Tuesday, January 1, 2013

ബിഎസ്എന്‍എല്‍ ജനപ്രിയ സ്കീമുകള്‍ പിന്‍വലിക്കുന്നു


ലക്ഷക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന ജനപ്രിയ സ്കീമുകള്‍ ബിഎസ്എന്‍എല്‍ പിന്‍വലിക്കുന്നു. സ്വകാര്യ കമ്പനികളെ സഹായിക്കാനാണ് കോള്‍-എസ്എംഎസ് നിരക്കുകളില്‍ ഇളവ് അനുവദിച്ചിരുന്ന ഓഫറുകള്‍ ബിഎസ്എന്‍എല്‍ പിന്‍വലിക്കുന്നതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. തങ്ങള്‍ ആശ്രയിച്ചിരുന്ന സ്കീമുകള്‍ നിര്‍ത്തലാക്കിയതോടെ പലരും ബിഎസ്എന്‍എല്‍ ഉപേക്ഷിച്ച് സ്വകാര്യ മൊബൈല്‍ കണക്ഷനുകളിലേക്ക് നീങ്ങുകയാണ്. സൗജന്യ നിരക്കില്‍ എസ്എംഎസ് അനുവദിച്ചിരുന്ന പ്രത്യേക സ്കീമാണ് ഏറ്റവുമൊടുവില്‍ ബിഎസ്എന്‍എല്‍ പിന്‍വലിച്ചത്.

13, 23, 33, 53 രൂപയുടെ വ്യത്യസ്ത എസ്എംഎസ് ഓഫറുകള്‍ കഴിഞ്ഞദിവസം പിന്‍വലിച്ചു. നിലവില്‍ 12 രൂപയുടെയും 68 രൂപയുടെയും ഓഫറുകള്‍ മാത്രമാണുള്ളത്. രണ്ട് ദിവസത്തേക്ക് 50 എസ്എംഎസും അഞ്ച് രൂപ സംസാരമൂല്യവും ലഭിക്കുന്നതാണ് 12 രൂപയുടെ ഓഫര്‍. 68 രൂപക്ക് റീചാര്‍ജ് ചെയ്താല്‍ ഒരുമാസത്തേക്ക് 10 പൈസ നിരക്കിലും സന്ദേശമയക്കാം. പുതിയ ഓഫറുകള്‍ ആരംഭിക്കുമെന്ന വാഗ്ദാനംനല്‍കിയാണ് നിലവിലുള്ളവ പിന്‍വലിച്ചത്. എന്നാല്‍, സാങ്കേതിക പ്രശ്നങ്ങളുടെ പേരുപറഞ്ഞ് പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുമില്ല. പുതിയ പദ്ധതി നടപ്പാക്കുന്നതുവരെയെങ്കിലും പഴയത് തുടരണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടിട്ടില്ല. ഫലത്തില്‍ ബിഎസ്എന്‍എല്‍ നെറ്റ്വര്‍ക്കിനെ ആശ്രയിക്കുന്നര്‍ക്ക് സന്ദേശം അയക്കണമെങ്കില്‍ ഉയര്‍ന്ന നിരക്ക് നല്‍കണം. 2008-09ല്‍ ബിഎസ്എന്‍എല്‍ അവതരിപ്പിച്ച ജനപ്രിയ പദ്ധതിയായിരുന്നു "സ്റ്റുഡന്റ് സുവിധ". ഏത് നെറ്റ്വര്‍ക്കിലേക്കും 49 പൈസ നിരക്കില്‍ വിളിക്കാനും പ്രതിമാസം 2000 സൗജന്യ സന്ദേശമയക്കാനും ഇതില്‍ സൗകര്യമുണ്ടായിരുന്നു. വിദ്യാര്‍ഥികളെ ഉദ്ദേശിച്ച് ആരംഭിച്ച ഈ പദ്ധതിക്ക് നല്ല പ്രതികരണമാണ് ലഭിച്ചത്. എന്നാല്‍ ഏതാനും മാസം മുമ്പ് സ്റ്റുഡന്റ് സുവിധ, ന്യു സ്റ്റുഡന്റ് സുവിധ പ്ലാനുകള്‍ സ്പെഷ്യല്‍ സ്റ്റുഡന്റ് ന്യൂ എന്ന പദ്ധതിയുമായി യോജിപ്പിച്ചു. ഇതോടെ മറ്റ് നെറ്റ്വര്‍ക്കുകളിലേക്കുള്ള കോള്‍ചാര്‍ജ് വര്‍ധിച്ചു. സൗജന്യ എസ്എംഎസും നിലച്ചു. സ്ത്രീകളെ ഉദ്ദേശിച്ച് തുടങ്ങിയ വിമന്‍സ് പവര്‍ പ്ലാന്‍ പിന്നീട് ഓള്‍ 49 പൈസ പ്ലാനിലേക്ക് മാറ്റി. ഇതും ഇപ്പോള്‍ നിലവിലില്ല. ലാന്‍ഡ് ഫോണ്‍ നമ്പറിനോട് ചേര്‍ത്ത് നല്‍കിയിരുന്ന പ്യാരിജോഡി സിം കണക്ഷന് ആവശ്യക്കാര്‍ ഏറെയായിരുന്നു. ലാന്‍ഡ് ഫോണ്‍ ഉപഭോക്താക്കളെ പിടിച്ചുനിര്‍ത്താന്‍ ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിച്ചത്. മൊബൈല്‍ നമ്പറില്‍നിന്ന് ബന്ധപ്പെട്ട ലാന്‍ഡ് നമ്പറിലേക്ക് പരിധിയില്ലാതെ വിളിക്കാമെന്നതായിരുന്നു ഇതിന്റെ പ്രത്യേകത. എന്നാല്‍, മൂന്നുമാസം കൂടുമ്പോള്‍ റീചാര്‍ജ് ചെയ്യണമെന്ന നിബന്ധന വച്ചതോടെ പലരും പ്ലാന്‍ ഉപേക്ഷിച്ചു. രാജ്യത്ത് നമ്പര്‍ പോര്‍ട്ടബിലിറ്റി സംവിധാനത്തിന്റെ ഗുണഫലം കൂടുതല്‍ അനുഭവിച്ചതും ബിഎസ്എന്‍എല്‍ ആയിരുന്നു. 2010ല്‍ ഈ സംവിധാനം നിലവില്‍ വന്നതോടെ പലരും സ്വകാര്യകമ്പനികളെ ഉപേക്ഷിച്ച് ബിഎസ്എന്‍എല്ലിലേക്ക് കൂടുമാറി. കേരളത്തില്‍ 5,69,287 ഉപഭോക്താക്കളാണ് ഇത്തരത്തില്‍ ബിഎസ്എന്‍എല്‍ വരിക്കാരായത്്. മികച്ച ഓഫറുകള്‍ പിന്‍വലിക്കാന്‍ ആരംഭിച്ചതോടെ ഇവരും സ്വകാര്യകമ്പനികളെ ആശ്രയിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
(സുജിത് ബേബി)

deshabhimani 010113

No comments:

Post a Comment