തിരുവനന്തപുരം> സിസ്റ്റർ അഭയവധക്കേസിൽ പ്രതികളായ ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ കുറ്റക്കാരാണെന്ന് വിധി. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി വിധിപറഞ്ഞത്. കൊലക്കുറ്റം തെളിഞ്ഞതായും സാക്ഷി മൊഴികൾ വിശ്വസനീയമാണെന്നും കോടതി പറഞ്ഞു. തെളിവ് നശിപ്പിച്ചതിനും ഇരുവരും കുറ്റക്കാരാണ്. പ്രതികൾക്കുള്ള ശിക്ഷ നാളെ പ്രസ്‌താവിക്കും.
പ്രതികളായ ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ
സിസ്‌റ്റർ അഭയ കൊല്ലപ്പെട്ട് 28 വർഷത്തിനുശേഷമാണ് വിധി പറയുന്നത്. കോട്ടയം പയസ് ടെൻത് കോൺവന്റിൽ 1992 മാർച്ച് 27നാണ് അഭയ കൊല്ലപ്പെട്ടത്.പ്രതികൾ തമ്മിലുള്ള അവിഹിതബന്ധം സിസ്റ്റർ അഭയ കാണാൻ ഇടയായതാണ് അഭയയെ കൊലപ്പെടുത്താൻ കാരണമെന്നാണ് പ്രോസിക്യൂഷൻ കേസ്.
നീതി ലഭിച്ചുവെന്നും ദൈവത്തിന് നന്ദിയെന്നും അഭയയുടെ സഹോദരൻ ബിജു തോമസ് പറഞ്ഞു. വിധികേട്ട് പ്രതികൾ കോടതിയിൽ പൊട്ടിക്കരഞ്ഞു.
കേസിൽ നേരത്തെ പ്രതിചേർക്കപ്പെട്ടിരുന്ന ഫാ. ജോസ് പുതൃകയിലിനെ പിന്നീട് കുറ്റവിമുക്തനാക്കിയിരുന്നു ആത്മഹത്യയാണെന്ന് പൊലീസ് എഴുതി തള്ളിയ കേസ് ക്രൈംബ്രാഞ്ചും പിന്നീട് നിരവധി നിയമ പോരാട്ടത്തിനൊടുവിൽ സിബിഐയും ഏറ്റെടുത്തു. അഭയ കൊല്ലപ്പെട്ടതാണെന്ന് കണ്ടെത്തിയതും സിബിഐയാണ്.
2018 മാർച്ച് ഏഴിന് തിരുവനന്തപുരം സിബിഐ കോടതിയാണ് ഫാദർ ജോസ് പുതൃകയിലിനെ കേസിൽനിന്ന് ഒഴിവാക്കിയത്. മറ്റ് രണ്ട് പ്രതികളായ ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ സുപ്രീംകോടതിയിൽ നൽകിയ വിടുതൽ 2019 ജൂലൈ 15ന് തള്ളിയിരുന്നു. തുടർന്ന് ആഗസ്‌ത് 26ന് സിബിഐ കോടതിയിൽ കേസിന്റെ വിചാരണ ആരംഭിച്ചു. ഡിസംബർ പത്തിന് വാദം പൂർത്തിയായി.
സിബിഐയുടെ കുറ്റപത്രത്തിൽ 133 പ്രോസിക്യൂഷൻ സാക്ഷികളാണ് ആകെയുള്ളത്. 28 വർഷം കാലപ്പഴക്കമുള്ള കേസ് ആയതിനാൽ പല സാക്ഷികളും മരിച്ചുപോയതിനാൽ പ്രോസിക്യൂഷന് 49 സാക്ഷികളെ മാത്രമേ കോടതിയിൽ വിസ്തരിക്കാൻ കഴിഞ്ഞുള്ളൂ. പ്രതിഭാഗത്തിന് ഒരു സാക്ഷിയെ പോലും വിസ്തരിക്കാൻ കഴിഞ്ഞില്ല
No comments:
Post a Comment