Tuesday, January 1, 2013
ബലാത്സംഗക്കേസുകള്‍ വ്യാജമെന്ന് ഹരിയാന ജാതി പഞ്ചായത്ത്
ഹരിയാനയിലെ ഖാപ് പഞ്ചായത്ത് (ജാതി പഞ്ചായത്ത്) സ്ത്രീകളെ അപമാനിച്ച് വീണ്ടും രംഗത്ത്. ബലാത്സംഗ ക്കേസുകളില്‍ ഭൂരിപക്ഷവും കെട്ടിച്ചമച്ചതാണെന്നും ഇത്തരം കേസുകളില്‍ വധശിക്ഷ പാടില്ലെന്നും ഹിസാര്‍ ജില്ലയിലെ ഹാന്‍സിയിലെ ജാതി പഞ്ചായത്ത് അഭിപ്രായപ്പെട്ടു. ഡല്‍ഹി സംഭവത്തെ തുടര്‍ന്ന്, ബലാത്സംഗക്കേസുകളില്‍ കുറ്റവാളികളെന്ന് കണ്ടെത്തുന്നവര്‍ക്ക് വധശിക്ഷ വേണമെന്ന ആവശ്യത്തെ ജാതി പഞ്ചായത്ത് ശക്തമായി എതിര്‍ത്തു. നിയമങ്ങളെല്ലാം ദുരുപയോഗം ചെയ്യുകയാണെന്ന് ജാതി പഞ്ചായത്തുകള്‍ ആരോപിക്കുന്നു. സ്ത്രീധന നിരോധനിയമവും പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കുമെതിരായ അതിക്രമം തടയാനുള്ള നിയമവുമൊക്കെ ദുരുപയോഗം ചെയ്യുകയാണ്. ബലാത്സംഗക്കേസുകളില്‍ കുടുക്കി പ്രതികാരം ചെയ്യാന്‍ ഇടയാക്കുന്നതാണ് വധശിക്ഷയെന്ന നിര്‍ദേശം. ഇതിനെ എന്തുവില കൊടുത്തും ചെറുക്കും-ഹാന്‍സിയിലെ ജാതി നേതാവ് സുബേസിങ് പറഞ്ഞു.
സ്ത്രീകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നും വൈകിട്ട് വീടുകളില്‍നിന്ന് പുറത്തിറങ്ങരുതെന്നും ഉത്തര്‍പ്രദേശിലെ ബാഗ്പതിലെ ജാതി പഞ്ചായത്ത് ഉത്തരവിട്ടിട്ടുണ്ട്. സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ "അരപ്പാവാട" ഉപയോഗിക്കാന്‍ പാടില്ലെന്ന് രാജസ്ഥാനിലെ ബിജെപി എംഎല്‍എ നടത്തിയ പ്രസ്താവനയും ഇതിനിടെ വിവാദമായി. ജാതി പഞ്ചായത്തിന്റെ സ്ത്രീവിരുദ്ധ നിലപാടിനെതിരെ രംഗത്തുവരണമെന്ന് സിപിഐ എം ഹരിയാന സംസ്ഥാന സെക്രട്ടറി ഇന്ദ്രജിത്സിങ് പ്രസ്താവനയില്‍ പറഞ്ഞു. രാജ്യമാകെ ബലാത്സംഗ കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുമ്പോഴാണ് കുറ്റവാളികളെ ന്യായീകരിച്ച് ജാതി പഞ്ചായത്ത് രംഗത്തുവന്നിരിക്കുന്നത്. ഹരിയാനയിലെ കൂട്ട ബലാത്സംഗക്കേസുകള്‍ ദുര്‍ബലമാക്കി ഇല്ലാതാക്കാനുള്ള ശ്രമമാണ് സംസ്ഥാന സര്‍ക്കാര്‍ നടക്കുന്നത്. ഹരിയാനയിലെ കൂട്ട ബലാത്സംഗക്കേസുകളിലെ പ്രതികളെ വെള്ളപൂശാനാണ് ജാതി പഞ്ചായത്തുകള്‍ സ്ത്രീവിരുദ്ധ പ്രസ്താവനയുമായി രംഗത്തുവന്നിരിക്കുന്നതെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ് ജഗ്മതി സാങ്വാന്‍ പറഞ്ഞു. കുറ്റവാളികളെ ന്യായീകരിക്കാന്‍ സ്ത്രീകളെ അപമാനിക്കുകയാണെന്നും ജഗ്മതി പറഞ്ഞു.
(വി ജയിന്‍)
deshabhimani 010113
ബിഎസ്എന്‍എല്‍ ജനപ്രിയ സ്കീമുകള്‍ പിന്‍വലിക്കുന്നു
ലക്ഷക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന ജനപ്രിയ സ്കീമുകള്‍ ബിഎസ്എന്‍എല്‍ പിന്‍വലിക്കുന്നു. സ്വകാര്യ കമ്പനികളെ സഹായിക്കാനാണ് കോള്‍-എസ്എംഎസ് നിരക്കുകളില്‍ ഇളവ് അനുവദിച്ചിരുന്ന ഓഫറുകള്‍ ബിഎസ്എന്‍എല്‍ പിന്‍വലിക്കുന്നതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. തങ്ങള്‍ ആശ്രയിച്ചിരുന്ന സ്കീമുകള്‍ നിര്‍ത്തലാക്കിയതോടെ പലരും ബിഎസ്എന്‍എല്‍ ഉപേക്ഷിച്ച് സ്വകാര്യ മൊബൈല്‍ കണക്ഷനുകളിലേക്ക് നീങ്ങുകയാണ്. സൗജന്യ നിരക്കില്‍ എസ്എംഎസ് അനുവദിച്ചിരുന്ന പ്രത്യേക സ്കീമാണ് ഏറ്റവുമൊടുവില്‍ ബിഎസ്എന്‍എല്‍ പിന്‍വലിച്ചത്.
13, 23, 33, 53 രൂപയുടെ വ്യത്യസ്ത എസ്എംഎസ് ഓഫറുകള്‍ കഴിഞ്ഞദിവസം പിന്‍വലിച്ചു. നിലവില്‍ 12 രൂപയുടെയും 68 രൂപയുടെയും ഓഫറുകള്‍ മാത്രമാണുള്ളത്. രണ്ട് ദിവസത്തേക്ക് 50 എസ്എംഎസും അഞ്ച് രൂപ സംസാരമൂല്യവും ലഭിക്കുന്നതാണ് 12 രൂപയുടെ ഓഫര്‍. 68 രൂപക്ക് റീചാര്‍ജ് ചെയ്താല്‍ ഒരുമാസത്തേക്ക് 10 പൈസ നിരക്കിലും സന്ദേശമയക്കാം. പുതിയ ഓഫറുകള്‍ ആരംഭിക്കുമെന്ന വാഗ്ദാനംനല്‍കിയാണ് നിലവിലുള്ളവ പിന്‍വലിച്ചത്. എന്നാല്‍, സാങ്കേതിക പ്രശ്നങ്ങളുടെ പേരുപറഞ്ഞ് പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുമില്ല. പുതിയ പദ്ധതി നടപ്പാക്കുന്നതുവരെയെങ്കിലും പഴയത് തുടരണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടിട്ടില്ല. ഫലത്തില്‍ ബിഎസ്എന്‍എല്‍ നെറ്റ്വര്‍ക്കിനെ ആശ്രയിക്കുന്നര്‍ക്ക് സന്ദേശം അയക്കണമെങ്കില്‍ ഉയര്‍ന്ന നിരക്ക് നല്‍കണം. 2008-09ല്‍ ബിഎസ്എന്‍എല്‍ അവതരിപ്പിച്ച ജനപ്രിയ പദ്ധതിയായിരുന്നു "സ്റ്റുഡന്റ് സുവിധ". ഏത് നെറ്റ്വര്‍ക്കിലേക്കും 49 പൈസ നിരക്കില്‍ വിളിക്കാനും പ്രതിമാസം 2000 സൗജന്യ സന്ദേശമയക്കാനും ഇതില്‍ സൗകര്യമുണ്ടായിരുന്നു. വിദ്യാര്‍ഥികളെ ഉദ്ദേശിച്ച് ആരംഭിച്ച ഈ പദ്ധതിക്ക് നല്ല പ്രതികരണമാണ് ലഭിച്ചത്. എന്നാല്‍ ഏതാനും മാസം മുമ്പ് സ്റ്റുഡന്റ് സുവിധ, ന്യു സ്റ്റുഡന്റ് സുവിധ പ്ലാനുകള്‍ സ്പെഷ്യല്‍ സ്റ്റുഡന്റ് ന്യൂ എന്ന പദ്ധതിയുമായി യോജിപ്പിച്ചു. ഇതോടെ മറ്റ് നെറ്റ്വര്‍ക്കുകളിലേക്കുള്ള കോള്‍ചാര്‍ജ് വര്‍ധിച്ചു. സൗജന്യ എസ്എംഎസും നിലച്ചു. സ്ത്രീകളെ ഉദ്ദേശിച്ച് തുടങ്ങിയ വിമന്‍സ് പവര്‍ പ്ലാന്‍ പിന്നീട് ഓള്‍ 49 പൈസ പ്ലാനിലേക്ക് മാറ്റി. ഇതും ഇപ്പോള്‍ നിലവിലില്ല. ലാന്‍ഡ് ഫോണ്‍ നമ്പറിനോട് ചേര്‍ത്ത് നല്‍കിയിരുന്ന പ്യാരിജോഡി സിം കണക്ഷന് ആവശ്യക്കാര്‍ ഏറെയായിരുന്നു. ലാന്‍ഡ് ഫോണ്‍ ഉപഭോക്താക്കളെ പിടിച്ചുനിര്‍ത്താന്‍ ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിച്ചത്. മൊബൈല്‍ നമ്പറില്‍നിന്ന് ബന്ധപ്പെട്ട ലാന്‍ഡ് നമ്പറിലേക്ക് പരിധിയില്ലാതെ വിളിക്കാമെന്നതായിരുന്നു ഇതിന്റെ പ്രത്യേകത. എന്നാല്‍, മൂന്നുമാസം കൂടുമ്പോള്‍ റീചാര്‍ജ് ചെയ്യണമെന്ന നിബന്ധന വച്ചതോടെ പലരും പ്ലാന്‍ ഉപേക്ഷിച്ചു. രാജ്യത്ത് നമ്പര്‍ പോര്‍ട്ടബിലിറ്റി സംവിധാനത്തിന്റെ ഗുണഫലം കൂടുതല്‍ അനുഭവിച്ചതും ബിഎസ്എന്‍എല്‍ ആയിരുന്നു. 2010ല്‍ ഈ സംവിധാനം നിലവില്‍ വന്നതോടെ പലരും സ്വകാര്യകമ്പനികളെ ഉപേക്ഷിച്ച് ബിഎസ്എന്‍എല്ലിലേക്ക് കൂടുമാറി. കേരളത്തില്‍ 5,69,287 ഉപഭോക്താക്കളാണ് ഇത്തരത്തില്‍ ബിഎസ്എന്‍എല്‍ വരിക്കാരായത്്. മികച്ച ഓഫറുകള്‍ പിന്‍വലിക്കാന്‍ ആരംഭിച്ചതോടെ ഇവരും സ്വകാര്യകമ്പനികളെ ആശ്രയിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
(സുജിത് ബേബി)
deshabhimani 010113
"ആ കുട്ടിക്കും ഞങ്ങളുടെ മകളുടെ ഗതിയായേനെ"
ഡല്‍ഹിയില്‍ പെണ്‍കുട്ടിയെ മാനഭംഗത്തിന് ഇരയാക്കിയവര്‍ വമ്പന്‍മാരായിരുന്നെങ്കില്‍ ആ കേസും അട്ടിമറിക്കപ്പെട്ടേനെയെന്ന് സൂര്യനെല്ലി കേസിലെ പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും. സൂര്യനെല്ലി കേസില്‍ സംഭവിച്ചത് അതാണ്. "സംഭവം നടന്ന് പതിനേഴ് വര്‍ഷമായിട്ടും ഞങ്ങള്‍ക്ക് നീതി ലഭിച്ചില്ല. ഡല്‍ഹിയില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടി ജീവിച്ചിരുന്നെങ്കില്‍ അവളും അധികാരികളാല്‍ വീണ്ടും അപമാനിതയായേനെ. ഞങ്ങളുടെ മകളുടെ ഗതി ആ കുട്ടിക്കും സംഭവിച്ചേനെ"- സൂര്യനെല്ലി കേസില്‍ നീതി നിഷേധിക്കപ്പെട്ട പെണ്‍കുട്ടികിയുടെ അച്ഛനും അമ്മയും സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ "ദേശാഭിമാനി"യോട് പറഞ്ഞു.
അസാധാരണമായ പലതുമാണ് സൂര്യനെല്ലി കേസിനെ തുടര്‍ന്ന് തങ്ങള്‍ക്ക് ജീവിതത്തില്‍ നേരിടേണ്ടി വന്നത്. ഒരിടത്തുനിന്നും ഞങ്ങള്‍ക്ക് നീതി ലഭിച്ചില്ല. പകരം കള്ളക്കേസും മാനസികപീഡനവും മാത്രമായിരുന്നു- പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. പീഡനം ഇപ്പോഴും തുടരുകയാണ്. രണ്ടുവര്‍ഷം മുന്‍പാണ് ഓഫീസിലെ മോഷണക്കുറ്റം ആരോപിച്ച് കുട്ടിയെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം നടന്നത്. അന്ന് പൊതുജനമധ്യത്തില്‍ നടുറോഡില്‍നിന്ന് മകളെ അറസ്റ്റ് ചെയ്തുകൊണ്ടുപോയി. ഏഴു ദിവസം ജയിലിലടച്ചു. രണ്ടുപ്രാവശ്യം ജാമ്യം നിഷേധിച്ചു. ഒമ്പതുമാസം ജോലിയില്ലാതെ പുറത്തുനിന്ന ശേഷമാണ് സസ്പെന്‍ഷന്‍ പിന്‍വലിച്ചത്. അതും ഏറെ പ്രതിഷേധം ഉയര്‍ന്നശേഷം. തിരികെ ജോലിയില്‍ കയറിയിട്ട് അധികനാളായിട്ടില്ല. ഉടനെ അവര്‍ അടുത്ത കള്ളക്കേസ് കുത്തിപ്പൊക്കും. ഇതാണ് അവസ്ഥ. സ്വസ്ഥമായി ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കില്ല. പീഡനക്കേസിനെ ദുര്‍ബലപ്പെടുത്താനായിരുന്നു മകളെ കള്ളക്കേസില്‍ കുടുക്കിയത്. കേസ് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരുംമുന്‍പ് കുട്ടിയെ കള്ളക്കേസില്‍ കുടുക്കേണ്ടത് ചിലരുടെ ആവശ്യമായിരുന്നുവെന്ന് അച്ഛന്‍ പറഞ്ഞു. സിസ്റ്റര്‍ അഭയയുമായി തങ്ങളുടെ മകള്‍ക്ക് ബന്ധമുണ്ടായിരുന്നുവെന്ന് വരുത്തിത്തീര്‍ക്കാന്‍ സിബിഐ ഉദ്യോഗസ്ഥര്‍ ശ്രമിച്ചു. രണ്ടുപ്രാവശ്യമാണ് ഇക്കാര്യവുമായി ബന്ധപ്പെട്ട് സിബിഐ ചോദ്യംചെയ്തത്. ചോദ്യംചെയ്യലിന്റെ പേരില്‍ രാത്രിയില്‍ പോലും മാനസികപീഡനമായിരുന്നു. "സിസ്റ്റര്‍ അഭയയുടെ മരണവുമായി ഞങ്ങള്‍ക്ക് എന്തു ബന്ധമാണുള്ളത്. ആ സംഭവം നടക്കുമ്പോള്‍ ഞങ്ങളുടെ മകള്‍ക്ക് 11 വയസ്സാണ്"- അമ്മ പറഞ്ഞു. സുപ്രീംകോടതി വരെയെത്തിയ കേസിന്റെ നിലവിലെ അവസ്ഥ എന്താണെന്നറിയില്ല. കേസ് നീളുന്തോറും ദുര്‍ബലമാവുകയാണ്. എത്രയും വേഗം കേസ് തീര്‍പ്പാക്കണമെന്ന ആഗ്രഹമാണ് മനസ്സിലുള്ളത്. ഞങ്ങള്‍ മരിക്കുന്നതിന് മുന്‍പ് അതിനു കഴിയണം. അങ്ങനെയെങ്കില്‍ നീതിപീഠത്തോട് ഞങ്ങള്‍ക്ക് നന്ദിയുണ്ടാവും.- അവര്‍ പറഞ്ഞു.
deshabhimani 010113
ഭൂസമരത്തിന് തുടക്കമായി
അവകാശപ്പോരാട്ടങ്ങളുടെ പാതയില്‍ പുതിയ സമരചരിത്രമെഴുതി ഭൂസംരക്ഷണ പ്രക്ഷോഭത്തിന് തുടക്കമായി. ഒരു ലക്ഷത്തോളം സമരവളണ്ടിയര്‍മാര്‍ പങ്കെടുക്കുന്നു. എല്ലാ ഭൂരഹിതര്‍ക്കും ഭൂമി വിതരണംചെയ്യുക, ഭൂപരിഷ്കരണ നിയമം അട്ടിമറിക്കാനുള്ള നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. കുത്തകകള്‍ അനധികൃതമായി കൈവശംവച്ചിരിക്കുന്ന പതിനായിരക്കണക്കിന് ഏക്കറില്‍ ജനങ്ങള്‍ ചെങ്കൊടി നാട്ടി. സമരത്തെ ശക്തമായി നേരിടുമെന്ന സര്‍ക്കാര്‍ ഭീഷണി വകവയ്ക്കാതെയാണ് നേതാക്കളും വളന്റിയര്‍മാരും സമരകേന്ദ്രങ്ങളിലെത്തിയത്.
സംസ്ഥാനത്തെ 14 ജില്ലയിലും തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലാണ് ഒരു ലക്ഷം വളന്റിയര്‍മാര്‍ സമരഭൂമിയില്‍ പ്രവേശിച്ചത്. ആദ്യ ദിവസം 250 പേര്‍ വീതവും തുടര്‍ന്നുള്ള ഓരോ ദിവസവും നൂറുപേര്‍വീതം സമരഭൂമിയിലേക്കെത്തും. രണ്ടാംഘട്ടമായി ജനുവരി പത്തിനുശേഷം സംസ്ഥാനത്തെ 200 ഏരിയ കേന്ദ്രത്തിലും ഭൂരഹിതരായ ആയിരങ്ങള്‍ ഭൂമിയില്‍ പ്രവേശിച്ച് കുടില്‍കെട്ടി താമസം ആരംഭിക്കും. ആയിരക്കണക്കിനു സമരാനുഭാവികളും ഓരോ കേന്ദ്രത്തിലും സമരഭടന്മാര്‍ക്കൊപ്പമുണ്ടാകും.
തൃശൂര്‍ വടക്കേക്കളം എസ്റ്റേറ്റില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്തു. കെ രാധാകൃഷ്ണന്‍ എംഎല്‍എ നേതൃത്വം നല്‍കി. എറണാകുളത്ത് കടമക്കുടി ചെരിയന്തുരുത്തിലെ 152 ഏക്കര്‍ പൊക്കാളി പാടശേഖരത്തില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സമരം ഉദ്ഘാടനംചെയ്തു. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ നേതൃത്വം നല്‍കി. കാസര്‍കോട് കരിന്തളത്ത് കേന്ദ്ര കമ്മിറ്റി അംഗം പി കരുണാകരന്‍ ഉദ്ഘാടനംചെയ്തു. കെ കണ്ണന്‍നായരും സി എച്ച് കുഞ്ഞമ്പുവും നേതൃത്വം നല്‍കി.
കണ്ണൂര്‍ പരിയാരത്ത് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എളമരം കരീം ഉദ്ഘാടനംചെയ്തു. എം പ്രകാശന്‍ നേതൃത്വം നല്‍കി. വയനാട്ടില്‍ ഹാരിസണ്‍ പ്ലാന്റേഷനില്‍ കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ ഉദ്ഘാടനം ചെയ്തു. പി കൃഷ്ണപ്രസാദ് നേതൃത്വം നല്‍കി. കോഴിക്കോട് ഉള്ള്യേരി അഞ്ജനോര്‍മലയില്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി വി ദക്ഷിണാമൂര്‍ത്തി ഉദ്ഘാടനം ചെയ്തു. കെ ബാബു, കെ പി കുഞ്ഞമ്മദ് കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി. മലപ്പുറം പാലേങ്ങാട്ട് കേന്ദ്ര കമ്മിറ്റി അംഗം പാലോളി മുഹമ്മദ് കുട്ടി ഉദ്ഘാടനംചെയ്തു. വേലായുധന്‍ വള്ളിക്കുന്ന് നേതൃത്വം നല്‍കി. പാലക്കാട് കരിപ്പോട്ട് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എ കെ ബാലന്‍ ഉദ്ഘാടനംചെയ്തു. പി കെ സുധാകരന്‍ നേതൃത്വം നല്‍കി. ഇടുക്കി ചിന്നക്കനാല്‍ റവന്യൂ ഭൂമിയില്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ബേബിജോണ്‍ ഉദ്ഘാടനം ചെയ്തു. പി എന്‍ വിജയനും സി വി വര്‍ഗീസും നേതൃത്വം നല്‍കി.
കോട്ടയം മെത്രാന്‍ കായലില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ഉദ്ഘാടനംചെയ്തു. പി എന്‍ പ്രഭാകരന്‍ നേതൃത്വം നല്‍കി. ആലപ്പുഴ കൈനകരി തെക്ക് പൂപ്പള്ളി മിച്ചഭൂമിയില്‍ കേന്ദ്ര കമ്മിറ്റി അംഗം എം സി ജോസഫൈന്‍ ഉദ്ഘാടനം ചെയ്തു. എന്‍ സോമന്‍ നേതൃത്വം നല്‍കി. പത്തനംതിട്ടയില്‍ ആറന്മുള വിമാനത്താവള ഭൂമിയിലേക്കാണ് സമരം. കേന്ദ്ര കമ്മിറ്റി അംഗം ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. എ പത്മകുമാറും കെ ഗോപിയും നേതൃത്വം നല്‍കി. കൊല്ലം കുളത്തൂപ്പുഴയില്‍ കേന്ദ്ര കമ്മിറ്റി അംഗം പി കെ ഗുരുദാസന്‍ ഉദ്ഘാടനംചെയ്തു. ബി രാഘവന്‍ നേതൃത്വം നല്‍കി. തിരുവനന്തപുരത്ത് മടവൂര്‍ തുമ്പോട്ട് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനംചെയ്തു. എം വിജയകുമാര്‍ സമരത്തിന് നേതൃത്വം നല്‍കി.
മിച്ചഭൂമി വിതരണം ചെയ്തില്ലെങ്കില്‍ കയ്യേറും: പിണറായി വിജയന്‍
തൃശൂര്‍: ഭൂമാഫിയക്കുവേണ്ടി യുഡിഎഫ് സര്‍ക്കാര്‍ ഭൂപരിഷ്കരണം അട്ടിമറിക്കുകയാണെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിലെ മിച്ചഭൂമിയും നെല്‍വയലുകളും തട്ടിയെടുക്കാന്‍ സര്‍ക്കാര്‍ ഭൂമാഫിയക്ക് ഒത്താശ ചെയ്യുകയാണ്. മിച്ചഭൂമി മിച്ചഭൂമിയല്ലാതാക്കാനുള്ള ശ്രമം യുഡിഎഫ് സര്‍ക്കാര്‍ തുടര്‍ന്നാല്‍ കയ്യേറി അവകാശം സ്ഥാപിക്കുമെന്നും പിണറായി ഓര്‍മ്മിപ്പിച്ചു. തൃശൂരില്‍ വടക്കേക്കളം എസ്റ്റേറ്റില്‍ ഭൂസമരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഭൂമാഫിയക്കാര്‍ തട്ടിയെടുത്ത മിച്ചഭൂമിയും റവന്യൂഭൂമിയും സമരഭടന്‍മാര്‍ ചൂണ്ടിക്കാട്ടും. ഇവ വിതരണം ചെയ്യാനാവശ്യമായ നടപടിയെടുക്കാത്തപക്ഷം കൈയ്യേറി കുടില്‍കെട്ടി അവകാശം സ്ഥാപിക്കും. തോട്ടമല്ലാത്ത ഭൂമിയും പാട്ടക്കാലാവധി കഴിഞ്ഞ ഭൂമിയും ധാരാളമുണ്ട്. കേരളത്തില്‍ നിലവില്‍ വന്ന കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഭൂപരിഷ്കരണനിയമം അട്ടിമറിക്കാനുള്ള ശ്രമമാണ് നടത്തിയത്. അതു കൊണ്ടാണ് അര്‍ഹതപ്പെട്ടവര്‍ക്ക് ഭൂമി ലഭിക്കാത്തത്. ഇപ്പോഴത്തെ യുഡിഎഫ് സര്‍ക്കാരും അതാണ് ചെയ്യുന്നത്. കൈവശമുള്ള മിച്ചഭൂമി സംരക്ഷിക്കാന്‍ കശുമാവ് നടാന്‍ നിര്‍ദേശം കൊടുത്തത് ഈ സര്‍ക്കാരാണ്.
ജനങ്ങളോട് ഒന്നു പറയുകയും മറ്റൊന്ന് ചെയ്യുകയുമാണ് കാലാകാലം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെയ്തത്. ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രവും ഭരിച്ചിട്ടും സ്വന്തം മുദ്രാവാക്യമായ ഭൂപരിഷ്കരണം നടപ്പാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഇത് യാദൃശ്ചികമല്ല ബോധപൂര്‍വ്വമാണ്. കേരളത്തില്‍ ആദ്യം അധികാരത്തിലെത്തിയ ഇഎംഎസ് സര്‍ക്കാര്‍ ആദ്യം ചെയ്തത് ഭൂപരിഷ്കരണം നടപ്പിലാക്കുകയായിരുന്നു. ഭൂപരിഷ്കരണനിയമം നിയമസഭ അംഗീകരിച്ച് രാഷ്ട്രപതിക്കയച്ചുവെങ്കിലും അംഗീകാരം നല്‍കിയില്ല. അത് നടപ്പാക്കാന്‍ പാടില്ലെന്ന ശാഠ്യമായിരുന്നു കോണ്‍ഗ്രസിന്്. 1959 ല്‍ ജനാധിപത്യവിരുദ്ധമായി സര്‍ക്കാരിനെ പിരിച്ചുവിട്ടു. പിന്നീട് 1967 ല്‍ അധികാരത്തില്‍ വന്ന സര്‍ക്കാരാണ് പിന്നീട് ഭൂപരിഷ്കരണനിയമത്തിന്റെ തുടര്‍ച്ചയായ കാര്യങ്ങള്‍ നടത്തിയത്. പിണറായി പറഞ്ഞു. സ്വന്തം ഭൂമിയെന്ന അഭിമാനം പാവപ്പെട്ടവര്‍ക്ക് നല്‍കിയത് കമ്യൂണിസ്റ്റ് സര്‍ക്കാരുകളാണ്. അക്കാര്യം ഇന്ന് കേരളത്തിലെ ചില സംഘടനകള്‍ മനസിലാക്കുന്നില്ല. പട്ടികവിഭാഗക്കാര്‍ക്ക് 10 സെന്റു മാത്രം കൊടുത്തുവെന്നാണ് അവര്‍ പറയുന്നത്.പട്ടിക വിഭാഗക്കാര്‍ക്ക് ഭൂമി നല്‍കുന്നതിന് തടസ്സം നിന്ന കോണ്‍ഗ്രസിനെതിരെ ഇവര്‍ ഒരക്ഷരം പറയുന്നില്ല. ഇക്കാര്യത്തിലും കമ്യൂണിസ്റ്റ് വിരുദ്ധതത പ്രചരിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ച വച്ചത്. രണ്ടേകാല്‍ ലക്ഷം പേര്‍ക്ക് പട്ടയം നല്‍കി റിക്കാര്‍ഡിട്ടു. യുഡിഎഫിനുവേണ്ടി പ്രവര്‍ത്തിച്ച സികെ ജാനുവിന് ഭൂമി നല്‍കിയത് എല്‍ഡിഎഫാണ്-അദ്ദേഹം പറഞ്ഞു.
ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന ഭൂസമരത്തെ അടിച്ചമര്‍ത്താമെന്ന് ആരും കരുതേണ്ടെന്ന് എറണാകുളം കടമക്കുടിയില്‍ സമരം ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഭൂസമരത്തിലൂടെ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങളെ റവന്യൂ മന്ത്രി അധിക്ഷേപിക്കുകയാണ്. പാര്‍ട്ടി ആഹ്വാനം ചെയ്തതിലും കൂടുതല്‍ ആളുകള്‍ സമരഭൂമിയിലേക്ക് എത്തുന്നുണ്ട്. കപില്‍ ദേവും കൂട്ടരും ആരംഭിക്കാനിരിക്കുന്ന മെഡിസിറ്റി കേരളത്തില്‍ നിന്നും മുംബൈയിലേക്കോ ഗുജറാത്തിലേക്കോ കൊണ്ടുപോകുന്നതാകും നല്ലത്. സമരവളണ്ടിയര്‍മാര്‍ ചൂണ്ടിക്കാണിക്കുന്ന മിച്ചഭൂമി ഏറ്റെടുക്കാനും ഭൂരഹിതകര്‍ക്ക് വിതരണം ചെയ്യാനും ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാര്‍ തയ്യാറാകണമെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.
deshabhimani
പുതുവര്‍ഷം പുലരുമ്പോള്‍
ദേശാഭിമാനി എല്ലാവര്‍ക്കും സന്തോഷകരമായ പുതുവത്സരം ആശംസിക്കുന്നു. 2012 ശുഭപര്യവസായിയല്ല. ലോകം രൂക്ഷമായ സാമ്പത്തികക്കുഴപ്പത്തിന്റെ പിടിയില്‍ത്തന്നെയാണ്. അമേരിക്ക നേതൃത്വം നല്‍കുന്ന സാമ്രാജ്യത്വം പ്രതിസന്ധിയുടെ ഭാരം വികസ്വര രാജ്യങ്ങളുടെമേല്‍ കെട്ടിവയ്ക്കാന്‍ തുടര്‍ച്ചയായി ശ്രമിക്കുന്നു; സൈനിക ഇടപെടലിലൂടെ പശ്ചിമേഷ്യയിലും മറ്റും അസ്വസ്ഥത പരത്തുന്നു. ജനജീവിതം താറുമാറാക്കുന്ന നവലിബറല്‍ ക്രമത്തിനെതിരെ ലോകമാകെ പ്രതിഷേധം വളരുകയാണ്. വര്‍ധിച്ചുവരുന്ന അസമത്വങ്ങളിലും രൂക്ഷതരമാകുന്ന തൊഴിലില്ലായ്മയിലും മുന്‍നിര മുതലാളിത്ത രാജ്യങ്ങളുടെ മുഖം വിവരണാതീതമായി വികൃതമാണ്. അവിടങ്ങളില്‍ ഉപജീവനമാര്‍ഗത്തിനും സാമൂഹ്യക്ഷേമ ആനുകൂല്യങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ക്കെതിരെ ജനത കൂട്ടംകൂട്ടമായി രംഗത്തുവന്നു. മുതലാളിത്തത്തിന്റെ ആസ്ഥാനമെന്നറിയപ്പെടുന്ന വിശുദ്ധസ്ഥലികള്‍ ജനകീയപ്രതിഷേധത്തിന്റെയും രോഷത്തിന്റെയും താപത്താല്‍ ജ്വലിക്കുന്നു. ലാറ്റിനമേരിക്ക സാമ്രാജ്യത്വത്തിന്റെ നവലിബറല്‍ നയങ്ങള്‍ക്ക് ബദലൊരുക്കി വിജയകരമായി മുന്നേറുന്നു. വെനസ്വേലയിലെ ഹ്യൂഗോ ഷാവേസ് വിജയവും ഫ്രാന്‍സില്‍ രണ്ട് പതിറ്റാണ്ടിനുശേഷം വീണ്ടുമൊരു സോഷ്യലിസ്റ്റ് പ്രസിഡന്റ് അധികാരത്തിലെത്തിയതും ഇറാനിലും സിറിയയിലും നടക്കുന്ന അസാധാരണ ചെറുത്തുനില്‍പ്പുകളും ഈജിപ്തില്‍ ജനാധിപത്യത്തിനായുള്ള ജനമുന്നേറ്റങ്ങളും കൊഴിഞ്ഞുപോകുന്ന വര്‍ഷത്തിന്റെ ശേഷിപ്പുകള്‍ മാത്രമല്ല, പുതുവര്‍ഷത്തിന്റെ സൂചനകളുമാണ്. ജനങ്ങള്‍ക്കിടയിലെ അസമത്വം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏറ്റവും മോശമായ സ്ഥിതിവിവരക്കണക്കുകളാണ് പുറത്തുവിടുന്നത് എന്ന അശുഭസൂചനയാണ് വര്‍ഷാന്ത്യത്തിന്റെ നീക്കിയിരിപ്പ് എന്ന് പറയാമെങ്കിലും അതിനെതിരായ പോരാട്ടത്തിന്റെ കാഹളമാണ് രണ്ടായിരത്തിപ്പതിമൂന്നിന് സ്വാഗതമായി മുഴങ്ങിക്കേള്‍ക്കുന്നതെന്നര്‍ഥം.
ഇന്ത്യയില്‍ പുതുവര്‍ഷമെത്തുന്നത്, ഒരു പാവം പെണ്‍കുട്ടിയുടെ ദുരന്തത്തിന്റെ കണ്ണീരിലും ആ കുട്ടിയെ പിച്ചിച്ചീന്തിയ കരാളതയോടുള്ള ഒടുങ്ങാത്ത രോഷത്തിലും പുതഞ്ഞ് നിറംകെട്ട അന്തരീക്ഷത്തിലാണ്. സ്ത്രീകള്‍ക്ക് സുരക്ഷയില്ല, പാചകവാതകമില്ല, മണ്ണെണ്ണയില്ല, വൈദ്യുതിയില്ല, വിറകില്ല, ജീവിക്കാന്‍ തൊഴിലില്ല, കിട്ടുന്ന വരുമാനംകൊണ്ട് ഭക്ഷണത്തിന് തികയുന്നില്ല. അവശ്യസാധന വിലക്കയറ്റവും ഉന്നതതല അഴിമതിയുടെ അമ്പരപ്പിക്കുന്ന കാഴ്ചയും ഒരുവശത്ത്. അതോടൊപ്പം ചൂഷണവും ഇല്ലായ്മയുംമൂലം ദുരിതക്കയങ്ങളില്‍പ്പെട്ട തൊഴിലാളിവര്‍ഗത്തിന്റെയും കര്‍ഷകരുടെയും മറ്റധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും ജീവിതം ഇന്ത്യാ മഹാരാജ്യത്തിന്റെ ലജ്ജാകരമായ അവസ്ഥയുടെ സൂചകമായിരിക്കുന്നു. അമേരിക്കന്‍ സാമ്രാജ്യത്വത്തിനും കോര്‍പറേറ്റുകള്‍ക്കും വഴങ്ങി രാജ്യത്തെയും ജനങ്ങളെയും പണയപ്പെടുത്തുകയാണ് യുപിഎ സര്‍ക്കാര്‍. ചില്ലറ വ്യാപാരമേഖലയുടെ വിദേശകോര്‍പറേറ്റ് വല്‍ക്കരണവും ബാങ്കിങ് നിയമ ഭേദഗതിയും ഏറ്റവുമൊടുവിലത്തെ ഉദാഹരണങ്ങള്‍മാത്രം.
സാമൂഹ്യ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി ഒന്നും ചെയ്യാന്‍ സര്‍ക്കാര്‍ ഒരുക്കമല്ല. വിലക്കയറ്റം റെക്കോഡിലെത്തുമ്പോഴും റേഷന്‍ സബ്സിഡി പണമായി നല്‍കാന്‍ തീരുമാനിച്ച് ഫലത്തില്‍ സബ്സിഡി വെട്ടിക്കുറയ്ക്കുന്നു. ഭക്ഷ്യവസ്തുക്കള്‍ക്കു പകരം പണം നല്‍കി പോഷകാഹാരക്കുറവിനും പട്ടിണിക്കും വളമിടുന്നു. ഭക്ഷണം, ഭൂമി, പാര്‍പ്പിടം, തൊഴില്‍, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളില്‍ ബദല്‍ നയങ്ങളുണ്ടായില്ലെങ്കില്‍ രാജ്യം കൊടിയ ദുരന്തത്തിലേക്ക് പോകുമെന്ന് ഉറപ്പാക്കുന്നതാണ് നിലവിലെ യാഥാര്‍ഥ്യങ്ങള്‍. എന്നിട്ടും ആഗോളവല്‍ക്കരണ നയങ്ങള്‍ക്ക് സ്തുതിപാടുകയാണ് യുപിഎ സര്‍ക്കാര്‍.
ഡല്‍ഹിയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സംസ്കാരച്ചടങ്ങുകള്‍ക്ക് ആരെയുമറിയിക്കാതെ ഒളിച്ചുചെല്ലേണ്ടിവന്നതാണ് രാജ്യം ഭരിക്കുന്നവരുടെ അവസ്ഥയെങ്കില്‍, ജനങ്ങള്‍ക്കുമുന്നില്‍ തല ഉയര്‍ത്തി നില്‍ക്കാനാവാത്തതാണ് കേരളത്തിലെ യുഡിഎഫ് ഭരണാധികാരികളുടെ നില. സര്‍വതലങ്ങളിലും മാഫിയാവല്‍ക്കരണം അതിദ്രുതം നടക്കുന്നു. കേരളത്തിന്റെ പുരോഗതിക്ക് അടിസ്ഥാനശിലയായ ഭൂപരിഷ്കരണം അട്ടിമറിക്കാനുള്ള യുഡിഎഫ് തീരുമാനം കടുത്ത ജനകീയ പ്രക്ഷോഭത്തിന് വളമിട്ടിരിക്കുന്നു. കര്‍ഷകരും കര്‍ഷക തൊഴിലാളികളും ആദിവാസികളും പട്ടികജാതി ജനവിഭാഗങ്ങളും ചേര്‍ന്ന് വിതരണം ചെയ്യപ്പെടാത്ത മിച്ചഭൂമി ചൂണ്ടിക്കാണിച്ച് സമരരംഗത്തിറങ്ങുന്നതോടെയാണ് കേരളത്തില്‍ പുതുവര്‍ഷം പുലരുന്നത്. ഭൂരഹിതരായ മൂന്നുലക്ഷത്തോളം കുടുംബങ്ങള്‍ക്ക് കിടപ്പാടം നല്‍കാനുള്ള ഭൂമി വന്‍കിടക്കാര്‍ക്ക് അനധികൃതമായി കൈവശം വയ്ക്കാനുള്ള അവസരമാണ് ഭൂപരിഷ്കരണ നിയമത്തെ അട്ടിമറിച്ച് യുഡിഎഫ് സര്‍ക്കാര്‍ നല്‍കുന്നത്. കശുമാവ് പ്ലാന്റേഷനെ ഭൂപരിധിയില്‍ നിന്നൊഴിവാക്കിയും തോട്ടങ്ങളുടെ അഞ്ചു ശതമാനം ഭൂമി ടൂറിസം പദ്ധതികള്‍ക്കുപയോഗിക്കാന്‍ അനുമതി നല്‍കിയും മറ്റും മിച്ചഭൂമി അപ്പാടെ ഇല്ലാതാക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിനെതിരെയാണ് സിപിഐ എം നേതൃത്വത്തില്‍ ഭൂസമരം ആരംഭിക്കുന്നത്.
ക്ഷേമപദ്ധതികള്‍ അട്ടിമറിച്ചും പ്രകൃതിയെ കൊള്ളയടിച്ചും പൊതുവിതരണ സമ്പ്രദായത്തെ മുക്കിക്കൊന്നും ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളിലെ നേട്ടങ്ങള്‍ തകര്‍ത്തും കേന്ദ്ര യുപിഎ ഭരണത്തിന്റെ വഴിയിലൂടെ യുഡിഎഫ് സര്‍ക്കാര്‍ മുന്നേറുമ്പോള്‍, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആ മുന്നണിയെ പിന്തുണച്ച ജനവിഭാഗങ്ങളിലുള്‍പ്പെടെ അസ്വസ്ഥതയും വെറുപ്പുമാണ് പടര്‍ന്നുപിടിക്കുന്നത്. കുടംബശ്രീ എന്ന മാതൃകാ മുന്നേറ്റത്തെ തകര്‍ക്കാന്‍ ജനശ്രീ എന്ന തട്ടിപ്പുകമ്പനിക്കുവേണ്ടി ഖജനാവ് തുറന്നിട്ട യുഡിഎഫിന്റെ മനസ്സ്, സ്ത്രീകളോട് പരാക്രമം കാണിക്കുന്നതുതന്നെ. അതിനെതിരായ വനിതകളുടെ രോഷമാണ് സെക്രട്ടറിയറ്റിനുമുന്നില്‍ എട്ടു രാപ്പകല്‍ അലയടിച്ചത്. ജനങ്ങള്‍ എത്രമാത്രം സര്‍ക്കാരിനെ വെറുക്കുന്നു എന്നതിന്റെ സൂചനയാണത്. മാധ്യമങ്ങളെ ദുരുപയോഗിച്ചും ഭരണകൂടത്തിന്റെ മര്‍ദന സാധ്യതകളെയാകെ സമാഹരിച്ചുപയോഗിച്ച് പ്രതിപക്ഷത്തെ അടിച്ചൊതുക്കിയും ദുര്‍മുഖം മറച്ചുവയ്ക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ് സര്‍ക്കാര്‍ ഇന്ന്്. സിപിഐ എമ്മിന്റെ സമുന്നത നേതാക്കളെപ്പോലും പരിഹാസ്യ ന്യായങ്ങളുയര്‍ത്തി തുറുങ്കിലടയ്ക്കാനുണ്ടായ പ്രചോദനം അതുതന്നെ.
അഴിമതി കണ്ടുമടുത്ത ജനങ്ങള്‍, ഡല്‍ഹിയില്‍ കൂട്ടത്തോടെ തെരുവിലിറങ്ങാന്‍ അണ്ണ ഹസാരെയോ ബാബാ രാംദേവോ ഒരു തീപ്പൊരി തെറിപ്പിച്ചാല്‍ മതിയായിരുന്നു എന്നത് രാജ്യം കണ്ടറിഞ്ഞ യാഥാര്‍ഥ്യം. അത്തരം ഒരു തീപ്പൊരിയുമില്ലാതെയാണ് ലക്ഷക്കണക്കിന് യുവജനങ്ങള്‍ ഡല്‍ഹി പെണ്‍കുട്ടിയുടെ ദുരന്തത്തെ മുന്‍നിര്‍ത്തി, സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനായി തെരുവിലിറങ്ങിയത്. ഭരണാധികാരികളുടെ ജനവിരുദ്ധതയെ തളയ്ക്കാനുള്ള മനസ്സും കരുത്തും ഇന്ത്യന്‍ ജനതയ്ക്കുണ്ട് എന്നാണ് ആ സംഭവം തെളിയിച്ചത്. തീര്‍ച്ചയായും തീമഴയായി പെയ്യുന്ന ആ ജനരോഷമാണ് വരുംവര്‍ഷത്തിന്റെ ഈടുവയ്പ്. കേരളത്തിലായാലും ഇന്ത്യാ രാജ്യത്താകെയായാലും ലോകംമുഴുവനായാലും പ്രക്ഷോഭങ്ങളുടെ വര്‍ഷമാണ് വരുന്നത്. ജീവിക്കാനുള്ള, ചൂഷണം ചെയ്യപ്പെടാതിരിക്കാനുള്ള, നല്ല ഭക്ഷണം കഴിക്കാനുള്ള, നല്ല വസ്ത്രം ധരിക്കാനുള്ള, തൊഴില്‍ചെയ്യാനുള്ള സ്വാതന്ത്ര്യത്തിനും അവകാശത്തിനുമായി പൊരുതുന്ന ജനകോടികള്‍ക്ക് നല്‍കുന്ന വിജയാശംസയും പിന്തുണയും ആ പ്രക്ഷോഭത്തിലെ പങ്കാളിത്തവുമാണ് ഏറ്റവും അര്‍ഥവത്തായ പുതുവത്സര സന്ദേശം.
deshabhimani editorial 01013
പാവാട നിരോധിക്കന്‍ ആവശ്യപ്പെട്ട എംഎല്‍എക്ക് പാവാട സമ്മാനം
ജയ്പൂര്‍: പെണ്‍കുട്ടികള്‍ പാവാട ധരിക്കുന്നതാണ് അവര്‍ക്കെതിരായ പീഡനങ്ങള്‍ കൂടുന്നതിന് കാരണങ്ങളിലൊന്നെന്ന് "കണ്ടെത്തിയ" ബിജെപി എംഎല്‍എയുടെ വീടീനുമുന്നില്‍ വിദ്യാര്‍ത്ഥിനികളും സ്ത്രീകളും പ്രകടനം നടത്തി. പ്രതിഷേധസൂചകമായി എംഎല്‍എക്ക് പാവാടയും സമ്മാനിച്ചു.
സ്കൂളുകളില്‍ പാവാട നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് ചീഫ്സെക്രട്ടറിക്ക് കത്തെഴുതിയ രാജസ്ഥാനിലെ ബിജെപി എംഎല്‍എ ബന്‍വാരിലാല്‍ സിംഘാലിനാണ് പ്രതിഷേധം നേരിടേണ്ടിവന്നത്. പെണ്‍കുട്ടികള്‍ പാവാടയ്ക്ക് പകരം സല്‍വാര്‍ കമ്മീസോ ട്രൗസറോ ഉപയോഗിക്കണമെന്നും പുഡനങ്ങള്‍ കുറയ്ക്കാന്‍ ഇതാവശ്യമാണെന്നും എംഎല്‍എ കത്തില്‍ പറയുന്നു. "ആണ്‍കുട്ടികളോട് അവരുടെ രീതികള്‍ മാറ്റാന്‍ എംഎല്‍എ എഗന്ത ഉപദേശിക്കുന്നില്ല. ആറുവയസ്സായ കുഞ്ഞുങ്ങളും ഇനി സാരി ചുറ്റണോ?"-പ്രതിഷേധക്കാരില്‍ ഒരാള്‍ ചോദിച്ചു.
deshabhimani 010113
സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭം: പിണറായി
സര്‍വനാശം വിതയ്ക്കുന്ന യുഡിഎഫ് സര്‍ക്കാരിനെതിരായ അതിശക്തമായ ബഹുജന പ്രക്ഷോഭത്തിനാണ് പുതുവര്‍ഷം സാക്ഷിയാകാന്‍ പോകുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. വിലക്കയറ്റത്തിനെതിരെ എല്‍ഡിഎഫ് ജനപ്രതിനിധികളും നേതാക്കളും നടത്തിയ ഉപവാസത്തിന്റെ സമാപനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനം രൂക്ഷമായ വിലക്കയറ്റത്തില്‍ പൊറുതിമുട്ടുകയാണ്. ഇത് തടയാന്‍ നടപടി സ്വീകരിക്കുന്നില്ലെന്നു മാത്രമല്ല, കരിഞ്ചന്തക്കാര്‍ക്കും പൂഴ്ത്തിവയ്പുകാര്‍ക്കും വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കുകയാണ്. രാജ്യത്തിനാകെ മാതൃകയായ പൊതുവിതരണമേഖലയെ സമ്പൂര്‍ണമായി തകര്‍ത്തു. ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്ന ധാന്യം വിതരണം ചെയ്യാതെ കത്തിച്ചുകളയുന്നു. കത്തിച്ചുകളഞ്ഞാലും ജനങ്ങള്‍ക്ക് നല്‍കില്ലെന്നാണ് കോണ്‍ഗ്രസ് നയം. പരമ ദരിദ്രരായവരെപ്പോലും ആനുകൂല്യങ്ങളില്‍ നിന്ന് ഒഴിവാക്കി. യുഡിഎഫിന്റെ ഒന്നരവര്‍ഷത്തിനിടെ മാവേലി സ്റ്റോറുകളിലും സിവില്‍സപ്ലൈസ് ഷോപ്പുകളിലും സാധനങ്ങള്‍ ലഭ്യമല്ലാതായി. ഉള്ള സാധനങ്ങള്‍ക്ക് തന്നെ വില കൂടുതലാണ്.
സാധാരണക്കാരടക്കമുള്ളവര്‍ ആശ്രയിച്ചിരുന്ന ഇത്തരത്തിലുള്ള സ്ഥാപനങ്ങളുടെ തകര്‍ച്ച വന്‍പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. യുഡിഎഫ് ഭരണത്തില്‍ തകരാത്ത ഒരു മേഖലയുമില്ല. വ്യാവസായരംഗം താറുമാറായി. പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എല്ലാ പൊതുമേഖലാസ്ഥാപനങ്ങളും ലാഭത്തിലാകുകയും എട്ട് പുതിയ സ്ഥാപനം തുടങ്ങാന്‍ എല്ലാ നടപടിയും പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. എന്നാല്‍, പൊതുമേഖലയെ വിറ്റുതുലച്ച് അതില്‍ നിന്ന് ചില്ലറ അടിച്ചുമാറ്റാന്‍ നോക്കുന്ന യുഡിഎഫുകാര്‍ എല്ലാം തകര്‍ക്കുകയാണ്. ലക്ഷങ്ങള്‍ പണിയെടുക്കുന്ന പരമ്പരാഗതമേഖലയെയും യുഡിഎഫ് ഭരണം ഇല്ലാതാക്കുകയാണെന്നും പിണറായി പറഞ്ഞു.
ജനങ്ങളുടെ പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാരിന് സമയമില്ല: വി എസ്
കോണ്‍ഗ്രസ് ഗ്രൂപ്പുതര്‍ക്കത്തിനിടയില്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന് സമയമില്ലെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. വിലക്കയറ്റത്തിനെതിരെ എല്‍ഡിഎഫ് നേതാക്കള്‍ സെക്രട്ടറിയറ്റ് പടിക്കല്‍ നടത്തിയ ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു വി എസ്. കെപിസിസി ജനറല്‍ബോഡി ചേര്‍ന്ന് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കേണ്ടതിനു പകരം സോണിയയെ ചുമതലയേല്‍പ്പിച്ചു. 21 ജനറല്‍ സെക്രട്ടറിമാരെയും 42 സെക്രട്ടറിമാരെയും എ- ഐ ഗ്രൂപ്പുകള്‍ വീതം വച്ചു. 14 ജില്ലാ പ്രസിഡന്റുമാരില്‍ ഏഴു വീതം രണ്ടു ഗ്രൂപ്പിനുമായി വീതം വച്ചപ്പോഴാണ് ഒരു പ്രസിഡന്റിനെ തനിക്ക് വേണമെന്ന ആവശ്യവുമായി പി സി ചാക്കോ വരുന്നത്. ഇറക്കുമതി സ്ഥാനാര്‍ഥി പറ്റില്ലെന്നു പറഞ്ഞ് തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്‍എസ്ഥാനം രാജിവയ്ക്കാനൊരുങ്ങുന്നു. പല സ്ഥലത്തും ഇത്തരം തര്‍ക്കം നടക്കുന്നതിനിടെ ഭരിക്കാന്‍ അവര്‍ക്ക് സമയമില്ല.
കേരളത്തിലെ ജനങ്ങളെ സംരക്ഷിക്കാനുള്ള നടപടികളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. കേന്ദ്രത്തോട് കണക്കു പറഞ്ഞ് ഓഹരി വാങ്ങിയെടുക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, കേരളത്തിലെ ജനങ്ങള്‍ക്ക് വില നിയന്ത്രിച്ച് ഭക്ഷ്യധാന്യങ്ങള്‍ നല്‍കാന്‍ യുഡിഎഫ് സര്‍ക്കാരിന് കഴിയുന്നില്ല. ടാറ്റാ, മലയാളം പ്ലാന്റേഷന്‍ തുടങ്ങിയ കമ്പനികള്‍ തങ്ങളുടെ കൈവശം കൂടുതല്‍ ഭൂമിയുണ്ടെന്ന് പറഞ്ഞിട്ടും അത് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. മിച്ചഭൂമി കാണിച്ചുകൊടുക്കാന്‍ 1971ല്‍ നടത്തിയ സമരത്തിന്റെ തുടര്‍ച്ചയാണ് ചൊവ്വാഴ്ച ആരംഭിക്കുന്ന ഭൂസംരക്ഷണസമരമെന്നും വി എസ് പറഞ്ഞു.
deshabhimani 010113
സംസ്ഥാനം രൂക്ഷമായ വിലക്കയറ്റത്തില്‍ പൊറുതിമുട്ടുകയാണ്. ഇത് തടയാന്‍ നടപടി സ്വീകരിക്കുന്നില്ലെന്നു മാത്രമല്ല, കരിഞ്ചന്തക്കാര്‍ക്കും പൂഴ്ത്തിവയ്പുകാര്‍ക്കും വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കുകയാണ്. രാജ്യത്തിനാകെ മാതൃകയായ പൊതുവിതരണമേഖലയെ സമ്പൂര്‍ണമായി തകര്‍ത്തു. ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്ന ധാന്യം വിതരണം ചെയ്യാതെ കത്തിച്ചുകളയുന്നു. കത്തിച്ചുകളഞ്ഞാലും ജനങ്ങള്‍ക്ക് നല്‍കില്ലെന്നാണ് കോണ്‍ഗ്രസ് നയം. പരമ ദരിദ്രരായവരെപ്പോലും ആനുകൂല്യങ്ങളില്‍ നിന്ന് ഒഴിവാക്കി. യുഡിഎഫിന്റെ ഒന്നരവര്‍ഷത്തിനിടെ മാവേലി സ്റ്റോറുകളിലും സിവില്‍സപ്ലൈസ് ഷോപ്പുകളിലും സാധനങ്ങള്‍ ലഭ്യമല്ലാതായി. ഉള്ള സാധനങ്ങള്‍ക്ക് തന്നെ വില കൂടുതലാണ്.
സാധാരണക്കാരടക്കമുള്ളവര്‍ ആശ്രയിച്ചിരുന്ന ഇത്തരത്തിലുള്ള സ്ഥാപനങ്ങളുടെ തകര്‍ച്ച വന്‍പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. യുഡിഎഫ് ഭരണത്തില്‍ തകരാത്ത ഒരു മേഖലയുമില്ല. വ്യാവസായരംഗം താറുമാറായി. പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എല്ലാ പൊതുമേഖലാസ്ഥാപനങ്ങളും ലാഭത്തിലാകുകയും എട്ട് പുതിയ സ്ഥാപനം തുടങ്ങാന്‍ എല്ലാ നടപടിയും പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. എന്നാല്‍, പൊതുമേഖലയെ വിറ്റുതുലച്ച് അതില്‍ നിന്ന് ചില്ലറ അടിച്ചുമാറ്റാന്‍ നോക്കുന്ന യുഡിഎഫുകാര്‍ എല്ലാം തകര്‍ക്കുകയാണ്. ലക്ഷങ്ങള്‍ പണിയെടുക്കുന്ന പരമ്പരാഗതമേഖലയെയും യുഡിഎഫ് ഭരണം ഇല്ലാതാക്കുകയാണെന്നും പിണറായി പറഞ്ഞു.
ജനങ്ങളുടെ പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാരിന് സമയമില്ല: വി എസ്
കോണ്‍ഗ്രസ് ഗ്രൂപ്പുതര്‍ക്കത്തിനിടയില്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന് സമയമില്ലെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. വിലക്കയറ്റത്തിനെതിരെ എല്‍ഡിഎഫ് നേതാക്കള്‍ സെക്രട്ടറിയറ്റ് പടിക്കല്‍ നടത്തിയ ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു വി എസ്. കെപിസിസി ജനറല്‍ബോഡി ചേര്‍ന്ന് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കേണ്ടതിനു പകരം സോണിയയെ ചുമതലയേല്‍പ്പിച്ചു. 21 ജനറല്‍ സെക്രട്ടറിമാരെയും 42 സെക്രട്ടറിമാരെയും എ- ഐ ഗ്രൂപ്പുകള്‍ വീതം വച്ചു. 14 ജില്ലാ പ്രസിഡന്റുമാരില്‍ ഏഴു വീതം രണ്ടു ഗ്രൂപ്പിനുമായി വീതം വച്ചപ്പോഴാണ് ഒരു പ്രസിഡന്റിനെ തനിക്ക് വേണമെന്ന ആവശ്യവുമായി പി സി ചാക്കോ വരുന്നത്. ഇറക്കുമതി സ്ഥാനാര്‍ഥി പറ്റില്ലെന്നു പറഞ്ഞ് തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്‍എസ്ഥാനം രാജിവയ്ക്കാനൊരുങ്ങുന്നു. പല സ്ഥലത്തും ഇത്തരം തര്‍ക്കം നടക്കുന്നതിനിടെ ഭരിക്കാന്‍ അവര്‍ക്ക് സമയമില്ല.
കേരളത്തിലെ ജനങ്ങളെ സംരക്ഷിക്കാനുള്ള നടപടികളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. കേന്ദ്രത്തോട് കണക്കു പറഞ്ഞ് ഓഹരി വാങ്ങിയെടുക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, കേരളത്തിലെ ജനങ്ങള്‍ക്ക് വില നിയന്ത്രിച്ച് ഭക്ഷ്യധാന്യങ്ങള്‍ നല്‍കാന്‍ യുഡിഎഫ് സര്‍ക്കാരിന് കഴിയുന്നില്ല. ടാറ്റാ, മലയാളം പ്ലാന്റേഷന്‍ തുടങ്ങിയ കമ്പനികള്‍ തങ്ങളുടെ കൈവശം കൂടുതല്‍ ഭൂമിയുണ്ടെന്ന് പറഞ്ഞിട്ടും അത് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. മിച്ചഭൂമി കാണിച്ചുകൊടുക്കാന്‍ 1971ല്‍ നടത്തിയ സമരത്തിന്റെ തുടര്‍ച്ചയാണ് ചൊവ്വാഴ്ച ആരംഭിക്കുന്ന ഭൂസംരക്ഷണസമരമെന്നും വി എസ് പറഞ്ഞു.
deshabhimani 010113
Subscribe to:
Posts (Atom)



