Sunday, November 3, 2013

കേള്‍ക്കൂ ഈ അമ്മയുടെ വാക്കുകള്‍

മട്ടന്നൂര്‍: രാവിലെ മുതല്‍ രാത്രി വരെ ഒപ്പമുണ്ടായിരുന്ന മകന്‍ മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചുവെന്നതിന് ജയിലിലടക്കപ്പെട്ടതിന്റെ ഞെട്ടലില്‍നിന്ന് വെമ്പടി എളമ്പയില്‍ വീട്ടില്‍ കെ രാമചന്ദ്രനും കെ സി തങ്കമണിയും ഇതുവരെ മോചിതരായിട്ടില്ല. അര്‍ധരാത്രി വന്‍പൊലീസ് സന്നാഹം വീടുവളഞ്ഞ് മകനെ അക്രമിയെന്ന് മുദ്രകുത്തി പിടിച്ചുകൊണ്ടുപോകുമ്പോള്‍ പൊലീസുദ്യോഗസ്ഥരുടെ കാലുപിടിച്ച് മകന്‍ നിരപരാധിയാണെന്ന് വിലപിച്ചെങ്കിലും ക്രൂരമായി പെരുമാറുകയായിരുന്നു പൊലീസ്. സത്യം അംഗീകരിക്കാതെ കടുത്ത മനുഷ്യാവകാശലംഘനം നടത്തിയ പൊലീസുദ്യോഗസ്ഥരുടെ നടപടിക്കെതിരെ നീതി ലഭിക്കാന്‍ ഏതറ്റംവരെയും പോകുമെന്ന നിശ്ചയദാര്‍ഢ്യത്തിലാണിവര്‍. കണ്ണൂരില്‍ മുഖ്യമന്ത്രിയെ ആക്രമിച്ചുവെന്ന കേസില്‍പ്പെടുത്തി പൊലീസ് ജയിലിലടച്ച വെമ്പടി എളമ്പയില്‍ ഹൗസില്‍ കെ സി പ്രശാന്തി (25)ന്റെ അച്ഛന്‍ രാമചന്ദ്രും അമ്മ തങ്കമണിയും പൊലീസ് പീഡനത്തില്‍നിന്ന് നീതിലഭിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമീഷനും ഉന്നത പൊലീസ് അധികാരികള്‍ക്കും പരാതി നല്‍കി കാത്തിരിക്കുകയാണ്.

ബുധനാഴ്ച അര്‍ധരാത്രിയാണ് മട്ടന്നൂര്‍ സിഐ കെ വി വേണുഗോപാലന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീട് വളഞ്ഞ് പ്രശാന്തിനെ കസ്റ്റഡിയിലെടുത്തത്. മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയ ദിവസം കണ്ണൂരില്‍ പോയില്ലെന്നും സജീവ രാഷ്ട്രീയ പ്രവര്‍ത്തകനല്ലെന്നും പ്രശാന്ത് പറഞ്ഞെങ്കിലും ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ സഹോദരന്‍ മനോജിനെ സ്റ്റേഷനില്‍ ഹാജരാക്കിയാല്‍ വിട്ടയക്കാം എന്നായിരുന്നു മറുപടി. മുഖ്യമന്ത്രിയുടെ കാറിന് കല്ലേറുണ്ടായ ദിവസം മുഴുവനും വീട്ടിലുണ്ടായിരുന്നുവെന്നും പുറത്തെവിടെയും പോയില്ലെന്നും പ്രശാന്ത് പറഞ്ഞെങ്കിലും വിട്ടയക്കാന്‍ തയ്യാറായില്ല. ഈസമയം വല്യമ്മയുടെ വീട്ടിലായിരുന്ന മനോജിനെ സിഐ ഫോണില്‍ വിളിച്ച് ഉടന്‍ എത്തണമെന്നും നീ മുഖ്യമന്ത്രിയെ ആക്രമിച്ച കേസിലെ പ്രതിയാണെന്നും നീ എത്തിയാല്‍ അനിയനെ വിട്ടയക്കാമെന്നും പറഞ്ഞു. കണ്ണൂരില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടുന്ന സമരത്തില്‍ പങ്കെടുത്തില്ലെന്നും പാതിരാസമയത്ത് എത്താനാകില്ലെന്നും രാവിലെ മട്ടന്നൂര്‍ പൊലീസ്സ്റ്റേഷനില്‍ വരാമെന്നും മനോജ് അറിയിച്ചപ്പോള്‍ "നീ എത്തിയാല്‍ സഹോദരനെ വിടാം" എന്ന് പറഞ്ഞ് പൊലീസ് സംഘം പോവുകയായിരുന്നു. പ്രശാന്ത് നിരപരാധിയാണെന്ന് മനസിലായിട്ടും വിട്ടയക്കാതെ കേസില്‍ കുടുക്കി ജയിലിലടക്കുയായിരുന്നു. മകന്‍ നിരപരാധിയാണെന്ന് പൂര്‍ണവിശ്വാസമുണ്ടെന്നും ക്യാമറ, മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ തുടങ്ങിയ ഏത് ശാസ്ത്രീയ പരിശോധന നടത്തിയാലും അത് തെളിയുമെന്ന് ഉറപ്പുണ്ടായിട്ടും വധശ്രമകേസില്‍ ഉള്‍പ്പെടുത്തിയ പൊലീസുകാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇനിയൊരു രക്ഷിതാക്കളും ഇത്തരം അനുഭവമുണ്ടാകരുതെന്നും രാമചന്ദ്രനും തങ്കമണിയും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയ ദിവസം വെമ്പടി പ്രദേശത്തുനിന്ന് ഒരാള്‍പോലും സമരത്തിന് കണ്ണൂരില്‍ പോയില്ലെന്നും എന്നാല്‍ പ്രദേശത്ത് രാത്രിയുടെ മറവില്‍ പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിനാല്‍ വീട്ടില്‍ കഴിയാനാകാത്ത സ്ഥിതിയാണെന്നും ഇവര്‍ പറഞ്ഞു. സിപിഐ എം ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണന്‍ കൈപ്പച്ചേരിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani

No comments:

Post a Comment