Tuesday, January 1, 2013

പുതുവര്‍ഷം പുലരുമ്പോള്‍


ദേശാഭിമാനി എല്ലാവര്‍ക്കും സന്തോഷകരമായ പുതുവത്സരം ആശംസിക്കുന്നു. 2012 ശുഭപര്യവസായിയല്ല. ലോകം രൂക്ഷമായ സാമ്പത്തികക്കുഴപ്പത്തിന്റെ പിടിയില്‍ത്തന്നെയാണ്. അമേരിക്ക നേതൃത്വം നല്‍കുന്ന സാമ്രാജ്യത്വം പ്രതിസന്ധിയുടെ ഭാരം വികസ്വര രാജ്യങ്ങളുടെമേല്‍ കെട്ടിവയ്ക്കാന്‍ തുടര്‍ച്ചയായി ശ്രമിക്കുന്നു; സൈനിക ഇടപെടലിലൂടെ പശ്ചിമേഷ്യയിലും മറ്റും അസ്വസ്ഥത പരത്തുന്നു. ജനജീവിതം താറുമാറാക്കുന്ന നവലിബറല്‍ ക്രമത്തിനെതിരെ ലോകമാകെ പ്രതിഷേധം വളരുകയാണ്. വര്‍ധിച്ചുവരുന്ന അസമത്വങ്ങളിലും രൂക്ഷതരമാകുന്ന തൊഴിലില്ലായ്മയിലും മുന്‍നിര മുതലാളിത്ത രാജ്യങ്ങളുടെ മുഖം വിവരണാതീതമായി വികൃതമാണ്. അവിടങ്ങളില്‍ ഉപജീവനമാര്‍ഗത്തിനും സാമൂഹ്യക്ഷേമ ആനുകൂല്യങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ക്കെതിരെ ജനത കൂട്ടംകൂട്ടമായി രംഗത്തുവന്നു. മുതലാളിത്തത്തിന്റെ ആസ്ഥാനമെന്നറിയപ്പെടുന്ന വിശുദ്ധസ്ഥലികള്‍ ജനകീയപ്രതിഷേധത്തിന്റെയും രോഷത്തിന്റെയും താപത്താല്‍ ജ്വലിക്കുന്നു. ലാറ്റിനമേരിക്ക സാമ്രാജ്യത്വത്തിന്റെ നവലിബറല്‍ നയങ്ങള്‍ക്ക് ബദലൊരുക്കി വിജയകരമായി മുന്നേറുന്നു. വെനസ്വേലയിലെ ഹ്യൂഗോ ഷാവേസ് വിജയവും ഫ്രാന്‍സില്‍ രണ്ട് പതിറ്റാണ്ടിനുശേഷം വീണ്ടുമൊരു സോഷ്യലിസ്റ്റ് പ്രസിഡന്റ് അധികാരത്തിലെത്തിയതും ഇറാനിലും സിറിയയിലും നടക്കുന്ന അസാധാരണ ചെറുത്തുനില്‍പ്പുകളും ഈജിപ്തില്‍ ജനാധിപത്യത്തിനായുള്ള ജനമുന്നേറ്റങ്ങളും കൊഴിഞ്ഞുപോകുന്ന വര്‍ഷത്തിന്റെ ശേഷിപ്പുകള്‍ മാത്രമല്ല, പുതുവര്‍ഷത്തിന്റെ സൂചനകളുമാണ്. ജനങ്ങള്‍ക്കിടയിലെ അസമത്വം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏറ്റവും മോശമായ സ്ഥിതിവിവരക്കണക്കുകളാണ് പുറത്തുവിടുന്നത് എന്ന അശുഭസൂചനയാണ് വര്‍ഷാന്ത്യത്തിന്റെ നീക്കിയിരിപ്പ് എന്ന് പറയാമെങ്കിലും അതിനെതിരായ പോരാട്ടത്തിന്റെ കാഹളമാണ് രണ്ടായിരത്തിപ്പതിമൂന്നിന് സ്വാഗതമായി മുഴങ്ങിക്കേള്‍ക്കുന്നതെന്നര്‍ഥം.

ഇന്ത്യയില്‍ പുതുവര്‍ഷമെത്തുന്നത്, ഒരു പാവം പെണ്‍കുട്ടിയുടെ ദുരന്തത്തിന്റെ കണ്ണീരിലും ആ കുട്ടിയെ പിച്ചിച്ചീന്തിയ കരാളതയോടുള്ള ഒടുങ്ങാത്ത രോഷത്തിലും പുതഞ്ഞ് നിറംകെട്ട അന്തരീക്ഷത്തിലാണ്. സ്ത്രീകള്‍ക്ക് സുരക്ഷയില്ല, പാചകവാതകമില്ല, മണ്ണെണ്ണയില്ല, വൈദ്യുതിയില്ല, വിറകില്ല, ജീവിക്കാന്‍ തൊഴിലില്ല, കിട്ടുന്ന വരുമാനംകൊണ്ട് ഭക്ഷണത്തിന് തികയുന്നില്ല. അവശ്യസാധന വിലക്കയറ്റവും ഉന്നതതല അഴിമതിയുടെ അമ്പരപ്പിക്കുന്ന കാഴ്ചയും ഒരുവശത്ത്. അതോടൊപ്പം ചൂഷണവും ഇല്ലായ്മയുംമൂലം ദുരിതക്കയങ്ങളില്‍പ്പെട്ട തൊഴിലാളിവര്‍ഗത്തിന്റെയും കര്‍ഷകരുടെയും മറ്റധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും ജീവിതം ഇന്ത്യാ മഹാരാജ്യത്തിന്റെ ലജ്ജാകരമായ അവസ്ഥയുടെ സൂചകമായിരിക്കുന്നു. അമേരിക്കന്‍ സാമ്രാജ്യത്വത്തിനും കോര്‍പറേറ്റുകള്‍ക്കും വഴങ്ങി രാജ്യത്തെയും ജനങ്ങളെയും പണയപ്പെടുത്തുകയാണ് യുപിഎ സര്‍ക്കാര്‍. ചില്ലറ വ്യാപാരമേഖലയുടെ വിദേശകോര്‍പറേറ്റ് വല്‍ക്കരണവും ബാങ്കിങ് നിയമ ഭേദഗതിയും ഏറ്റവുമൊടുവിലത്തെ ഉദാഹരണങ്ങള്‍മാത്രം.

സാമൂഹ്യ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി ഒന്നും ചെയ്യാന്‍ സര്‍ക്കാര്‍ ഒരുക്കമല്ല. വിലക്കയറ്റം റെക്കോഡിലെത്തുമ്പോഴും റേഷന്‍ സബ്സിഡി പണമായി നല്‍കാന്‍ തീരുമാനിച്ച് ഫലത്തില്‍ സബ്സിഡി വെട്ടിക്കുറയ്ക്കുന്നു. ഭക്ഷ്യവസ്തുക്കള്‍ക്കു പകരം പണം നല്‍കി പോഷകാഹാരക്കുറവിനും പട്ടിണിക്കും വളമിടുന്നു. ഭക്ഷണം, ഭൂമി, പാര്‍പ്പിടം, തൊഴില്‍, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളില്‍ ബദല്‍ നയങ്ങളുണ്ടായില്ലെങ്കില്‍ രാജ്യം കൊടിയ ദുരന്തത്തിലേക്ക് പോകുമെന്ന് ഉറപ്പാക്കുന്നതാണ് നിലവിലെ യാഥാര്‍ഥ്യങ്ങള്‍. എന്നിട്ടും ആഗോളവല്‍ക്കരണ നയങ്ങള്‍ക്ക് സ്തുതിപാടുകയാണ് യുപിഎ സര്‍ക്കാര്‍.

ഡല്‍ഹിയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സംസ്കാരച്ചടങ്ങുകള്‍ക്ക് ആരെയുമറിയിക്കാതെ ഒളിച്ചുചെല്ലേണ്ടിവന്നതാണ് രാജ്യം ഭരിക്കുന്നവരുടെ അവസ്ഥയെങ്കില്‍, ജനങ്ങള്‍ക്കുമുന്നില്‍ തല ഉയര്‍ത്തി നില്‍ക്കാനാവാത്തതാണ് കേരളത്തിലെ യുഡിഎഫ് ഭരണാധികാരികളുടെ നില. സര്‍വതലങ്ങളിലും മാഫിയാവല്‍ക്കരണം അതിദ്രുതം നടക്കുന്നു. കേരളത്തിന്റെ പുരോഗതിക്ക് അടിസ്ഥാനശിലയായ ഭൂപരിഷ്കരണം അട്ടിമറിക്കാനുള്ള യുഡിഎഫ് തീരുമാനം കടുത്ത ജനകീയ പ്രക്ഷോഭത്തിന് വളമിട്ടിരിക്കുന്നു. കര്‍ഷകരും കര്‍ഷക തൊഴിലാളികളും ആദിവാസികളും പട്ടികജാതി ജനവിഭാഗങ്ങളും ചേര്‍ന്ന് വിതരണം ചെയ്യപ്പെടാത്ത മിച്ചഭൂമി ചൂണ്ടിക്കാണിച്ച് സമരരംഗത്തിറങ്ങുന്നതോടെയാണ് കേരളത്തില്‍ പുതുവര്‍ഷം പുലരുന്നത്. ഭൂരഹിതരായ മൂന്നുലക്ഷത്തോളം കുടുംബങ്ങള്‍ക്ക് കിടപ്പാടം നല്‍കാനുള്ള ഭൂമി വന്‍കിടക്കാര്‍ക്ക് അനധികൃതമായി കൈവശം വയ്ക്കാനുള്ള അവസരമാണ് ഭൂപരിഷ്കരണ നിയമത്തെ അട്ടിമറിച്ച് യുഡിഎഫ് സര്‍ക്കാര്‍ നല്‍കുന്നത്. കശുമാവ് പ്ലാന്റേഷനെ ഭൂപരിധിയില്‍ നിന്നൊഴിവാക്കിയും തോട്ടങ്ങളുടെ അഞ്ചു ശതമാനം ഭൂമി ടൂറിസം പദ്ധതികള്‍ക്കുപയോഗിക്കാന്‍ അനുമതി നല്‍കിയും മറ്റും മിച്ചഭൂമി അപ്പാടെ ഇല്ലാതാക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിനെതിരെയാണ് സിപിഐ എം നേതൃത്വത്തില്‍ ഭൂസമരം ആരംഭിക്കുന്നത്.

ക്ഷേമപദ്ധതികള്‍ അട്ടിമറിച്ചും പ്രകൃതിയെ കൊള്ളയടിച്ചും പൊതുവിതരണ സമ്പ്രദായത്തെ മുക്കിക്കൊന്നും ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളിലെ നേട്ടങ്ങള്‍ തകര്‍ത്തും കേന്ദ്ര യുപിഎ ഭരണത്തിന്റെ വഴിയിലൂടെ യുഡിഎഫ് സര്‍ക്കാര്‍ മുന്നേറുമ്പോള്‍, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആ മുന്നണിയെ പിന്തുണച്ച ജനവിഭാഗങ്ങളിലുള്‍പ്പെടെ അസ്വസ്ഥതയും വെറുപ്പുമാണ് പടര്‍ന്നുപിടിക്കുന്നത്. കുടംബശ്രീ എന്ന മാതൃകാ മുന്നേറ്റത്തെ തകര്‍ക്കാന്‍ ജനശ്രീ എന്ന തട്ടിപ്പുകമ്പനിക്കുവേണ്ടി ഖജനാവ് തുറന്നിട്ട യുഡിഎഫിന്റെ മനസ്സ്, സ്ത്രീകളോട് പരാക്രമം കാണിക്കുന്നതുതന്നെ. അതിനെതിരായ വനിതകളുടെ രോഷമാണ് സെക്രട്ടറിയറ്റിനുമുന്നില്‍ എട്ടു രാപ്പകല്‍ അലയടിച്ചത്. ജനങ്ങള്‍ എത്രമാത്രം സര്‍ക്കാരിനെ വെറുക്കുന്നു എന്നതിന്റെ സൂചനയാണത്. മാധ്യമങ്ങളെ ദുരുപയോഗിച്ചും ഭരണകൂടത്തിന്റെ മര്‍ദന സാധ്യതകളെയാകെ സമാഹരിച്ചുപയോഗിച്ച് പ്രതിപക്ഷത്തെ അടിച്ചൊതുക്കിയും ദുര്‍മുഖം മറച്ചുവയ്ക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ് സര്‍ക്കാര്‍ ഇന്ന്്. സിപിഐ എമ്മിന്റെ സമുന്നത നേതാക്കളെപ്പോലും പരിഹാസ്യ ന്യായങ്ങളുയര്‍ത്തി തുറുങ്കിലടയ്ക്കാനുണ്ടായ പ്രചോദനം അതുതന്നെ.

അഴിമതി കണ്ടുമടുത്ത ജനങ്ങള്‍, ഡല്‍ഹിയില്‍ കൂട്ടത്തോടെ തെരുവിലിറങ്ങാന്‍ അണ്ണ ഹസാരെയോ ബാബാ രാംദേവോ ഒരു തീപ്പൊരി തെറിപ്പിച്ചാല്‍ മതിയായിരുന്നു എന്നത് രാജ്യം കണ്ടറിഞ്ഞ യാഥാര്‍ഥ്യം. അത്തരം ഒരു തീപ്പൊരിയുമില്ലാതെയാണ് ലക്ഷക്കണക്കിന് യുവജനങ്ങള്‍ ഡല്‍ഹി പെണ്‍കുട്ടിയുടെ ദുരന്തത്തെ മുന്‍നിര്‍ത്തി, സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനായി തെരുവിലിറങ്ങിയത്. ഭരണാധികാരികളുടെ ജനവിരുദ്ധതയെ തളയ്ക്കാനുള്ള മനസ്സും കരുത്തും ഇന്ത്യന്‍ ജനതയ്ക്കുണ്ട് എന്നാണ് ആ സംഭവം തെളിയിച്ചത്. തീര്‍ച്ചയായും തീമഴയായി പെയ്യുന്ന ആ ജനരോഷമാണ് വരുംവര്‍ഷത്തിന്റെ ഈടുവയ്പ്. കേരളത്തിലായാലും ഇന്ത്യാ രാജ്യത്താകെയായാലും ലോകംമുഴുവനായാലും പ്രക്ഷോഭങ്ങളുടെ വര്‍ഷമാണ് വരുന്നത്. ജീവിക്കാനുള്ള, ചൂഷണം ചെയ്യപ്പെടാതിരിക്കാനുള്ള, നല്ല ഭക്ഷണം കഴിക്കാനുള്ള, നല്ല വസ്ത്രം ധരിക്കാനുള്ള, തൊഴില്‍ചെയ്യാനുള്ള സ്വാതന്ത്ര്യത്തിനും അവകാശത്തിനുമായി പൊരുതുന്ന ജനകോടികള്‍ക്ക് നല്‍കുന്ന വിജയാശംസയും പിന്തുണയും ആ പ്രക്ഷോഭത്തിലെ പങ്കാളിത്തവുമാണ് ഏറ്റവും അര്‍ഥവത്തായ പുതുവത്സര സന്ദേശം.

deshabhimani editorial 01013

No comments:

Post a Comment