Sunday, October 21, 2012

3 കമ്പനികള്‍ക്ക് അനുമതിയായി


സിംഗിള്‍ ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളുടെ ചില്ലറവില്‍പ്പനമേഖലയില്‍ നൂറുശതമാനം വിദേശനിക്ഷേപം അനുവദിച്ചതിന്റെ തുടര്‍ച്ചയായി മൂന്ന് വിദേശകമ്പനികളുടെ വിദേശനിക്ഷേപ നിര്‍ദേശങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി. അമേരിക്കയിലെ വസ്ത്രവ്യാപാര കമ്പനി ബ്രൂക്ക് ബ്രദേഴ്സ്, ബ്രിട്ടനിലെ പാദരക്ഷാ കമ്പനി പാവേഴ്സ് ഇംഗ്ലണ്ട് തുടങ്ങിയ കമ്പനികളുടെ 106 കോടിയുടെ വിദേശനിക്ഷേപ പദ്ധതിക്കാണ് അംഗീകാരം. ഇറ്റാലിയന്‍ ആഭരണകമ്പനിയായ ദാമിയാനിയ ഇന്ത്യയിലെ മേത്ത പ്രൈവറ്റ് ലിമിറ്റഡുമായി ചേര്‍ന്നുള്ള സംയുക്തസംരംഭത്തിനും കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി. ദാമിയാനിയക്ക് 51 ശതമാനവും മേത്തയ്ക്ക് 49 ശതമാനവും ഓഹരികളായിരിക്കും ഈ കമ്പനിയിലുണ്ടാകുക. ധനമന്ത്രാലയത്തിനുകീഴിലുള്ള സാമ്പത്തികകാര്യ സെക്രട്ടറി അരവിന്ദ് മായാറാമിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡാണ് ഈ മൂന്ന് വിദേശനിക്ഷേപ പദ്ധതികള്‍ക്കും അംഗീകാരം നല്‍കിയത്.

പാവേഴ്സ് ഇംഗ്ലണ്ട് മൊത്തം 100 കോടി രൂപയുടെ നിക്ഷേപമാണ് ഇന്ത്യയില്‍ ലക്ഷ്യമിടുന്നത്. ഈ കമ്പനി നിലവില്‍ ഇന്ത്യയില്‍ വ്യാപാരം നടത്തുന്നുണ്ട്. സിംഗിള്‍ ബ്രാന്‍ഡ് ചില്ലറവില്‍പ്പനയില്‍ 49 ശതമാനം വിദേശനിക്ഷേപം അനുവദിച്ച ഘട്ടത്തില്‍തന്നെ ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രിറ്റണ്‍ റീട്ടെയില്‍വഴി 28 കടകള്‍ തുറന്നിരുന്നു. റിലയന്‍സ്, ലൈഫ് സ്റ്റൈല്‍, ഷോപ്പേഴ്സ് സ്റ്റോപ്പ്, വൈസ്റ്റ്സൈഡ് എന്നീ റീട്ടെയില്‍ ചെയിന്‍വഴിയും പാവേഴ്സ് ഇന്ത്യ അവരുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിച്ചിരുന്നു. എന്നാല്‍, നൂറുശതമാനം വിദേശനിക്ഷേപം അനുവദിച്ചതോടെ സ്വന്തമായി കടകള്‍ തുറക്കാനാണ് ബ്രിട്ടീഷ് കമ്പനി ലക്ഷ്യമിടുന്നത്. ബ്രൂക്ക്സ് ബ്രദേഴ്സ് കമ്പനി റിലയന്‍സുമായി ചേര്‍ന്നാണ് കടകള്‍ തുറക്കുക. 6.22 കോടി രൂപ നിക്ഷേപിക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ന്യൂഡല്‍ഹി, മുംബൈ, ചെന്നൈ, ബംഗളൂരു, ഛണ്ഡീഗഢ് എന്നീ നഗരങ്ങളിലാണ് കടകള്‍ തുറക്കുക. അതിനിടെ ചില്ലറവില്‍പ്പന മേഖലയില്‍ 51 ശതമാനം വിദേശനിക്ഷേപം അനുവദിക്കാനുള്ള തീരുമാനം 40,000 കോടി രൂപയുടെ വിദേശനിക്ഷേപത്തിന് വഴിയൊരുക്കുമെന്ന് വ്യവസായികളുടെ സംഘടനയായ അസോച്ചവും യെസ് ബാങ്കും സംയുക്തമായി തയ്യാറാക്കിയ റിപ്പോര്‍ട്ട് അറിയിച്ചു. ചില്ലറവില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം യാഥാര്‍ഥ്യമാകുന്നതോടെ രാജ്യത്തെ സംഘടിതമേഖലയിലെ കമ്പോളം നിലവിലുള്ള 23,00,000 കോടി രൂപയെന്നത് 48,00,000 കോടി രൂപയായി വര്‍ധിക്കുമെന്ന് ഈ റിപ്പോര്‍ട്ട് വ്യക്തമാക്കി.

deshabhimani 211012

1 comment:

  1. സിംഗിള്‍ ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളുടെ ചില്ലറവില്‍പ്പനമേഖലയില്‍ നൂറുശതമാനം വിദേശനിക്ഷേപം അനുവദിച്ചതിന്റെ തുടര്‍ച്ചയായി മൂന്ന് വിദേശകമ്പനികളുടെ വിദേശനിക്ഷേപ നിര്‍ദേശങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി

    ReplyDelete