Thursday, October 18, 2012

കൂടംകുളം വിഷയത്തില്‍ തെറ്റുപറ്റി : വി എസ്


കൂടംകുളം വിഷയത്തിലും ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലും തന്റെ ചില നിലപാടുകള്‍ തെറ്റായിപ്പോയെന്ന് പ്രതിപക്ഷനേതാവും സിപിഐ എം കേന്ദ്രകമ്മറ്റിയംഗവുമായ വി എസ് അച്യുതാനന്ദന്‍ വ്യക്തമാക്കി. തന്റെ പിഴവുകള്‍ കേന്ദ്രകമ്മറ്റിയിലും സംസ്ഥാന കമ്മറ്റിയിലും ഏറ്റുപറഞ്ഞിട്ടുണ്ട്. കൂടംകുളം ആണവനിലയത്തിന്റെ കാര്യത്തില്‍ ഞാന്‍ ചില അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയുണ്ടായി. ജപ്പാനിലെ ഫുക്കുഷിമ ആണവദുരന്തത്തിന്റെയും ലോകമെങ്ങും ആണവനിലയങ്ങള്‍ക്കെതിരെ ഉയര്‍ന്നു വരുന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് ഞാന്‍ ആണവനിലയത്തിന്റെ കാര്യത്തില്‍ പ്രതികരിച്ചത്. സുരക്ഷിത സംവിധാനമൊരുക്കാതെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തുകയും ഉപജീവനമാര്‍ഗം അടച്ചും നിലയം സ്ഥാപിക്കുന്നതിനെതിരെ ജനങ്ങളുടെ സമരം ന്യായമാണെന്ന് ഞാന്‍ അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്തു.

സമരത്തിന് ആധാരമായ കാര്യങ്ങള്‍ നേരിട്ടറിയുന്നതിന് അങ്ങോട്ടു പുറപ്പെടുകയും ചെയ്തു. സംസ്ഥാന അതിര്‍ത്തിയായ കളിയിക്കാവിളയില്‍ തമിഴ്നാട് പൊലീസ് എന്റെ യാത്ര തടയുകയും ക്രമസമാധാന പ്രശ്നമുണ്ടാകുമെന്നറിയിക്കുകയും ചെയ്തതിനാല്‍ ഞാന്‍ അവിടെ നിന്നും മടങ്ങി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ അറിയിച്ചാണ് പുറപ്പെട്ടത്. എന്നാല്‍ യാത്ര വലിയ വിവാദമായി. ആണവനിലയപ്രശ്നത്തില്‍ എന്റെ അഭിപ്രായങ്ങളില്‍ ചിലത് പാര്‍ട്ടിയുടെ നിലപാടില്‍ നിന്ന് വ്യത്യസ്തമാണെന്ന് വന്നു. ഈ വിഷയം സിപിഐ എം കേന്ദ്രകമ്മറ്റി വിശദമായി ചര്‍ച്ച ചെയ്യുകയും ഒരു പ്രമേയം അംഗീകരിക്കുകയും ചെയ്തു. ആ പ്രമേയം പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതാണ്. കൂടംകുളം നിലയത്തിന് അനുകൂലമായി പാര്‍ട്ടി നിലപാട് സ്വീകരിച്ചിരിക്കെ വിവാദത്തിന് ഇടയാക്കും വിധം ഞാന്‍ അങ്ങോട്ട് യാത്ര പുറപ്പെട്ടത് സംഘടനാപരമായി ശരിയില്ലെന്ന വിമര്‍ശനം ഞാന്‍ അംഗീകരിക്കുന്നു. ഇക്കാര്യം കേന്ദ്ര-സംസ്ഥാനകമ്മറ്റികളിലും ഞാന്‍ വ്യക്തമാക്കുകയുണ്ടായി. ആണവനിലയവും ആണവോര്‍ജവും സംബന്ധിച്ച് ലോകമെമ്പാടും ചര്‍ച്ചയും വാദപ്രതിവാദങ്ങളും നടക്കുന്നു. അത് തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യും. ശാസ്ത്രവിഷയങ്ങളില്‍ അന്തിമമായ തീര്‍പ്പ് കല്‍പ്പിക്കാറായില്ല.

കൂടം കുളം നിലയം ഇന്തോ അമേരിക്കന്‍ ആണവ കരാര്‍ നിലവില്‍ വരുന്നതിനു മുന്‍പ് രണ്ടു പതിറ്റാണ്ടു മുന്‍പ് കരാറായതാണ്. ആ നിലയത്തോട് സിപിഐ എമ്മിന് എതിര്‍പ്പില്ല. ജനങ്ങളുടെ ഉപജീവന സൗകര്യവും സുരക്ഷിതത്വവും ഉറപ്പു വരുത്തിക്കൊണ്ടും പ്രദേശത്തെ ജനങ്ങളുടെ ഭയാശങ്കകള്‍ ദുരീകരിച്ചും മാത്രമേ നിലയം കമീഷന്‍ ചെയ്യാവൂയെന്നാണ് സിപിഐ എം നിലപാട്. എന്നാല്‍ സുരക്ഷ ഉറപ്പു വരുത്തണമെന്നും സ്വതന്ത്ര വിദഗ്ധസമിതി പരിശോധിച്ച് സുരക്ഷാകാര്യങ്ങള്‍ തൃപ്തി കരമെന്ന് ഉറപ്പുവരുത്തിയാലേ അത് കമീഷന്‍ ചെയ്യാവൂയെന്ന് കേന്ദ്രകമ്മറ്റി പ്രമേയത്തില്‍ പറഞ്ഞിട്ടുണ്ട്. കൂടംകുളം ജനകീയസമരത്തെ അടിച്ചമര്‍ത്തരുതെന്നും മര്‍ദനനടപടികള്‍ അവസാനിപ്പിക്കണമെന്നും പ്രക്ഷോഭകര്‍ക്കെതിരെ ചാര്‍ജു ചെയ്ത രാജ്യദ്രോഹ കേസുകള്‍ പിന്‍വലിക്കണമെന്നും പാർട്ടി ആവശ്യപ്പെടുന്നു.. ഞാന്‍ നടത്തിയ വ്യത്യസ്ത അഭിപ്രായ പ്രകടനം വിവാദമായ സാഹചര്യത്തിലാണ് കേന്ദ്രകമ്മറ്റി വിശദമായി ചര്‍ച്ച ചെയ്ത് ഇത്തരമൊരു പ്രമേയം അംഗീകരിച്ചത്. സമരം ചെയ്യുന്നവര്‍ക്കെതിരല്ല പാര്‍ട്ടി. കൂടംകുളം പദ്ധതിയുടെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ വിശദീകരിക്കണമെന്നും ഇന്നലെ കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. ഉപയോഗിച്ച അഥവാ ആണവമാലിന്യം എന്തു ചെയ്യുമെന്ന് സുപ്രീം കോടതി ചോദിച്ചിരിക്കുന്നു. സമരം ചെയ്യുന്നവരുടെ ആശങ്ക ശരിവെക്കുന്ന ചോദ്യമാണിത്. സുരക്ഷിതത്വത്തില്‍ ഊന്നിക്കൊണ്ടുള്ള സിപിഐ എം പ്രമേയത്തിന്റെ വര്‍ധിച്ച പ്രസക്തിയും ഇത് സൂചിപ്പിക്കുന്നു. കൂടംകുളം വിഷയത്തില്‍ എനിക്ക് സംഭവിച്ച സംഘടനാപരമായ പിഴവുകള്‍ സ്വയം വിമര്‍ശനപരമായി ഉള്‍ക്കൊള്ളുകയും പാര്‍ട്ടി സ്വീകരിച്ച അച്ചടക്കനടപടി സ്വീകരിക്കുകയും ചെയ്യുന്നതിനോടൊപ്പം കൂടംകുളം വിഷയത്തിലും ആണവവിഷയത്തിലും ഇനിയും ജാഗരൂകനായിരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു.

ഒഞ്ചിയത്ത് ടി പി ചന്ദ്രശേഖരന്‍ കഴിഞ്ഞ മെയ് 4ന് 51 വെട്ടേറ്റ് പൈശാചികമായി കൊല്ലപ്പെട്ട സംഭവം മനുഷ്യമനസാക്ഷിയെ ഞെട്ടിച്ചതാണ്. ചന്ദ്രശേഖരന്റെ 83 വയസുള്ള അമ്മയെയും ഭാര്യ രമയെയും മകനെയും ആശ്വസിപ്പിക്കാനും അവരുടെ ദു:ഖത്തില്‍ പങ്ക്ചേരാനും ജൂണ്‍ 2ന് അവരുടെ വീട്ടിലേക്ക് പോയിരുന്നു. നെയ്യാറ്റിന്‍ കര ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം അവിടെ പോയത് തെറ്റാണെന്ന് കേന്ദ്രകമ്മറ്റി വിലയിരുത്തി. ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിക്കുന്നത് മറ്റൊരു ദിവസമാക്കാമായിരുന്നെന്നും തെരഞ്ഞെടുപ്പ് ദിവസം പോയത് യാദൃഛികമാണെങ്കില്‍പ്പോലും വിവാദമുണ്ടാകുമെന്നത് മനസിലാക്കി ഒഴിവാക്കേണ്ടതായിരുന്നെന്നുമുള്ള വിമര്‍ശനം അംഗീകരിക്കുന്നു. ഇത് സ്വയം വിമര്‍ശന പരമായി ഉള്‍ക്കൊള്ളുന്നതായി പാര്‍ട്ടി സിസിയിലും സംസ്ഥാന കമ്മറ്റിയിലും വ്യക്തമാക്കുകയും ചെയ്തിരുന്നു. ചന്ദ്രശേഖരനെ കൊലചെയ്ത കേസില്‍ പ്രതികളായ സിപിഐ എം നേതാക്കളും പ്രവര്‍ത്തകരും ഏറെയുണ്ടെങ്കിലും കൊലയില്‍ പാര്‍ട്ടിയ്ക്ക് പങ്കില്ലെന്ന് പാര്‍ട്ടി കേന്ദ്രകമ്മറ്റി വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടിയുടെ ഏതെങ്കിലും പ്രവര്‍ത്തകന് പങ്കുണ്ടെങ്കില്‍ അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും കേന്ദ്രകമ്മറ്റിയും വ്യക്തമാക്കുകയും ചെയ്തു. ചന്ദ്രശേഖരനെ കൊന്നവരെയും അതിന് ഗൂഢാലോചന നടത്തിയവരെയും കണ്ടെത്തി ശിക്ഷിക്കുകതന്നെ വേണം. അതില്‍ പാര്‍ട്ടി സിസിയുടെ നിലപാട് വ്യക്തമാണ്.

ചന്ദ്രശേഖരനെ പിണറായി വിജയന്‍ കുലംകുത്തിയെന്ന് വീണ്ടും വിശേഷിപ്പിച്ചതായ വാര്‍ത്ത സംബന്ധിച്ച് പത്രസമ്മേളനത്തില്‍ ഉയര്‍ന്ന ഒരു ചോദ്യത്തിന് മറുപടി പറഞ്ഞപ്പോള്‍ തെറ്റായ ഒരു പരാമര്‍ശം എന്നില്‍ നിന്നുണ്ടായി. പാര്‍ട്ടി സെക്രട്ടറിയെ ഡാങ്കെയോട് ഉപമിച്ചത് ഒഴിവാക്കേണ്ടതായിരുന്നു. ആ തെറ്റ് ഉള്‍ക്കൊള്ളുകയും സിസിയിലും സംസ്ഥാനകമ്മറ്റിയിലും സ്വയം വിമര്‍ശനം നടത്തുകയും ചെയ്തതാണ്. പാര്‍ട്ടി കേന്ദ്രകമ്മറ്റി പ്രമേയം വഴി അക്കാര്യം പ്രസിദ്ധപ്പെടുത്തിയതുമാണ്. എന്നാല്‍ താന്‍ പരസ്യമായി നടത്തിയ വിമര്‍ശനത്തിലെ സംഘടനാപരമായ പിശക് പരസ്യമായിത്തന്നെ തിരുത്തേണ്ടത് ജനങ്ങളില്‍ സംശയം ദൂരീകരിക്കുന്നതിന് ആവശ്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു. ആ സാഹചര്യത്തലാണ് ഇപ്പാള്‍ ഈ കാര്യം വിശദീകരിക്കുന്നതെന്നും വിഎസ് വ്യക്തമാക്കി.

വര്‍ഷങ്ങളായി ജനങ്ങള്‍ക്കുവേണ്ടി എത്രയോ നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ചില പിഴവുകള്‍ പറ്റിപ്പോയിട്ടുണ്ടെന്ന് വി എസ്, പ്റഞ്ഞു. അത് സ്വയം വിമര്‍ശനമായി ഉള്‍ക്കൊള്ളും. ഭൂമി കേസില്‍ ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും പച്ചക്കള്ളം പറഞ്ഞു കൊണ്ടിരിക്കുകയാണ്. ഉമ്മന്‍ചാണ്ടിയ്ക്കും കുഞ്ഞാലിക്കുട്ടിക്കെതിരെ വര്‍ഷങ്ങളായി കേസ് നടത്തുകയാണ്. ബാലകൃഷ്ണപിള്ളയെ പൂജപ്പുര ജയിലില്‍ അയക്കാന്‍ കഴിഞ്ഞത് സുദീര്‍ഘമായ പോരാട്ടത്തിന്റെ ഭാഗമായാണ്. പാമോലിന്‍ പോലുള്ള കേസുകളിലും ഇടപെട്ടു. കഴിഞ്ഞ സര്‍ക്കാരില്‍ താന്‍ മുഖ്യമന്ത്രിയായിരുന്നതിനാല്‍ ഒരു കള്ളക്കേസ് ഉണ്ടാക്കുകയായിരുന്നു. കരുണാകരനാണ് തന്റെ പട്ടാളക്കാരനായ അകന്ന ബന്ധുവിന് ഭൂമി കൊടുത്തത്. അതിന്റെ പേരില്‍ യുഡിഎഫ് സര്‍ക്കാര്‍ തന്റെ സഹപ്രവര്‍ത്തകരെ പ്രതിചേര്‍ക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.

ചാരക്കേസില്‍ കെ മുരളീധരനും എം എം ജേക്കബും ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് പരിശോധിക്കണം. അത്യന്തം ഗുരുതരമായ ആരോപണമാണ് വന്നിരിക്കുന്നത്. ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നും തനിക്ക് വ്യക്തമായ മറുപടി വേണമെന്നും മുരളി വീണ്ടും ആവശ്യപ്പെട്ടു. ഇതിന് മറുപടി പറയാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റും ഉമ്മന്‍ചാണ്ടിയും തയ്യാറാവണം. പുതിയ സാഹചര്യത്തില്‍ ചാരക്കേസില്‍ ഉന്നതതല അന്വേഷണം ആവശ്യമാണ്. ചാരക്കേസില്‍ ഗുണഭോക്താവ് പ്രതിരോധ മന്ത്രി എ കെ ആന്റണിയാണെന്നാണു എം എം ജേക്കബ് പറഞ്ഞത്. ചാരക്കേസില്‍ തനിക്ക് പശ്ചാത്തപിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ ആരാണ് പശ്ചാത്തപിക്കേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും വിഎസ് പറഞു.

deshabhimani

1 comment:

  1. കൂടംകുളം വിഷയത്തിലും ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലും തന്റെ ചില നിലപാടുകള്‍ തെറ്റായിപ്പോയെന്ന് പ്രതിപക്ഷനേതാവും സിപിഐ എം കേന്ദ്രകമ്മറ്റിയംഗവുമായ വി എസ് അച്യുതാനന്ദന്‍ വ്യക്തമാക്കി. തന്റെ പിഴവുകള്‍ കേന്ദ്രകമ്മറ്റിയിലും സംസ്ഥാന കമ്മറ്റിയിലും ഏറ്റുപറഞ്ഞിട്ടുണ്ട്. കൂടംകുളം ആണവനിലയത്തിന്റെ കാര്യത്തില്‍ ഞാന്‍ ചില അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയുണ്ടായി. ജപ്പാനിലെ ഫുക്കുഷിമ ആണവദുരന്തത്തിന്റെയും ലോകമെങ്ങും ആണവനിലയങ്ങള്‍ക്കെതിരെ ഉയര്‍ന്നു വരുന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് ഞാന്‍ ആണവനിലയത്തിന്റെ കാര്യത്തില്‍ പ്രതികരിച്ചത്. സുരക്ഷിത സംവിധാനമൊരുക്കാതെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തുകയും ഉപജീവനമാര്‍ഗം അടച്ചും നിലയം സ്ഥാപിക്കുന്നതിനെതിരെ ജനങ്ങളുടെ സമരം ന്യായമാണെന്ന് ഞാന്‍ അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്തു.

    ReplyDelete