദേശ്യം ജനങ്ങള്‍ തിരിച്ചറിയുകതന്നെ ചെയ്യും

deshabhimani editorial, Saturday May 28, 2016

No comments:

Post a Comment