Sunday, July 19, 2009

ചേരിചേരാ പ്രസ്ഥാനം ശക്തിപ്പെടുത്തണം

അന്‍പതുകളുടെ അവസാന നാളുകളില്‍ രൂപംകൊള്ളുകയും അറുപതുകളില്‍ ശക്തിപ്പെടുകയുംചെയ്ത ചേരിചേരാ പ്രസ്ഥാനം ഒരുകാലത്ത് ലോകത്തിന്റെ ഗതി നിര്‍ണയിക്കുന്നതില്‍തന്നെ സുപ്രധാന പങ്കാളിത്തമുള്ള ശക്തിയായി ഉയര്‍ന്നതായിരുന്നു. അതിന്റെ സ്ഥാപകനേതാക്കളില്‍ പ്രമുഖസ്ഥാനമുള്ള ഇന്ത്യയുടെ യശസ്സും പ്രാധാന്യവും അങ്ങനെ ഉയര്‍ന്നുനിന്നിരുന്നു. ഇന്ത്യയും ഈജിപ്തും യൂഗോസ്ളാവിയയും ഒത്തുചേര്‍ന്ന് രൂപംനല്‍കിയ കൂട്ടായ്മ അതിന്റെ ഉള്ളടക്കത്തില്‍ സാമ്രാജ്യവിരുദ്ധ സ്വഭാവമുള്ളതുമായിരുന്നു. സോവിയറ്റ് യൂണിയന്റെ ശിഥിലീകരണവും അംഗരാജ്യങ്ങളുടെ നിലപാടുമാറ്റങ്ങളും ചേരിചേരാ പ്രസ്ഥാനത്തെ ക്രമേണ ദുര്‍ബലമാക്കി. വഴിപാടുപോലെയുള്ള കൂടിച്ചേരലുകള്‍ മാത്രമാണ് പിന്നീടുണ്ടായത്.

കഴിഞ്ഞ ദിവസം ഈജിപ്തില്‍ ചേര്‍ന്ന ചേരിചേരാ ഉച്ചകോടിയും അത്തരമൊന്നായി വിശേഷിപ്പിക്കപ്പെട്ടെങ്കിലും അതിന്റെ പ്രഖ്യാപനത്തിലെ ചില വസ്തുതകള്‍ പ്രാധാന്യമുള്ളതാണ്. പതിനെട്ടുപേജ് വരുന്ന പ്രഖ്യാപനത്തിലെ ആദ്യഇനം ആഗോള സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ളതാണ്. തകര്‍ച്ചയുടെ സ്രോതസ്സ് അമേരിക്കയാണെന്ന് ഉറപ്പിച്ചുപറയുന്ന പ്രമേയം, അതിന്റെ പ്രത്യാഘാതങ്ങള്‍ മൂന്നാംലോക രാജ്യങ്ങള്‍ക്കുമേല്‍ കെട്ടിയേല്‍പ്പിക്കാനുള്ള സാമ്രാജ്യത്വ ശ്രമങ്ങളെ നിശിതമായി വിമര്‍ശിക്കുന്നു. അമേരിക്കന്‍സ്വപ്നമായ ഏകധ്രുവ ലോകമല്ല, ബഹുധ്രുവമായ ലോക ക്രമമാണുണ്ടാകേണ്ടതെന്നും അടിവരയിട്ട് പറയുന്നു. നിരായുധീകരണം, കാലാവസ്ഥാ മാറ്റം തുടങ്ങിയ പ്രശ്നങ്ങളിലും അമേരിക്കന്‍ താല്‍പ്പര്യങ്ങളെ തുറന്നുകാട്ടുന്നതാണ് പ്രസ്താവന.

ഉച്ചകോടിക്കിടെ പാകിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിയുമായി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് കൂടിക്കാഴ്ച നടത്തിയിരുന്നു. പാകിസ്ഥാനുമായുള്ള ചര്‍ച്ച തീവ്രവാദത്തിനെതിരെ അവര്‍ സ്വീകരിക്കുന്ന നിലപാടിനെ അടിസ്ഥാനമാക്കിയായിരിക്കുമെന്ന് അതു സംബന്ധിച്ച് പിന്നീട് പാര്‍ലമെന്റില്‍ മന്‍മോഹന്‍സിങ് വിശദീകരിക്കുകയുണ്ടായി. ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനം തടയാന്‍ നടപടിയെടുത്താലേ ഇരുരാജ്യവും തമ്മിലുള്ള അര്‍ഥവത്തായ സംഭാഷണം തുടരാന്‍ കഴിയൂ എന്നാണ് പാകിസ്ഥാനെ അറിയിച്ചതെന്നും പ്രധാനമന്ത്രി വിശദീകരിച്ചു. മുംബൈ ഭീകരാക്രമണം സംബന്ധിച്ച് ഇന്ത്യന്‍ ജനതയ്ക്കുള്ള വികാരം പാകിസ്ഥാനെ അറിയിച്ചു. മുംബൈ ഭീകരാക്രമണത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. മുംബൈ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രിക്ക് ഉറപ്പുനല്‍കി. തീവ്രവാദത്തിനെതിരെ ശക്തമായ നിലപാടെടുക്കണമെന്ന പൊതുവികാരമാണ് പാകിസ്ഥാനിലുള്ളതെന്നും പാക് പ്രധാനമന്ത്രി അറിയിച്ചതായി മന്‍മോഹന്‍സിങ് പറഞ്ഞു.

ഭീകരവാദം മൂന്നാംലോക രാഷ്ട്രങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തുന്നു എന്ന ശരിയായ കണ്ടെത്തലാണ് ചേരിചേരാ ഉച്ചകോടിയുടെ പ്രഖ്യാപനത്തില്‍ വിശദീകരിക്കുന്നത്. ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാകുമെന്ന ശുഭപ്രതീക്ഷ ഉച്ചകോടി പ്രകടിപ്പിച്ചിട്ടുമുണ്ട്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അയല്‍രാജ്യങ്ങളുമായി നിലനില്‍ക്കുന്ന പ്രശ്നങ്ങളടക്കം പരിഹരിക്കാനുള്ള വിശാലവേദിയാണ് ചേരിചേരാ പ്രസ്ഥാനം എന്നാണ് ഇതില്‍നിന്നെല്ലാം വ്യക്തമാകുന്നത്.

അമേരിക്കന്‍ ആധിപത്യമുള്ള അന്താരാഷ്ട്ര വേദികളിലെ ജൂനിയര്‍ പങ്കാളിത്തമല്ല, ബഹുധ്രുവ ലോകത്തിനുവേണ്ടി, രാഷ്ട്രങ്ങളുടെ സ്വാതന്ത്ര്യവും പരമാധികാരവും മാനിച്ചുകൊണ്ട് ലോകത്തിന്റെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്ന ചേരിചേരാ പ്രസ്ഥാനം പോലുള്ള കൂട്ടായ്മകളാണ് ഇന്ത്യക്കും മൂന്നാംലോക രാജ്യങ്ങള്‍ക്കാകെയും കരുത്തുപകരുക എന്ന സന്ദേശം ഇതില്‍ നിറഞ്ഞുനില്‍പ്പുണ്ട്. അതു മനസ്സിലാക്കി, സാമ്രാജ്യാനുകൂല നയങ്ങളും അമേരിക്കന്‍ വിധേയത്വവും തിരുത്താനുള്ള സന്ദര്‍ഭംകൂടിയാണ് ഈജിപ്ത് ഉച്ചകോടി ഇന്ത്യക്കുമുന്നില്‍ തുറന്നിരിക്കുന്നത്. ചേരിചേരാ രാഷ്ട്രങ്ങളുടെ പ്രസക്തി ഒരിക്കല്‍കൂടി കൈപിടിച്ചുയര്‍ത്താന്‍ ഇന്ത്യതന്നെ മുന്‍കൈയെടുക്കേണ്ടതുണ്ട്.

ദേശാഭിമാനി മുഖപ്രസംഗം 20 ജൂലൈ 2009

1 comment:

  1. അമേരിക്കന്‍ ആധിപത്യമുള്ള അന്താരാഷ്ട്ര വേദികളിലെ ജൂനിയര്‍ പങ്കാളിത്തമല്ല, ബഹുധ്രുവ ലോകത്തിനുവേണ്ടി, രാഷ്ട്രങ്ങളുടെ സ്വാതന്ത്ര്യവും പരമാധികാരവും മാനിച്ചുകൊണ്ട് ലോകത്തിന്റെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്ന ചേരിചേരാ പ്രസ്ഥാനം പോലുള്ള കൂട്ടായ്മകളാണ് ഇന്ത്യക്കും മൂന്നാംലോക രാജ്യങ്ങള്‍ക്കാകെയും കരുത്തുപകരുക എന്ന സന്ദേശം ഇതില്‍ നിറഞ്ഞുനില്‍പ്പുണ്ട്. അതു മനസ്സിലാക്കി, സാമ്രാജ്യാനുകൂല നയങ്ങളും അമേരിക്കന്‍ വിധേയത്വവും തിരുത്താനുള്ള സന്ദര്‍ഭംകൂടിയാണ് ഈജിപ്ത് ഉച്ചകോടി ഇന്ത്യക്കുമുന്നില്‍ തുറന്നിരിക്കുന്നത്. ചേരിചേരാ രാഷ്ട്രങ്ങളുടെ പ്രസക്തി ഒരിക്കല്‍കൂടി കൈപിടിച്ചുയര്‍ത്താന്‍ ഇന്ത്യതന്നെ മുന്‍കൈയെടുക്കേണ്ടതുണ്ട്.

    ReplyDelete