മദ്യനയം യു ഡി എഫ് ഗവണ്‍മെന്റിന്റെ കീറാമുട്ടിയാണ്. അഴിക്കുംതോറും മുറുകുന്ന കുരുക്കായി ഇതു സംബന്ധിച്ച ചര്‍ച്ചകളും ശുപാര്‍ശകളും മാറുമെന്നു ഭരണമുന്നണിയിലെ രാപ്പനി അറിയാവുന്നവര്‍ പറയുന്നു. യു ഡി എഫിനെ നയിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഗുരുതരമായ അഭിപ്രായ ഭിന്നതകള്‍ക്കാണു മദ്യനയം വഴിവച്ചത്. ഭരണ വൃത്തങ്ങളോടു സൗഹൃദം പുലര്‍ത്തിപ്പോരുന്ന മതസംഘടനകളും സാമൂഹിക പ്രസ്ഥാനങ്ങളും മദ്യനയത്തെ ചോദ്യംചെയ്തുകൊണ്ട് പരസ്യമായി രംഗത്തുവന്നു.
എക്‌സൈസ് മന്ത്രിക്കു ബാറുടമകളുടെ ലോബിയെ ഭയമാണെന്നു പ്രഖ്യാപിച്ചത് മദ്യനിരോധന സമിതിയുടെ പ്രമുഖരായ നേതാക്കള്‍ തന്നെയാണ്. ഭയപ്പാടുകൊണ്ടാണോ മറ്റുവല്ല കാരണവുംകൊണ്ടാണോ എന്നു വ്യക്തമല്ല. ബാറുടമകളും സംസ്ഥാന ഭരണത്തിലെ ചില അധികാര കേന്ദ്രങ്ങളും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ കണ്ണിയായി എക്‌സൈസ് മന്ത്രി മാറുന്നതായി കോണ്‍ഗ്രസിനുള്ളില്‍ നിന്നുതന്നെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
ഭരണത്തില്‍ വന്ന് അഞ്ച് മാസങ്ങള്‍ക്കുള്ളില്‍ 24 പുതിയ ബാര്‍ ലൈസന്‍സുകളാണു യു ഡി എഫ് ഗവണ്‍മെന്റ് അനുവദിച്ചത്. കോടതിവിധിയുടെ മറവിലാണ് ഇതിനെ ന്യായീകരിക്കാന്‍ വകുപ്പ് മന്ത്രി ശ്രമിച്ചത്. 17 ഹോട്ടല്‍ ഉടമകളാണ് ഈ ന്യായം പറയാന്‍ വഴിതേടി കോടതിയില്‍ പോയത്. അതിന്റെ പേരില്‍ 24 ലൈസന്‍സുകള്‍ കൊടുത്തതിലാണ് യു ഡി എഫിന്റെ താല്‍പര്യവും സാമര്‍ഥ്യവും തെളിയുന്നത്. ഇത്തരം കേസുകള്‍ വരുമ്പോള്‍ സര്‍ക്കാര്‍ ഭാഗം തോല്‍ക്കുന്നത് ഒറ്റപ്പെട്ട സംഭവമല്ല. മാഫിയാ യജമാനന്മാര്‍ മറുഭാഗത്തു നില്‍ക്കുമ്പോള്‍ തോറ്റു കൊടുക്കലിനെ കലയും ശാസ്ത്രവും ആക്കി മാറ്റുന്ന ചില 'അഭിഭാഷക കേസരികള്‍' എല്ലാക്കാലത്തും ഇവിടെ ഉണ്ടായിട്ടുണ്ട്. യു ഡി എഫ് ഭരണമെന്നാല്‍ അത്തരക്കാരുടെ ചാകരക്കാലം എന്നാണര്‍ഥമെന്ന് ജനങ്ങള്‍ക്കറിയാം.
മദ്യം കേരളത്തിന്റെ കെട്ടുറപ്പിനെയും വളര്‍ച്ചയെയും ബാധിക്കുന്ന മാരക വിപത്തായി മാറിക്കൊണ്ടിരിക്കയാണ്. സമൂഹത്തിന്റെ എല്ലാത്തരം നന്മകള്‍ക്കും മീതെ നിഴല്‍പരത്തിക്കൊണ്ടാണ് അതിന്റെ ലഹരിസാമ്രാജ്യം വലുതാക്കിക്കൊണ്ടിരിക്കുന്നത്. അതുമൂലം ഉളവാകുന്ന സാമൂഹിക സംഘര്‍ഷങ്ങള്‍ നാള്‍ക്കുനാള്‍ പെരുകുകയാണ്. ഭയാനകമായ ഈ സ്ഥിതി കേരളത്തിലെ അധ്വാനശക്തിയുടെ ഉല്‍പാദനക്ഷമതയെത്തന്നെ തളര്‍ത്തുന്നു. എല്ലാരംഗത്തും പടര്‍ന്നുപന്തലിക്കുന്ന മാഫിയാശക്തികളുടെ പിറകില്‍ മദ്യം അനിഷേധ്യ ഘടകമായി നില്‍ക്കുന്നു.
കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും സാമൂഹിക പ്രസ്ഥാനങ്ങളും ഈ സ്ഥിതിവിശേഷം കാണാതിരുന്നുകൂടാ. അതിനെ തിരുത്തിക്കുറിക്കാന്‍ അവര്‍ അമാന്തം കാണിച്ചാല്‍ അവരുടെ അണികളില്‍ തന്നെ സംഭവിച്ചേക്കാവുന്ന നിലവാരതകര്‍ച്ച ഭയാനകമായിരിക്കും. പ്രസ്ഥാനങ്ങള്‍ ഏറ്റെടുത്തിട്ടുള്ള സാമൂഹികദൗത്യങ്ങളുടെ മഹത്തായ സ്വപ്നങ്ങള്‍ മദ്യക്കുപ്പിയില്‍ മുങ്ങിച്ചത്തുപോകുന്നത് ആരെയാണു വേദനിപ്പിക്കാത്തത്? ഇതിനു പുറമേയാണു കുടുംബബന്ധങ്ങളില്‍ മദ്യം ഉണ്ടാക്കുന്ന ശൈഥില്യങ്ങള്‍. എല്ലാ സാമൂഹിക ശ്രേണികളിലുംപെട്ട കുടുംബങ്ങളുടെ അകത്തളങ്ങളില്‍ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടേയും നെടുവീര്‍പ്പുകള്‍ ഉയരുന്നുണ്ട്. അവരുടെ തോരാത്ത കണ്ണുനീരിനു മുമ്പില്‍ നിന്നുകൊണ്ടാണ് മദ്യലോബി വില്ലന്‍ചിരി ചിരിക്കുന്നത്. യു ഡി എഫിന്റെ മദ്യനയം ഇത്തരം സാമൂഹിക യാഥാര്‍ഥ്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുമെന്നറിയാന്‍ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ട്.
ബാര്‍ ലൈസന്‍സുകള്‍ക്ക് മൂന്നു വര്‍ഷകാലാവധി പ്രഖ്യാപിച്ചതും ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്കെല്ലാം ബാറുകള്‍ അനുവദിക്കുന്നതുമാണ് യു ഡി എഫിന്റെ മദ്യനയത്തിന്റെ കാതല്‍. ടൂറിസം വികസിപ്പിക്കലും നടപടിക്രമങ്ങളുടെ നൂലാമാല ഒഴിവാക്കലും ആണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്ന് പച്ചവെള്ളം ചവച്ചുകുടിക്കുന്ന ശുദ്ധാത്മാക്കള്‍ പോലും വിശ്വസിക്കുകയില്ല. സര്‍ക്കാര്‍ പുതുതായി നല്‍കാന്‍ തയ്യാറാക്കി വച്ച 53 ബാര്‍ ലൈസന്‍സുകളുടെ പിന്നാമ്പുറത്തു പരിശോധിച്ചാല്‍ ഇതിന്റെ കഥകളെല്ലാം പുറത്തുവരും. നിര്‍മാണത്തിലിരിക്കുന്ന ഹോട്ടലുകളുടെ ഉടമകള്‍ പോലും ഈ 'ത്രീ സ്റ്റാര്‍ വിപ്ലവ'ത്തില്‍ അണി നിരന്നത് എങ്ങനെയാണെന്ന് ജനങ്ങളോടുപറയാന്‍ യു ഡി എഫ് നേതാക്കള്‍ക്കു ബാധ്യതയുണ്ട്.
17-08-2011 ല്‍ ഗവണ്‍മെന്റ് പുറത്തിറക്കിയ ഉത്തരവില്‍ ഇങ്ങനെ വായിക്കാം: ''കേരളീയ സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന മദ്യാസക്തിയും അതില്‍ നിന്നും ഉടലെടുക്കുന്ന ഗുരുതരമായ സാമൂഹ്യപ്രശ്‌നങ്ങളും ഈ സര്‍ക്കാര്‍ വളരെ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. ഈ സാമൂഹ്യവിപത്തിനെതിരെ ശക്തമായ വികാരമാണ് പൊതുസമൂഹത്തില്‍ നിന്നും ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നത്. ഈ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട് കര്‍ക്കശമായ മദ്യനയം രൂപീകരിക്കുവാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.''
''മദ്യ വ്യവസായത്തെ ഒരു വരുമാനസ്രോതസ്സായി കാണാനോ എക്‌സൈസ് വകുപ്പിനെ വെറുമൊരു റെഗുലേറ്ററി സംവിധാനം എന്ന പരമ്പരാഗത ശൈലിയില്‍ മുമ്പോട്ടുകൊണ്ടുപോകാനോ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. മദ്യത്തിന്റെ അമിതവ്യാപനം തടയുന്നതോടൊപ്പ...'' സര്‍ക്കാര്‍ ഉത്തരവില്‍ നിന്ന് ഉദ്ധരിച്ച വാചകങ്ങളെല്ലാം നല്ലതു തന്നെ. എന്നാല്‍ ആ വാചകങ്ങളില്‍ കാണുന്ന ലക്ഷ്യങ്ങള്‍ക്കു വിപരീതമായി ചിലതു ഇവിടെ നടന്നതായി യു ഡി എഫിനോട് അടുത്ത വൃത്തങ്ങള്‍ തന്നെയാണു പറഞ്ഞത്. ഉപസമിതി ശുപാര്‍ശ എന്തുതന്നെയായാലും മദ്യരംഗത്ത് സര്‍ക്കാര്‍ നയത്തെ റാഞ്ചിക്കൊണ്ടുപോകാന്‍ ചില ശക്തികള്‍ സജീവമായി രംഗത്തുണ്ട്. അതിനാല്‍ കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ ആവശ്യപ്പെട്ടതുപോലെ ഒരു സി ബി ഐ അന്വേഷണം വഴി വസ്തുതകള്‍ ജനസമക്ഷം കൊണ്ടുവരികയാണ് വേണ്ടത്.
janayugom editorial 241111
മദ്യനയം യു ഡി എഫ് ഗവണ്‍മെന്റിന്റെ കീറാമുട്ടിയാണ്. അഴിക്കുംതോറും മുറുകുന്ന കുരുക്കായി ഇതു സംബന്ധിച്ച ചര്‍ച്ചകളും ശുപാര്‍ശകളും മാറുമെന്നു ഭരണമുന്നണിയിലെ രാപ്പനി അറിയാവുന്നവര്‍ പറയുന്നു. യു ഡി എഫിനെ നയിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഗുരുതരമായ അഭിപ്രായ ഭിന്നതകള്‍ക്കാണു മദ്യനയം വഴിവച്ചത്. ഭരണ വൃത്തങ്ങളോടു സൗഹൃദം പുലര്‍ത്തിപ്പോരുന്ന മതസംഘടനകളും സാമൂഹിക പ്രസ്ഥാനങ്ങളും മദ്യനയത്തെ ചോദ്യംചെയ്തുകൊണ്ട് പരസ്യമായി രംഗത്തുവന്നു.
ReplyDelete