Thursday, October 25, 2012

കൊച്ചിയില്‍ 27ന് മനുഷ്യ മെട്രോ


കൊച്ചി മെട്രോ അട്ടിമറിക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്നും നിര്‍മാണച്ചുമതല ഡിഎംആര്‍സിയെയും ഇ ശ്രീധരനെയും ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ട് നഗരവികസന സമിതിയുടെ നേതൃത്വത്തില്‍ ആലുവ പുളിഞ്ചോടുമുതല്‍ തൃപ്പൂണിത്തുറ പേട്ടവരെ 27ന് ശനിയാഴ്ച വൈകിട്ട് 4.30ന് മനുഷ്യ മെട്രോ സംഘടിപ്പിക്കും. കക്ഷിരാഷ്ട്രീയത്തിന് അതീതമായി മുഴുവന്‍ ജനങ്ങളെയും അണിനിരത്തിയാണ് മനുഷ്യച്ചങ്ങല സംഘടിപ്പിക്കുന്നതെന്ന് സമിതി ചെയര്‍മാന്‍ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരും ജനറല്‍ കണ്‍വീനര്‍ പി രാജീവ് എംപിയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പദ്ധതിയില്‍നിന്ന് ഇ ശ്രീധരനെയും ഡിഎംആര്‍സിയെയും ഒഴിവാക്കാന്‍ ആസൂത്രിത ഗൂഢാലോചനയാണ് നടക്കുന്നത്. ഉന്നത രാഷ്ട്രീയനേതൃത്വവും ഒരുവിഭാഗം ഉദ്യോഗസ്ഥരും അടങ്ങുന്ന ലോബിയാണ് ഇതിനു പിന്നില്‍. ഒരുവശത്ത് ഡിഎംആര്‍സിയും ശ്രീധരനും വേണമെന്ന് പരസ്യമായി പറയുന്നവര്‍തന്നെ മറുവശത്ത് സ്വകാര്യകമ്പനികളുമായി ചര്‍ച്ച നടത്തുകയും എമര്‍ജിങ് കേരളയില്‍ നിക്ഷേപം ക്ഷണിക്കുന്ന പദ്ധതികളുടെ കൂട്ടത്തില്‍ കൊച്ചി മെട്രോയെ പ്രാധാന്യത്തോടെ ഉള്‍പ്പെടുത്തുകയും ചെയ്തു. ടോം ജോസ് കൊച്ചി മെട്രോ എംഡിയായിരിക്കുമ്പോള്‍ ഡിഎംആര്‍സിയെ ഒഴിവാക്കാനുള്ള തീരുമാനം എടുക്കണമെന്ന് ഔദ്യോഗികമായിത്തന്നെ ആവശ്യപ്പെട്ടതും അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയതും ഒറ്റയ്ക്കുള്ള തീരുമാനമാണെന്നു കരുതാനാകില്ല. ഡിഎംആര്‍സിയെ കൊച്ചി മെട്രോയുടെ ചുമതല ഏല്‍പ്പിക്കുമെന്ന തീരുമാനം ഇപ്പോള്‍ മൂന്നാമത്തെ തവണയാണ് മന്ത്രിസഭായോഗം എടുക്കുന്നത്. എന്നിട്ടും നടപ്പാകുന്നില്ല. സര്‍ക്കാര്‍ തീരുമാനം ഔദ്യോഗികമായി ഡിഎംആര്‍സിയെയും നഗരവികസന മന്ത്രാലായത്തെയും അറിയിക്കണം. നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ചുമതല ഏല്‍പ്പിക്കുന്ന കാര്യം അജന്‍ഡയാക്കി കെഎംആര്‍എലിന്റെ ബോര്‍ഡ് യോഗം പ്രത്യേകമായി വിളിച്ച് തീരുമാനമെടുക്കണം. അതിനുമുമ്പ് നഗരവികസനമന്ത്രിയുമായി സംസാരിച്ച് കേന്ദ്രസര്‍ക്കാരിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് നയപരമായ നിര്‍ദേശം നല്‍കാന്‍ കഴിയണം. ഇതൊന്നും ചെയ്യാതെ നടത്തുന്ന ചര്‍ച്ചകള്‍ ഗുണംചെയ്യില്ല. വലിയ ജനകീയസമ്മര്‍ദം ഇല്ലാതെ ഇത്തരം കാര്യങ്ങള്‍ നടക്കില്ലെന്നാണ് അനുഭവം തെളിയിക്കുന്നതെന്ന് കൃഷ്ണയ്യരും രാജീവും പറഞ്ഞു.

കൊച്ചി മെട്രോയ്ക്കുള്ള കേന്ദ്രാനുമതി വൈകിയ ഘട്ടത്തില്‍ വികസനസമിതിയുടെ നേതൃത്വത്തില്‍ കൊച്ചി നഗരത്തില്‍ മനുഷ്യച്ചങ്ങല സംഘടിപ്പിക്കുകയും പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരെ നേരില്‍ കണ്ട് ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ജനകീയ ഇടപെടല്‍ വീണ്ടും ആവശ്യമായിരിക്കുന്നു. ആ കാഴ്ചപ്പാടിലാണ് മനുഷ്യ മെട്രോ സംഘടിപ്പിക്കുന്നത്. ഈ ആവശ്യം അംഗീകരിക്കുന്ന രാഷ്ട്രീയപാര്‍ടികളും സംഘടനകളും പരിപാടി വിജയിപ്പിക്കുന്നതിനായി രംഗത്തിറങ്ങണമെന്നും ഇരുവരും അഭ്യര്‍ഥിച്ചു.

മനുഷ്യ മെട്രോ: വിപുല ഒരുക്കം; സംഘാടകസമിതിയായി

കൊച്ചി: കൊച്ചി മെട്രോയെ അട്ടിമറിക്കാന്‍ നടത്തുന്ന നീക്കം അവസാനിപ്പിക്കണമെന്നും നിര്‍മാണച്ചുമതല ഡിഎംആര്‍സിയെയും ഇ ശ്രീധരനെയും ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ട് നഗരവികസന സമിതിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച നടക്കുന്ന മനുഷ്യ മെട്രോ വിജയിപ്പിക്കാന്‍ വിപുലമായ ഒരുക്കം. കൊച്ചി നഗരവികസന സമിതിയുടെ നേതൃത്വത്തില്‍ സദ്ഗമയില്‍ നടന്ന വിവിധ സംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ ചെയര്‍മാനും പി രാജീവ് എംപി ജനറല്‍ കണ്‍വീനറുമായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു. കെഎംആര്‍എലിന്റെ ബോര്‍ഡ് യോഗം ഉടന്‍ ചേരുകയും നോമിനേഷന്‍ സംവിധാനത്തില്‍ ഡിഎംആര്‍സിയെ പ്രവൃത്തി ഏല്‍പ്പിക്കാന്‍ തീരുമാനിക്കുകയും വേണമെന്ന് യോഗം ആവശ്യപ്പെട്ടു.

ആലുവ പുളിഞ്ചോടുമുതല്‍ തൃപ്പൂണിത്തുറ പേട്ടവരെ 27 കിലോ മീറ്ററില്‍ മനുഷ്യ മെട്രോ 4.30ന് ആരംഭിക്കും. തുടര്‍ന്ന് അഞ്ചിന് മെട്രോയെ സംരക്ഷിക്കുമെന്ന പ്രതിജ്ഞചൊല്ലും. തെരഞ്ഞെടുത്ത പ്രധാന കേന്ദ്രങ്ങളില്‍ പൊതുയോഗങ്ങള്‍ നടക്കും. സാമൂഹിക, സംസ്കാരിക, സമുദായിക, സിനിമ രംഗത്തെ പ്രമുഖര്‍ ചങ്ങലയില്‍ കണ്ണിചേരും. കൊച്ചി മെട്രോയുടെ കാര്യത്തില്‍ സര്‍ക്കാര്‍ പല സമയത്തും പല ഭാഷയിലാണ് സംസാരിക്കുന്നതെന്ന് കൃഷ്ണയ്യര്‍ പറഞ്ഞു. കൊച്ചിക്ക് മെട്രോ വേണം, അതിന് ഡിഎംആര്‍സിയെയും ഇ ശ്രീധരനെയും വേണം. എന്നാല്‍ ഗവണ്‍മെന്റ് അതിനു തയ്യാറാകുന്നില്ല. മെട്രോയ്ക്കുവേണ്ടി നടക്കുന്ന പോരാട്ടത്തിന്റെ ഭാഗമാണ് മനുഷ്യ മെട്രോയെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി മെട്രോ നിര്‍മാണത്തിന് ഡിഎംആര്‍സിയും ശ്രീധരനും വേണമെന്ന് ജനങ്ങള്‍ വാശിപിടിക്കാന്‍ കാരണം പദ്ധതി അഴിമതിരഹിതമായി പൂര്‍ത്തിയാക്കണം എന്നതുകൊണ്ടാണെന്ന് സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. പദ്ധതിക്ക് അനുമതി ലഭിക്കുന്ന കാലംവരെ ശ്രീധരനും ഡിഎംആര്‍സിയും മാത്രമാണ് നമ്മുടെ മുന്നിലുണ്ടായിരുന്നത്. മൂന്നുകൊല്ലംകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാമെന്ന് ശ്രീധരന്‍ ഉറപ്പിച്ചു പറയുമ്പോഴും അദ്ദേഹത്തെ ഒഴിവാക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇ ശ്രീധരനെയും ഡിഎംആര്‍സിയെയും വേണ്ടെന്ന് ഇപ്പോഴത്തെ സാഹചര്യത്തില്‍ പറയാന്‍കഴിയാത്തതുകൊണ്ടാണ് സാങ്കേതിക പ്രശ്നം പറയുന്നത്. സാങ്കേതിക പ്രശ്നം ഗൗരവമുള്ള പ്രശ്നങ്ങളാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിനു പിന്നില്‍ വ്യക്തമായ അജന്‍ഡയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ അധ്യക്ഷനായി. പി രാജീവ് എംപി പരിപാടി വിശദീകരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി എം വി ഗോവിന്ദന്‍, സിപിഐ ജില്ലാ സെക്രട്ടറി ഇ എ കുമാരന്‍, ഡോ. സെബാസ്റ്റ്യന്‍ പോള്‍, ഡോ. കെ എസ് ഡേവിഡ് എന്നിവര്‍ക്കു പുറമെ കേരള മര്‍ച്ചന്റ്സ് യൂണിയന്‍, വ്യാപാരി വ്യവസായി സമിതി, ക്രെഡായി, ഗ്രാജ്വേറ്റ് എന്‍ജിനിയേഴ്സ് അസോസിയേഷന്‍, എഡ്രാക്, റെയ്സ്, ഹോട്ടല്‍ ആന്‍ഡ് ബാര്‍ അസോസിയേഷന്‍, സേവ് കേരള മൂവ്മെന്റ്, ഇന്റര്‍നാഷണല്‍ മിഡിയ സെന്റര്‍, ഫൈന്‍ ആര്‍ട്സ് സൊസൈറ്റി, പബ്ലിക് ലൈബ്രറി, മഹാരാജാസ് ഓള്‍ഡ് സ്റ്റുഡന്റ്സ് അസോസിയേഷന്‍, ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍, അങ്കമാലി മര്‍ച്ചന്റ്സ് അസോസിയേഷന്‍, എഐബിഇഎ, ബെഫി, സിഐടിയു, എഐടിയുസി, ഡിവൈഎഫ്ഐ എന്നീ സംഘടനാ പ്രതിനിധികളും വിവിധ രാഷ്ട്രീയപാര്‍ടി പ്രതിനിധികളും യോഗത്തില്‍ സംസാരിച്ചു.

ശ്രീധരന്റെ നേതൃത്വത്തില്‍ തന്നെയെന്ന് മുഖ്യമന്ത്രി

കൊച്ചി മെട്രോ നിര്‍മാണം ഡിഎംആര്‍സിയുടെയും ഇ ശ്രീധരന്റെയും നേതൃത്വത്തില്‍ തന്നെ നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഈ തീരുമാനത്തിന് കേന്ദ്രാനുമതി കിട്ടാന്‍ നഗരവികസന മന്ത്രി കമല്‍നാഥിനെയും ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിനെയും കാണാന്‍ ശ്രമിക്കുമെന്നും ഇ ശ്രീധരനുമായി ചര്‍ച്ച നടത്തിയശേഷം മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

കേന്ദ്രാനുമതി കിട്ടിയാലുടന്‍ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കും. മൂന്നു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കും. ശ്രീധരന്റെ നേതൃത്വത്തില്‍ ഇതിനകം അനുബന്ധജോലികള്‍ ആരംഭിച്ചിട്ടുണ്ട്. അത് തുടരണമെന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍, കഴിഞ്ഞ ദിവസത്തെ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനം ആശയക്കുഴപ്പം സൃഷ്ടിച്ചു. ഡിഎംആര്‍സി പൂര്‍ണ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചാല്‍ മാത്രമേ നിര്‍മാണം ഏറ്റെടുക്കാനാകൂ എന്നാണ് ചെയര്‍മാന്‍ അറിയിച്ചത്. ഈ അംഗീകാരം സര്‍ക്കാര്‍ നേടിയെടുക്കും. 31ന് മന്ത്രി ആര്യാടന്‍ മുഹമ്മദും ഇ ശ്രീധരനും താനും വീണ്ടും ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിഎംആര്‍സിയുമായി തനിക്ക് ഒരു അഭിപ്രായവ്യത്യാസവുമില്ലെന്ന് ശ്രീധരന്‍ ചോദ്യത്തിനു മറുപടിയായി പറഞ്ഞു. ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായാല്‍ സംസ്ഥാനസര്‍ക്കാര്‍ നിര്‍ദേശിച്ചതുപോലെ മൂന്നു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുമെന്നും ശ്രീധരന്‍ പറഞ്ഞു. ചൊവ്വാഴ്ച മന്ത്രി ആര്യാടന്‍ മുഹമ്മദുമായും ശ്രീധരന്‍ ചര്‍ച്ച നടത്തിയിരുന്നു. കേരളത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ സന്തോഷമേ ഉള്ളൂവെന്നും മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ശ്രീധരന്‍ പറഞ്ഞു.

മെട്രോ: പ്രധാനമന്ത്രി ഇടപെടണമെന്ന് മുഖ്യമന്ത്രിയുടെ കത്ത്

തിരു: കൊച്ചി മെട്രോ ഡിഎംആര്‍സി ഏറ്റെടുത്ത് നടത്താന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കത്ത്. കഴിഞ്ഞ കൊച്ചി മെട്രോ റെയില്‍ ബോര്‍ഡ് യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകാത്തത് സംസ്ഥാനത്ത് ആശങ്ക സൃഷ്ടിച്ചതായി കത്തില്‍ പറയുന്നു. കെഎംആര്‍സിയും ഡിഎംആര്‍സിയും ഒന്നിച്ചിരുന്ന് കരാര്‍ വ്യവസ്ഥകള്‍ തീരുമാനിക്കണം. ഡിഎംആര്‍സിയിലും ഇ ശ്രീധരനിലും സര്‍ക്കാരിന് പൂര്‍ണ വിശ്വാസമാണുള്ളതെന്നും കത്തില്‍ പറഞ്ഞു. കൊച്ചി മെട്രോ, കോഴിക്കോട്, തിരുവനന്തപുരം മോണോറെയില്‍ പദ്ധതികള്‍ ഏറ്റെടുക്കാന്‍ ഡിഎംആര്‍സിക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനും കത്തയച്ചിട്ടുണ്ട്. ഡിഎംആര്‍ആസിയുടെ കഴിഞ്ഞ ബോര്‍ഡ് യോഗത്തില്‍ അപ്രതീക്ഷിത തീരുമാനങ്ങളാണുണ്ടായതെന്ന് കത്തില്‍ പറയുന്നു.

deshabhimani 251012

1 comment:

  1. കൊച്ചി മെട്രോ അട്ടിമറിക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്നും നിര്‍മാണച്ചുമതല ഡിഎംആര്‍സിയെയും ഇ ശ്രീധരനെയും ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ട് നഗരവികസന സമിതിയുടെ നേതൃത്വത്തില്‍ ആലുവ പുളിഞ്ചോടുമുതല്‍ തൃപ്പൂണിത്തുറ പേട്ടവരെ 27ന് ശനിയാഴ്ച വൈകിട്ട് 4.30ന് മനുഷ്യ മെട്രോ സംഘടിപ്പിക്കും. കക്ഷിരാഷ്ട്രീയത്തിന് അതീതമായി മുഴുവന്‍ ജനങ്ങളെയും അണിനിരത്തിയാണ് മനുഷ്യച്ചങ്ങല സംഘടിപ്പിക്കുന്നതെന്ന് സമിതി ചെയര്‍മാന്‍ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരും ജനറല്‍ കണ്‍വീനര്‍ പി രാജീവ് എംപിയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

    ReplyDelete