Saturday, October 20, 2012

മംഗളം മാപ്പുപറഞ്ഞു; ഏറ്റുപാടിയവര്‍ക്ക് മിണ്ടാട്ടമില്ല


"പേരാവൂര്‍ മുടക്കോഴിമലയില്‍ ബലാത്സംഗത്തില്‍ ഗര്‍ഭിണിയായ മധ്യവയസ്കയുടെ ആത്മഹത്യ" ഒന്നാംപേജില്‍ നിറംപിടിപ്പിച്ച വാര്‍ത്തയാക്കിയ മംഗളം ദിനപത്രം മൂന്നാംനാള്‍ വാര്‍ത്ത പിന്‍വലിച്ച് മാപ്പുപറഞ്ഞു. അതേസമയം മംഗളത്തെ പിന്തുടര്‍ന്ന് വാര്‍ത്ത മെനഞ്ഞ മറ്റു മാധ്യമങ്ങളും ചാനലുകളും പൊലീസിന്റെ വെളിപ്പെടുത്തല്‍ വായനക്കാരില്‍നിന്ന് മറച്ചുവച്ചു. വാര്‍ത്ത വന്ന ദിവസം പൊലീസ് സത്യാവസ്ഥ വ്യക്തമാക്കിയിട്ടും "ദേശാഭിമാനി"യൊഴിച്ചുള്ള മാധ്യമങ്ങള്‍ അജ്ഞത നടിച്ചു. മംഗളം വാര്‍ത്ത കള്ളമാണെന്ന് അറിഞ്ഞിട്ടും പൊലീസ് അന്വേഷണം ആരംഭിച്ചു എന്നത് തലക്കെട്ടാക്കി ദൃശ്യ- പത്രമാധ്യമങ്ങള്‍ നാടിനെ അപമാനിച്ചു. ഒന്നാംപേജില്‍ പ്രാധാന്യത്തോടെ കൊടുത്ത വാര്‍ത്ത അടിമുടി വ്യാജമാണെന്ന് സമ്മതിച്ച മംഗളം അഞ്ചാംപേജിലാണ് പൊലീസിന്റെ കണ്ടെത്തല്‍ കൊടുത്തത്. ഒപ്പം എഡിറ്ററുടെ ഖേദപ്രകടനവും. സംസ്ഥാനത്താകെ ഒന്നാംപേജില്‍ ആഘോഷിച്ച വാര്‍ത്ത പിന്‍വലിച്ച വിവരം എതാനും എഡിഷനില്‍ ഒതുക്കി.

ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ഒളിവില്‍ കഴിയവെ മധ്യവയസ്കയെ പീഡിപ്പിച്ചു; ഇരയായത് പ്രതികള്‍ക്ക് ഭക്ഷണമെത്തിച്ച സ്ര്തീ, ഗര്‍ഭിണിയായ സ്ത്രീ ജീവനൊടുക്കി- ഇതായിരുന്നു മംഗളം വാര്‍ത്തയുടെ കാതല്‍. വാര്‍ത്തയെക്കുറിച്ച് അന്വേഷിക്കുമെന്ന പൊലീസിന്റെ അറിയിപ്പുമായി മറ്റു ചില മാധ്യമങ്ങളും മംഗളം വാര്‍ത്തയുടെ ഉള്ളടക്കം മുഴുവന്‍ ആവര്‍ത്തിച്ചു. മുടക്കോഴി ഗ്രാമത്തെക്കുറിച്ച് എന്തും പ്രചരിപ്പിക്കാന്‍ മാധ്യമങ്ങള്‍ക്കുള്ള ഏക ന്യായം അന്നാട്ടിലെ ബഹുഭൂരിപക്ഷവും സിപിഐ എമ്മില്‍ അണിനിരന്നവരാണ് എന്നതുമാത്രം. ഇക്കുറി ഇരയാക്കിയത് ജീവിതം മുഴുവന്‍ യാതനയനുഭവിച്ച പാവം സ്ത്രീയെ. 55 വയസ്സുള്ള അവരെ ബാലാത്സംഗത്തിലേക്കും ഗര്‍ഭധാരണത്തിലേക്കും ആത്മഹത്യയിലേക്കുമൊക്കെ വലിച്ചിഴച്ചത് ഏത് മാധ്യമധര്‍മത്തിന്റെ പേരിലാണെന്ന ചോദ്യമാണ് ഉയരുന്നത്.

ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ഇരിട്ടി സി ഐ വി വി മനോജ് നടത്തിയ അന്വേഷണത്തിലാണ് വാര്‍ത്ത വ്യാജമാണെന്ന് തെളിഞ്ഞതെന്ന് മംഗളം കുമ്പസാരിക്കുന്നു. ഇക്കാര്യം വ്യാഴാഴ്ചതന്നെ ദേശാഭിമാനി പ്രസിദ്ധീകരിച്ചിരുന്നു. വര്‍ഷങ്ങളായി പലവിധ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്ന സ്ത്രീയുടെ മരണത്തെയാണ് അപഹാസ്യമാംവിധം ഉപയോഗിച്ചത്. വാതരോഗത്താല്‍ ശരീരം തളര്‍ന്ന ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യവും ഉണ്ടായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചുണ്ടായ ഇവരുടെ മരണത്തെയാണ് ആത്മഹത്യയാക്കി മാറ്റിയത്.

deshabhimani 201012

1 comment:


  1. "പേരാവൂര്‍ മുടക്കോഴിമലയില്‍ ബലാത്സംഗത്തില്‍ ഗര്‍ഭിണിയായ മധ്യവയസ്കയുടെ ആത്മഹത്യ" ഒന്നാംപേജില്‍ നിറംപിടിപ്പിച്ച വാര്‍ത്തയാക്കിയ മംഗളം ദിനപത്രം മൂന്നാംനാള്‍ വാര്‍ത്ത പിന്‍വലിച്ച് മാപ്പുപറഞ്ഞു. അതേസമയം മംഗളത്തെ പിന്തുടര്‍ന്ന് വാര്‍ത്ത മെനഞ്ഞ മറ്റു മാധ്യമങ്ങളും ചാനലുകളും പൊലീസിന്റെ വെളിപ്പെടുത്തല്‍ വായനക്കാരില്‍നിന്ന് മറച്ചുവച്ചു. വാര്‍ത്ത വന്ന ദിവസം പൊലീസ് സത്യാവസ്ഥ വ്യക്തമാക്കിയിട്ടും "ദേശാഭിമാനി"യൊഴിച്ചുള്ള മാധ്യമങ്ങള്‍ അജ്ഞത നടിച്ചു. മംഗളം വാര്‍ത്ത കള്ളമാണെന്ന് അറിഞ്ഞിട്ടും പൊലീസ് അന്വേഷണം ആരംഭിച്ചു എന്നത് തലക്കെട്ടാക്കി ദൃശ്യ- പത്രമാധ്യമങ്ങള്‍ നാടിനെ അപമാനിച്ചു.

    ReplyDelete