Friday, October 26, 2012

സൂര്യനെല്ലി കേസിലെ ഇരയ്ക്ക് സര്‍ക്കാര്‍ പീഡനം


പതിനാറു വര്‍ഷം മുമ്പ് നടന്ന സൂര്യനെല്ലി സംഭവത്തിലെ ഇരയെ വീണ്ടും യുഡിഎഫ് സര്‍ക്കാര്‍ പീഡിപ്പിക്കുന്നു. ജോലി ചെയ്ത വാണിജ്യ നികുതി ഓഫീസിലെ പണം നഷ്ടപ്പെട്ട കേസില്‍ സസ്പെന്‍ഷനിലായ ഇവര്‍ തിരികെ ജോലിയില്‍ കയറുന്നത് സര്‍ക്കാര്‍ തടയുകയാണ്. അന്വേഷണ വിധേയമായി കഴിഞ്ഞ ഫെബ്രുവരി ആറിനായിരുന്നു സസ്പെന്‍ഷന്‍. ഇത്തരം കേസുകള്‍ ആറുമാസത്തിനകം തീര്‍പ്പായില്ലെങ്കില്‍ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നാണ് ചട്ടം. ആറുമാസം പൂര്‍ത്തിയായ ആഗസ്ത് 13ന് ജോലിയില്‍ തിരികെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് വാണിജ്യ വകുപ്പ് ജോയിന്റ് കമീഷണര്‍ക്ക് യുവതിഅപേക്ഷ നല്‍കി. എന്നാല്‍, അപേക്ഷ സര്‍ക്കാര്‍ അവഗണിച്ചു. പണം നഷ്ടപ്പെട്ടത് സംബന്ധിച്ച് വകുപ്പ്തല അന്വേഷണം നടത്തിയിരുന്നു. ഈ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് യുവതി വകുപ്പിന് അപേക്ഷ നല്‍കിയെങ്കിലും നിരസിച്ചു. വിവരാവകാശ നിയമ പ്രകാരം അപേക്ഷിക്കാനായിരുന്നു യുവതിയോട് നിര്‍ദേശിച്ചത്.

യുഡിഎഫ് അധികാരത്തില്‍ വന്ന് അധികം വൈകാതെ കേസിന്റെ പേരില്‍ യുവതിയെ അറസ്റ്റ് ചെയ്തു. ഓഫീസിലേക്ക് പോകുമ്പോള്‍ വഴിയില്‍വച്ചായിരുന്നു അറസ്റ്റ്. മണിക്കൂറുകളോളം പൊലീസ് കസ്റ്റഡിയില്‍ വച്ചു. ജയിലില്‍ കിടക്കുമ്പോള്‍ ഫെബ്രുവരി 10ന് സസ്പെന്‍ഷനും വന്നു. അന്വേഷണം ഇഴച്ച് വീണ്ടും പീഡിപ്പിക്കുക എന്ന നിലപാടാണ് സര്‍ക്കാരിന്. കള്ളക്കേസാണെന്ന് കാട്ടി യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെങ്കിലും മറുപടി കിട്ടാന്‍ ആറുമാസം വേണ്ടി വന്നു. മാര്‍ച്ച് എട്ടിനാണ് പരാതി നല്‍കിയത്. മറുപടി കിട്ടിയതാകട്ടെ സെപ്തംബര്‍ 13നും. ഗസറ്റഡ് ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തി അപേക്ഷ നല്‍കിയാലേ സസ്പെന്‍ഷന്‍ കാലയളവിലെ അലവന്‍സ് കിട്ടൂ. ഉദ്യോഗസ്ഥരാരും ഇതിനു കൂട്ടാക്കാത്തതിനാല്‍ അലവന്‍സും കിട്ടുന്നില്ലെന്ന് മാതാപിതാക്കള്‍ "ദേശാഭിമാനി"യോട് പറഞ്ഞു.

ട്രഷറിയില്‍ അടയ്ക്കേണ്ടിയിരുന്ന 2.26 ലക്ഷം രൂപ നഷ്ടപ്പെട്ട കേസിലാണ് അന്വേഷണം. താന്‍ നിരപരാധിയാണെന്ന് യുവതി വ്യക്തമാക്കിയിരുന്നു. കേസില്‍ പ്രതികളായിരുന്ന ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയപ്പോള്‍ തന്നെ മാത്രം ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തി പീഡിപ്പിക്കുകയാണെന്ന് യുവതി പരാതിയില്‍ പറഞ്ഞു. ഇവര്‍ഇരയായ പീഢന കേസില്‍ കോണ്‍ഗ്രസ് നേതാക്കളടക്കം പ്രതികളായിരുന്നു. പ്രതികള്‍ക്ക് പ്രത്യേക കോടതി കഠിനതടവ് വിധിച്ചു. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. അവിടെ കേസ് പരിഗണനക്ക് വരുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ വക പീഡനമെന്ന് ആരോപണമുണ്ട്.

deshabhimani news

No comments:

Post a Comment