Monday, July 20, 2009

മരവിച്ച മനസ്സുകള്‍

ശരാശരി മലയാളിയുടെ മസ്തിഷ്കം 'മ'കാര മാധ്യമപ്രക്ഷാളനത്താല്‍ വല്ലാതെ മരവിച്ചിരിക്കുന്നു. മരവിച്ച മനസ്സുകളെയാണ് സാമ്രാജ്യത്വത്തിന് ആവശ്യം. മാധ്യമങ്ങള്‍ നമ്മുടെ സര്‍വ അജന്‍ഡയും തീരുമാനിക്കുന്ന അവസ്ഥ വന്നുകൂടാ. വ്യവസായ വാണിജ്യ താല്‍പ്പര്യാര്‍ഥം ഒരു ന്യൂനപക്ഷം (ഭൂരിപക്ഷത്തിന്റെ പേര് പറഞ്ഞുകൊണ്ട്) പടച്ചുവിടുന്ന വാര്‍ത്ത എന്ന ഉല്‍പ്പന്നം വിപണിവല്‍ക്കരിക്കപ്പെട്ട സമൂഹത്തില്‍ സ്ഥിരബുദ്ധിയുള്ള ജനതയെപ്പോലും മന്ദബുദ്ധികളാക്കുന്നു; ഒപ്പം ജനാധിപത്യസങ്കല്‍പ്പങ്ങളെ തകര്‍ക്കുകയും ചെയ്യുന്നു.

"ചുറ്റും നടക്കുന്ന ജീവിതനാടകത്തില്‍ പത്രപ്രവര്‍ത്തകര്‍ നടന്മാരല്ല. കാഴ്ചക്കാര്‍മാത്രമാണ്. ആയുധം കൈകൊണ്ട് തൊടുകകൂടി ചെയ്യാത്ത സഞ്ജയനാണ് ധൃതരാഷ്ട്രര്‍ക്ക് മഹാഭാരതയുദ്ധം വിവരിച്ചുകൊടുക്കുന്നത്. കണ്ണുതുറന്ന് കാണുകയും കണ്ടതുപോലെ പറയുകയുമാണ് പത്രപ്രവര്‍ത്തകന്റെ ധര്‍മം. റിപ്പോര്‍ട്ടുചെയ്യുമ്പോള്‍ അയാള്‍ കക്ഷി പിടിച്ചുകൂടാ. അതുപോലെ വ്യക്തികളെയോ സംഭവങ്ങളെയോ വിമര്‍ശിക്കേണ്ടിവരുമ്പോള്‍ വിമര്‍ശത്തിന് വിഷയമായ വ്യക്തികളില്‍നിന്നും സംഭവങ്ങളില്‍നിന്നും വിട്ട് ഉയര്‍ന്നുനില്‍ക്കാന്‍ പത്രപ്രവര്‍ത്തകന്‍ പഠിക്കണം. പരിപൂര്‍ണ നിസ്സംഗതയും സമചിത്തതയും അയാള്‍ക്ക് ഏത് സമയത്തും ഉണ്ടായിരിക്കണം''.

ആത്മാവ് നഷ്ടപ്പെട്ട മാധ്യമങ്ങളെപ്പറ്റി മാതൃഭൂമിയുടെ സ്ഥാപക പത്രാധിപര്‍ കെ പി കേശവമേനോന്‍ പറഞ്ഞ വാക്കുകളാണിത് (പേജ്-6 വാര്‍ത്തയുടെ ശില്‍പ്പശാല, എന്‍ എന്‍ സത്യവ്രതന്‍).

എന്നാല്‍, തങ്ങളുടെ സ്വാര്‍ഥതാല്‍പ്പര്യങ്ങള്‍ക്കായി വാര്‍ത്തകളെ വക്രീകരിച്ചും മലീമസപ്പെടുത്തിയും മലയാളത്തിന്റെ സൂപ്രഭാതവും യഥാര്‍ഥ പത്രത്തിന്റെ ശക്തിയും (വ്യവസായത്തിന്റെ) പിന്നെ സകല 'മ'കളും അരങ്ങുവാഴുമ്പോള്‍ ഇരകളാകുന്ന ജനം വല്ലാതെ പകച്ചുനില്‍ക്കുന്നു. ഇവിടെ മലയാളിയുടെ മനസ്സാക്ഷിയെപ്പോലും ചോദ്യംചെയ്യുന്ന രൂപത്തില്‍ തലക്കെട്ടുകള്‍ അവന്റെ തലയില്‍ കയറ്റിവയ്ക്കപ്പെടുന്നതും ഒരുതരം അടിച്ചേല്‍പ്പിക്കപ്പെടുന്ന ക്രുരതയല്ലേ? വ്യക്തം, കൃത്യം, സൂക്ഷ്മം, വേഗം എന്നിങ്ങനെ നാലു തൂണുകളിലാണ് പത്രപ്രവര്‍ത്തകന്‍ തന്റെ തൊഴിലിന്റെ മേല്‍ക്കൂര പണിതുയര്‍ത്തേണ്ടതെന്ന സാമാന്യതത്വംപോലും ലംഘിച്ച് മാധ്യമ മുതലാളിക്കുവേണ്ടി സര്‍വവും സമര്‍പ്പിച്ച് പണിയെടുക്കുന്ന ഒരു കൂട്ടം വക്രബുദ്ധികള്‍ ഉയര്‍ന്നുവന്നിരിക്കുന്നു. വിമര്‍ശം നല്ലതുതന്നെ; എന്നാല്‍ കേരളീയസമൂഹത്തില്‍ എല്ലാത്തരം കൊള്ളരുതായ്മയുടെയും മൂര്‍ത്തിമദ്ഭാവങ്ങളെ പുണ്യാളന്മാരാക്കി സാമാന്യജനതയുടെ താല്‍പ്പര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നവരെ രാക്ഷസരാക്കി മാറ്റുന്ന പേനയുന്തല്‍ ആര്‍ക്കുവേണ്ടി? ഇവിടെയാണ് വ്യക്തമായ അജന്‍ഡയും സിന്‍ഡിക്കറ്റ് സംസ്കാരവും രൂപംകൊള്ളുന്നത്.

എല്ലാ കാര്യങ്ങളെയും മുന്‍വിധിയോടെ കാണുന്ന ചിലര്‍ നമ്മുടെ ഇടയിലുണ്ട്. മാധ്യമകാരന്‍ അക്കൂട്ടത്തില്‍പ്പെടുന്ന ആളായിരിക്കരുത്. സമ്മര്‍ദങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കും വശംവദനാകാതെ, സംഭവങ്ങളെ വശംപിടിക്കാതെ, വസ്തുനിഷ്ഠമായി നോക്കിക്കാണാനും അവന് കഴിയണം. ആത്മാവും വ്യക്തിത്വവും നഷ്ടപ്പെടുന്ന വ്യക്തിയും സമൂഹവും അരാജകത്വത്തിലേക്ക് പോകും. അധിനിവേശ സാമ്രാജ്യത്വ കാര്യപരിപാടി നടപ്പാക്കാന്‍ അലറിയടുക്കുന്ന കപടനിഷ്പക്ഷ മാധ്യമ തിരമാലകള്‍ക്കിടയില്‍പ്പെട്ട് മാരവിച്ചുപോകുന്ന മനസ്സുകളെ ആശയവ്യക്തതയാലും പ്രതിരോധശേഷിയാലും ചിട്ടപ്പെടുത്തണം. സാമ്രാജ്യത്വ മാധ്യമ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ പ്രതിരോധനിര ഉയര്‍ന്നുവരണം. "അടിച്ചമര്‍ത്തലിനുശേഷം കൊടുങ്കാറ്റോടുകൂടി പെയ്യുന്ന മഴ എന്റെ രക്തമായിരിക്കും'' എന്നു പ്രഖ്യാപിച്ച് വര്‍ണവിവേചനത്തിനും സാമ്രാജ്യത്വ അധിനിവേശത്തിനുമെതിരെ പോരാടിയ ദക്ഷിണാഫ്രിക്കന്‍ കവി ബെഞ്ചമിന്‍ മൊളോയിസിന്റെ വരികള്‍ മരവിപ്പിന്റെ തടവറയില്‍നിന്ന് പുറത്തുവരാനായി ചിന്തിക്കുന്ന കേരളീയ സമൂഹത്തിനായി നമുക്ക് ഉരുവിടാം.

ഓച്ചിറ മുരളി ദേശാഭിമാനി 21 ജൂലൈ 2009

ക്രൈം വിജയിച്ചില്ല

ലാവ്‌ലിന്‍ കേസില്‍ സി.ബി.ഐ കുറ്റപത്രത്തില്‍ പ്രതിയാക്കപ്പെട്ട സി.പി.എം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ കുറ്റക്കാരനല്ലെന്ന പോളിറ്റ്‌ ബ്യൂറോയുടെ തീരുമാനം കോടതിയലക്ഷ്യമാണെന്ന്‌ പ്രഖ്യാപിക്കണമെന്ന്‌ കാണിച്ച്‌ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. ക്രൈം എഡിറ്റര്‍ ടി.പി നന്ദകുമാര്‍ സമര്‍പ്പിച്ച ഹര്‍ജി പ്രത്യേക സി.ബി.ഐ കോടതിയാണ്‌ തള്ളിയത്‌.

ത്രിപുര, ബംഗാള്‍, കേരളം എന്നീ മൂന്നു സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ചേര്‍ന്ന പോളിറ്റ്‌ ബ്യൂറോ യോഗത്തിലാണ്‌ ഈ തീരുമാനം അംഗീകരിക്കപ്പെട്ടത്‌. തുടര്‍ന്നു നടന്ന കേന്ദ്രകമ്മിറ്റിയില്‍ സംസ്‌ഥാനത്തു നിന്നു ആറ്‌ മന്ത്രിമാര്‍ പങ്കെടുത്തിരുന്നുവെന്നും നന്ദകുമാര്‍ വാദിച്ചു. വി.എസ്‌ അച്യുതാനന്ദന്‍, മണിക്‌ സര്‍ക്കാര്‍, ബുദ്ധദേവ്‌ ഭട്ടാചാര്യ, പ്രകാശ്‌ കാരാട്ട്‌ എന്നിവരുള്‍പ്പെടെയുള്ള പി.ബി അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. എന്നാല്‍ ഹര്‍ജി പ്രഥമദൃഷ്‌ട്യ നിലനില്‍ക്കുന്നതല്ലെന്നു കാണിച്ചാണ്‌ സി.ബപി.ഐ പ്രത്യേക മകാടതി തള്ളിയത്‌. പ്രതിക്ക്‌ സ്വന്തം നിലപാട്‌ വ്യക്‌തമാക്കുന്നതിന്‌ അവകാശമുണ്ടെന്നും ഹര്‍ജി തള്ളിക്കൊണ്ട്‌ സി.ബി.ഐ കോടതി ജഡ്‌ജി വ്യക്‌തമാക്കി.
*
സ്ഥാപിത താല്പര്യങ്ങള്‍ക്കായി കോടതികളെയും മറ്റു ഭരണകൂടസ്ഥാപനങ്ങളെയും ഉപയോഗിക്കുന്നതും ഉപയോഗിക്കുവാന്‍ ശ്രമിക്കുന്നതും വര്‍ദ്ധിച്ചുവരുന്ന ഇക്കാലത്ത് പ്രസക്തമായ ഒരു വിധി.

Sunday, July 19, 2009

ചേരിചേരാ പ്രസ്ഥാനം ശക്തിപ്പെടുത്തണം

അന്‍പതുകളുടെ അവസാന നാളുകളില്‍ രൂപംകൊള്ളുകയും അറുപതുകളില്‍ ശക്തിപ്പെടുകയുംചെയ്ത ചേരിചേരാ പ്രസ്ഥാനം ഒരുകാലത്ത് ലോകത്തിന്റെ ഗതി നിര്‍ണയിക്കുന്നതില്‍തന്നെ സുപ്രധാന പങ്കാളിത്തമുള്ള ശക്തിയായി ഉയര്‍ന്നതായിരുന്നു. അതിന്റെ സ്ഥാപകനേതാക്കളില്‍ പ്രമുഖസ്ഥാനമുള്ള ഇന്ത്യയുടെ യശസ്സും പ്രാധാന്യവും അങ്ങനെ ഉയര്‍ന്നുനിന്നിരുന്നു. ഇന്ത്യയും ഈജിപ്തും യൂഗോസ്ളാവിയയും ഒത്തുചേര്‍ന്ന് രൂപംനല്‍കിയ കൂട്ടായ്മ അതിന്റെ ഉള്ളടക്കത്തില്‍ സാമ്രാജ്യവിരുദ്ധ സ്വഭാവമുള്ളതുമായിരുന്നു. സോവിയറ്റ് യൂണിയന്റെ ശിഥിലീകരണവും അംഗരാജ്യങ്ങളുടെ നിലപാടുമാറ്റങ്ങളും ചേരിചേരാ പ്രസ്ഥാനത്തെ ക്രമേണ ദുര്‍ബലമാക്കി. വഴിപാടുപോലെയുള്ള കൂടിച്ചേരലുകള്‍ മാത്രമാണ് പിന്നീടുണ്ടായത്.

കഴിഞ്ഞ ദിവസം ഈജിപ്തില്‍ ചേര്‍ന്ന ചേരിചേരാ ഉച്ചകോടിയും അത്തരമൊന്നായി വിശേഷിപ്പിക്കപ്പെട്ടെങ്കിലും അതിന്റെ പ്രഖ്യാപനത്തിലെ ചില വസ്തുതകള്‍ പ്രാധാന്യമുള്ളതാണ്. പതിനെട്ടുപേജ് വരുന്ന പ്രഖ്യാപനത്തിലെ ആദ്യഇനം ആഗോള സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ളതാണ്. തകര്‍ച്ചയുടെ സ്രോതസ്സ് അമേരിക്കയാണെന്ന് ഉറപ്പിച്ചുപറയുന്ന പ്രമേയം, അതിന്റെ പ്രത്യാഘാതങ്ങള്‍ മൂന്നാംലോക രാജ്യങ്ങള്‍ക്കുമേല്‍ കെട്ടിയേല്‍പ്പിക്കാനുള്ള സാമ്രാജ്യത്വ ശ്രമങ്ങളെ നിശിതമായി വിമര്‍ശിക്കുന്നു. അമേരിക്കന്‍സ്വപ്നമായ ഏകധ്രുവ ലോകമല്ല, ബഹുധ്രുവമായ ലോക ക്രമമാണുണ്ടാകേണ്ടതെന്നും അടിവരയിട്ട് പറയുന്നു. നിരായുധീകരണം, കാലാവസ്ഥാ മാറ്റം തുടങ്ങിയ പ്രശ്നങ്ങളിലും അമേരിക്കന്‍ താല്‍പ്പര്യങ്ങളെ തുറന്നുകാട്ടുന്നതാണ് പ്രസ്താവന.

ഉച്ചകോടിക്കിടെ പാകിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിയുമായി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് കൂടിക്കാഴ്ച നടത്തിയിരുന്നു. പാകിസ്ഥാനുമായുള്ള ചര്‍ച്ച തീവ്രവാദത്തിനെതിരെ അവര്‍ സ്വീകരിക്കുന്ന നിലപാടിനെ അടിസ്ഥാനമാക്കിയായിരിക്കുമെന്ന് അതു സംബന്ധിച്ച് പിന്നീട് പാര്‍ലമെന്റില്‍ മന്‍മോഹന്‍സിങ് വിശദീകരിക്കുകയുണ്ടായി. ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനം തടയാന്‍ നടപടിയെടുത്താലേ ഇരുരാജ്യവും തമ്മിലുള്ള അര്‍ഥവത്തായ സംഭാഷണം തുടരാന്‍ കഴിയൂ എന്നാണ് പാകിസ്ഥാനെ അറിയിച്ചതെന്നും പ്രധാനമന്ത്രി വിശദീകരിച്ചു. മുംബൈ ഭീകരാക്രമണം സംബന്ധിച്ച് ഇന്ത്യന്‍ ജനതയ്ക്കുള്ള വികാരം പാകിസ്ഥാനെ അറിയിച്ചു. മുംബൈ ഭീകരാക്രമണത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. മുംബൈ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രിക്ക് ഉറപ്പുനല്‍കി. തീവ്രവാദത്തിനെതിരെ ശക്തമായ നിലപാടെടുക്കണമെന്ന പൊതുവികാരമാണ് പാകിസ്ഥാനിലുള്ളതെന്നും പാക് പ്രധാനമന്ത്രി അറിയിച്ചതായി മന്‍മോഹന്‍സിങ് പറഞ്ഞു.

ഭീകരവാദം മൂന്നാംലോക രാഷ്ട്രങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തുന്നു എന്ന ശരിയായ കണ്ടെത്തലാണ് ചേരിചേരാ ഉച്ചകോടിയുടെ പ്രഖ്യാപനത്തില്‍ വിശദീകരിക്കുന്നത്. ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാകുമെന്ന ശുഭപ്രതീക്ഷ ഉച്ചകോടി പ്രകടിപ്പിച്ചിട്ടുമുണ്ട്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അയല്‍രാജ്യങ്ങളുമായി നിലനില്‍ക്കുന്ന പ്രശ്നങ്ങളടക്കം പരിഹരിക്കാനുള്ള വിശാലവേദിയാണ് ചേരിചേരാ പ്രസ്ഥാനം എന്നാണ് ഇതില്‍നിന്നെല്ലാം വ്യക്തമാകുന്നത്.

അമേരിക്കന്‍ ആധിപത്യമുള്ള അന്താരാഷ്ട്ര വേദികളിലെ ജൂനിയര്‍ പങ്കാളിത്തമല്ല, ബഹുധ്രുവ ലോകത്തിനുവേണ്ടി, രാഷ്ട്രങ്ങളുടെ സ്വാതന്ത്ര്യവും പരമാധികാരവും മാനിച്ചുകൊണ്ട് ലോകത്തിന്റെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്ന ചേരിചേരാ പ്രസ്ഥാനം പോലുള്ള കൂട്ടായ്മകളാണ് ഇന്ത്യക്കും മൂന്നാംലോക രാജ്യങ്ങള്‍ക്കാകെയും കരുത്തുപകരുക എന്ന സന്ദേശം ഇതില്‍ നിറഞ്ഞുനില്‍പ്പുണ്ട്. അതു മനസ്സിലാക്കി, സാമ്രാജ്യാനുകൂല നയങ്ങളും അമേരിക്കന്‍ വിധേയത്വവും തിരുത്താനുള്ള സന്ദര്‍ഭംകൂടിയാണ് ഈജിപ്ത് ഉച്ചകോടി ഇന്ത്യക്കുമുന്നില്‍ തുറന്നിരിക്കുന്നത്. ചേരിചേരാ രാഷ്ട്രങ്ങളുടെ പ്രസക്തി ഒരിക്കല്‍കൂടി കൈപിടിച്ചുയര്‍ത്താന്‍ ഇന്ത്യതന്നെ മുന്‍കൈയെടുക്കേണ്ടതുണ്ട്.

ദേശാഭിമാനി മുഖപ്രസംഗം 20 ജൂലൈ 2009

Friday, July 17, 2009

അമ്പലപ്പുഴയിലെ രാഷ്ട്രീയ വേലകളി


കേരളത്തിലെ ഒരു അനുഷ്ഠാന കലയാണ് വേലകളി. സാധാരണയായി അമ്പലങ്ങളിലെ ഉത്സവ സമയത്താണ് വേലകളി അവതരിപ്പിക്കുക. മദ്ധ്യകാലഘട്ടത്തിലെ നായര്‍ ഭടന്മാരുടെ വേഷവും നിറപ്പകിട്ടാര്‍ന്ന തലപ്പാവുമണിഞ്ഞ കലാകാരന്മാര്‍ വേഗത്തില്‍ ചുവടുവെക്കുകയും മെയ്‌വഴക്കത്തോടെ വാദ്യസംഗീതത്തിനൊപ്പിച്ച് വാള്‍ വീശുകയും ചെയ്യുന്നു. മദ്ദളം, ഇലത്താളം, കൊമ്പ്, കുഴല്‍ എന്നിവയാണ് അകമ്പടി വാദ്യങ്ങള്‍. അമ്പലപ്പുഴയിലാണ് വേലകളിയുടെ ഉല്‍ഭവം.

ഇത് വിക്കിപീഡിയയില്‍ വേലകളിയെക്കുറിച്ച് പറഞ്ഞിരിക്കുന്നതിന്റെ തുടക്കം.

ഇക്കഴിഞ്ഞ ദിവസം അമ്പലപ്പുഴയില്‍ നായര്‍ ഭടന്മാരുടെ വേഷത്തിനു പകരം സി.പി.എം പ്രവര്‍ത്തകരുടെ വേഷവും ധരിച്ച് സി.പി.എം പതാകയുമേന്തി മറ്റു പാര്‍ട്ടികളിലെ കലാകാരന്മാര്‍ നടത്തിയത് രാഷ്ട്രീയ വേലകളിയോ അതോ തമാശ നാടകമോ? കൈരളി-പീപ്പിള്‍ വാര്‍ത്താ‍ സംഘവും ദേശാഭിമാനിയും ജാഗ്രതയോടെ ഇരുന്നതിനാല്‍ വേലകളിയും തമാശനാടകവും ഏശിയില്ല.

പൊളിഞ്ഞുപാളീസായ കള്ളക്കളിയെക്കുറിച്ച് ദേശാഭിമാനി എഴുതിയ മുഖപ്രസംഗം താഴെ:

സിപിഐ എമ്മിന്റെ ശത്രുക്കളുടെ അജന്‍ഡ

ആലപ്പുഴ ജില്ലയിലെ പുറക്കാട്ടുനിന്നുള്ള വാര്‍ത്ത അല്‍പ്പം കൌതുകകരവും അതിലേറെ ഗൌരവമായ പരിചിന്തനം അര്‍ഹിക്കുന്നതുമാണ്. സിപിഐ എം പതാകയേന്തി 'വി എസ് അനുകൂല' പ്രകടനം നടത്തിയ കോണ്‍ഗ്രസ്-ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ സിപിഐ എം ലോക്കല്‍ കമ്മിറ്റി ഓഫീസിലെത്തി കുറ്റം ഏറ്റുപറഞ്ഞതായാണ് ആ വാര്‍ത്ത. തിങ്കളാഴ്ച രാത്രി അമ്പലപ്പുഴയില്‍ നടത്തിയ പ്രകടനത്തില്‍ പങ്കെടുത്ത മോഹനന്‍, ബാബു എന്നിവരാണ് കുറ്റസമ്മതം നടത്തിയത്. തങ്ങളെപ്പോലെ, മറ്റു പാര്‍ടികളുടെ പ്രവര്‍ത്തകരായ മറ്റുപലരും സിപിഐ എമ്മിന്റെ കൊടിയും വി എസിന്റെ ചിത്രവുമേന്തി പ്രകടനം നടത്തിയിരുന്നെന്നും അവര്‍ വ്യക്തമാക്കുകയുണ്ടായി. കോണ്‍ഗ്രസിന്റെ സജീവപ്രവര്‍ത്തകരും ഐഎന്‍ടിയുസി പായല്‍ക്കുളങ്ങര യൂണിറ്റിലെ അംഗങ്ങളുമായ ആ രണ്ടുപേരും പ്രകടനത്തില്‍ പങ്കെടുത്തത് തെറ്റായിപ്പോയെന്ന് മാധ്യമങ്ങളോട് തുറന്നുപറഞ്ഞു. കൈരളി-പീപ്പിള്‍ വാര്‍ത്താസംഘം ഇതുസംബന്ധിച്ച് നേരത്തെതന്നെ വാര്‍ത്ത നല്‍കിയിരുന്നു. കോണ്‍ഗ്രസ്, ബിജെപി, സിഎംപി പാര്‍ടികളില്‍ പെട്ടവര്‍ സിപിഐ എം പ്രവര്‍ത്തകരാണെന്ന വ്യാജേന പ്രകടനംനടത്തിയത് അവരുടെ ചിത്രം സഹിതമാണ് വാര്‍ത്ത നല്‍കിയത്.

ഒരു സ്വതന്ത്ര രാഷ്ട്രീയ പാര്‍ടിയെന്ന നിലയില്‍ സിപിഐ എമ്മിനെ പ്രവര്‍ത്തിക്കാനനുവദിക്കില്ല എന്ന വാശിയോടെയാണ് ഏതാനും മാധ്യമങ്ങള്‍ കഴിഞ്ഞ കുറെ നാളായി ഇടപെടുന്നത്. പാര്‍ടി കേന്ദ്ര കമ്മിറ്റി ചേര്‍ന്ന്, കേരളത്തിലെ സംഘടനാ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ തുടങ്ങിയതിനുമുമ്പുതന്നെ അതുസംബന്ധിച്ച ഊഹാപോഹങ്ങളും കല്‍പ്പിത കഥകളുമായി രംഗത്തിറങ്ങിയവര്‍, കേന്ദ്ര കമ്മിറ്റിയുടെ തീരുമാനം വന്നതോടെ അതിനെതിരായ പ്രതികരണത്തിന്റെ വേലിയേറ്റം സൃഷ്ടിക്കാനാണ് മുതിര്‍ന്നത്. സിപിഐ എമ്മില്‍ അഭൂതപൂര്‍വമായ എന്തെല്ലാമോ സംഭവിക്കുന്നു; പിബിയിലും സിസിയിലും കടുത്ത ഭിന്നത; വി എസിനുമേല്‍ മാത്രം അച്ചടക്കനടപടി കൈക്കൊണ്ട് പിണറായിയെ വെറുതെ വിട്ടതുവഴി പാര്‍ടി അഴിമതിയെ മൂടിവയ്ക്കുകയും ന്യായീകരിക്കുകയുമാണ്- ഇങ്ങനെയൊക്കെയുള്ള പ്രചാരണമാണ് തുടര്‍ച്ചയായി നടന്നത്. കേരളത്തിലെ ഉള്‍പാര്‍ടി സ്ഥിതിഗതികളെ വിലയിരുത്തുന്ന രേഖ ചര്‍ച്ചചെയ്ത് അംഗീകരിച്ച കേന്ദ്രകമ്മിറ്റി, പാര്‍ടിയുടെ സംഘടനാതത്വങ്ങളും അച്ചടക്കവും ലംഘിച്ചതിന് വി എസിനെ പൊളിറ്റ് ബ്യൂറോയില്‍നിന്ന് നീക്കാനുള്ള തീരുമാനമാണെടുത്തത്. കേന്ദ്രകമ്മിറ്റി നടപടി അംഗീകരിക്കുന്നെന്ന് വ്യക്തമായി വി എസ് മാധ്യമങ്ങളോട് പറയുകയുംചെയ്തു. ഒരു പാര്‍ടിക്ക്, അതിലെ അംഗങ്ങളോ നേതാക്കളോ അച്ചടക്കം ലംഘിക്കുന്നത് തടയാനും സംഘടനാ തത്വങ്ങള്‍ കര്‍ക്കശമായി നടപ്പാക്കാനുമുള്ള അവകാശമുണ്ട്. ഇവിടെയും അതാണ് നടന്നത്. എന്നാല്‍, പാര്‍ടി ചെയ്തതിനെയും അത് വി എസ് ഉള്‍ക്കൊണ്ടതിനെയും മുഖവിലയ്ക്കെടുക്കാതെ നാട്ടില്‍

സിപിഐ എം വിരുദ്ധ പ്രകടനങ്ങള്‍ക്ക് ആഹ്വാനം നല്‍കുകയാണ് ഇവിടത്തെ മാധ്യമങ്ങള്‍ ചെയ്തത്. സിപിഐ എമ്മിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാന്‍ ശ്രമിക്കുക, പാര്‍ടിയിലെ ഐക്യം ഊട്ടിയുറപ്പിക്കാനുള്ള കൂട്ടായ ശ്രമങ്ങളെ തുരങ്കംവയ്ക്കാന്‍ വ്യാജപ്രചാരണങ്ങളിലും കുതന്ത്രങ്ങളിലുമേര്‍പ്പെടുക, പാര്‍ടിക്കെതിരെ ജനങ്ങളെ ഇളക്കിവിടാന്‍ പരസ്യമായ ആഹ്വാനംമുഴക്കുകയും പ്രോത്സാഹനം നല്‍കുകയും ചെയ്യുക, ഒറ്റപ്പെട്ട പ്രകടനവാര്‍ത്തകള്‍ പര്‍വതീകരിക്കുക- ഇങ്ങനെയുള്ള കാര്യങ്ങളാണ് മാധ്യമങ്ങള്‍ ഏറ്റെടുത്തത്.

അത്തരമൊരു പ്രചാരണത്തില്‍ മുഖ്യമായി അവതരിപ്പിക്കപ്പെട്ടതും പിന്നീട് നിയമസഭാ ചര്‍ച്ചയിലടക്കം ഉയര്‍ന്നുവന്നതുമായ ഒന്നാണ് അമ്പലപ്പുഴ പ്രകടനം. ആ പ്രകടനം നടത്തിയത് യുഡിഎഫ് പ്രവര്‍ത്തകരുള്‍പ്പെടെയായിരുന്നെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. അതിനര്‍ഥം, സിപിഐ എമ്മിനകത്തെ കുഴപ്പങ്ങള്‍ എന്നപേരിലും അതിനെതിരായ 'ജനകീയ പ്രതിഷേധം' എന്ന പേരിലും കൊണ്ടാടപ്പെടുന്നത് സിപിഐ എമ്മിന്റെ രാഷ്ട്രീയശത്രുക്കളുടെ അജന്‍ഡയാണ് എന്നുമാത്രമാണ്. പാര്‍ടി കേന്ദ്രകമ്മിറ്റി തീരുമാനത്തിനെതിരെ ചിലേടങ്ങളില്‍ പ്രകടനങ്ങളുണ്ടായി എന്നത് വാസ്തവമാണ്. കുപ്രചാരണങ്ങളില്‍ തെറ്റിദ്ധരിക്കപ്പെട്ട ഏതാനും പാര്‍ടിബന്ധുക്കളും ഒറ്റപ്പെട്ട രീതിയില്‍ അവയില്‍ ഭാഗഭാക്കായിട്ടുണ്ട്. എന്നാല്‍, ആ പ്രകടനങ്ങള്‍ ഇന്നാട്ടിലെ ചില വാര്‍ത്താ ചാനലുകളും പത്രങ്ങളും പര്‍വതീകരിച്ചത് എത്രത്തോളമാണെന്നത് അത്ഭുതകരമാണ്. ചില ഉള്‍പ്രദേശങ്ങളില്‍ നാലോ അഞ്ചോ ആളുകള്‍ നടത്തിയ പ്രകടനംപോലും ലൈവായോ നിമിഷങ്ങള്‍ക്കകമോ സംപ്രേഷണം ചെയ്ത്, സംസ്ഥാനത്താകെ അത്തരം പ്രകടനങ്ങള്‍ നടത്തിക്കാനുള്ള അമിതാവേശംപൂണ്ട മാധ്യമപദ്ധതിയാണ് അരങ്ങേറിയതും ദയനീയമായി പരാജയപ്പെട്ടതും.

യുഡിഎഫ് കക്ഷികള്‍ നടത്തുന്ന തരംതാണ കളിയാണ് മാധ്യമങ്ങളുടേതിനേക്കാള്‍ ഖേദകരമെന്ന് പറയാതെ വയ്യ. സിപിഐ എം പ്രവര്‍ത്തകര്‍ എന്ന വ്യാജേന, ചെങ്കൊടിയും കൊടുത്ത് സ്വന്തം പ്രവര്‍ത്തകരെ പ്രകടനം നടത്താന്‍ വിടുന്നത് ഏതുതരം രാഷ്ട്രീയപ്രവര്‍ത്തനമാണെന്ന് ഉമ്മന്‍ചാണ്ടിയും കൂട്ടരും വിശദീകരിക്കേണ്ടതുണ്ട്. അത്തരം മുഖംമൂടി പ്രകടനക്കാര്‍ക്ക് തല്ലുകിട്ടിയപ്പോള്‍, പരിക്കേറ്റവരുടെ തല്ലുവാങ്ങിയവരുടെ പേരുവിവരംപോലും മറച്ചുവച്ച് മലയാളമനോരമ വാര്‍ത്ത നല്‍കിയത് സംഭവത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നു. സിപിഐ എമ്മിന്റെ ആഭ്യന്തരകാര്യങ്ങള്‍ തങ്ങള്‍ തീരുമാനിക്കുമെന്ന അഹന്തയാണ് ഇക്കൂട്ടരെ ഭരിക്കുന്നത്. തങ്ങള്‍ തീരുമാനിച്ചാല്‍, പ്രകടനം നടത്തിക്കാമെന്നും ഇന്നാട്ടിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തളര്‍ത്തിക്കളയാമെന്നുമുള്ളതാണ് ആ മനോവികാരം. അതിന്റെ ബലത്തില്‍ നടത്തുന്ന തരംതാണ കളികള്‍ എല്ലാക്കാലവും മറച്ചുവയ്ക്കാനാകില്ല എന്നതിനുള്ള ഒന്നാന്തരം തെളിവാണ്, പുറക്കാട്ടെ പാര്‍ടി ഓഫീസിലെത്തിയ ഐഎന്‍ടിയുസിക്കാരുടെ കുമ്പസാരം.

ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന അംഗീകൃത രാഷ്ട്രീയ പാര്‍ടി എന്ന നിലയില്‍ സിപിഐ എമ്മിന് അതിന്റേതായ പരിപാടിയും ഭരണഘടനയുമുണ്ട്. അവ അംഗീകരിച്ച് പ്രവര്‍ത്തിക്കുന്നവരാണ് പാര്‍ടിക്കകത്തുള്ളത്. പാര്‍ടി അച്ചടക്കവും സംഘടനാ തത്വങ്ങളുമെല്ലാം അതിന്റെ ഭാഗമാണ്. അതില്‍ കൈകടത്താന്‍ ശ്രമിക്കാതിരിക്കലാണ് രാഷ്ട്രീയശത്രുക്കളുടെയും അവരുടെ അനുകൂലികളായ മാധ്യമങ്ങളുടെയും മാന്യത. ഇവിടെ ആ മാന്യത കളഞ്ഞുകുളിച്ചുള്ള കളിയാണുണ്ടായത്. ആ കളി വിജയിക്കില്ലെന്ന സന്ദേശമാണ് അത്തരം ആഹ്വാനങ്ങളോടും പ്രോത്സാഹനങ്ങളോടും പുറംതിരിഞ്ഞുനിന്നുകൊണ്ട് കേരളജനത നല്‍കിയത്. അതുമനസ്സിലാക്കി ഇനിയെങ്കിലും തിരുത്തണമെന്ന് ഞങ്ങളുടെ മാന്യ സഹജീവികളോടും കോണ്‍ഗ്രസടക്കമുള്ള സിപിഐ എമ്മിന്റെ രാഷ്ട്രീയ ശത്രുക്കളോടും അഭ്യര്‍ഥിക്കട്ടെ. (ദേശാഭിമാനി മുഖപ്രസംഗം 17 ജൂലൈ 2009‌)

ചൊറിയല്ലേ, പ്ളീസ്

അനര്‍ഹനായ ഒരാള്‍ക്കുള്ള, ഗൌരവസ്വഭാവം തീരെയില്ലാത്ത പ്രതികരണമാണിതെന്ന് മുന്‍കൂര്‍ ജാമ്യം! നൈരാശ്യത്തിന്റെ നിലയില്ലാക്കയത്തില്‍ പെട്ടുപോയ, മോഹഭംഗത്തിന്റെയും കൊതിക്കെറുവിന്റെയും വെള്ളംകുടിച്ച് പള്ള വീര്‍പ്പിച്ചവര്‍ക്ക് നിലവിളിക്കാനല്ലാതെ ഒന്നിനും കഴിയില്ല. അത്തരമൊരു ദയനീയ നിലവിളി അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് മാതൃഭൂമിയുടെ മുഖപ്രസംഗത്താളിലൂടെ നടത്തുന്നു-"വിരട്ടല്ലേ, പ്ളീസ്'' എന്ന്. പട പോരാളികളുമായാണ് വേണ്ടത്. ആയുധവും ബലവുമില്ലാതെ നിര്‍ഗുണരായി കളത്തിലിറങ്ങുന്നവരോട് യുദ്ധം ചെയ്യാന്‍ ആരും പോകില്ല എന്ന് അപ്പുക്കുട്ടന്‍ മനസ്സിലാക്കിയിരിക്കുന്നു. അതുകൊണ്ട്, അദ്ദേഹത്തിന്റെ ആവശ്യം ഒന്നുമാത്രമാണ്-വിരട്ടരുതെന്ന്; പേടിപ്പിക്കരുതെന്ന്; കണ്ണുരുട്ടരുതെന്ന്.

രാജ്മോഹന്‍ ഉണ്ണിത്താന്റെയോ ശരത്ചന്ദ്രപ്രസാദിന്റെയോ നിലവാരം (മുണ്ടുരിയപ്പെട്ടിട്ടില്ലെങ്കിലും) അപ്പുക്കുട്ടനുണ്ടോ എന്നറിയില്ല. പക്ഷേ, അദ്ദേഹം ഇന്നു നില്‍ക്കുന്നത് ആ രണ്ടുപേരുടെയും എത്രയോ താഴെയും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിലാസംപോലും നഷ്ടപ്പെട്ട ഒരു 'യഥാര്‍ഥ' പാര്‍ടിയുടെ അമരത്തുമാണെന്നത് വിസ്മരിക്കപ്പെട്ടുകൂടാ. സേവ് സിപിഎം ഫോറത്തിലൂടെ പാര്‍ടിയെ പാര്‍ടിക്കകത്തുനിന്നുകൊണ്ട് തരംതാണ നിലയില്‍ ഭര്‍ത്സിച്ച കുറ്റത്തിനാണ് അപ്പുക്കുട്ടന്‍ പാര്‍ടിക്കുപുറത്തേക്ക് വലിച്ചെറിയപ്പെട്ടത്. വി എസ് അച്യുതാനന്ദനെതിരെ അന്ന് കടുത്ത അമര്‍ഷ-അപവാദ പ്രചാരണമാണ് അപ്പുക്കുട്ടനും സംഘവും നടത്തിയിരുന്നത്. ആ ചൊരുക്ക് ഇപ്പോഴും വി എസിനോട് അപ്പുക്കുട്ടനുണ്ട് എന്നത് അദ്ദേഹത്തിന്റെ വാക്കുകളില്‍തന്നെ കാണാം. അതിങ്ങനെ:

"തന്റെ മുന്‍കൈയില്‍, ചിലപ്പോള്‍ നിര്‍ബന്ധബുദ്ധിയില്‍തന്നെ, പാര്‍ട്ടിയില്‍ പലര്‍ക്കെതിരെയും ഇതുപോലെ സംഘടനാ നടപടി എടുത്തിട്ടുണ്ട്. അതിന്റെ പേരില്‍ പാര്‍ട്ടി ഓഫീസിന്റെ പടിയിറങ്ങുമ്പോള്‍ കണ്ണു നനഞ്ഞവരുണ്ട്. കണ്ണീരിന് പകരം ചോരതന്നെ മണ്ണില്‍ വീഴ്ത്തിയവരും ഇപ്പോഴും വീഴ്ത്തുന്നവരുമുണ്ട്. അവരില്‍ മഹാഭൂരിപക്ഷവും പാര്‍ട്ടി എന്ന കരിങ്കല്‍ക്കോട്ടക്കകത്തു നിന്ന് വേരും ബന്ധവും അസ്തിത്വവും ഇല്ലാതെ പൊടുന്നനെ ബാഷ്പീകൃതമായി അദൃശ്യരായി. നേതൃത്വത്തിന്റെ അമരം പിടിച്ചുപറ്റിയവര്‍(ഇതിന്റെ അര്‍ഥമെന്താണോ ആവോ) ഇന്നും പാര്‍ട്ടിയുടെ അടിത്തട്ടില്‍ അവസാനത്തെ ചെങ്കൊടിപ്പുതപ്പിനും ലാല്‍സലാമിനും വേണ്ടി മുഖമില്ലാത്തവരായി കഴിഞ്ഞുകൂടുന്നുണ്ട്. ഇതൊക്കെയായി ബന്ധപ്പെട്ട എന്തെങ്കിലും ചിന്താശകലങ്ങളോ മുഖക്കാഴ്ചകളോ വി എസ്സിന്റെ മനസ്സിലെ തിരയോട്ടത്തില്‍ ഈ ഘട്ടത്തില്‍ തെളിഞ്ഞോ എന്ന് വ്യക്തമല്ല.''

അപ്പോള്‍ അതാണ് സംഗതി. അപ്പുക്കുട്ടന്റെ വിരോധം വി എസിനോടാണ്. അതുതീര്‍ക്കാനുള്ള മുന്ത്യടവാണ് ഇക്കാണുന്നതൊക്കെയും.

പാര്‍ടിക്കകത്തുനിന്ന് പാര്‍ടിക്കെതിരെ അപവാദ പ്രചാരണത്തിന്റെ നായകത്വം ഏറ്റെടുക്കുകയും പാര്‍ടിവിരുദ്ധ വാറോലകള്‍ അച്ചടിച്ച് ഊരും പേരും പറയാതെ നാടാകെ വിതരണം ചെയ്യുകയും ചെയ്ത അപ്പുക്കുട്ടന്റെ കണ്ണീരും ചോരയും എന്തിന് മണ്ണില്‍ വീഴണം? ഒരു പാര്‍ടിക്കും പൊറുക്കാനാവാത്ത അത്തരം പ്രവൃത്തികള്‍ നടത്തിയവര്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കാന്‍ മുന്‍കൈയോ നിര്‍ബന്ധബുദ്ധിയോ ഉണ്ടായാല്‍ അതെങ്ങനെ ഒരു മഹാപരാധമാകും? തൊണ്ടിയോടെ പിടിക്കപ്പെട്ട മോഷ്ടാവിന് പിടിച്ചവരോടുള്ള പക അപ്പുക്കുട്ടനിലും കാണുന്നുണ്ട്. ആ പകയാണ്, അച്ചടക്കലംഘനത്തിനുള്ള പരസ്യമായ പ്രോത്സാഹനമായും അച്ചടക്കമുള്ള പാര്‍ടി ജനങ്ങളുടേതല്ല എന്ന വിചിത്ര ന്യായവാദമായും പുറത്തുവരുന്നത്. ഒരു ഭാഗത്ത്, വി എസിനെ പാര്‍ടിവിരുദ്ധന്റെ കുപ്പായമിടീക്കണം; അടര്‍ത്തിയെടുക്കണം. മറുഭാഗത്ത്, ആ പ്രശ്നം ഉയര്‍ത്തിപ്പിടിച്ച് പാര്‍ടിയെ ആക്രമിക്കണം; തളര്‍ത്തണം. കൌശലക്കാരനായ കമ്യൂണിസ്റ്റ് വിരുദ്ധന്റെ എല്ലാ അടവുകളും പ്രയോഗിക്കുന്നുണ്ട് അപ്പുക്കുട്ടന്‍.

"പാര്‍ട്ടി ഐക്യം ലെനിനിസ്റ്റ് സംഘടനാ തത്ത്വങ്ങളുടെ ചാട്ടവാറുകള്‍ സൃഷ്ടിക്കുന്നതല്ല. സംസ്ഥാന പാര്‍ട്ടി നേതൃത്വത്തിലേയും തന്റെ മന്ത്രിസഭയിലേയും പി ബി ആനകള്‍ ഇരുവശത്തുംനിന്ന് വി.എസ്സിനെ അനുസരിപ്പിക്കുന്ന കാഴ്ചയാണ് ഇനി. ഇതു പാര്‍ട്ടിയില്‍ ഐക്യം ഉറപ്പുവരുത്തുമോ?''

അപ്പുക്കുട്ടന്റെ നിരീക്ഷണങ്ങളും സംശയങ്ങളും ഇങ്ങനെ പോകുന്നു. ഒരുകാലത്ത് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന അദ്ദേഹം എന്തുകൊണ്ട് പാര്‍ടിക്ക് പുറത്തായി, എന്തിന് ഇപ്പോള്‍ ഈ വിഡ്ഢിവേഷം കെട്ടുന്നു, എന്താണ് അദ്ദേഹത്തിന്റെ യഥാര്‍ഥ ആവശ്യം എന്നീ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഈ വാക്കുകളിലുണ്ട്. സംഘടനാ തത്വങ്ങളുടെ ലംഘനത്തിനും അച്ചടക്കലംഘനത്തിനും വി എസ് അച്യുതാനന്ദനെ പൊളിറ്റ് ബ്യൂറോയില്‍നിന്ന് നീക്കംചെയ്യുന്നു എന്നതാണ് കേന്ദ്ര കമ്മിറ്റിയുടെ പ്രസ്താവന. കേന്ദ്രകമ്മിറ്റിയുടെ തീരുമാനം അംഗീകരിക്കുന്നു എന്നാണ് ഡല്‍ഹിയില്‍നിന്ന് കേരളത്തിലേക്കു മടങ്ങുംമുമ്പുതന്നെ വി എസ് വ്യക്തമാക്കിയത്. പാര്‍ടിയാണ് വലുത് എന്നും താന്‍ പാര്‍ടിക്ക് കീഴ്പ്പെട്ടാണ് പ്രവര്‍ത്തിക്കുക എന്നുമുമുള്ള പ്രഖ്യാപനം കൂടിയാണത്. അതായത്, ഇന്നലെവരെ അപ്പുക്കുട്ടനടക്കമുള്ളവര്‍ പറഞ്ഞതും പറഞ്ഞുകൊണ്ടിരിക്കുന്നതുമായ പാര്‍ടിവിരുദ്ധ ലൈനിനോട് പൊരുത്തപ്പെടുന്നതോ നേരിയ അനുഭാവം കാണിക്കുന്നതുപോലുമോ അല്ല ആ പ്രസ്താവന.

ലെനിനിസ്റ്റ് സംഘടനാ തത്വങ്ങളെ ചാട്ടവാറായി മനസ്സിലാക്കാനും ആ ചാട്ടവാറിന്റെ പ്രഹരം എക്കാലവും ഓര്‍ക്കാനും അപ്പുക്കുട്ടന് കഴിയും. അത് അദ്ദേഹത്തിന്റെ അനുഭവം. എന്നാല്‍, പാര്‍ടിയിലെ സാധാരണ പ്രവര്‍ത്തകര്‍ മുതല്‍ ഉന്നതനേതാക്കള്‍ വരെയുള്ളവര്‍ക്ക് അനിവാര്യമായി പാലിക്കേണ്ട, പാലിക്കാന്‍ പ്രതിബദ്ധതയുള്ളതാണ് സംഘടനാ തത്വങ്ങളും അച്ചടക്കവും. അതു പാലിക്കുക, അല്ലെങ്കില്‍ ലംഘനത്തെക്കുറിച്ച് പാര്‍ടി ചൂണ്ടിക്കാണിക്കുമ്പോള്‍ തിരുത്തി മുന്നോട്ടുപോവുക എന്നത് ഉത്തമ കമ്യൂണിസ്റ്റിന്റെ ധര്‍മമാണ്; കര്‍മമാണ്. അപ്പുക്കുട്ടന് അത് മനസ്സിലാകാത്തത്, 'പാര്‍ട്ടി താത്പര്യവും ജനതാത്പര്യവും തമ്മിലുള്ള വൈരുധ്യമാണ് വി.എസ്.-പിണറായി പ്രശ്നമായും വിഭാഗീയതയായും' എന്ന കാപട്യപൂര്‍ണമായ നിഗമനമാണ് അദ്ദേഹത്തെ നയിക്കുന്നത് എന്നതിനാലാണ്. ജനങ്ങള്‍ വേറെ; പാര്‍ടി വേറെ എന്ന് പറഞ്ഞുറപ്പിക്കാന്‍ നിരന്തരം ശ്രമമുണ്ടാകുന്നുണ്ട്. അപ്പുക്കുട്ടന്‍ അതിന്റെ നല്ലൊരു പ്രചാരകനാണ്. "പാര്‍ട്ടിക്കകത്ത് എത്രകണ്ട് ബോധ്യപ്പെടുത്തിയാലും വി.എസ്സിനെതിരെ മാത്രമെടുത്ത നടപടി തങ്ങള്‍ക്കെതിരെ സ്വീകരിച്ച നടപടിയായേ ജനങ്ങള്‍ സ്വീകരിക്കൂ. മൂന്ന് കോടിയിലേറെ ജനങ്ങളുള്ള കേരളത്തില്‍ കേവലം മൂന്ന് ലക്ഷം അംഗങ്ങളുടെ പാര്‍ട്ടിനേതൃത്വം തങ്ങളോടു നടത്തിയ യുദ്ധപ്രഖ്യാപനമായി'' എന്ന അപ്പുക്കുട്ടന്റെ വാദം അതിന് ഒടുവിലത്തെ തെളിവ്.

ശരിയാണ്, അനേകം മാധ്യമങ്ങള്‍ ഒന്നിച്ചുനിന്ന് രാപകല്‍ അധ്വാനിച്ചതിന്റെയും അപ്പുക്കുട്ടനെപ്പോലുള്ളവര്‍ മാധ്യമങ്ങളിലൂടെ നിരന്തരം വിസര്‍ജിച്ച കാപട്യസമീപനത്തിന്റെയും ഫലമായി ചിലരെല്ലാം തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. അത് സിപിഐ എമ്മിനുമേല്‍ നേടിയ വിജയമായി ആഘോഷിക്കപ്പെട്ടിട്ടുമുണ്ട്. പാര്‍ട്ടി അംഗത്വമെടുക്കുമ്പോള്‍ വേണ്ട പ്രതിജ്ഞയെക്കുറിച്ചേ അദ്ദേഹത്തിന് ഓര്‍മയുള്ളൂ. കമ്യൂണിസ്റ്റ് പാര്‍ടി എങ്ങനെ ജനങ്ങളുടെ നേതാവായി മാറുന്നു എന്ന ലളിതവും പ്രഥമപ്രധാനവുമായ സങ്കല്‍പ്പത്തെക്കുറിച്ച് അദ്ദേഹം അജ്ഞനാണ്. നേതാക്കള്‍ നൂലില്‍ കെട്ടിയിറക്കപ്പെട്ടവരാണെന്ന് സ്വാനുഭവത്തിന്റെ വെളിച്ചത്തില്‍ (ദേശാഭിമാനിയിലെത്തിയപ്പോള്‍ മാത്രം പാര്‍ടിയിലെത്തുകയും അതിന്റെ തുടര്‍ച്ചയായി സംസ്ഥാനകമ്മിറ്റിയിലെത്തുകയുംചെയ്ത അനുഭവം) അദ്ദേഹം ധരിച്ചുവശാവുകയാണ്. "പിണറായിയാണ് പാര്‍ട്ടി, പാര്‍ട്ടി സെക്രട്ടറിയാണ് മുതലാളി എന്ന പുതിയ നയപ്രഖ്യാപന'' മായാണ് കേന്ദ്രകമ്മിറ്റി തീരുമാനത്തെ അപ്പുക്കുട്ടന്‍ അവതരിപ്പിക്കുന്നത്. സിപിഐ എമ്മിനെതിരെ ശത്രുക്കള്‍ കെട്ടിപ്പൊക്കിയ 'ലാവ്ലിന്‍ കേസ്' പൊലിപ്പിക്കാന്‍ നല്ല സംഭാവന നല്‍കിയ ആളാണിദ്ദേഹം. അങ്ങനെയൊരു കേസ് കൊണ്ടുവന്നാല്‍, അതില്‍ പേരുചേര്‍ക്കപ്പെട്ട നേതാവിനെ പാര്‍ടി പടിയടച്ച് പിണ്ഡംവയ്ക്കുമെന്ന് സ്വപ്നംകണ്ടവരില്‍ ഒരാളുമാണ്. ആ സ്വപ്നം നടക്കാഞ്ഞപ്പോള്‍; കള്ളക്കേസിനെ ശക്തിയുക്തം നേരിടുമെന്ന് പാര്‍ടി പ്രഖ്യാപിച്ചപ്പോള്‍, പുതിയ സിദ്ധാന്തം അവതരിപ്പിക്കുന്നു! ഇവിടെ അപ്പുക്കുട്ടന്റേത് രാമലീലയല്ല, കൃത്യമായ സൃഗാല ലീലയാണ്.

ചാനലുകളില്‍നിന്ന് ചാനലുകളിലേക്ക് ഓടിയും സ്വന്തമായി പാര്‍ടിയുണ്ടാക്കിയും മാതൃഭൂമിയിലൂടെയും സിപിഐ എമ്മിന്റെ കാര്യങ്ങളില്‍ വെപ്രാളപ്പെടുന്ന അപ്പുക്കുട്ടന് കാണേണ്ടത്, സിപിഐ എം ഇല്ലാതാകുന്നതുമാത്രമാണ്. അതിനായി പാര്‍ടിയും ജനങ്ങളും വേറെ, വി എസും പാര്‍ടിയും വേറെ, പാര്‍ടി എന്നാല്‍ പിണറായി എന്നെല്ലാമുള്ള വാചകക്കസര്‍ത്തുമായി വരികയാണ്. സിപിഐ എമ്മിന്റെ മൂന്നുലക്ഷം അംഗങ്ങളുമായി ജനങ്ങള്‍ക്ക് വൈരുധ്യമുണ്ടെന്ന് പറയാനേ അപ്പുക്കുട്ടന് കഴിയുന്നുള്ളൂ. മൂന്നുലക്ഷം പാര്‍ടി അംഗങ്ങള്‍മാത്രം വോട്ടുചെയ്തതുകൊണ്ടാണോ, ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 42 ശതമാനം വോട്ടുനേടിയത് എന്ന ചോദ്യത്തിന് ഉത്തരമില്ല. ഒരു തെരഞ്ഞെടുപ്പിലെ തിരിച്ചടി എക്കാലത്തേക്കുമുള്ള തകര്‍ച്ചയായി പറഞ്ഞുറപ്പിക്കാനാണ് ശ്രമം. അങ്ങനെയെങ്കില്‍ 1977ലെ സമ്പൂര്‍ണ തോല്‍വി മറികടന്ന് പാര്‍ടി ഇന്നത്തെ നിലയില്‍ എത്തുമായിരുന്നോ എന്ന ചോദ്യവും അപ്പുക്കുട്ടന്‍ കേള്‍ക്കില്ല. തന്റെ തന്നെ പാര്‍ടിക്ക് ജനങ്ങള്‍ നല്‍കുന്ന അംഗീകാരംകൂടി അദ്ദേഹം സൈദ്ധാന്തികമായി പറയണം. ജനങ്ങള്‍ക്കുവേണ്ടി വാദിക്കുന്ന വക്കീലായി അംഗീകരിക്കപ്പെടാനുള്ള മിനിമം യോഗ്യതയെങ്കിലും തെളിയിക്കപ്പെടണ്ടേ? ചെന്നിത്തലയുടെ വക്കാലത്താണ് തന്റേതെന്ന യാഥാര്‍ഥ്യം ഒളിപ്പിച്ചുവയ്ക്കാന്‍ കഴിയണ്ടേ? കഷ്ടം! വിരട്ടരുതേ പ്ളീസ് എന്നു കെഞ്ചാനുള്ള കരുത്തെങ്കിലും അദ്ദേഹത്തില്‍ ശേഷിക്കണേ എന്നാശംസിക്കുന്നു. തല്‍ക്കാലം തന്റെ തന്നെ മുഖാവരണം നശിപ്പിക്കുന്ന ഈ ചൊറിച്ചില്‍ അവസാനിപ്പിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു!

നിരൂപകന്‍ ദേശാഭിമാനി 17 ജൂലൈ 2009

Wednesday, July 15, 2009

മാവോയിസ്റ് ഭീകരത: ചില യാഥാര്‍ഥ്യങ്ങള്‍

ഇന്ത്യന്‍ മാവോയിസ്റുകള്‍ വിശ്വസിക്കുന്നത് ഭീകരതയുടെ രാഷ്ട്രീയത്തിലാണ്. സംഘടിതവും സ്വാഭാവികവുമായുള്ള ബഹുജന പ്രസ്ഥാനത്തിനു പകരം അവരുടെ സായുധസംഘങ്ങള്‍ നടത്തുന്ന അതിക്രമങ്ങളിലാണ് അവര്‍ വിശ്വസിക്കുന്നത്. നമ്മുടെ രാജ്യത്തെ യഥാര്‍ഥ ബഹുജനപ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഈ സവിശേഷപ്രവണത തികച്ചും ഹാനികരമാണ്.

ഇപ്പോള്‍ മാവോയിസ്റുകള്‍ക്ക് ശക്തിയുള്ള ഭൂപ്രദേശം ഇന്ത്യന്‍ജനതയില്‍ പരമദരിദ്രരായ വിഭാഗങ്ങള്‍ അധിവസിക്കുന്നവയാണ്. ആദിവാസി ജനവിഭാഗമാണ് നമ്മുടെ രാജ്യത്തെ പ്രധാന 'തൊഴിലാളിവര്‍ഗം' എന്ന് അവകാശപ്പെടുന്നവരുണ്ടായിരിക്കാം, ആ ആദിവാസി ജനവിഭാഗത്തിലെ മഹാഭൂരിപക്ഷവും താമസിക്കുന്നത് ഈ ഭൂപ്രദേശത്താണെന്ന വസ്തുത അവര്‍ അറിഞ്ഞിരിക്കണം. മാവോയിസ്റുകളുടെ തോക്കിന്റെ നിഴലിലാണ് അവര്‍ ഇപ്പോള്‍ കഴിയുന്നത്. ശരിക്കുള്ള ഒരു ബഹുജനപ്രസ്ഥാനത്തിലും ആദിവാസികളെ ഇതേവരെ അണിനിരത്തിയിട്ടില്ല. സാമ്പത്തിക ആവശ്യങ്ങള്‍ക്കായുള്ള പ്രാഥമിക പ്രസ്ഥാനങ്ങളില്‍നിന്നുപോലും അവര്‍ ഇപ്പോഴും പ്രകാശവര്‍ഷങ്ങള്‍ക്കകലെ മാറ്റി നിര്‍ത്തപ്പെട്ടിരിക്കുകയാണ്.

ഇതെല്ലാംതന്നെ ഈ രാജ്യത്തെ ഭരണവര്‍ഗത്തെയാണ് ഏറെ സന്തോഷിപ്പിക്കുന്നത്. ക്രമസമാധാന പ്രശ്നത്തിനുമുപരിയായി ഇതില്‍ നമ്മുടെ ഭരണവര്‍ഗത്തിനും മറ്റൊന്നും ഭയക്കേണ്ടതില്ല. ആദിവാസികള്‍ അധികമായി അധിവസിക്കുന്ന പ്രദേശങ്ങളിലാണ് മാവോയിസ്റുകള്‍ താവളങ്ങള്‍ സ്ഥാപിച്ചിട്ടുള്ളതെന്ന ചിന്തതന്നെ ചില ആളുകളെ ആവേശം കൊള്ളിക്കുന്നുണ്ടാകാം. എന്നാല്‍, ഇത്തരം താവളങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ ആദിവാസി ജനതയോടുള്ള സഹാനുഭൂതിയൊന്നും കാണാനാകില്ലെന്ന കാര്യമാണ് ഓര്‍മിക്കേണ്ടത്. തങ്ങളുടെ നിരവധി രേഖകളില്‍ മാവോയിസ്റുകള്‍തന്നെ സംശയാതീതമായി വ്യക്തമാക്കിയിട്ടുള്ളത്, ഇത്തരം പ്രദേശങ്ങള്‍ തെരഞ്ഞെടുക്കുന്നതിനു പിന്നിലുള്ള കാരണം സൈനികമായ അടവുമായി ബന്ധപ്പെട്ടതാണെന്നാണ്. ദുര്‍ഗമങ്ങളായ ഉള്‍പ്രദേശങ്ങളും കാടുകളുമാകുമ്പോള്‍ ഭരണകൂടത്തിന് അവിടങ്ങളിലേക്ക് ചെന്നെത്താന്‍ എളുപ്പമാകില്ല. ഈ അപ്രാപ്യത കാരണമാണ് ഈ പ്രദേശങ്ങള്‍ അവരുടെ 'ഗറില്ലാ യുദ്ധ'ത്തിന് അനുയോജ്യമായി മാറിയത്.

അങ്ങനെ മാവോയിസ്റുകളുടെ ആകെ താല്‍പ്പര്യം ഭൂമിശാസ്ത്രപരമായ പ്രത്യേകതകളിൽ മാത്രമാണ്. ആദിവാസികളോടും ദരിദ്രരോടുമുള്ള സ്നേഹവും സഹാനുഭൂതിയും അവരെ സംബന്ധിച്ചിടത്തോളം ഒരു വിഷയമേയല്ല. എന്നാല്‍, അവര്‍ക്ക് ആദിവാസി ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന കടുത്ത ദാരിദ്ര്യത്തെ പ്രത്യക്ഷത്തില്‍തന്നെ ഉപയോഗപ്പെടുത്താന്‍ കഴിയും- അവര്‍ അത് ചെയ്യുന്നുമുണ്ട്; പക്ഷേ ആദിവാസികളുടെ ബോധം ഉയര്‍ത്തുന്നതിനുവേണ്ടിയല്ല അതെന്നു മാത്രം. അതിനുപകരം തങ്ങളുടെ ആജ്ഞകള്‍ക്ക് ജനങ്ങള്‍ കീഴടങ്ങാന്‍ ഈ ദാരിദ്ര്യത്തെ ഉപയോഗപ്പെടുത്തുകയാണ് അവര്‍ ചെയ്യുന്നത്.

ആന്ധ്രപ്രദേശില്‍നിന്നോ ഛത്തീസ്‌ഗഢില്‍നിന്നോ മാവോയിസ്റ് കുഴിബോംബ് സ്ഫോടനത്തിന്റെ വാര്‍ത്തകള്‍ കേള്‍ക്കുന്നിടത്തോളം അന്തരീക്ഷത്തില്‍ വീരസാഹസികതയുടേതായ ഒരു ഘടകം നിലനില്‍ക്കും. എന്നാല്‍, ഇപ്പോള്‍ എ കെ 47ന്റെ വെടിയൊച്ചകള്‍ക്കിടയില്‍ കഴിയുമ്പോള്‍ ലാല്‍ഗഢിലും ബേല്‍പഹാരിയിലും മറ്റു പ്രദേശങ്ങളിലും നിലനില്‍ക്കുന്ന കടുത്ത യാഥാര്‍ഥ്യങ്ങളെക്കുറിച്ച് ആളുകള്‍ക്ക് നേരിട്ട് ബോധ്യമാവുകയാണ്. ബംഗാളിലെ ജംഗിള്‍മഹല്‍ പ്രദേശത്ത് 74 സിപിഐ എം പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. അസംഖ്യം ആളുകളാണ് തങ്ങളുടെ ഗ്രാമങ്ങളില്‍നിന്ന് ആട്ടിയോടിക്കപ്പെട്ടത്. അവിടെ ഭീകരവാഴ്ച സൃഷ്ടിക്കുന്നതിനായാണ് ഇതെല്ലാം ചെയ്തുകൂട്ടിയത്. പാവപ്പെട്ട ആളുകള്‍ 'വിപ്ളവകാരികളെ' ഭയപ്പെടുന്നതിന്റെ മറ്റൊരു ഉദാഹരണം ലോകത്തെവിടെയും ഉണ്ടാകില്ല.

തങ്ങളുടെ തുറന്ന ഇടനാഴി എന്ന് വിളിക്കപ്പെടുന്നിടത്ത് മാവോയിസ്റുകള്‍ എന്താണ് ചെയ്യുന്നത്? അവര്‍ ഭൂമി വിതരണം ചെയ്യുകയാണോ? ഫ്യൂഡലിസത്തെ പുറന്തള്ളുകയാണോ? കൂട്ടുകൃഷി സമ്പ്രദായം നടപ്പാക്കുകയാണോ? ആദിവാസികള്‍ക്കും ദരിദ്രര്‍ക്കും വേണ്ടിയുള്ള വികസനപരിപാടികള്‍ നടപ്പാക്കുകയാണോ? അത്തരത്തിലുള്ള കാര്യങ്ങളൊന്നും അവിടെ നടപ്പാക്കുന്നില്ല. മാവോയിസ്റുകള്‍ ഏറ്റവും ശക്തമായിട്ടുള്ള ബിഹാറിലെ പ്രദേശങ്ങള്‍ ഫ്യൂഡല്‍ പ്രഭുക്കന്മാരെ സംബന്ധിച്ചിടത്തോളം ഏറ്റവും ആശ്വാസകരമായ പ്രദേശങ്ങളാണ്. മറ്റു ചില നൿസലൈറ്റ് ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം കാരണം മുമ്പ് ഈ പ്രദേശങ്ങളില്‍ ഭൂമിക്കുവേണ്ടിയുള്ള പ്രസ്ഥാനം കുറെയേറെ മുന്നേറിയിരുന്നു. ഇപ്പോള്‍ ആ മുന്നേറ്റമെല്ലാം അപ്രത്യക്ഷമായിരിക്കുന്നു. വാസ്തവത്തില്‍, മാവോയിസ്റുകളും ഫ്യൂഡല്‍ പ്രഭുക്കന്മാരും പരസ്പര ധാരണയിലാണ് പ്രവര്‍ത്തിക്കുന്നത്. മാവോയിസ്റുകളുടെ അജന്‍ഡയില്‍ ഭൂമിക്കുവേണ്ടിയുള്ള പ്രസ്ഥാനത്തിന് വിദൂരമായ സ്ഥാനംപോലുമില്ല. മാവോയിസ്റുകള്‍ക്ക് ഗുണ്ടാപ്പിരിവ് കൊടുത്തുകഴിഞ്ഞാല്‍ കോൺട്രാക്ടര്‍മാര്‍ക്ക് എന്ത് കൊള്ളരുതായ്മയും കാണിക്കാവുന്ന സ്ഥിതിയാണ്. കോൺട്രാക്ടര്‍മാര്‍ക്ക് തങ്ങളുടെ ആവശ്യത്തിനായി റോഡ് നിര്‍മിക്കേണ്ട ആവശ്യംപോലും ഉണ്ടാകുന്നില്ലെന്നതാണ് അധിക നേട്ടം. ഗുണ്ടാപ്പിരിവ് കൊടുത്താല്‍മാത്രം കാര്യം നടക്കും. നിയമവിരുദ്ധ വനംമാഫിയയുമായും ഖനിമാഫിയയുമായും മാവോയിസ്റുകള്‍ ഇതേ ബന്ധമാണ് പുലര്‍ത്തുന്നത്. പരസ്പരാശ്രയത്തെ ആധാരമാക്കിയ ഈ ബന്ധത്തില്‍നിന്നുള്ള നേട്ടം എല്ലാ കക്ഷികള്‍ക്കും ലഭിക്കും.

ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പുകാലത്ത് പല രാഷ്ട്രീയ പാര്‍ടികളുടെയും പണം പറ്റുന്ന ദല്ലാളുകളായാണ് മാവോയിസ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. ഛത്തീസ്‌ഗഢിലും ഒറീസയിലും ബാലസംഘത്തിന്റെ പേരില്‍ ദരിദ്ര ആദിവാസി കുടുംബങ്ങളിലെ കുട്ടികളെ ഇവര്‍ തട്ടിക്കൊണ്ടുപോവുകയാണ്. മാവോയിസ്റുകള്‍ ജീര്‍ണതയുടെ അന്ത്യഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ്. ഇപ്പോള്‍ ഇവര്‍ അടിസ്ഥാനപരമായും മാഫിയാസംഘംമാത്രമാണ്. പശ്ചിമബംഗാളിലെ ജംഗിള്‍മഹലില്‍ മാവോയിസ്റ് അതിക്രമങ്ങള്‍ക്ക് കാരണം ആ പ്രദേശത്തെ അവികസിതാവസ്ഥയാണെന്നു പറയുന്നത് ഇപ്പോള്‍ ഒരു ഫാഷനായിരിക്കുകയാണ്. അവിടെ വികസനത്തിന്റെ അഭാവം ഉണ്ടെന്നതു ശരിതന്നെയാണ്- പ്രത്യേകിച്ചും ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ഉള്‍പ്രദേശങ്ങളില്‍. ചില മേഖലകളില്‍ ചില ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടും ഇപ്പോഴും ദാരിദ്ര്യം നിലനില്‍ക്കുന്നുണ്ട്.

കഴിഞ്ഞ രണ്ടു ദശകമായി നമ്മുടെ രാജ്യത്ത് നടപ്പാക്കിവരുന്ന നവലിബറല്‍ നയങ്ങള്‍ സമ്പന്നരും ദരിദ്രരും തമ്മിലുള്ള വിടവ് പിന്നെയും വര്‍ധിപ്പിച്ചിരിക്കുകയാണ്. നവഉദാരവല്‍ക്കരണനയങ്ങള്‍ അതിവേഗം നടപ്പാക്കണമെന്ന് വാദിക്കുന്ന ചില ആളുകള്‍തന്നെ വികസനത്തിന്റെ അഭാവമാണ് മാവോയിസ്റുകളെ ശക്തിപ്പെടുത്തുന്നതെന്ന് ടെലിവിഷൻ ചാനലുകളില്‍ വാദിക്കുന്നുവെന്നതാണ് വിരോധാഭാസം. മാവോയിസ്റുകളാകട്ടെ, ഏതെങ്കിലും തരത്തിലുള്ള വികസനനടപടികള്‍ക്ക് എതിരുമാണ്.

മുതലാളിത്ത സമൂഹത്തില്‍, വര്‍ഗപരമായ ഘടനയ്ക്കും ഉള്ളടക്കത്തിനും ഉപരിയായി ഒരു വികസനവും ഉണ്ടാകില്ല. പക്ഷേ, സമൂഹത്തില്‍ അടിമുടി മാറ്റമുണ്ടാകുംമുമ്പ്, തൊഴിലാളിവര്‍ഗത്തിന്റെ ഉന്നമനത്തിനായി വികസനം വേണമെന്ന് ആവശ്യപ്പെടുന്നത് ഒരു കുറ്റമാണോ? എവിടെയെങ്കിലും വികസനത്തിനുള്ള അവസരമോ സാഹചര്യമോ നിലനില്‍ക്കുന്നെങ്കില്‍ അത്തരം അവസരങ്ങളെ പ്രയോജനപ്പെടുത്തുന്നതും കുറ്റമാണോ? "മാര്‍ക്സിനുമേല്‍ കിടന്നുറങ്ങുന്ന മാര്‍ക്സിസ്റുകള്‍'' എന്ന് മാവോ തന്നെ വിശേഷിപ്പിച്ചിട്ടുള്ള തലതിരിഞ്ഞ ഇടതുപക്ഷക്കാര്‍ ഇത്രമാത്രം ഒരിക്കലും തല കുമ്പിട്ടിട്ടില്ല. ഇന്ത്യന്‍ മാവോയിസ്റുകള്‍ എല്ലായിടത്തും വികസനപരിപാടികളെ എതിര്‍ക്കുകയാണ്. റയില്‍പ്പാത നിര്‍മാണത്തെയും പാലങ്ങള്‍ കെട്ടുന്നതിനെയും വൈദ്യുതപദ്ധതികള്‍ നിര്‍മിക്കുന്നതിനെയുമെല്ലാം അവര്‍ എതിര്‍ക്കുകയാണ്. ഒറീസയിലും ഛത്തീസ്ഗഢിലും ജാര്‍ഖണ്ഡിലുമെല്ലാം സ്കൂളുകള്‍ അഗ്നിക്കിരയാക്കുന്നത് മാവോയിസ്റുകളുടെ ഒരു പൊതുപരിപാടിയാണ്. പശ്ചിമബംഗാളിലെ പശ്ചിമ മെദിനിപ്പുര്‍, ബാങ്കുറ, പുരുളിയ ജില്ലകളില്‍ ഒരു തരത്തിലുള്ള വികസന പ്രവര്‍ത്തനവും അനുവദിക്കാതെയാണ് മാവോയിസ്റുകള്‍ തങ്ങളുടെ സാന്നിധ്യം പ്രകടിപ്പിക്കുന്നത്. അവര്‍ ആരുടെ താല്‍പ്പര്യമാണ് സംരക്ഷിക്കുന്നത്?

അവരുടെ 'വര്‍ഗശത്രുക്കള്‍' ആരാണെന്ന് നമുക്കൊന്നു നോക്കാം. ബംഗാളിലെ ജംഗിള്‍മഹല്‍ പ്രദേശത്ത് അവര്‍ 74 സിപിഐ എം പ്രവര്‍ത്തകരെയാണ് കൊന്നത്. അതില്‍ 50 പേരും കര്‍ഷകത്തൊഴിലാളികളോ ദരിദ്രകര്‍ഷകരോ ആണ്. നിരായുധരും ദരിദ്രരുമായ ഈ ആളുകളെയാണ് അവര്‍ കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി കുത്തിക്കൊല്ലുകയോ വെടിവച്ചു കൊല്ലുകയോ ചെയ്യുന്നത്. ആ സ്ഥലത്തുതന്നെ അവരുടെ ശവശരീരം അവിടെ കിടന്ന് ചീഞ്ഞഴുകുന്നതിനായി ഉപേക്ഷിക്കുകയും ചെയ്യുന്നു. അവരുടെ ശവസംസ്കാരം നടത്താന്‍പോലും കുടുംബാംഗങ്ങളെ അനുവദിക്കുന്നില്ല. ഈ കൊടുംക്രൂരതകള്‍കൊണ്ട് മാവോയിസ്റുകള്‍ എന്ത് ആന്തരിക ആഹ്ളാദമാണ് നേടുന്നത് എന്നറിയില്ല. ദരിദ്രരായ ആദിവാസികളുടെ ജീവിതം ദയനീയമാക്കുന്നത് അധഃസ്ഥിത ജനവിഭാഗങ്ങളുടെ ഏതെങ്കിലും വര്‍ഗതാല്‍പ്പര്യം സംരക്ഷിക്കാന്‍ പര്യാപ്തമായതുമല്ല.

ഇന്ത്യന്‍ മാവോയിസ്റുകളുടെ രാഷ്ട്രീയലക്ഷ്യവും താല്‍പ്പര്യവും സുവ്യക്തവും സ്പഷ്ടവുമാണ്. സുദീര്‍ഘവും സുസ്ഥിരവുമായ പോരാട്ടങ്ങളിലൂടെയാണ് ജംഗിള്‍മഹല്‍ പ്രദേശത്തെ മൂന്ന് ജില്ലകള്‍ സിപിഐ എമ്മിന്റെ ശക്തമായ കോട്ടകളായി മാറിയത്. ഈ കോട്ടയെ തകര്‍ക്കുന്നതിനായാണ് മാവോയിസ്റുകള്‍ തങ്ങളുടെ ആയുധബലത്തെ ആശ്രയിക്കുന്നത്. എന്നാല്‍, ഈ ആശയം മാവോയിസ്റുകളുടേതു മാത്രമല്ല. മാവോയിസ്റുകളെ മുന്നില്‍ നിര്‍ത്തി, തൃണമൂല്‍ കോഗ്രസ് ഉള്‍പ്പെടെയുള്ള മറ്റുള്ളവരാണ് തങ്ങളുടെ ഭാഗം നന്നായി കളിക്കുന്നത്.

ഇന്ത്യയില്‍ മറ്റൊരിടത്തും ഇതേവരെ മാവോയിസ്റുകള്‍ രാഷ്ട്രീയമായ ഒരു വെല്ലുവിളി നേരിട്ടിട്ടില്ല. പൊലീസുമായും ഭരണസംവിധാനവുമായും അവര്‍ ഏറ്റുമുട്ടിയിട്ടുണ്ട്. ബഹുജനപ്രസ്ഥാനം ഉയര്‍ത്തുന്ന തടസ്സത്തിന്റെയും ജനകീയ ചെറുത്തുനില്‍പ്പിന്റെയും രുചി അവര്‍ ആദ്യമായി അനുഭവിക്കുന്നത് പശ്ചിമബംഗാളിലാണ്. സ്വാഭാവികമായും ഇടതുപക്ഷത്തിനെതിരായി അവരുടെ ആക്രമണം കേന്ദ്രീകരിക്കപ്പെടും. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സിപിഐ എമ്മിന് തിരിച്ചടി നേരിട്ടതോടെ ഓഹരിവിപണിക്ക് ഇനി ഭയക്കാനൊന്നുമില്ല. വാഷിങ്ടൺ ആനന്ദനൃത്തം ആടുകയാണ്. വന്‍കിട മാധ്യമകുത്തകകള്‍ക്ക് തങ്ങളുടെ ആഹ്ളാദം അടക്കാനാകുന്നില്ല. ഇതേ അവസരത്തില്‍തന്നെ, സിപിഐ എം കേഡര്‍മാരെ കൊല്ലുന്നതില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ താരങ്ങളായി വാഴ്ത്തപ്പെടും എന്നത് സംശയാതീതമാണ്.

***

ദേബാശിഷ് ചക്രവര്‍ത്തി

Monday, July 13, 2009

മാതൃഭൂമി, ഹാ ലജ്ജാകരം

മുംബൈയില്‍ തോമസ് ഐസക്കിന്റെ 'രഹസ്യസന്ദര്‍ശനം' എന്ന 'മാതൃഭൂമി' പ്രസിദ്ധീകരിച്ച ബോക്സ് വാര്‍ത്ത എന്നെ അത്ഭുതസ്തബ്ധനാക്കി. പിണറായി വിജയന് അനുകൂലമായി പാര്‍ടി കേന്ദ്രകമ്മിറ്റി അംഗങ്ങളെ സ്വാധീനിക്കാന്‍ ഐസക് മുംബൈയില്‍ എത്തിയെന്നാണ് മാതൃഭൂമി വാര്‍ത്തയില്‍ പറയുന്നത്. സിപിഐ എം നേതാക്കള്‍ക്ക് എതിരായി വാര്‍ത്തകള്‍ നിര്‍മിക്കപ്പെടുന്നെന്ന് ഇനിയും വിശ്വസിക്കാത്തവര്‍ക്ക് ഇതൊരു നല്ല പാഠമാണ്.

ഈ റിപ്പോര്‍ട്ട് മറ്റൊന്നുമല്ല, പക്ഷേ വലിയൊരു നുണയാണ്. വെറുമൊരു നുണയല്ല, എന്നെ അതിശയിപ്പിച്ച സംഗതികള്‍ ഇവയാണ്;

(1) കള്ളമാണെന്ന് തനിക്കുതന്നെ ബോധ്യമുള്ള ഒരുകാര്യം എഴുതാനുള്ള റിപ്പോര്‍ട്ടറുടെ കഴിവ്;
(2) അദ്ദേഹത്തിന്റെ സാങ്കല്‍പ്പികശേഷി;
(3) സിപിഐ എം നേതാക്കളെ കരിതേച്ചു കാണിക്കാന്‍ മാതൃഭൂമിപോലുള്ള ഒരു പത്രം ഇത്രയും തരംതാഴുന്നത്.

തോമസ് ഐസക് മുംബൈയില്‍ വന്നത് രഹസ്യമായി ഏതെങ്കിലും നേതാവിനെ കാണാനല്ല, മറിച്ച് അമേരിക്കയില്‍നിന്നു വന്ന തന്റെ മകള്‍ സാറായെ സ്വീകരിക്കാനാണ്. ജൂലൈ ഒമ്പതിന് രാത്രി വൈകിയാണ് അദ്ദേഹം മുംബൈയില്‍ എത്തിയത്. മുംബൈ വിമാനത്താവള അധികൃതര്‍ അദ്ദേഹത്തെ രാജ്യാന്തര ടെര്‍മിനലിലേക്ക് കടത്തിവിട്ടു, പത്തിനു പുലര്‍ച്ചെ ഒന്നോടെ അദ്ദേഹം അവിടെവച്ച് തന്റെ മകളെ വരവേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് തന്റെ രണ്ടു പെണ്‍മക്കളുമായി ഐസക് ചെമ്പൂരിലെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസി (ടിഐഎസ്എസ്)ലേക്ക് പോയി, അവിടെയാണ് താമസസൌകര്യം ഒരുക്കിയിരുന്നത്. ക്ഷീണിതരായിരുന്ന അവര്‍ ഉടന്‍തന്നെ ഉറങ്ങുകയും ചെയ്തു. രാവിലെ വൈകിയാണ് എഴുന്നേറ്റത്. മുറിയില്‍ത്തന്നെ ഉച്ചഭക്ഷണം കൊണ്ടുവരാന്‍ ഐസക് ഏര്‍പ്പാട് ചെയ്തു. ഉച്ചഭക്ഷണത്തിനുശേഷം, ഈ മാസം സാഗാ പബ്ളിക്കേഷന്‍സ് പ്രസിദ്ധീകരിക്കുന്ന അദ്ദേഹത്തിന്റെ പുസ്തകത്തിനുവേണ്ടി ഐസക് ഞങ്ങളില്‍ ചിലരുമായി ചേര്‍ന്ന് ജോലിയില്‍ മുഴുകി. അത്താഴത്തിനായി തന്റെ നാലു സുഹൃത്തുക്കള്‍ എത്തുന്നതുവരെ അദ്ദേഹം മുറിക്കു പുറത്തുപോയില്ല. അത്താഴത്തിനുശേഷം ഐസക് മുറിയിലേക്ക് പോയി ഉറങ്ങി. ഒരിക്കല്‍പോലും ഐസക് ഗസ്റ്റ്‌ഹൌസിലെ തന്റെ മുറിയുടെ പുറത്തുവന്നിട്ടില്ല. അന്നേദിവസം അദ്ദേഹത്തെ സന്ദര്‍ശിച്ച ഏക വ്യക്തി ടിഐഎസ്എസ് ഡയറക്ടര്‍ ഡോ. പരശുരാമനാണ്.

പകല്‍ രണ്ടോടെ മുംബൈയിലുള്ള ഒരു എഫ്ഇസി(ഫോര്‍ത്ത് എസ്റ്റേറ്റ് ക്രിട്ടിക്ക്) അംഗത്തെ (ഈ ലേഖകനെയല്ല) മാതൃഭൂമിയുടെ മുംബൈ സ്റ്റാഫ് ലേഖകന്‍ എന്‍ ശ്രീജിത് ഫോണില്‍ വിളിച്ചു. തോമസ് ഐസക് മുംബൈയില്‍ എത്തിയിട്ടുണ്ടോ എന്ന് ശ്രീജിത് ചോദിച്ചു. സംശയം മണത്ത എഫ്ഇസി അംഗം 'എന്റെ അറിവില്‍ ഇല്ല' എന്ന മറുപടി നല്‍കി. സംഭാഷണം അവസാനിക്കുകയും ചെയ്തു. പിറ്റേന്ന് ഈ പത്രറിപ്പോര്‍ട്ടാണ് ഞങ്ങള്‍ കണ്ടത്! മകളെ സ്വീകരിക്കാന്‍ വന്ന പിതാവാണ് ഇത്തരത്തില്‍ ചിത്രീകരിക്കപ്പെട്ടത്.

പത്രവാര്‍ത്തയില്‍ പരാമര്‍ശിക്കുന്ന മഹാരാഷ്ട്രക്കാര്‍ (അശോക് ധാവ്ളെ, കുമാര്‍ ശിരാല്‍ക്കാര്‍, കെ എല്‍ ബജാജ്) ഐസക് മുംബൈയില്‍ എത്തിയപ്പോള്‍ ന്യൂഡല്‍ഹിയിലേക്കുള്ള ട്രെയിനിലായിരുന്നു. 'രഹസ്യ കൂടിക്കാഴ്ചയ്ക്കായി' ഈ വ്യക്തികള്‍ മുംബൈയിലുണ്ടോ എന്ന് അന്വേഷിക്കാനുള്ള അടിസ്ഥാനപരമായ സാമാന്യബോധംപോലും മാതൃഭൂമി ലേഖകന്‍ കാട്ടിയില്ല. ഇക്കാര്യം സംബന്ധിച്ച് അശോക് ധാവ്ളെ ഇതിനകം പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്. ഐസക്കിനെ മുംബൈയില്‍ കണ്ടെത്താന്‍ ശ്രമിക്കാനും അത് പരാജയപ്പെട്ടപ്പോള്‍ ഇത്തരമൊരു വലിയ നുണ വാര്‍ത്തയായി പ്രസിദ്ധീകരിക്കാനും മാതൃഭൂമി കാട്ടിയ ധൈര്യം അങ്ങേയറ്റം ലജ്ജാകരമാണ്.

മാന്യതയുള്ള ഏതു പത്രവും പിറ്റേന്ന് ഈ ലേഖകനെ പുറത്താക്കിയേനേ. പക്ഷേ, വന്‍ പ്രാധാന്യത്തോടെ വാര്‍ത്ത പ്രസിദ്ധീകരിച്ച മാതൃഭൂമി അങ്ങനെ ചെയ്തില്ല. പിറ്റേദിവസം ഒരു ഖേദപ്രകടനം നടത്താന്‍പോലും ആ പത്രം തയ്യാറായില്ല, ഏതുവിധത്തിലും അവരുടെ ലക്ഷ്യം നിറവേറ്റുകയും ചെയ്തു (ഹോട്ട് ഡോഗ് പ്രശ്നത്തില്‍ 'ദേശാഭിമാനി' അന്തസ്സോടെ ഖേദം പ്രകടിപ്പിച്ചു). കേശവമേനോനില്‍ ആത്മാഭിമാനം തരിമ്പെങ്കിലും ശേഷിക്കുന്നുണ്ടോ എന്നതാണ് എന്റെ അത്ഭുതം. കേരളത്തിലെ മാധ്യമങ്ങളുടെ അവസ്ഥ എത്ര ലജ്ജാകരമാണ്.

ആര്‍ രാംകുമാര്‍ കടപ്പാട്: ദേശാഭിമാനി 2009 ജൂലൈ 13