നദീസംയോജന പദ്ധതി സമയബന്ധിതമായി നടപ്പാക്കണമെന്ന സുപ്രീംകോടതി വിധി സംസ്ഥാനത്തിനു ബാധകമല്ലെന്ന മുഖ്യമന്ത്രിയുടെയും ധനമന്ത്രി കെ എം മാണിയുടെയും അവകാശവാദം കേരളതാല്‍പ്പര്യം ഹനിക്കുന്നതാണെന്ന് പരക്കെ ആശങ്ക. ഏതു വിഷയത്തിലും സുപ്രീംകോടതി അവസാന വാക്ക് പറഞ്ഞാല്‍ അത് നിയമമാണ്. ഈ സാഹചര്യത്തില്‍ ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ പമ്പ-അച്ചന്‍കോവില്‍ -വൈപ്പാര്‍ സംയോജനപദ്ധതി നടപ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചാല്‍ അതിനുമേലെ മുഖ്യമന്ത്രിയുടെയോ നിയമമന്ത്രിയുടെയോ വാക്ക് വിലപ്പോകില്ല. കേസ് തീര്‍പ്പാകുംമുമ്പ് സുപ്രീംകോടതിയില്‍ ഉന്നയിക്കേണ്ട വാദം മാത്രമായി ഇത് ഒതുങ്ങിനില്‍ക്കുകയേയുള്ളൂ. പമ്പയും അച്ചന്‍കോവിലും സംസ്ഥാനത്തിന്റെ തനത് നദികളാണെന്നും അതുകൊണ്ട് കേരളത്തിന് വിധി ബാധകമല്ല എന്നുമുള്ള നിലപാട് സുപ്രീംകോടതിവിധി വരുന്ന നിമിഷംവരെയേ നിലനില്‍ക്കൂ.
സുപ്രീംകോടതിയാകട്ടെ, സംസ്ഥാനത്തിന്റെ തനത്നദികളുടെയും സംസ്ഥാനാന്തര നദികളുടെയും പ്രശ്നങ്ങളെല്ലാം സമഗ്രമായി പരിശോധിച്ചാണ് വിധി പുറപ്പെടുവിച്ചത്. മദ്രാസ് ഹൈക്കോടതി മുമ്പാകെ തമിഴ്നാട് സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി വിധിക്ക് ആധാരം. മുഖ്യമന്ത്രിയുടെ വാദം വിലപ്പോകുന്നതായിരുന്നെങ്കില്‍ കേരളത്തിന്റെ നദികള്‍ക്കുമേലെ തമിഴ്നാട് അവകാശവാദമുന്നയിക്കുന്ന ഘട്ടത്തില്‍ത്തന്നെ ഹൈക്കോടതിയും സുപ്രീംകോടതിയും തങ്ങള്‍ക്ക് പരിഗണിക്കാന്‍ നിയമം അനുവദിക്കുന്നില്ല എന്നു പറഞ്ഞു തള്ളുമായിരുന്നു.
പമ്പ-അച്ചന്‍കോവില്‍ -വൈപ്പാര്‍ ഉള്‍പ്പെടെയുള്ള 30 നദീസംയോജന പദ്ധതികളില്‍ എട്ടെണ്ണം സാധ്യതാപഠനത്തിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കാവുന്നതാണ് എന്നു കാണിക്കുന്ന റിപ്പോര്‍ട്ടുകൂടി സുപ്രീംകോടതി പരിഗണിച്ചിരുന്നു. സംസ്ഥാനത്ത് മാത്രമായി ഒഴുകുന്ന നദിയെന്നും പല സംസ്ഥാനങ്ങളിലായി ഒഴുകുന്ന നദിയെന്നുമുള്ള വേര്‍തിരിവ് പരിഗണിച്ചശേഷമാണ് അതിനുപ്രാധാന്യം കല്‍പ്പിക്കേണ്ടതില്ല എന്ന നിലയ്ക്കുള്ള വിധി. സുപ്രീംകോടതിയുടെ അന്തിമവിധി രാജ്യത്തെ നിയമമാണ് എന്നിരിക്കെ അതു ബാധകമല്ലെന്ന വാദത്തിനുപിന്നില്‍ യുഡിഎഫ് സര്‍ക്കാരിന് എത്രനാള്‍ ഒളിച്ചിരിക്കാന്‍ പറ്റും എന്നത് കാതലായ പ്രശ്നമാണ്. സുപ്രീംകോടതിയിലെ കേസ് തങ്ങള്‍ക്ക് ബാധകമല്ലെന്ന മുഖ്യമന്ത്രിയുടെ വാദം ശരിയായിരുന്നുവെങ്കില്‍ , സംസ്ഥാനം എന്തിന് ഈ കേസില്‍ ഇത്രകാലം അഭിഭാഷകനെ വച്ചു വാദിച്ചു എന്നചോദ്യം ബാക്കിയാവുന്നു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സീനിയര്‍ അഭിഭാഷകരായ ഹരീഷ് സാല്‍വേയെപ്പോലുള്ളവരാണ് ഹാജരായത്. എന്നാല്‍ , യുഡിഎഫ് സര്‍ക്കാര്‍ സ്റ്റാന്‍ഡിങ് കൗണ്‍സലിനെ മാത്രം അയച്ചു. പുതുതായി നിയമിതനായതിനാല്‍ ഇയാള്‍ക്ക് കേസ് പഠിക്കാന്‍പോലും സാവകാശം കിട്ടിയിരുന്നില്ല. ഇതാണ് സംസ്ഥാനത്തിന് ആഘാതമാകുന്ന വിധിക്ക് കാരണം. യുഡിഎഫ് സര്‍ക്കാരിന്റെ അലംഭാവംകൊണ്ടുണ്ടായ ഗുരുതരമായ വീഴ്ചയാണിത്. അത് തിരിച്ചടിയല്ല എന്നു വരുത്തിത്തീര്‍ക്കാനുള്ള വാദമായി മാത്രമേ നിയമവൃത്തങ്ങള്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ കാണുന്നുള്ളൂ.
അപ്പര്‍ കുട്ടനാട്, കുട്ടനാട്, മധ്യതിരുവിതാംകൂര്‍ പ്രദേശങ്ങളിലാകെ പച്ചപ്പു നിലനില്‍ക്കുന്നത് പമ്പ-അച്ചന്‍കോവില്‍ നദികള്‍ ശോഷിച്ച നിലയിലെങ്കിലും ഒഴുകുന്നതുകൊണ്ടാണ്. മുകള്‍ത്തട്ടില്‍വച്ചുതന്നെ ഈ നദികളിലെ ജലം തിരിച്ചുവിട്ടാല്‍ മധ്യതിരുവിതാംകൂറിലെ അഞ്ചുജില്ലകള്‍ മരുഭൂമിയാകും. സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ കൊണ്ടുമാത്രമാണ് ഈ വിപല്‍ക്കരമായ അവസ്ഥയുണ്ടായത്. ഈ മാനക്കേട് മറച്ചുവയ്ക്കാനാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും ശ്രമിക്കുന്നത്. ഇത് സുപ്രീംകോടതിയില്‍ റിവ്യൂ ഹര്‍ജി കൊടുക്കുന്നതടക്കമുള്ള സാധ്യതകളെ ഇല്ലാതാക്കും.
നദീ സംയോജന പദ്ധതി: സര്‍ക്കാര്‍ അലംഭാവം കാട്ടി- വി എസ്
മധ്യകേരളത്തെ ഊഷരമാക്കുന്ന നദീസംയോജന പദ്ധതിയിലും സംസ്ഥാന സര്‍ക്കാര്‍ അലംഭാവം കാട്ടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തെ ബാധിക്കുന്ന പമ്പ-അച്ചന്‍കോവില്‍ ബൈപാസ് പദ്ധതിക്കെതിരെ സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ റിവ്യൂഹര്‍ജി നല്‍കണം. മുല്ലപ്പെരിയാര്‍ വിഷയത്തിലെന്ന പോലെ കേരളത്തിന്റെ താല്‍പര്യത്തിനെതിരാണ് ഇക്കാര്യത്തിലും സര്‍ക്കാര്‍ നടപടികളെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
തമിഴ്നാടിന്റെ താല്‍പര്യം സംരംക്ഷിക്കുന്ന പമ്പ-അച്ചന്‍കോവില്‍ ബൈപാസ് പദ്ധതി കേരളത്തിന് ദോഷമല്ലെന്ന കെ എം മാണിയുടെ പ്രസ്താവന ജനരോഷം ഭയന്നാണ്. നാടിനെ എങ്ങനെ ബാധിക്കുമെന്ന് പഠിച്ചിട്ടല്ല മാണി അഭിപ്രായം പറഞ്ഞത്. മുല്ലപ്പെരിയാറിന്റെ കാര്യത്തിലെന്നപോലെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ കുറ്റകരമായ അലംഭാവം കാട്ടി. പദ്ധതിക്കെതിരെ എല്‍ഡിഎഫ് സര്‍ക്കാര്‍ അന്ന് മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ് സാല്‍വെയെക്കൊണ്ട് വാദിച്ചപ്പോള്‍ യുഡിഎഫ് പുതിയ അഭിഭാഷകരെയാണ് കേരളത്തിനുവേണ്ടി ചുമതലപ്പെടുത്തിയത്.
കേരളത്തിന്റെ വാദം തോറ്റുകൊടുക്കുന്നതിന് കരാറെടുത്തപോലെയാണ് യുഡിഎഫ് സര്‍ക്കാര്‍ പെരുമാറുന്നത്. എല്‍ഡിഎഫ് ഭരിച്ചപ്പോള്‍ നദികള്‍ യോജിപ്പിക്കുന്നതിനെതിരെ ശക്തമായ വാദമുയര്‍ത്തിയിരുന്നു. മൂന്നു തവണ ചേര്‍ന്ന ഉന്നതതല യോഗത്തിലും മുന്‍ മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ ഈ നീക്കത്തെ ശക്തിയായി എതിര്‍ത്തിരുന്നു. സുപ്രീം കോടതിയില്‍ ഹാജരായപ്പോഴും ഇപ്പോഴത്തെ ജലവിഭവ മന്ത്രി പി ജെ ജോസഫ് കേരളത്തിന്റെ ആവശ്യം ഉന്നയിക്കാന്‍ തയ്യാറായില്ല. മുല്ലപ്പെരിയാര്‍ തകര്‍ന്നാലും ഇടുക്കി അണക്കെട്ട് താങ്ങുമെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം കൊടുത്ത് കേരളത്തെ വഞ്ചിച്ചപോലെ ഇക്കാര്യത്തിലും തമിഴ്നാടിന് അനുകൂലമായ സമീപനമാണ് യുഡിഎഫ് സര്‍ക്കാരിന്റേത്.
നദീസംയോജനം മുന്നില്‍ക്കണ്ട് തമിഴ്നാട് 100 കോടി ചെലവില്‍ പുതിയ അണക്കെട്ടുണ്ടാക്കി. കനാല്‍ നിര്‍മ്മാണം പുരോഗമിക്കുന്നു. പടിഞ്ഞാറോട്ടൊഴുകുന്ന കേരളത്തിലെ നദികള്‍ കിഴക്കോട്ട് തിരിച്ചുവിടണമെന്ന തമിഴ്നാടിന്റെ ആവശ്യമാണ് ഇപ്പോള്‍ സുപ്രീം കോടതി ഉത്തരവിലൂടെ സാധിച്ചിരിക്കുന്നത്. നദികള്‍ യോജിപ്പിക്കുന്നതിനോട് സംസ്ഥാനങ്ങള്‍ സഹകരിക്കണമെന്നും സുപ്രീം കോടതിയുടെ ഉത്തരവുള്ള കാര്യം യുഡിഎഫ് സര്‍ക്കാര്‍ മനപൂര്‍വ്വം മറച്ചുവെക്കുകയാണ്. ഈ നീക്കത്തെ കേരള ജനത ഒന്നടങ്കം എതിര്‍ക്കണം. കേരളത്തെ പ്രതികൂലമായി ബാധിക്കുന്ന പദ്ധതിക്കെതിരെ നാടിന്റെ നിലനില്‍പ്പും ഐശ്വര്യവും ആഗ്രഹിക്കുന്ന എല്ലാവരും മുന്നോട്ടുവരണമെന്നും വി എസ് അഭ്യര്‍ഥിച്ചു.
deshabhimani 010312
നദീസംയോജന പദ്ധതി സമയബന്ധിതമായി നടപ്പാക്കണമെന്ന സുപ്രീംകോടതി വിധി സംസ്ഥാനത്തിനു ബാധകമല്ലെന്ന മുഖ്യമന്ത്രിയുടെയും ധനമന്ത്രി കെ എം മാണിയുടെയും അവകാശവാദം കേരളതാല്‍പ്പര്യം ഹനിക്കുന്നതാണെന്ന് പരക്കെ ആശങ്ക. ഏതു വിഷയത്തിലും സുപ്രീംകോടതി അവസാന വാക്ക് പറഞ്ഞാല്‍ അത് നിയമമാണ്. ഈ സാഹചര്യത്തില്‍ ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ പമ്പ-അച്ചന്‍കോവില്‍ -വൈപ്പാര്‍ സംയോജനപദ്ധതി നടപ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചാല്‍ അതിനുമേലെ മുഖ്യമന്ത്രിയുടെയോ നിയമമന്ത്രിയുടെയോ വാക്ക് വിലപ്പോകില്ല. കേസ് തീര്‍പ്പാകുംമുമ്പ് സുപ്രീംകോടതിയില്‍ ഉന്നയിക്കേണ്ട വാദം മാത്രമായി ഇത് ഒതുങ്ങിനില്‍ക്കുകയേയുള്ളൂ. പമ്പയും അച്ചന്‍കോവിലും സംസ്ഥാനത്തിന്റെ തനത് നദികളാണെന്നും അതുകൊണ്ട് കേരളത്തിന് വിധി ബാധകമല്ല എന്നുമുള്ള നിലപാട് സുപ്രീംകോടതിവിധി വരുന്ന നിമിഷംവരെയേ നിലനില്‍ക്കൂ.
ReplyDelete