Tuesday, January 1, 2013
"ആ കുട്ടിക്കും ഞങ്ങളുടെ മകളുടെ ഗതിയായേനെ"
ഡല്‍ഹിയില്‍ പെണ്‍കുട്ടിയെ മാനഭംഗത്തിന് ഇരയാക്കിയവര്‍ വമ്പന്‍മാരായിരുന്നെങ്കില്‍ ആ കേസും അട്ടിമറിക്കപ്പെട്ടേനെയെന്ന് സൂര്യനെല്ലി കേസിലെ പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും. സൂര്യനെല്ലി കേസില്‍ സംഭവിച്ചത് അതാണ്. "സംഭവം നടന്ന് പതിനേഴ് വര്‍ഷമായിട്ടും ഞങ്ങള്‍ക്ക് നീതി ലഭിച്ചില്ല. ഡല്‍ഹിയില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടി ജീവിച്ചിരുന്നെങ്കില്‍ അവളും അധികാരികളാല്‍ വീണ്ടും അപമാനിതയായേനെ. ഞങ്ങളുടെ മകളുടെ ഗതി ആ കുട്ടിക്കും സംഭവിച്ചേനെ"- സൂര്യനെല്ലി കേസില്‍ നീതി നിഷേധിക്കപ്പെട്ട പെണ്‍കുട്ടികിയുടെ അച്ഛനും അമ്മയും സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ "ദേശാഭിമാനി"യോട് പറഞ്ഞു.
അസാധാരണമായ പലതുമാണ് സൂര്യനെല്ലി കേസിനെ തുടര്‍ന്ന് തങ്ങള്‍ക്ക് ജീവിതത്തില്‍ നേരിടേണ്ടി വന്നത്. ഒരിടത്തുനിന്നും ഞങ്ങള്‍ക്ക് നീതി ലഭിച്ചില്ല. പകരം കള്ളക്കേസും മാനസികപീഡനവും മാത്രമായിരുന്നു- പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. പീഡനം ഇപ്പോഴും തുടരുകയാണ്. രണ്ടുവര്‍ഷം മുന്‍പാണ് ഓഫീസിലെ മോഷണക്കുറ്റം ആരോപിച്ച് കുട്ടിയെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം നടന്നത്. അന്ന് പൊതുജനമധ്യത്തില്‍ നടുറോഡില്‍നിന്ന് മകളെ അറസ്റ്റ് ചെയ്തുകൊണ്ടുപോയി. ഏഴു ദിവസം ജയിലിലടച്ചു. രണ്ടുപ്രാവശ്യം ജാമ്യം നിഷേധിച്ചു. ഒമ്പതുമാസം ജോലിയില്ലാതെ പുറത്തുനിന്ന ശേഷമാണ് സസ്പെന്‍ഷന്‍ പിന്‍വലിച്ചത്. അതും ഏറെ പ്രതിഷേധം ഉയര്‍ന്നശേഷം. തിരികെ ജോലിയില്‍ കയറിയിട്ട് അധികനാളായിട്ടില്ല. ഉടനെ അവര്‍ അടുത്ത കള്ളക്കേസ് കുത്തിപ്പൊക്കും. ഇതാണ് അവസ്ഥ. സ്വസ്ഥമായി ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കില്ല. പീഡനക്കേസിനെ ദുര്‍ബലപ്പെടുത്താനായിരുന്നു മകളെ കള്ളക്കേസില്‍ കുടുക്കിയത്. കേസ് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരുംമുന്‍പ് കുട്ടിയെ കള്ളക്കേസില്‍ കുടുക്കേണ്ടത് ചിലരുടെ ആവശ്യമായിരുന്നുവെന്ന് അച്ഛന്‍ പറഞ്ഞു. സിസ്റ്റര്‍ അഭയയുമായി തങ്ങളുടെ മകള്‍ക്ക് ബന്ധമുണ്ടായിരുന്നുവെന്ന് വരുത്തിത്തീര്‍ക്കാന്‍ സിബിഐ ഉദ്യോഗസ്ഥര്‍ ശ്രമിച്ചു. രണ്ടുപ്രാവശ്യമാണ് ഇക്കാര്യവുമായി ബന്ധപ്പെട്ട് സിബിഐ ചോദ്യംചെയ്തത്. ചോദ്യംചെയ്യലിന്റെ പേരില്‍ രാത്രിയില്‍ പോലും മാനസികപീഡനമായിരുന്നു. "സിസ്റ്റര്‍ അഭയയുടെ മരണവുമായി ഞങ്ങള്‍ക്ക് എന്തു ബന്ധമാണുള്ളത്. ആ സംഭവം നടക്കുമ്പോള്‍ ഞങ്ങളുടെ മകള്‍ക്ക് 11 വയസ്സാണ്"- അമ്മ പറഞ്ഞു. സുപ്രീംകോടതി വരെയെത്തിയ കേസിന്റെ നിലവിലെ അവസ്ഥ എന്താണെന്നറിയില്ല. കേസ് നീളുന്തോറും ദുര്‍ബലമാവുകയാണ്. എത്രയും വേഗം കേസ് തീര്‍പ്പാക്കണമെന്ന ആഗ്രഹമാണ് മനസ്സിലുള്ളത്. ഞങ്ങള്‍ മരിക്കുന്നതിന് മുന്‍പ് അതിനു കഴിയണം. അങ്ങനെയെങ്കില്‍ നീതിപീഠത്തോട് ഞങ്ങള്‍ക്ക് നന്ദിയുണ്ടാവും.- അവര്‍ പറഞ്ഞു.
deshabhimani 010113
Subscribe to:
Post Comments (Atom)
No comments:
Post a Comment