സിസ്റ്റർ അഭയയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതികൾ ദയ അർഹിക്കുന്നില്ലെന്ന് ശിക്ഷാ വിധിക്കിടെ വിധിന്യായത്തിൽ കോടതി വ്യക്തമാക്കി. മരിച്ചത് കന്യാസ്‌ത്രീയാണ്. അവരെ കൊന്നത് കന്യാസ്‌ത്രീയും പുരോഹിതനുമാണെന്നതും ഒരിക്കലും പൊറുക്കാനാവില്ല. കേസ് അട്ടിമറിക്കാൻ ശ്രമിച്ച ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരെയും കോടതി രൂക്ഷമായി വിമർശിച്ചു. ഇതുപോലെയുള്ള സംഭവങ്ങൾ സംസ്ഥാന പൊലീസിൽ ഉണ്ടാവാതിരിക്കാൻ പൊലീസ് മേധാവി നടപടികളെടുക്കണമെന്നും 227 പേജുള്ള വിധിന്യായത്തിൽ ജഡ്‌ജി കെ സനിൽകുമാർ ചൂണ്ടിക്കാട്ടി.
അഭയയുടെ ദേഹത്തുള്ള ആറു മുറിവ് മൽപ്പിടിത്തത്തിലൂടെ ഉണ്ടായതാണെന്നും തെളിഞ്ഞിട്ടുണ്ട്. തലയിലേറ്റ ആഴമുള്ള മുറിവ് ഏതോ മാരകായുധം ഉപയോഗിച്ച് സംഭവിച്ചതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. നഖംകൊണ്ടുള്ള മുറിവും അക്രമത്തിലേറ്റ പരിക്കാണ്. അഭയ മാന്യമായി ജീവിക്കുന്ന കുട്ടിയാണ്. മരണത്തിന് ദിവസങ്ങൾക്കുമുമ്പ് വളരെ സന്തോഷവതിയായാണ് അഭയയെ കണ്ടതെന്ന് ഹോസ്റ്റൽ അന്തേവാസികൾ മൊഴി നൽകിയിട്ടുണ്ട്. അതിനാൽ അഭയ ആത്മഹത്യ ചെയ്യേണ്ട കാരണവുമില്ല. മുങ്ങുന്നതിനുമുമ്പ് തലയ്ക്ക് ഏറ്റ ആഴമേറിയ മുറിവാണ് മരണകാരണമെന്നും തെളിഞ്ഞിട്ടുണ്ട്.
സംഭവദിവസം അടുക്കള ഭാഗത്ത് പിടിവലി നടന്നതായുള്ള ലക്ഷണവും അഭയയുടെ ചെരിപ്പും മറ്റും കിടന്നതും കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുന്നു. പ്രതികളെ സംഭവസ്ഥലത്ത് കണ്ടെന്ന മുഖ്യസാക്ഷി രാജുവിന്റെ മൊഴി വിശ്വസനീയമാണ്. പ്രതികൾ ഈ സമയത്ത് അവിടെ എത്തേണ്ട കാര്യമില്ല. ഫാ. തോമസ് കോട്ടൂരിന്റെ സ്‌കൂട്ടർ രാത്രി കോൺവന്റിന് പുറത്ത് കാണാറുണ്ടെന്ന സാക്ഷിമൊഴിയും വിശ്വസനീയമാണ്.
തോമസ് കോട്ടൂരും സെഫിയും ഭാര്യാ ഭർത്താക്കന്മാരെ പോലെയാണ് ജീവിച്ചിരുന്നതെന്ന മൊഴികളും വിശ്വസനീയമാണ്. ഇവർ സ്വഭാവ ദൂഷ്യമുള്ളവരാണെന്നും തെളിഞ്ഞിട്ടുണ്ട്. സെഫി സ്ഥിരമായി ലൈംഗിക ബന്ധങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് മെഡിക്കൽ റിപ്പോർട്ടുണ്ട്. കൊലപാതകത്തിനുശേഷം ഇത് പുറത്തുവരാതിരിക്കാനാണ് കന്യാചർമം തുന്നിച്ചേർത്തത്. കളർകോട് വേണുഗോപാൽ എന്ന സാക്ഷിയോട് പ്രതികൾ നടത്തിയ കുറ്റസമ്മത മൊഴിയും ശക്തമായ തെളിവാണ്–- വിധിന്യായത്തിൽ പറഞ്ഞു.
തോമസ് കോട്ടൂർ നമ്പർ സി 4334; സെഫി സി 15
തോമസ് കോട്ടൂർ സി 4334. സിസ്‌റ്റർ സെഫി സി 15. അഭയ കേസിൽ ജീവപര്യന്തം ശിക്ഷ ലഭിച്ച രണ്ടുപേരും ഇനി ജയിലിൽ അറിയപ്പെടുക ഈ ‘കൺവിക്‌റ്റ്’ നമ്പരിൽ. ജയിൽ വസ്‌ത്രമണിഞ്ഞ രണ്ടുപേർക്കും 14 ദിവസം ക്വാറന്റൈൻ. അതിനുശേഷം ഇവരെ മറ്റ് ബ്ലോക്കുകളിലേക്ക് മാറ്റും. പൂജപ്പുര സെൻട്രൽ ജയിലിൽ ക്വാറന്റൈൻ കേന്ദ്രമായ എട്ടാം നമ്പർ ബ്ലോക്കിലാണ് തോമസ് കോട്ടൂരിനെ പാർപ്പിച്ചത്. സെഫിയെ അട്ടക്കുളങ്ങര വനിതാ ജയിലിൽ ക്വാറന്റൈനുവേണ്ടി മാറ്റിവച്ച ബ്ലോക്കിലാണ്. നമ്പർ പതിച്ച വസ്‌ത്രം രണ്ട്‌പേർക്കും നൽകി. ജയിലിൽ പ്രവേശിപ്പിക്കുന്ന തടവുകാരെ, കോവിഡ് നെഗറ്റീവാണെങ്കിലും ആദ്യം ക്വാറന്റൈനിൽ അയക്കും.
നിരവധി ജീവിതങ്ങൾ രക്ഷിക്കാൻ പ്രാർഥന നടത്തുന്നയാളായതിനാൽ കുറഞ്ഞ ശിക്ഷ നൽകണമെന്ന്, വിധി പറയുംമുമ്പ് തോമസ് കോട്ടൂർ കോടതിയിൽ പറഞ്ഞു. ക്യാൻസർ രോഗത്തിന് ചികിത്സയിലാണ്. മറ്റ് രോഗപീഡകളുമുള്ളതിനാൽ ശിക്ഷ കുറയ്ക്കണമെന്നും അഭ്യർഥിച്ചു. 92 വയസ്സായ അച്ഛനെയും 88 വയസ്സായ അമ്മയെയും പരിരക്ഷിക്കേണ്ടതിനാൽ കുറഞ്ഞ ശിക്ഷ നൽകണം എന്നാണ് സിസ്റ്റർ സെഫി കോടതിയിൽ പറഞ്ഞത്. തന്റെ വരുമാനത്തിലാണ് മാതാപിതാക്കള്‍ ജീവിക്കുന്നതെന്നും തനിക്ക് നിരവധി രോഗമുണ്ടെന്നും അവര്‍ പറഞ്ഞു.
പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂട്ടർ എം നവാസ് പറഞ്ഞു. എല്ലാവരുടെയും വാദം കേട്ടശേഷം പിരിഞ്ഞ കോടതി അരമണിക്കൂറിനുശേഷം വീണ്ടും ചേർന്നാണ് ശിക്ഷ പ്രഖ്യാപിച്ചത്.
കേസ് അട്ടിമറിക്കാന്‍ മുന്‍ ജഡ്ജി ശ്രമിച്ചെന്ന് റിട്ട. സിജെഎം
അഭയ കേസ് അട്ടിമറിക്കാൻ മുൻ ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ ശ്രമം നടത്തിയതായി എറണാകുളം മുൻ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് വി ടി രഘുനാഥ്. 2006ൽ സിബിഐയുടെ മൂന്നാം റഫർ റിപ്പോർട്ട് പരിഗണിച്ച അന്നത്തെ എറണാകുളം സിജെഎം ആയിരുന്നു ഇദ്ദേഹം. ചാനലിലാണ് വെളിപ്പെടുത്തൽ നടത്തിയത്. സിബിഐ കണ്ടെത്തലുകളിൽ സംശയം തോന്നിയ താൻ പയസ് ടെൻത് കോൺവെന്റിൽ സ്ഥലം സന്ദർശിക്കാൻ തീരുമാനിച്ചിരുന്നതായി വി ടി രഘുനാഥ് വാര്‍ത്താചാനലിനോട് വെളിപ്പെടുത്തി. ഉത്തരവിറങ്ങിയതിനുപിന്നാലെ അന്നത്തെ രജിസ്ട്രാറും പിന്നീട് ഹൈക്കോടതി ജഡ്ജിയുമായ എ വി രാമകൃഷ്ണപിള്ള വിളിച്ച് പോകരുതെന്ന് ആവശ്യപ്പെട്ടു. ഒരു ഹൈക്കോടതി ജഡ്ജിയുടെ നിർദേശപ്രകാരമാണ് വിളിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.
"അഭയ കേസുമായി ബന്ധപ്പെട്ട ഫയലുകൾ എന്റെ കോടതിയിൽനിന്ന് ഹൈക്കോടതിയിലെ പ്രത്യേക ദൂതൻ വന്ന് കൊണ്ടുപോയി. സ്ഥലം സന്ദർശിക്കാനുള്ള ഉത്തരവ് ഹൈക്കോടതി പിന്നീട് റദ്ദാക്കി. പിന്നാലെ തന്നെ എറണാകുളം സബ്ജഡ്ജായി സ്ഥലം മാറ്റുകയും ചെയ്‌തു.
കേസിലുൾപ്പെട്ട ഉന്നതരുടെ സ്വാധീനം ഇതിൽ ഉണ്ടായിരിക്കാം. എന്റെ മുന്നിൽ കേസ് എത്തുമ്പോൾ സാക്ഷി രാജുവിന്റെ പേര് ഉണ്ടായിരുന്നില്ല. പുതിയ സിബിഐ സംഘം അന്വേഷണം ഏറ്റെടുത്തശേഷമാണ് സാക്ഷിപ്പട്ടികയിൽ രാജു എത്തിയത്'- വി ടി രഘുനാഥ് പറഞ്ഞു.
വിജയ്
No comments:
Post a Comment