സര്‍വനാശം വിതയ്ക്കുന്ന യുഡിഎഫ് സര്‍ക്കാരിനെതിരായ അതിശക്തമായ ബഹുജന പ്രക്ഷോഭത്തിനാണ് പുതുവര്‍ഷം സാക്ഷിയാകാന്‍ പോകുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. വിലക്കയറ്റത്തിനെതിരെ എല്‍ഡിഎഫ് ജനപ്രതിനിധികളും നേതാക്കളും നടത്തിയ ഉപവാസത്തിന്റെ സമാപനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനം രൂക്ഷമായ വിലക്കയറ്റത്തില്‍ പൊറുതിമുട്ടുകയാണ്. ഇത് തടയാന്‍ നടപടി സ്വീകരിക്കുന്നില്ലെന്നു മാത്രമല്ല, കരിഞ്ചന്തക്കാര്‍ക്കും പൂഴ്ത്തിവയ്പുകാര്‍ക്കും വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കുകയാണ്. രാജ്യത്തിനാകെ മാതൃകയായ പൊതുവിതരണമേഖലയെ സമ്പൂര്‍ണമായി തകര്‍ത്തു. ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്ന ധാന്യം വിതരണം ചെയ്യാതെ കത്തിച്ചുകളയുന്നു. കത്തിച്ചുകളഞ്ഞാലും ജനങ്ങള്‍ക്ക് നല്‍കില്ലെന്നാണ് കോണ്‍ഗ്രസ് നയം. പരമ ദരിദ്രരായവരെപ്പോലും ആനുകൂല്യങ്ങളില്‍ നിന്ന് ഒഴിവാക്കി. യുഡിഎഫിന്റെ ഒന്നരവര്‍ഷത്തിനിടെ മാവേലി സ്റ്റോറുകളിലും സിവില്‍സപ്ലൈസ് ഷോപ്പുകളിലും സാധനങ്ങള്‍ ലഭ്യമല്ലാതായി. ഉള്ള സാധനങ്ങള്‍ക്ക് തന്നെ വില കൂടുതലാണ്.
സാധാരണക്കാരടക്കമുള്ളവര്‍ ആശ്രയിച്ചിരുന്ന ഇത്തരത്തിലുള്ള സ്ഥാപനങ്ങളുടെ തകര്‍ച്ച വന്‍പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. യുഡിഎഫ് ഭരണത്തില്‍ തകരാത്ത ഒരു മേഖലയുമില്ല. വ്യാവസായരംഗം താറുമാറായി. പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എല്ലാ പൊതുമേഖലാസ്ഥാപനങ്ങളും ലാഭത്തിലാകുകയും എട്ട് പുതിയ സ്ഥാപനം തുടങ്ങാന്‍ എല്ലാ നടപടിയും പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. എന്നാല്‍, പൊതുമേഖലയെ വിറ്റുതുലച്ച് അതില്‍ നിന്ന് ചില്ലറ അടിച്ചുമാറ്റാന്‍ നോക്കുന്ന യുഡിഎഫുകാര്‍ എല്ലാം തകര്‍ക്കുകയാണ്. ലക്ഷങ്ങള്‍ പണിയെടുക്കുന്ന പരമ്പരാഗതമേഖലയെയും യുഡിഎഫ് ഭരണം ഇല്ലാതാക്കുകയാണെന്നും പിണറായി പറഞ്ഞു.
ജനങ്ങളുടെ പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാരിന് സമയമില്ല: വി എസ്
കോണ്‍ഗ്രസ് ഗ്രൂപ്പുതര്‍ക്കത്തിനിടയില്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന് സമയമില്ലെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. വിലക്കയറ്റത്തിനെതിരെ എല്‍ഡിഎഫ് നേതാക്കള്‍ സെക്രട്ടറിയറ്റ് പടിക്കല്‍ നടത്തിയ ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു വി എസ്. കെപിസിസി ജനറല്‍ബോഡി ചേര്‍ന്ന് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കേണ്ടതിനു പകരം സോണിയയെ ചുമതലയേല്‍പ്പിച്ചു. 21 ജനറല്‍ സെക്രട്ടറിമാരെയും 42 സെക്രട്ടറിമാരെയും എ- ഐ ഗ്രൂപ്പുകള്‍ വീതം വച്ചു. 14 ജില്ലാ പ്രസിഡന്റുമാരില്‍ ഏഴു വീതം രണ്ടു ഗ്രൂപ്പിനുമായി വീതം വച്ചപ്പോഴാണ് ഒരു പ്രസിഡന്റിനെ തനിക്ക് വേണമെന്ന ആവശ്യവുമായി പി സി ചാക്കോ വരുന്നത്. ഇറക്കുമതി സ്ഥാനാര്‍ഥി പറ്റില്ലെന്നു പറഞ്ഞ് തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്‍എസ്ഥാനം രാജിവയ്ക്കാനൊരുങ്ങുന്നു. പല സ്ഥലത്തും ഇത്തരം തര്‍ക്കം നടക്കുന്നതിനിടെ ഭരിക്കാന്‍ അവര്‍ക്ക് സമയമില്ല.
കേരളത്തിലെ ജനങ്ങളെ സംരക്ഷിക്കാനുള്ള നടപടികളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. കേന്ദ്രത്തോട് കണക്കു പറഞ്ഞ് ഓഹരി വാങ്ങിയെടുക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, കേരളത്തിലെ ജനങ്ങള്‍ക്ക് വില നിയന്ത്രിച്ച് ഭക്ഷ്യധാന്യങ്ങള്‍ നല്‍കാന്‍ യുഡിഎഫ് സര്‍ക്കാരിന് കഴിയുന്നില്ല. ടാറ്റാ, മലയാളം പ്ലാന്റേഷന്‍ തുടങ്ങിയ കമ്പനികള്‍ തങ്ങളുടെ കൈവശം കൂടുതല്‍ ഭൂമിയുണ്ടെന്ന് പറഞ്ഞിട്ടും അത് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. മിച്ചഭൂമി കാണിച്ചുകൊടുക്കാന്‍ 1971ല്‍ നടത്തിയ സമരത്തിന്റെ തുടര്‍ച്ചയാണ് ചൊവ്വാഴ്ച ആരംഭിക്കുന്ന ഭൂസംരക്ഷണസമരമെന്നും വി എസ് പറഞ്ഞു.
deshabhimani 010113
No comments:
Post a Comment