കൊച്ചി: പരിസ്ഥിതിയെയും വ്യവസായത്തെയും ഒരുപോലെ സംരക്ഷിക്കണമെന്ന മുദ്രാവാക്യവുമായി വ്യവസായമേഖലയില്‍ തീര്‍ത്ത മനുഷ്യച്ചങ്ങലയില്‍ കാല്‍ലക്ഷംപേര്‍ കൈകോര്‍ത്തു. എഫ്എസിടിമുതല്‍ മുപ്പത്തടംവരെയുള്ള ആറര കിലോമീറ്ററാണ് തൊഴിലാളികളും ബഹുജനങ്ങളും ഉള്‍പ്പെടെ ഒരേ മനസ്സോടെ അണിചേര്‍ന്നത്. സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ഓഫ് ട്രേഡ്യൂണിയന്‍സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടി തെറ്റിദ്ധാരണപരത്തി വ്യവസായങ്ങള്‍ക്കെതിരെ ജനങ്ങളെ തിരിച്ചുവിടാനുള്ള ശ്രമങ്ങള്‍ നടത്തുന്നവര്‍ക്ക് കനത്ത താക്കീതുമായി.
തൊഴിലാളികളും ബഹുജനങ്ങളും കുട്ടികളും സ്ത്രീകളും ഉദ്യോഗസ്ഥരും പൗരപ്രമുഖരും അണിനിരന്ന് പെരിയാറിനെയും പരിസ്ഥിതിയെയും വ്യവസായങ്ങളെയും സംരക്ഷിക്കുമെന്ന് കരങ്ങള്‍ കോര്‍ത്ത് പ്രഖ്യാപിച്ചു. തുടര്‍ന്ന് പാതളം കവലയില്‍നടന്ന പൊതുയോഗം സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്തു. മനുഷ്യച്ചങ്ങല ഡിസിസി പ്രസിഡന്റ് വി ജെ പൗലോസ് ഫ്ളാഗ്ഓഫ് ചെയ്തു. പൊതുയോഗത്തില്‍ എഐടിയുസി സംസ്ഥാന സെക്രട്ടറി പി രാജു അധ്യക്ഷനായി. ഐഎന്‍ടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് ബി ശശിധരന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെപിസിസി ജനറല്‍ സെക്രട്ടറി ബെന്നി ബഹനാന്‍ എംഎല്‍എ ആമുഖപ്രഭാഷണം നടത്തി. ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍, സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ ഇ ഇസ്മയില്‍, എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരന്‍, എസ്ടിയു സംസ്ഥാന പ്രസിഡന്റ് അഹമ്മദ്കുട്ടി ഉണ്ണികുളം, യുണൈറ്റഡ് ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് ജോസ് പുത്തന്‍വീട്ടില്‍, സിഐടിയു സംസ്ഥാന സെക്രട്ടറി കെ ചന്ദ്രന്‍പിള്ള, ഡോ. എം പി സുകുമാരന്‍നായര്‍, ഡോ. ഇ പി യശോധരന്‍, സി ബി മൈക്കിള്‍, സിപിഐ ജില്ലാ സെക്രട്ടറി ഇ എ കുമാരന്‍, ബിജെപി ജില്ലാ പ്രസിഡന്റ് പി ജെ തോമസ്, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് എം പി അബ്ദുള്‍ഖാദര്‍ എന്നിവര്‍ സംസാരിച്ചു. സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ഓഫ് ട്രേഡ്യൂണിയന്‍ ജനറല്‍ കണ്‍വീനര്‍ കെ എന്‍ ഗോപിനാഥ് സ്വാഗതവും ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് എന്‍ കെ മോഹന്‍ദാസ് നന്ദിയും പറഞ്ഞു. സിപിഐ എം സംസ്ഥാന കമ്മറ്റി അംഗങ്ങളായ പി രാജീവ് എംപി, എസ് ശര്‍മ എംഎല്‍എ, സി എന്‍ മോഹനന്‍ എന്നിവര്‍ പങ്കെടുത്തു. ഏലൂര്‍-എടയാര്‍ വ്യവസായമേഖലയെ ബന്ധിപ്പിച്ച്, പെരിയാറിനെയും കണ്ണിയാക്കി തീര്‍ത്ത ചങ്ങലയില്‍ വിവിധ സാമൂഹ്യ, സന്നദ്ധ സംഘടനാ പ്രതിനിധികളും സാംസ്കാരിക പ്രവര്‍ത്തകരും സിനിമ-കായികരംഗത്തെ പ്രമുഖരും ജനപ്രതിനിധികളും കണ്ണികളായി.
എംഎല്‍എമാരായ ജോസ് തെറ്റയില്‍, അന്‍വര്‍ സാദത്ത്, ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് ടി പി ഹസന്‍, ജനറല്‍ സെക്രട്ടറി വി പി ജോര്‍ജ്, സിഐടിയു ജില്ലാ സെക്രട്ടറി പി എസ് മോഹനന്‍, പയ്യപ്പിള്ളി ബാലന്‍, സരോജിനി ബാലാനന്ദന്‍, വിവിധ ട്രേഡ്യൂണിയന്‍ നേതാക്കളായ എ എം യൂസഫ്, ആര്‍ രഘുരാജ്, മാത്യു കോലഞ്ചേരി, ജി ബി ഭട്ട്, ജോസഫ് ആന്റണി, കെ കെ ജിന്നാസ്, റാണി മത്തായി, ലൈസ സെബാസ്റ്റ്യന്‍, ശാന്ത ഉണ്ണികൃഷ്ണന്‍, ഷംസുദ്ദീന്‍ മഅ്ദനി, സാദിഖ് അല്‍ ഹസനി, ഹഫ്സല്‍ ബദനി, ഫാ. ആന്റണി സിജന്‍, ഫാ. തോമസ് ഒളാട്ടുപുറം, ഫാ. തദേവൂസ്, ആത്രശേരി രാമന്‍ നമ്പൂതിരി, സ്വാമി ശിവസ്വരൂപാനന്ദ, കലാ-സാംസ്കാരിക രംഗത്തെ പ്രമുഖരായ തോപ്പില്‍ ആന്റോ, സഹീര്‍ അലി, സേവ്യര്‍ പുല്‍പ്പാട്, ഏലൂര്‍ അബ്ദുള്‍ഖാദര്‍, കലാമണ്ഡലം ശങ്കരവാര്യര്‍, എ ആര്‍ രതീശന്‍, മീനാരാജ്, രാജീവ് കളമശേരി, ബാലന്‍ ഏലൂക്കര, കടുങ്ങല്ലൂര്‍ നാരായണന്‍ തുടങ്ങിയവരും കായികരംഗത്തുനിന്ന് കെ എസ് മണി, വാള്‍ട്ടര്‍ ആന്റണി തുടങ്ങിയവരും ചങ്ങലയില്‍ കണ്ണികളായി. തൊഴിലാളിവര്‍ഗ സമരചരിത്രത്തില്‍ ഐതിഹാസിക പോരാട്ടംകൊണ്ട് എക്കാലവും ഇടംപിടിച്ചിട്ടുള്ള വ്യവസായമേഖലയ്ക്ക് വേറിട്ട അനുഭവമായി മനുഷ്യച്ചങ്ങല.
പരിസ്ഥിതി പ്രത്യാഘാതം ഉണ്ടാകാതെ വ്യവസായം നിലനിര്‍ത്തണം: പിണറായി
കൊച്ചി: പരിസ്ഥിതിക്ക് കോട്ടംതട്ടാതെ വ്യവസായങ്ങളെ സംരക്ഷിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പരിസ്ഥിതിയെയും വ്യവസായത്തെയും ഒരുപോലെ സംരക്ഷിക്കുകയെന്ന മുദ്രാവാക്യമുയര്‍ത്തി സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ഓഫ് ട്രേഡ്യൂണിയന്‍സിന്റെ നേതൃത്വത്തില്‍ നടന്ന മനുഷ്യച്ചങ്ങലയെത്തുടര്‍ന്ന് പാതാളം കവലയില്‍ നടന്ന പൊതുയോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
വ്യവസായങ്ങളെ നശിപ്പിക്കാനല്ല സംരക്ഷിക്കാനാണ് അധികൃതര്‍ നടപടി സ്വീകരിക്കേണ്ടത്. എതെങ്കിലുമൊരു കോടതിപരാമര്‍ശം ചൂണ്ടിക്കാട്ടി വ്യവസായം വേണ്ടെന്നുവയ്ക്കാന്‍ കഴിയില്ല. ഇത്തരം പരാമര്‍ശം നടത്തുന്ന കോടതികള്‍ക്ക് തൊഴിലാളികളുടെ ആശങ്കകള്‍ പരിഹരിക്കാനും കഴിയണം. നാടിനുതന്നെ അഭിമാനകരമായ വ്യവസായങ്ങള്‍ അടച്ചുപൂട്ടുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍പോലും കഴിയില്ല. ആയിരക്കണക്കിനു തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടും. ഇത് നാടിന്റെ അഭിവൃദ്ധിയെത്തന്നെ ബാധിക്കും. വേണ്ടത്ര സുരക്ഷാക്രമീകരണങ്ങളോടെയാണോ വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പുവരുത്താന്‍ നീതിപീഠങ്ങള്‍ക്കു കഴിയണം. സുരക്ഷാക്രമീകരണങ്ങള്‍ പാലിച്ച് വ്യവസായം നടത്താന്‍ സ്ഥാപനങ്ങളും തയ്യാറാകണം. പരിസ്ഥിതി പ്രശ്നത്തില്‍ അതിയായ താല്‍പ്പര്യമെടുക്കുന്ന ചിലര്‍ മറ്റൊന്നും വേണ്ടെന്നുപറയുന്നു. പരിസ്ഥിതിക്ക് കോട്ടംതട്ടാതെ വ്യവസായം നടത്താന്‍ കഴിയുമ്പോള്‍ അത് അടച്ചുപൂട്ടാന്‍ പറയുന്നത് നിര്‍ഭാഗ്യകരമാണ്. പെരിയാറില്‍ വെള്ളം വര്‍ധിപ്പിച്ച് സംരക്ഷിക്കാനാണ് അധികൃതര്‍ ശ്രമിക്കേണ്ടതെന്നും പിണറായി പറഞ്ഞു.
deshabhimani