Saturday, October 20, 2012

വാരിക്കുന്തം എത്തിച്ചതിന്റെ സ്മരണകളിരമ്പും 88ലും


പുന്നപ്ര-വയലാര്‍ വാരാചരണത്തിന് ഇന്ന് കൊടി ഉയരും

ആലപ്പുഴ: പുന്നപ്ര-വയലാര്‍ സമരത്തിന്റെ 66-ാം വാര്‍ഷിക വാരാചരണത്തിന് തുടക്കംകുറിച്ച് ശനിയാഴ്ച അമ്പലപ്പുഴ-ചേര്‍ത്തല താലൂക്കുകളില്‍ ചെങ്കൊടി ഉയരും. അമേരിക്കന്‍ മോഡല്‍ ഭരണത്തിന് അറുതിവരുത്താനും പ്രായപൂര്‍ത്തി വോട്ടവകാശത്തിനും വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീരരക്തസാക്ഷികളുടെ വീരസ്മരണകളിരമ്പുന്ന ഏഴുനാളുകളാവും ഇനി. പുന്നപ്രയിലും രക്തസാക്ഷികള്‍ അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട്ടിലും മാരാരിക്കുളത്തുമാണ് സി എച്ച് കണാരന്റെ ചരമവാര്‍ഷികദിനംകൂടിയായ ശനിയാഴ്ച ചെങ്കൊടി ഉയരുക.

രക്തസാക്ഷി കാട്ടൂര്‍ ജോസഫിന്റെയും ആലിശേരി കാക്കിരിയില്‍ കരുണാകരന്റെയും വീടുകളില്‍നിന്ന് പ്രകടനമായി വലിയചുടുകാട്ടില്‍ എത്തിക്കുന്ന രക്തപതാക വൈകിട്ട് 5.30ന് സമരസേനാനി എന്‍ കെ ഗോപാലന്‍ ഉയര്‍ത്തും. തുടര്‍ന്ന് സി എച്ച് അനുസ്മരണ സമ്മേളനവും ചേരും. പുന്നപ്ര-വയലാര്‍ സമരസേനാനി വാര്യംപറമ്പില്‍ കൃഷ്ണന്റെ വസതിയില്‍നിന്ന് കൊടിമരവും അമ്പലപ്പുഴ-പുറക്കാട് വാരാചരണകമ്മിറ്റികളുടെ നേതൃത്വത്തില്‍ തോട്ടപ്പള്ളിയില്‍നിന്ന് പതാകയും സമരഭൂമിയില്‍ എത്തിക്കും. വൈകിട്ട് 5.30ന് വാരാചരണ കമ്മിറ്റി പ്രസിഡന്റ് ഇ കെ ജയന്‍ പതാക ഉയര്‍ത്തും.

വൈകിട്ട് ആറിന് പറവൂര്‍ രക്തസാക്ഷി നഗറില്‍ ചേരുന്ന "മാധ്യമങ്ങളുടെ രാഷ്ട്രീയം" എന്ന സെമിനാര്‍ കെ എന്‍ ചന്ദ്രശര്‍മ ഉദ്ഘാടനം ചെയ്യും. ടി കെ ദേവകുമാര്‍ അധ്യക്ഷനാകും. രാത്രി എട്ടിന് കാവ്യസന്ധ്യ. മാരാരിക്കുളം രക്തസാക്ഷിമണ്ഡപത്തില്‍ വൈകിട്ട് ആറിന് സമരസേനാനി സി കെ കരുണാകരന്‍ പതാക ഉയര്‍ത്തും. 21ന് വയലാറില്‍ ഉയര്‍ത്താനുള്ള പതാക ശനിയാഴ്ച രാവിലെ ഒമ്പതിന് മേനാശേരി രക്തസാക്ഷി മണ്ഡപത്തില്‍ സി കെ കരുണാകരനില്‍നിന്ന് പി വി പൊന്നപ്പന്‍ ഏറ്റുവാങ്ങും.

വാരിക്കുന്തം എത്തിച്ചതിന്റെ സ്മരണകളിരമ്പും 88ലും

അമ്പലപ്പുഴ: വിപ്ലവസ്മരണകളിരമ്പുന്ന പുന്നപ്രയുടെ മണ്ണില്‍ ഐതിഹാസികമായ സമരത്തിന്റെ ഓര്‍മകളുമായി സമരസേനാനി ശനിയാഴ്ച വീണ്ടും സമരഭൂമിയിലേക്ക്. പുന്നപ്ര തെക്ക് പഞ്ചായത്ത് ഏഴാം വാര്‍ഡ് പതിമൂന്നില്‍ വീട്ടില്‍ സുകുമാരന്‍ (88) ആണ് സമരത്തിന്റെ 66-ാമത് വാര്‍ഷികവാരാചരണ പരിപാടികള്‍ക്ക് പോകാന്‍ തയാറെടുക്കുന്നത്.

പാടത്തും പറമ്പിലുമായി രാപ്പകല്‍ പണിയെടുത്ത് തമ്പ്രാക്കന്മാരുടെ കനിവിനായി കാത്തുനിന്നിരുന്ന ഒരു കാലഘട്ടത്തില്‍ സമരത്തിന്റെ അലയൊലികള്‍ വീശിയടിക്കുമ്പോഴാണ് സുകുമാരനില്‍ വിപ്ലാവേശം ഉണര്‍ന്നത്. അന്ന് 24 വയസായിരുന്നു. കയര്‍തൊഴിലാളികളെയും കര്‍ഷകത്തൊഴിലാളികളെയുമെല്ലാം സംഘടിപ്പിച്ചിരുന്ന കാലം. ചിലയവസരങ്ങളില്‍ ഇവരുടെ രഹസ്യയോഗങ്ങളും സുകുമാരന്‍ നോക്കിക്കാണും. വി കെ കരുണാകരന്‍ എന്നൊരാള്‍ ആണ് ഇത്തരം യോഗങ്ങളില്‍ എത്തിച്ചേര്‍ന്നതെന്ന് സുകുമാരന്റെ വ്യക്തതയില്ലാത്ത ഓര്‍മകളില്‍ ഇന്നും തെളിയുന്നു. വണ്ടാനം സ്വദേശി നീലകണ്ഠനും പുന്നപ്ര കന്നിട്ടപറമ്പില്‍ ശ്രീധരനും, പറവൂര്‍ സ്വദേശി കോളോത്ര കൃഷ്ണനും ഇടയ്ക്കെത്തി തന്റെ ചില സുഹൃത്തുക്കളുമായി രഹസ്യസംഭാഷണം നടത്തുന്നതും സുകുമാരന്‍ കണ്ടു. തുടര്‍ന്ന് ഇവരുമായി കൂടുതലടുത്തു. പിന്നീട് സമീപത്തെ വിവിധ സ്ഥലങ്ങളില്‍ നിന്ന് അടയ്ക്കാമരം വെട്ടി വെള്ളാപ്പള്ളി, കുമ്പളത്താക്കല്‍, പടിഞ്ഞാറെപറമ്പ്, വെട്ടിപ്പിഴിഞ്ഞി എന്നിവിടങ്ങളില്‍ എത്തിക്കണമെന്ന നിര്‍ദേശം കിട്ടി. മറ്റുചിലര്‍ സഹായികളുമായി ഉണ്ടായിരുന്നു. ഇങ്ങനെ എത്തിക്കുന്ന അടയ്ക്കാമരങ്ങള്‍ വണ്ടാനത്തെ തെക്കേപറമ്പ്, കോനാട്ടുപള്ളി എന്നിവിടങ്ങളിലിട്ട് കൂര്‍പ്പിച്ച് കുന്തമാക്കി. പിന്നീട് ഈ കുന്തങ്ങള്‍ പുന്നപ്ര കിഴക്കുള്ള കോളോത്ര കൃഷ്ണന്റെ വീട്ടിലും കൊട്ടാരം പറമ്പിലും എത്തിക്കുന്നത് സുകുമാരനായിരുന്നു. വെടിവെപ്പ് നടക്കുമ്പോള്‍ സമരഭൂമിയിലേക്ക് മാര്‍ച്ച് ചെയ്ത 75 ഓളം പേര്‍ക്ക് ഇത് എത്തിച്ചുകൊടുത്തതും സുകുമാരന്‍ തന്നെ.

പൊലീസ് ക്യാമ്പിലേക്ക് മാര്‍ച്ച് ആരംഭിച്ച് അല്‍പം കഴിഞ്ഞപ്പോള്‍ വെടിയൊച്ച കേട്ടു. ഇത് കേട്ട് പിന്നിലേക്ക് മാറിയ ഒരാള്‍ ചാവക്കാട്ട് പൊഴിയില്‍ വീണ് മുങ്ങിത്താഴുമ്പോള്‍ അയാളെ രക്ഷപെടുത്തിയതും സുകുമാരനാണ്. ഈ സമയം അയാളുടെ കൈവശമുണ്ടായിരുന്ന വാരിക്കുന്തം ഇടതുതോളില്‍ തറച്ച് പരിക്കേറ്റപാട് ഇന്നും സുകുമാരന്‍ കാട്ടിത്തരും. വെടിവെപ്പില്‍ എത്രപേര്‍ മരിച്ചെന്നറിയില്ല. എങ്ങനെയോ ഓടി വീട്ടിലെത്തി. തുടര്‍ന്ന് പൊലീസിന്റെ ആക്രമണം ഭയന്ന് രാത്രി അമ്പലപ്പുഴയിലെ പിതൃസഹോദരന്റെ വീട്ടില്‍ അഭയം തേടി. അഞ്ചുദിവസം അവിടെ ഒളിവില്‍ കഴിഞ്ഞ സുകുമാരന്‍ നാട്ടിലെ ചില പ്രമാണിമാര്‍ തന്നെ കണ്ടെത്തിയെന്ന് മനസിലാക്കി കല്ലൂപ്പാറയിലേക്ക് പോയി. ഒരു സുഹൃത്തിന്റെ ബന്ധുവീട്ടിലെത്തി ഏഴുമാസം അവിടെയും ഒളിവില്‍ കഴിഞ്ഞു. തുടര്‍ന്ന് 22 ഓളം പേരടങ്ങുന്ന പാര്‍ടി യോഗം ചേര്‍ന്നു. തുടര്‍ന്ന് കരുവാറ്റയിലെ ബന്ധുവീട്ടിലെത്തി ഒരുമാസം താമസിച്ചു. പൊലീസ് ഭീകരത അപ്പോഴും ഉണ്ടായിരുന്നതായും സുകുമാരന്‍ ഓര്‍ക്കുന്നു. പിന്നീട് നാട്ടിലെത്തി സമരത്തിനിടെ പരിചയപ്പെട്ട ഒരാളെ അന്വേഷിച്ച് ഇറങ്ങി. രാത്രി തിരികെ മടങ്ങുമ്പോള്‍ പൊലീസ് പിന്നാലെ കൂടി. എന്നാല്‍ കൈവശമുണ്ടായിരുന്ന ചൂട്ടുകറ്റ കെടുത്തി ഏറെ നേരം ഒളിച്ചിരുന്നു. പിന്നീട് അയല്‍വാസി തുണ്ടില്‍ പ്രഭാകരനൊപ്പം വീട്ടിലെത്തുകയായിരുന്നുവെന്നും സുകുമാരന്‍ ഓര്‍മകള്‍ ചികഞ്ഞു.

പോരാട്ട മനസ് ഇന്നും യൗവനം

ആലപ്പുഴ: ആലപ്പുഴയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് പോരാട്ടത്തോടൊപ്പം കരുതലും ചേര്‍ത്തുവെച്ച മൂന്നക്ഷരമാണ് പി കെ സി. സര്‍ സിപിയുടെ ചോറ്റുപട്ടാളത്തോട് നേരിട്ട് ഏറ്റുമുട്ടിയ യുവത്വത്തിന് പിന്നെയും 66 വയസ് പിന്നിട്ടു. പ്രായാധിക്യം സമ്മാനിച്ച അവശതകള്‍ മറന്ന് 90ലും ആ പോരാട്ടം തുടരുകയാണ് പി കെ ചന്ദ്രാനന്ദന്‍. ശകാരമായും സാന്ത്വനമായും സമര മുഖങ്ങളിലും സംഘടനാ പ്രവര്‍ത്തനങ്ങളിലും ഇന്നും സജീവം. പുന്നപ്ര വയലാര്‍ സമരത്തെ കുറിച്ച് ഓര്‍മകുറിപ്പ് ചോദിച്ചാല്‍ ആ സമരത്തിന്റെ കാലിക പ്രസക്തിയാകും അദ്ദേഹം വിവരിക്കുക.

അദ്ദേഹം പറഞ്ഞു തുടങ്ങി. -പുന്നപ്ര വയലാര്‍ സമരമാണ് ഇന്ത്യയില്‍ മറ്റൊരിടത്തും ഉണ്ടാകാത്ത രീതിയില്‍ കേരളത്തില്‍ കാര്‍ഷിക നിയമം നിര്‍മിക്കാന്‍ വഴിതുറന്നത്. അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍, പ്രായപൂര്‍ത്തി വോട്ടവകാശം എന്നിവയ്ക്കൊപ്പം ജന്മിത്വം അവസാനിപ്പിക്കുക എന്ന മുദ്രാവാക്യവുമായാണ് അന്ന് സമര സേനാനികള്‍ പട്ടാളത്തോട് എതിരിട്ടത്. ആ പോരാട്ടം ഭൂരഹിത കര്‍ഷകര്‍ക്കും പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും കൃഷിഭൂമിക്കും കിടപ്പാടത്തിനും ജന്മാവകാശം കിട്ടാന്‍ വഴിവെച്ച സമരമായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ടി ഇച്ഛാശക്തിയോടെ തുടര്‍ന്ന സമരത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ആറു ലക്ഷം കര്‍ഷക തൊഴിലാളികള്‍ക്കും 30 ലക്ഷം കര്‍ഷകര്‍ക്കും ഭൂമിയില്‍ ജന്മാവകാശം നേടികൊടുത്തു. കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക ഭൂപരിഷ്കരണ നിയമത്തിന് അംഗീകാരം നല്‍കി ദിവസങ്ങള്‍ കഴിയുന്നതിന് മുമ്പുതന്നെ ഇഎംസ് സര്‍ക്കാരിനെ അട്ടിമറിച്ചു.

ഈ സാഹചര്യത്തിലാണ് സമരവുമായി സിപിഐ എമ്മും കര്‍ഷക - കര്‍ഷക തൊഴിലാളി പ്രസ്ഥാനങ്ങളും പ്രക്ഷോഭത്തിനിറങ്ങിയത്. ആലപ്പുഴ അറവുകാട് മൈതാനത്ത് ചേര്‍ന്ന ലക്ഷങ്ങള്‍ പങ്കെടുത്ത കണ്‍വെന്‍ഷനില്‍ എകെജി സമരം പ്രഖ്യാപിച്ചു. നിയമം മൂലം അനുവദിക്കപ്പെട്ട ഭൂമി നേടിയെടുക്കാന്‍ ഭൂമിയുടെ യഥാര്‍ത്ഥ അവകാശികള്‍ രംഗത്തിറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സമരം ആളി പടര്‍ന്നു. കള്ളിക്കാട് പൊലീസ് വെടിവയ്പ്പില്‍ നീലകണ്ഠനും ഭാര്‍ഗവിയും രക്തസാക്ഷികളായത് ഭൂവുടമകളില്‍ പുനര്‍ചിന്തനത്തിന് വഴിവച്ചു. കുടികിടപ്പുകാര്‍ക്കും പാട്ടക്കാര്‍ക്കും നിയമം നിര്‍ദേശിക്കുന്ന ഭൂമി നല്‍കാനുള്ള സന്നദ്ധത പലരും അറിയിച്ചു. പാര്‍ടി ഓഫീസുകളില്‍ വന്നുപോലും പലരും സന്നദ്ധത അറിയിച്ചു. എന്നാല്‍ ഇന്ന് പുതിയ സമ്പന്ന വര്‍ഗങ്ങള്‍ നിക്ഷേപത്തിന്റെ മറവില്‍ മലയും മണ്ണും കൈയടക്കുകയാണ്. ഇതിനെതിരെ വീണ്ടും മറ്റൊരു പ്രക്ഷോഭത്തിന്റെ ആവശ്യകതയാണ് പുന്നപ്ര വയലാര്‍ സമരം നമുക്ക് തരുന്ന സന്ദേശം- അദ്ദേഹം പറഞ്ഞു.

deshabhimani 201012

1 comment:

  1. പുന്നപ്ര-വയലാര്‍ സമരത്തിന്റെ 66-ാം വാര്‍ഷിക വാരാചരണത്തിന് തുടക്കംകുറിച്ച് ശനിയാഴ്ച അമ്പലപ്പുഴ-ചേര്‍ത്തല താലൂക്കുകളില്‍ ചെങ്കൊടി ഉയരും. അമേരിക്കന്‍ മോഡല്‍ ഭരണത്തിന് അറുതിവരുത്താനും പ്രായപൂര്‍ത്തി വോട്ടവകാശത്തിനും വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീരരക്തസാക്ഷികളുടെ വീരസ്മരണകളിരമ്പുന്ന ഏഴുനാളുകളാവും ഇനി. പുന്നപ്രയിലും രക്തസാക്ഷികള്‍ അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട്ടിലും മാരാരിക്കുളത്തുമാണ് സി എച്ച് കണാരന്റെ ചരമവാര്‍ഷികദിനംകൂടിയായ ശനിയാഴ്ച ചെങ്കൊടി ഉയരുക.

    ReplyDelete