Thursday, March 1, 2012

25 ലക്ഷം പേരുടെ കുടിവെള്ളം മുട്ടും

കേരളത്തെ വെള്ളത്തിലാക്കി മറ്റൊരു ഫെബ്രു. 27

സംസ്ഥാനത്തെ പമ്പ, അച്ചന്‍കോവില്‍ ആറുകളിലെ വെള്ളം മധ്യതിരുവിതാംകൂറിലേക്ക് ഒഴുകിയെത്താതെ മുകള്‍ത്തട്ടില്‍വച്ചുതന്നെ വഴിതിരിച്ച് കേരളത്തിനുപുറത്തേക്ക് ഒഴുക്കണമെന്ന സുപ്രീംകോടതി വിധി വന്നത് ഈ ഫെബ്രുവരി 27ന്. മുല്ലപ്പെരിയാര്‍ ഡാം പൂര്‍ണമായും സുരക്ഷിതമാണെന്നും അതിലെ ജലനിരപ്പ് 136 അടിയില്‍നിന്ന് 142 അടിയായി ഉയര്‍ത്താവുന്നതാണെന്നും ബേബി ഡാം കൂടി ശക്തിപ്പെടുത്തിയാല്‍ 152 അടിയാക്കിവീണ്ടും ഉയര്‍ത്താവുന്നതാണെന്നും വ്യക്തമാക്കിയ സുപ്രീംകോടതി വിധി വന്നത് 2006 ഫെബ്രുവരി 27ന്! ഇരു വിധികളും യുഡിഎഫ് സര്‍ക്കാര്‍ കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി സത്യം കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ വരുത്തിയ വീഴ്ചകൊണ്ടാണുണ്ടായത് എന്ന പൊരുത്തവും ഇതിലുണ്ട്. രണ്ട് വിധികളും യുഡിഎഫ് ഭരണകാലത്ത്. ഒന്ന് ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളെ ഭീഷണിയിലാക്കി. രണ്ടാമത്തേത് മധ്യതിരുവിതാംകൂറിനെ അപ്പാടെ ഭീഷണിയിലാക്കി.

25 ലക്ഷം പേരുടെ കുടിവെള്ളം മുട്ടും

വര്‍ഷങ്ങള്‍ക്കുമുമ്പുള്ള സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ആവിഷ്കരിച്ച പമ്പ-അച്ചന്‍കോവില്‍ -വൈപ്പാര്‍ നദീസംയോജനപദ്ധതി നടപ്പാക്കിയാല്‍ കേരളത്തിന് തിരിച്ചടിയാകും. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന സുപ്രീംകോടതിയുടെ ഉത്തരവ് സംസ്ഥാനത്തിന് വലിയ ഭീഷണിയായിരിക്കുന്നു. 1957ല്‍ കേന്ദ്ര ജലവിഭവമന്ത്രാലയത്തിനുകീഴിലുള്ള ദേശീയ ജലവികസന ഏജന്‍സി തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് കേരളത്തിന് വിനയാകുന്നത്. പമ്പ, അച്ചന്‍കോവിലാര്‍ എന്നിവയില്‍ 3127 ദശലക്ഷം ഘനമീറ്റര്‍ ജലം അധികമുണ്ടെന്നായിരുന്നു അന്നത്തെ കണ്ടെത്തല്‍ . "57നുശേഷം കേരളത്തിലെ ജനസംഖ്യയില്‍ ഉണ്ടായ വര്‍ധനയോ ജല ഉപഭോഗത്തിലുണ്ടായ വര്‍ധനയോ ജലവികസന ഏജന്‍സിയും കേന്ദ്രസര്‍ക്കാരും പിന്നീട് പരിഗണിച്ചില്ല. അതേസമയം, 2050-മാണ്ടോടെ പമ്പയില്‍ 35370 ലക്ഷം ഘനമീറ്ററും അച്ചന്‍കോവിലാറില്‍ 4590 ലക്ഷം ഘനമീറ്ററും ജലദൗര്‍ലഭ്യം ഉണ്ടാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്. മാത്രമല്ല, പശ്ചിമഘട്ട മലനിരകളില്‍നിന്ന് ഉത്ഭവിച്ച് കേരളത്തിലൂടെ പടിഞ്ഞാറോട്ടും കിഴക്കോട്ടും ഒഴുകുന്ന ഏതെങ്കിലുമൊരു നദിയില്‍ അധികജലം ഉണ്ടെന്ന് പിന്നീട് കണ്ടെത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ നിര്‍ദിഷ്ടപദ്ധതി നടപ്പായാല്‍ കേരളം വലിയവില നല്‍കേണ്ടിവരും.

കുട്ടനാട് ഉള്‍പ്പെടുന്ന മധ്യതിരുവിതാംകൂറിന്റെയും വേമ്പനാട് കായലിന്റെയും നാശത്തിന് വഴിതുറക്കുന്ന പദ്ധതിക്കെതിരെ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച ശക്തമായ നിലപാട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പിന്തുടരാത്തതും തിരിച്ചടിയാണ്. കൃഷിക്ക് ഉള്‍പ്പെടെ കുട്ടനാടിനും പരിസരപ്രദേശങ്ങള്‍ക്കുമായി പ്രതിവര്‍ഷം 1.51 ലക്ഷം ഘനമീറ്റര്‍ ജലം വേണം. ഇപ്പോഴത്തെ ലഭ്യത 1.26 ലക്ഷം ഘനമീറ്റര്‍ മാത്രമാണ്. 25260 ലക്ഷം ഘനമീറ്റര്‍ വെള്ളം ഇപ്പോള്‍ത്തന്നെ കുട്ടനാട്ടില്‍ കുറവുണ്ട്. ഈ സാഹചര്യത്തില്‍ പദ്ധതി നടപ്പായാല്‍ കുട്ടനാട് മാത്രമല്ല മധ്യതിരുവിതാംകൂര്‍ പ്രദേശമാകെ രൂക്ഷമായ കുടിവെള്ളക്ഷാമത്തില്‍ വലയും. ഈ പ്രദേശങ്ങളിലെ കൃഷിക്കും ജനജീവിതത്തിനും ആവാസവ്യവസ്ഥയ്ക്കും വന്‍ഭീഷണിയുമാണിത്. ഇരുനദികളെയും കുടിവെള്ളത്തിനായി ആശ്രയിക്കുന്ന 25 ലക്ഷത്തോളം ജനങ്ങള്‍ക്ക് കുടിനീരും മുട്ടും.

എ ബി വാജ്പേയി പ്രധാനമന്ത്രിയായിരിക്കെ ബിജെപി സര്‍ക്കാരാണ് രാജ്യത്തെ 37 പ്രമുഖനദികളെ ബന്ധിപ്പിക്കുന്ന പദ്ധതിക്ക് രൂപംനല്‍കിയത്. 5.6 ലക്ഷം കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന എട്ട് നദീസംയോജന പദ്ധതിയാണ് വിഭാവന ചെയ്തത്. 2016ല്‍ പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടത്. ഇതിലൊരുഘട്ടമാണ് പമ്പ-അച്ചന്‍കോവിലാര്‍ -വൈപ്പാര്‍ ലിങ്ക് കനാല്‍ പദ്ധതി. 1995ല്‍ രൂപംനല്‍കുമ്പോള്‍ 2588 കോടിയാണ് ചെലവ് പ്രതീക്ഷിച്ചത്. ഇതനുസരിച്ച് പമ്പയെ പുന്നമേട്ടിലും അച്ചന്‍കോവിലാറിനെ ചിറ്റാര്‍മൂഴിയിലും അണ കെട്ടി ബന്ധിപ്പിക്കും. രണ്ടു നദികളെയും എട്ടു കിലോമീറ്റര്‍ നീളംവരുന്ന തുരങ്കംവഴി തമിഴ്നാട്ടിലെ വൈപ്പാര്‍ നദിയുടെ പോഷകനദിയായ അലഗാറില്‍ എത്തിക്കും. അതിനടുത്ത് മേക്കര എന്ന സ്ഥലത്ത് തമിഴ്നാട് നിര്‍മിച്ച ഡാമിലേക്ക് ഈ വെള്ളം ഒഴുക്കും. ഇവിടെനിന്ന് 50 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കനാല്‍വഴി തമിഴ്നാട്ടിലെ വിരുദുനഗര്‍ , തിരുനെല്‍വേലി, തൂത്തുക്കുടി ജില്ലകളിലെ കൃഷിക്കും കുടിവെള്ളത്തിനുമായി ഇതുപയോഗിക്കും. പശ്ചിമഘട്ട മലനിരകളില്‍നിന്ന് ഉത്ഭവിച്ച് പടിഞ്ഞാറോട്ടൊഴുകുന്ന രണ്ടു നദികളെ കൃത്രിമമാര്‍ഗത്തില്‍ കിഴക്കോട്ടൊഴുക്കുന്നതാണ് പദ്ധതിയെന്ന് അര്‍ഥം.

2003ല്‍ പദ്ധതി ത്വരിതഗതിയിലാക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഒരു പൊതുതാല്‍പ്പര്യ ഹര്‍ജി എത്തി. ഇതു പരിഗണിച്ച കോടതി നിശ്ചയിച്ച കാലപരിധിക്കുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കണമെന്ന് കേന്ദ്രത്തോട് നിര്‍ദേശിച്ചെങ്കിലും പിന്നീട് വിസ്മൃതിയിലായി. ഇപ്പോള്‍ സുപ്രീംകോടതിയുടെ ഉത്തരവോടെ ഇത് വീണ്ടും ദേശീയശ്രദ്ധ നേടുകയാണ്.
(എം സുരേന്ദ്രന്‍)

മുല്ലപ്പെരിയാറിനേക്കാള്‍ ആപല്‍ക്കരമായ നദീജല ധാരണ

കോഴഞ്ചേരി: പമ്പ- അച്ചന്‍കോവില്‍ - വൈപ്പാര്‍ ലിങ്ക് കനാല്‍ പദ്ധതി മുല്ലപ്പെരിയാറിനേക്കാള്‍ ആപല്‍ക്കരമായ നദീജല ധാരണയെന്ന് വിദഗ്ധപഠനം. ജലസമൃദ്ധമായ പമ്പ-അച്ചന്‍കോവില്‍ നദികള്‍ വറ്റിവരളുകയും ഇരുനദികളിലുമായുള്ള 40 ലധികം ശുദ്ധജലവിതരണ പദ്ധതികളില്‍ വെള്ളമില്ലാതാക്കുകയും ചെയ്യുന്നതാണ് പദ്ധതി. കൂടാതെ വിശാലമായ വനമേഖല നശിക്കുകയും വന്‍ പാരിസ്ഥിതിക തകര്‍ച്ചയിലേക്ക് പത്തനംതിട്ട, ആലപ്പുഴ ജില്ലകളെ വലിച്ചെറിയുകയും ചെയ്യുമെന്നാണ് വിവിധ പഠനങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. പമ്പാ പരിരക്ഷണസമിതി ജനറല്‍ സെക്രട്ടറി എന്‍ കെ സുകുമാരന്‍ നായര്‍ നടത്തിയ പഠനത്തില്‍ പദ്ധതി നടപ്പിലായാല്‍ ഉണ്ടാകാനിടയുള്ള ഭയാനകമായ പാരിസ്ഥിതിക പ്രശ്നങ്ങളും സാമൂഹ്യപ്രശ്നങ്ങളും വ്യക്തമാക്കുന്നു.

1995 മുതല്‍ തമിഴ്നാട് സര്‍ക്കാര്‍ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് കേന്ദ്രസര്‍ക്കാരിനെക്കൊണ്ട് നടപ്പാക്കാന്‍ ശ്രമിക്കുന്ന വിനാശകരമായ പദ്ധതിയാണ് ഇപ്പോള്‍ സുപ്രീംകോടതി ഉത്തരവിന്റെ മറവില്‍ കേരളത്തിനുമേല്‍ കെട്ടിയേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്. ഇരു നദികളിലെയും ജലം പ്രത്യേക ഡാമുകള്‍ ഉണ്ടാക്കി ശേഖരിച്ച് തമിഴ്നാട്ടിലെ വൈപ്പാറില്‍ എത്തിക്കുന്നതാണ് നിര്‍ദ്ദിഷ്ട പദ്ധതി. പമ്പാനദിയുടെ പ്രധാന പോഷകനദിയായ പമ്പാ കല്ലാറില്‍നിന്നും അച്ചന്‍കോവില്‍ കല്ലാറില്‍നിന്നുമുള്ള ജലം തേക്കുതോടിന് മുകള്‍ഭാഗത്തുള്ള പുന്നമേട്ടിലെത്തിച്ച് അവിടെനിന്ന് എട്ട് കിലോ മീറ്റര്‍ അകലെയുള്ള ചിറ്റാര്‍ മൂഴിയില്‍ എത്തിക്കുകയും പശ്ചിമഘട്ട മലനിരകള്‍ ഒമ്പത് കിലോമീറ്റര്‍ ദൂരത്തില്‍ തുരന്ന് അതിലൂടെ വൈപ്പാറിന്റെ മേക്കരഭാഗത്തെ നദീതടത്തില്‍ എത്തിച്ച് വൈപ്പാര്‍നദി ജലസമൃദ്ധമാക്കുകയുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ജലസംഭരണിക്കുവേണ്ടി ആദ്യഘട്ടത്തില്‍ ആവശ്യമായി വരുന്നത് 5010 ഏക്കര്‍ സ്ഥലമാണ്. കാട്ടുമൃഗങ്ങളും സസ്യസമ്പത്തും നിറഞ്ഞ ഇടതൂര്‍ന്ന വനാന്തരമാണിത്. നിത്യഹരിതവനങ്ങള്‍ ജലസംഭരണിയാകുന്നതോടെ ഭൗമശാസ്ത്രപരവും പാരിസ്ഥിതികവുമായ ഒട്ടേറെ പ്രത്യാഘാതങ്ങള്‍ക്കിടവരുത്തും. പമ്പാനദിയില്‍ ഒരു വര്‍ഷം ലഭിക്കുന്നത് 2700 ദശലക്ഷം ഘനമീറ്റര്‍ ജലമാണ്. അച്ചന്‍കോവിലാറിലാകട്ടെ ഇത് 1101 മാത്രമാണ്. ഈ ജലത്തില്‍ അധികവും വര്‍ഷകാലത്ത് ലഭിക്കുന്നതാണ്. വേനല്‍ക്കാലത്ത് പലപ്പോഴും പമ്പയും അച്ചന്‍കോവിലും വറ്റി വരളും. ഇരുനദികളിലെയും ജലം ഉപയോഗിച്ച് നടക്കുന്ന ശുദ്ധജലവിതരണ പദ്ധതികള്‍ വേനല്‍ക്കാലമാകുന്നതിന് മുമ്പുതന്നെ പ്രതിസന്ധിയിലാകാറുണ്ട്. നദികള്‍ വരളുന്നതോടെ ഇവയിലെ ജലം ആശ്രയിച്ച് കഴിയുന്ന കുട്ടനാട്, അപ്പര്‍ കുട്ടനാട് പ്രദേശങ്ങള്‍ കടുത്ത പ്രതിസന്ധിയിലാവും. ഇത്തരം സാഹചര്യം നിലനില്‍ക്കുമ്പോഴാണ് ഇവിടെ അധികജലം ഉണ്ടെന്നും അതില്‍ 634 ദശലക്ഷം ഘനമീറ്റര്‍ വെള്ളം തമിഴ്നാട്ടിലെ വൈപ്പാര്‍ നദീതടത്തിലേക്ക് തിരിച്ചുവിടണമെന്നും ദേശീയ ജലവികസന ഏജന്‍സി (എന്‍ഡബ്ല്യുഡിഎ) തയ്യാറാക്കിയ പദ്ധതിയില്‍ പറയുന്നത്. നദീസംയോജന പദ്ധതികളില്‍ മുന്‍ഗണന നല്‍കിയിട്ടുള്ളതും ഈ പദ്ധതിക്കാണ്. 2000 ത്തിലെ കണക്കനുസരിച്ച് 2588 കോടിയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. വനത്തിന്റെയും നദിയുടെ വൃഷ്ടിപ്രദേശത്തിന്റെയും 10 ചതുരശ്ര കിലോമീറ്ററിനുള്ളില്‍ നടക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പാരിസ്ഥിതിക സന്തുലിതാവസ്ഥയെ ദോഷകരമായി ബാധിക്കും.മുല്ലപ്പെരിയാര്‍ പോലെ മറ്റൊരാശങ്കയും ദുരന്തവുമായി മാറാവുന്ന കരാറാകും പദ്ധതി നടപ്പിലാക്കിയാല്‍ ഉണ്ടാകാന്‍ പോകുന്നതെന്ന് എന്‍ കെ സുകുമാരന്‍ നായര്‍ പറയുന്നു
(ബാബു തോമസ്)

കേരളത്തിന് ബാധകമല്ല: മുഖ്യമന്ത്രി

നദീസംയോജനം സംബന്ധിച്ച സുപ്രീംകോടതി ഉത്തരവ് കേരളത്തിനു ബാധകമല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നദികള്‍ സംയോജിപ്പിക്കാന്‍ അനുമതി നല്‍കിയ സംസ്ഥാനങ്ങള്‍ക്കു മാത്രമാണ് ഇതു ബാധകമെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. മന്ത്രിസഭായോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നദികള്‍ സംയോജിപ്പിക്കുന്നതിനെ കേരളം തുടക്കംമുതലേ എതിര്‍ക്കുകയാണ്. ഒരു കാരണവശാലും ഈ നീക്കത്തോട് യോജിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സുപ്രീംകോടതിയില്‍ കേരളത്തിന്റെ നിലപാട് ധരിപ്പിക്കാന്‍ കഴിയാത്തതെന്തെന്ന ചോദ്യത്തോട് മുഖ്യമന്ത്രി വ്യക്തമായി പ്രതികരിച്ചില്ല. കേസില്‍ സ്റ്റാന്‍ഡിങ് കൗണ്‍സല്‍ മാത്രം ഹാജരായതിനെക്കുറിച്ച് ആരാഞ്ഞപ്പോള്‍ വെറുതെ കോടതിയില്‍ തലവച്ചുകൊടുക്കണോ എന്നായിരുന്നു മറുപടി. നദികള്‍ യോജിപ്പിക്കണമെന്ന തമിഴ്നാട്വാദം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അവര്‍ക്ക് വാദിക്കാന്‍ അവകാശമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

റിവ്യുഹര്‍ജി നല്‍കണം: വി എസ്

നദീസംയോജനപദ്ധതി വിധിക്കെതിരെ റിവ്യൂഹര്‍ജി നല്‍കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കെതിരാണ് പദ്ധതി. പമ്പ-അച്ചന്‍കോവില്‍ നദികളിലെ ജലം തമിഴ്നാട്ടിലെ വൈപ്പാറിലേക്ക് കൊണ്ടുപോകാനുള്ള പദ്ധതി നടപ്പായാല്‍ കേരളം ഇന്നത്തേതുപോലെ നിലനില്‍ക്കില്ല. മുല്ലപ്പെരിയാര്‍ക്കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലുണ്ടായിരുന്ന മന്ത്രി പി ജെ ജോസഫ് ഈ വിധി അറിഞ്ഞില്ല. മുല്ലപ്പെരിയാര്‍പ്രശ്നത്തില്‍ കേരളത്തിന്റെ താല്‍പ്പര്യത്തിനെതിരെ സത്യവാങ്മൂലം നല്‍കിയ സമീപനമാണ് നദീ സംയോജനത്തിലും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്വീകരിച്ചത്. വിധി കേരളത്തിനു ബാധകമല്ലെന്ന മാണിയുടെ പ്രസ്താവന അവാസ്തവമാണ്. വിധി പഠിക്കാതെയാണ് മന്ത്രിയുടെ അഭിപ്രായം. പമ്പ-അച്ചന്‍കോവില്‍ ഉള്‍പ്പെടെ പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളെ കിഴക്കോട്ട് ഒഴുക്കണമെന്നത് തമിഴ്നാടിന്റെ ആവശ്യമാണ്. അതിനു പിന്‍ബലമാകുന്ന വിധിയാണുണ്ടായത്. പദ്ധതി ഉപേക്ഷിക്കാന്‍ പ്രധാനമന്ത്രി ഇടപെടണം. പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള ഏതു നീക്കത്തെയും എതിര്‍ക്കണമെന്നും വി എസ് ആവശ്യപ്പെട്ടു.

deshabhimani 010312

1 comment:

  1. സംസ്ഥാനത്തെ പമ്പ, അച്ചന്‍കോവില്‍ ആറുകളിലെ വെള്ളം മധ്യതിരുവിതാംകൂറിലേക്ക് ഒഴുകിയെത്താതെ മുകള്‍ത്തട്ടില്‍വച്ചുതന്നെ വഴിതിരിച്ച് കേരളത്തിനുപുറത്തേക്ക് ഒഴുക്കണമെന്ന സുപ്രീംകോടതി വിധി വന്നത് ഈ ഫെബ്രുവരി 27ന്. മുല്ലപ്പെരിയാര്‍ ഡാം പൂര്‍ണമായും സുരക്ഷിതമാണെന്നും അതിലെ ജലനിരപ്പ് 136 അടിയില്‍നിന്ന് 142 അടിയായി ഉയര്‍ത്താവുന്നതാണെന്നും ബേബി ഡാം കൂടി ശക്തിപ്പെടുത്തിയാല്‍ 152 അടിയാക്കിവീണ്ടും ഉയര്‍ത്താവുന്നതാണെന്നും വ്യക്തമാക്കിയ സുപ്രീംകോടതി വിധി വന്നത് 2006 ഫെബ്രുവരി 27ന്! ഇരു വിധികളും യുഡിഎഫ് സര്‍ക്കാര്‍ കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി സത്യം കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ വരുത്തിയ വീഴ്ചകൊണ്ടാണുണ്ടായത് എന്ന പൊരുത്തവും ഇതിലുണ്ട്. രണ്ട് വിധികളും യുഡിഎഫ് ഭരണകാലത്ത്. ഒന്ന് ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളെ ഭീഷണിയിലാക്കി. രണ്ടാമത്തേത് മധ്യതിരുവിതാംകൂറിനെ അപ്പാടെ ഭീഷണിയിലാക്കി.

    ReplyDelete