ഭൗതികത്തെളിവുകളെല്ലാം നശിപ്പിക്കപ്പെട്ട സിസ്റ്റര്‍ അഭയക്കേസില്‍ സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും ശാസ്ത്രീയ അന്വേഷണവുമാണ് നീതിയുടെ വാതില്‍ തുറന്നുകൊടുത്തത്.
മരിക്കുമ്പോള്‍ അഭയ ധരിച്ചിരുന്ന വസ്ത്രങ്ങള്‍, ചെരിപ്പ്, ശിരോവസ്ത്രം തുടങ്ങിയവയെല്ലാം ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ നശിപ്പിച്ചിരുന്നു. 1992 മാര്‍ച്ച് 27ന് കൊല നടന്നദിവസം പയസ് ടെന്‍ത് ഹോസ്റ്റലില്‍ എത്തിയ എ എസ്ഐ അഗസ്റ്റിന് തെളിവുകള്‍ നശിപ്പിച്ചതിലുള്ള പങ്കും സിബിഐക്ക് വ്യക്തമായി. സിബിഐ ചോദ്യംചെയ്യലിന് വിളിപ്പിച്ച ഇദ്ദേഹം പിന്നീട് ആത്മഹത്യ ചെയ്തു. ഉന്നത രാഷ്ട്രീയ നേതാക്കളും മത നേതാക്കളും തെളിവുകള്‍ നശിപ്പിക്കുന്നതിന് സ്വാധീനം ചെലുത്തിയെന്ന ആരോപണം ഉയര്‍ന്ന കേസില്‍ നിര്‍ണ്ണായ പ്രോസിക്യൂഷന്‍ സാക്ഷികള്‍ പോലും കൂറുമാറി. നാര്‍ക്കോ അനാലിസിസ് ഫലം പരിശോധിച്ച ബംഗ്ലൂരിലെ ലാബില്‍ ഒരു ന്യായാധിപന്‍ സന്ദര്‍ശനം നടത്തിയതു തെളിവു നശിപ്പിക്കാനെന്ന് ആരോപണമുയര്‍ന്നു. കന്യകയെന്നു സ്ഥാപിക്കാന്‍ സിസ്റ്റര്‍ സെഫി പ്ലാസ്റ്റിക് സര്‍ജറി നടത്തിയെന്നും അന്വേഷണസംഘം കണ്ടെത്തി.
ക്രൈംബ്രാഞ്ചിന്റെ ആത്മഹത്യാ തിയറി
ആത്മഹത്യാ പ്രവണതയുടെയും വിഷാദരോഗത്തിന്റെയും കഥകളാണ് ലോക്കല്‍ പൊലീസില്‍ നിന്ന് കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ചിന് പറയാനുണ്ടായിരുന്നത്. പാരമ്പര്യമായി മാനസികരോഗമുള്ളവരാണ് അഭയയുടെ കുടുംബമെന്ന നിലപാടിലായിരുന്നു ക്രൈംബ്രാഞ്ച് എസ് പി കെ ടി മൈക്കിള്‍. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് കിണറ്റില്‍ ചാടി മരിച്ചതാണെന്ന കാര്യത്തില്‍ അദ്ദേഹത്തിന് ഒരു സംശയവുമുണ്ടായിരുന്നില്ല.
പഠിക്കാന്‍ പുലര്‍ച്ചെ എഴുന്നേറ്റ ശേഷം വെള്ളം കുടിക്കാന്‍ അടുക്കളയില്‍ വന്ന അഭയയുടെ ചെരുപ്പുകളില്‍ ഒന്ന് ഡൈനിങ് റൂമില്‍ തുറന്നുകിടന്ന ഫ്രിഡ്ജിന്റെ സമീപത്ത് കിടന്നിരുന്നു. മറ്റൊന്ന് കിണറിനടുത്തും. ശിരോവസ്ത്രം കതകില്‍ ഉടക്കിക്കിടന്നിരുന്നു. അടപ്പില്‍ ദ്വാരമുള്ള കുപ്പി തറയില്‍ കിടന്നിരുന്നു. അതില്‍നിന്നു വെള്ളം ഒഴുകുന്നുണ്ടായിരുന്നു. വര്‍ക്ക് ഏരിയയുടെ മൂലയ്ക്ക് എന്നും ചാരി വയ്ക്കാറുള്ള കൈക്കോടാലി അഭയയുടെ മരണശേഷം അവിടെ ഇല്ലായിരുന്നു. പുറത്തേക്കുള്ള വാതില്‍ ഓടാമ്പലിട്ട് അടച്ചിരുന്നു.
ഇതെല്ലാം സംഭവിച്ചത് വിഷാദരോഗബാധിതയായ അഭയയ്ക്ക് പെട്ടെന്ന് ആത്മഹത്യചെയ്യാന്‍ തോന്നിയതുമൂലമാണെന്നായിരുന്നു എസ് പി പറഞ്ഞത്. താഴേക്ക് ഇറങ്ങി വന്ന അഭയയ്ക്ക് ഇരുട്ടും ഏകാന്തതയുമൊക്കെ അനുഭവപ്പെട്ടപ്പോള്‍ താന്‍ ഏറെക്കാലം മനസ്സില്‍ താലോലിച്ച സ്വപ്നം സഫലീകരിക്കാനുള്ള സുവര്‍ണ്ണാവസരമായി തോന്നിയെന്നും ആ മാനസികാവസ്ഥയിലാണ് അടുക്കളയിലെ അലങ്കോലമായ സാഹചര്യം അവര്‍ സൃഷ്ടിച്ചതെന്നുമായിരുന്നു ആത്മഹത്യാ തിയറി. പെട്ടെന്ന് ആത്മഹത്യ ചെയ്യണമെന്നു തോന്നിയ അഭയ കിണറിന്റെ ചുറ്റുമതിലില്‍ കയറിയിരിക്കുകയും ഊര്‍ന്നു താഴേക്കിറങ്ങുകയും ചെയ്തെന്നും അങ്ങനെയാണ് കാല്‍ ഉരഞ്ഞ് മുറിവുണ്ടായതെന്നുമാണ് കെ ടി മൈക്കിള്‍ പറഞ്ഞത്.
എന്നാല്‍ കാല്‍ താഴേയ്ക്കായാണ് അഭയയുടെ ശരീരം കിണറ്റിലേക്കു വീണതെന്നും അത്തരത്തില്‍ വീഴുന്നയാളുടെ തലയുടെ ഉച്ചിയില്‍ മുറിവുണ്ടാകില്ലെന്നും പിന്നീട് കേസ് അന്വേഷിച്ച സിബിഐ ഡിവൈസ്പി വര്‍ഗീസ് പി തോമസ് കണ്ടെത്തി. നാല് ഇഞ്ചോളം നീളത്തിലും വ്യാസത്തിലും ആഴത്തിലുമുള്ള പരിക്ക് ഭാരമുള്ള വസ്തുകൊണ്ട് അടിച്ചതിന്റേതാണെന്ന് ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞു. പിന്നീട് സ്വയം വിരമിച്ച വര്‍ഗീസ് പി തോമസ് പറഞ്ഞത് മേലുദ്യോഗസ്ഥന്‍ കേസ് ആത്മഹത്യയാക്കണമെന്ന് നിര്‍ബന്ധിച്ചതുകൊണ്ടാണ് താന്‍ ഒഴിഞ്ഞതെന്നാണ്.
നീതിമാനായ കള്ളന്‍
പ്രതികള്‍ക്ക് ശിക്ഷയിലേക്കുള്ള വീഥിയൊരുക്കിയത് അടയ്‌ക്കാ രാജു എന്നു പേരുള്ള കള്ളന്റെ സത്യസന്ധതയും നീതിബോധവും. സംഭവദിവസം രാത്രി കമ്പി മോഷ്ടിക്കാന്‍ മഠത്തില്‍ കയറിയ താന്‍ , മഠത്തിന്റെ ഗോവണിയില്‍ രണ്ടു പുരുഷന്‍മാരെ കണ്ടിരുന്നെന്നും അതിലൊന്ന് ഫാ. തോമസ് കോട്ടൂര്‍ ആയിരുന്നെന്നുമായിരുന്നു അയാളുടെ മൊഴി. അന്നു മോഷണം നടത്താതെ തിരിച്ചുപോയ താന്‍ പിറ്റേന്നു രാവിലെ മഠത്തിനു പുറത്ത് പൊലീസിനെയും ഫയര്‍ ഫോഴ്സിനെയും കണ്ടപ്പോഴാണ് മരണം നടന്നവിവരം അറിഞ്ഞതെന്നും അയാള്‍ മൊഴി നഇകി. സിസ്റ്റര്‍ അഭയയുടെ ശിരോവസ്ത്രം കിടന്നതിനെയും ചെരുപ്പുകള്‍ തറയില്‍ വീണു കിടന്നതിനെയും പറ്റി മൊഴി നല്‍കിയ കന്യാസ്ത്രീകളും അടുക്കള ജീവനക്കാരിയുമെല്ലാം കൂറുമാറിയപ്പോഴാണ് കേസ് തെളിയിച്ചതിലെ നിര്‍ണ്ണായക ഘടകമായി രാജു മാറുന്നത്. സമ്മര്‍ദ്ദമുണ്ടായിട്ടും രാജു മൊഴിമാറ്റായെ അവസാനം വരെ ഉറച്ചുനിന്നു.
ആക്ഷന്‍ കൗണ്‍സില്‍
അഭയയുടെ കൊലപാതകത്തിനു ശേഷം മുന്‍ കോട്ടയം മുനിസിപ്പല്‍ ചെയര്‍മാന്‍ പി സി ചെറിയാന്‍ മടുക്കാനി ചെയര്‍മാനും ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ കണ്‍വീനറുമായ സമരസമിതി ശക്തമായ സമരങ്ങള്‍ നടത്തി. ഒട്ടേറെ എതിര്‍പ്പുകള്‍ സമരസമിതിക്ക് അതിജീവിക്കേണ്ടി വന്നു. കേസ് ആത്മഹത്യയാക്കാനുള്ള ലോക്കല്‍ പൊലീസിന്റെയും ക്രൈം ബ്രാഞ്ചിന്റെയും നീക്കത്തിനെതിരെ സമരസമിതി പോരാടി. കേസ് അവസാനിപ്പിക്കാന്‍ മൂന്നു തവണ കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും അതിനെതിരെയും ജോമോന്‍ നിയമപോരാട്ടം നടത്തി.
ലെനി ജോസഫ്
'കുഞ്ഞിന്റെ അപ്പനായിട്ട് പറയുകയാ; എന്റെ കുഞ്ഞിന് നീതി കിട്ടി': പ്രധാന സാക്ഷി രാജു
തിരുവനന്തപുരം> 28 വര്‍ഷങ്ങള്‍ക്ക് ശേഷം അഭയ കൊലക്കേസില്‍ നീതി നടപ്പാകുമ്പോള്‍ കേസില്‍ നിര്‍ണായക മൊഴി നല്‍കിയ രാജുവിനും ആശ്വാസം. രാജു മോഷണത്തിന് കയറുമ്പോള്‍ കോണ്‍വെന്റിന്റെ ഗോവണയില്‍ രണ്ട് പുരുഷന്‍മാരെ കണ്ടുവെന്നും അതില്‍ ഒന്ന് ഇപ്പോള്‍ കുറ്റക്കാരനായി കണ്ടെത്തിയ ഫാ. തോമസ് കോട്ടൂര്‍ ആയിരുന്നു എന്നുമാണ് അദ്ദേഹം മൊഴി നല്‍കിയത്.
ഒരു കളളന്റെ മൊഴിയെ വിശ്വാസത്തിലെടുക്കാന്‍ കഴിയില്ല എന്ന് കേസില്‍ പ്രതിഭാഗം വാദിച്ചപ്പോള്‍ ,'കള്ളനാണെങ്കിലും താന്‍ പറയുന്നത് സത്യമാണെന്നായിരുന്നു' രാജു കോടതിയില്‍ വിളിച്ചു പറഞ്ഞത്.
'എന്റെ കുഞ്ഞിന് നീതി കിട്ടി, കുഞ്ഞിന്റെ അപ്പനായിട്ട് പറയുകയാണ്'; പ്രധാന സാക്ഷിയായ രാജു മാധ്യമങ്ങളോട് പ്രതികരിച്ചു
'കൊച്ചിന് ഒരു നീതി കിട്ടണം. നീതി കിട്ടിയില്ലേ അതുമതി. എനിക്കും പെമ്പിള്ളേരുണ്ട്. എന്റെ അയല്‍വക്കത്തും ഉണ്ട്. അവര്‍ക്കാര്‍ക്കും ഒരു ദോഷമുണ്ടാകരുത്. ഇത്രയും വയസ്സ് വരെ വളര്‍ത്തിയിട്ട് പെട്ടെന്ന് കാണാതാകുമ്പോഴത്തെ അവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ. അതുകൊണ്ട് എന്റെ കുഞ്ഞിന് നീതി കിട്ടണം. അതെന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. എനിക്ക് വളരെയധികം സന്തോഷമുണ്ട്'; രാജു പറഞ്ഞു.
ദൈവമാണ് രാജുവിന്റെ രൂപത്തില്‍ ദൃക്സാക്ഷിയായതെന്ന് അഭയക്കായി പോരാടിയ പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ വിധി വന്ന ശേഷം അഭിപ്രായപ്പെട്ടിരുന്നു.
'ഒരുപാട് പേര് എന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചതാണ്. കോടികളാണ് ഓഫര്‍ ചെയ്തത്. ഞാന്‍ ഒന്നും വാങ്ങിയില്ല. ഒരു രൂപ പോലും എനിക്ക് വേണ്ട. ഞാനിപ്പഴും കോളനിക്ക് അകത്താണ് കിടക്കുന്നത്. എന്റെ കുഞ്ഞിന് നീതി കിട്ടി. കുഞ്ഞിന്റെ അപ്പനായിട്ട് പറയുകയാണ്'; രാജു പറഞ്ഞു.
സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട് 28 വര്‍ഷത്തിനുശേഷമാണ് കോടതി ഇപ്പോള്‍ വിധി പറയുന്നത്. കോട്ടയം പയസ് ടെന്‍ത് കോണ്‍വന്റില്‍ 1992 മാര്‍ച്ച് 27നാണ് അഭയ കൊല്ലപ്പെട്ടത്.
പ്രതികള്‍ തമ്മിലുള്ള അവിഹിതബന്ധം സിസ്റ്റര്‍ അഭയ കാണാന്‍ ഇടയായതാണ് അഭയയെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
No comments:
Post a Comment