Friday, November 20, 2020

തൊഴിലവകാശ സംരക്ഷണത്തിന്റെ സമരകാഹളം

പതിറ്റാണ്ടുകളുടെ പോരാട്ടങ്ങളിലൂടെ തൊഴിലാളികൾ നേടിയെടുത്ത അവകാശങ്ങൾ കാറ്റിൽ പറത്തിയ കേന്ദ്ര സർക്കാർ നടപടിക്കെതിരായ ഉജ്വല താക്കീതായി 26ലെ ദേശീയ പണിമുടക്ക്‌ മാറും. തൊഴിലാളിവിരുദ്ധമായ മൂന്നു കോഡാണ്‌  ജനാധിപത്യവിരുദ്ധമായി പാർലമെന്റിൽ പാസാക്കിയത്‌. തൊഴിലാളികളെ അടിമസമാന സാഹചര്യത്തിലേക്ക്‌ തള്ളിവിടുന്നതും യൂണിയൻ രൂപീകരണം ദുസ്സഹമാക്കുന്നതുമാണ്‌ മൂന്ന്‌ തൊഴിൽ കോഡും. തെരുവു കച്ചവടക്കാരുടെയും വീട്ടുജോലിക്കാരുടെയും വീടുകൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന തൊഴിലാളികളുടെയും ബീഡിത്തൊഴിലാളികളുടെയും മറ്റ്‌ ദിവസക്കൂലിക്കാരുടെയും അവകാശങ്ങളും ഹനിക്കപ്പെടും.

തൊഴിൽനിയമങ്ങൾ പൂർണമായും ഒഴിവാക്കുക എന്ന ലക്ഷ്യത്തിന്റെ ആദ്യപടിയാണിത്‌. കുത്തകകൾ കുറെ കാലമായി നിയമം ഭേദഗതി ചെയ്യാൻ സർക്കാരിനുമേൽ സമ്മർദം ചെലുത്തിയിരുന്നു. തൊഴിലാളി സംഘടനകളുടെ ശക്തമായ എതിർപ്പ് കാരണമാണ് വൈകിയത്. ബിജെപിക്ക് ഒറ്റയ്‌ക്ക് ഭൂരിപക്ഷം ലഭിച്ച സാഹചര്യത്തിലാണ് സർക്കാർ തൊഴിൽനിയമ ഭേദഗതികൾ വേഗത്തിലാക്കിയത്.

- 29 പഴയ നിയമങ്ങളുടെ അടിസ്ഥാനസ്വഭാവംതന്നെ മാറ്റുന്നതും തൊഴിലുടമകൾക്ക്‌ അനുകൂലവുമായ ഭേദഗതികളാണ് വരുത്തിയത്. മിനിമം വേജ് അഥവാ കുറഞ്ഞ കൂലി എന്ന തത്വത്തെ അട്ടിമറിക്കുന്നതാണിത്‌. തൊഴിൽ സമയം 12 മണിക്കൂറിനുള്ളിൽ നിശ്ചയിക്കാൻ തൊഴിലുടമകൾക്ക് സ്വാതന്ത്ര്യം നൽകുന്നു. ഇടയ്‌ക്ക് ഒഴിവുനൽകി ഒരു ദിവസത്തെ ജോലി സമയം 16 മണിക്കൂർവരെ ആക്കാനും കോഡിൽ വ്യവസ്ഥയുണ്ട്. ഒരു ദിവസത്തെ പണിമുടക്കിന് എട്ടു ദിവസത്തെ വേതനം എന്ന തോതിൽ ശമ്പളത്തിൽനിന്ന് പിടിച്ചെടുക്കാൻ മാനേജ്മെന്റിന് അവകാശമുണ്ടെന്ന് കോഡ് വ്യവസ്ഥ ചെയ്യുന്നു. ‘നിയമവിരുദ്ധ’മായ പണിമുടക്ക്മൂലം ഉണ്ടായതായി കണക്കാക്കപ്പെടുന്ന നഷ്ടം പണിമുടക്കിയ തൊഴിലാളികളിൽനിന്ന്‌ ഈടാക്കാനും വ്യവസ്ഥയുണ്ട്‌. "തൊഴിലാളി' എന്ന നിർവചനത്തിൽ അങ്കണവാടി, ആശാ, ഉച്ചഭക്ഷണ പാചക തൊഴിലാളികൾ മുതലായ "സ്കീം' തൊഴിലാളികളെ ഉൾപ്പെടുത്തണമെന്ന പാർലമെന്റ് സ്റ്റാൻഡിങ്‌ കമ്മിറ്റിയുടെ നിർദേശവും സർക്കാർ അംഗീകരിച്ചില്ല. ഈ സാഹചര്യത്തിലാണ്‌ തൊഴിലവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ല എന്നതടക്കമുള്ള ആവശ്യമുയർത്തി തൊഴിലാളികൾ പണിമുടക്കിൽ അണിചേരുക.

അഖിലേന്ത്യാ പണിമുടക്കിന്‌ കർഷകത്തൊഴിലാളികളുടെ പിന്തുണ

കേന്ദ്ര ട്രേഡ്‌ യൂണിയനുകളുടെ  26ന്റെ അഖിലേന്ത്യാ പണിമുടക്കിന്‌ പിന്തുണയുമായി രാജ്യത്തെ കർഷകത്തൊഴിലാളികളും. വിവിധ കർഷകത്തൊഴിലാളി സംഘടനകൾ ബുധനാഴ്‌ച ഡൽഹിയിൽ യോഗം ചേർന്ന്‌ പണിമുടക്കിന്‌ പിന്തുണ അറിയിച്ചു.

കർഷകദ്രോഹ നിയമങ്ങളിൽ പ്രതിഷേധിച്ച്‌ കർഷക സംഘടനകൾ 26നും 27നും സംഘടിപ്പിക്കുന്ന ‘ഡൽഹി ചലോ’ മാർച്ചിനും കർഷകത്തൊഴിലാളി സംഘടനകൾ പിന്തുണ അറിയിച്ചു.

അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ, ഭാരതീയ ഖേദ്‌മസ്‌ദൂർ യൂണിയൻ, അഖിലേന്ത്യാ കർഷക–- ഗ്രാമീണത്തൊഴിലാളി അസോസിയേഷൻ, സംയുക്ത്‌ കിസാൻസഭ, അഖിലേന്ത്യാ അഗ്രഗാമി കൃഷിശ്രമിക് യൂണിയൻ എന്നീ സംഘടനകളാണ്‌ ഡൽഹിയിൽ യോഗം ചേർന്ന്‌ പണിമുടക്കിനും കർഷകപ്രക്ഷോഭത്തിനും പിന്തുണ അറിയിച്ചത്‌.

ഡിസം. 9ന്‌  അഖിലേന്ത്യാ കൺവൻഷൻ

ദളിത്‌ ജനവിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങളിൽ പ്രതിഷേധിക്കുന്നതിനും കർഷകത്തൊഴിലാളികളുടെ ക്ഷേമത്തിനായി ഭാവിപദ്ധതികൾ രൂപീകരിക്കുന്നതിനും ഡിസംബർ ഒമ്പതിന്‌ കർഷകത്തൊഴിലാളി സംഘടനകൾ ഡൽഹിയിൽ അഖിലേന്ത്യാ കൺവൻഷൻ  ചേരും. അംബേദ്‌കറുടെ ചരമവാർഷിക ദിനമായ ഡിസംബർ ആറിന്‌ ഭരണഘടനാ സംരക്ഷണദിനമായി ആചരിക്കും.

പണിമുടക്ക്‌ ദിവസം കർഷകത്തൊഴിലാളികൾ ഗ്രാമീണ പണിമുടക്ക്‌ സംഘടിപ്പിക്കുമെന്ന്‌ കർഷകത്തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി ബി വെങ്കട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബിജെപി ഭരണത്തിൽ ദളിത്‌ ജനവിഭാഗങ്ങൾ  ആക്രമിക്കപ്പെടുകയാണ്‌. ഇത്തരം ആക്രമണങ്ങളെ ചെറുക്കുന്നതിനുള്ള തീരുമാനങ്ങൾ ഡിസംബർ ഒമ്പതിനു ചേരുന്ന കൺവൻഷനിൽ ഉണ്ടാകുമെന്നും- വെങ്കട്‌ പറഞ്ഞു. രാധിക മേനോൻ (എഐഎആർഎൽഎ), ഗുൽസാർ സിങ്‌ ഗോരിയ (ബികെഎംയു) തുടങ്ങിയവരും സംസാരിച്ചു.

ഗ്രാമീണ ഹർത്താൽ ഐക്യപ്രക്ഷോഭമാകും

അഖിലേന്ത്യാ പൊതുപണിമുടക്കിന്‌ ഐക്യദാർഢ്യം പ്രകടിപ്പിച്ച്‌ 26ന്‌ നടക്കുന്ന ഗ്രാമീണ ഹർത്താൽ വിജയിപ്പിക്കാൻ അഖിലേന്ത്യാ കിസാൻ സഭയും അഖിലേന്ത്യാ കിസാൻസഭ (അജോയ്‌ ഭവൻ)യും സംയുക്തമായി ആഹ്വാനം ചെയ്‌തു. വില്ലേജ്‌, ബ്ലോക്ക്‌ തലങ്ങളിൽ കർഷകർ ട്രേഡ്‌ യൂണിയൻ പ്രവർത്തകർക്കൊപ്പം‌ വഴിതടയും. പഞ്ചാബ്‌, ഹരിയാന, പശ്ചിമ ഉത്തർപ്രദേശ്‌ എന്നിവിടങ്ങളിലെ കർഷകർ 26ന്റെ ‘ഡൽഹി ചലോ’ മാർച്ചിൽ പങ്കെടുക്കും. ജാർഖണ്ഡിലെ കർഷകർ 27ന്‌ റാഞ്ചിയിലേക്ക്‌ മാർച്ച്‌ ചെയ്‌ത്‌ ഗവർണർക്ക്‌ നിവേദനം നൽകും. 

കോർപറേറ്റ്‌ അനുകൂല കാർഷികനിയമങ്ങളും നാല്‌ ലേബർ കോഡും വൈദ്യുതിബില്ലും പിൻവലിക്കുക, ‌മൊത്തം ഉൽപ്പാദനച്ചെലവും അതിന്റെ 50 ശതമാനവും ചേർത്തുള്ള മിനിമം താങ്ങുവിലയിൽ വിളകൾ സംഭരിക്കുക, മിനിമം വേതനം നടപ്പാക്കുക, കർഷകത്തൊഴിലാളികൾക്ക്‌ പൂർണജോലി ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ പ്രക്ഷോഭമെന്ന്‌ ഇരു സംഘടനയുടെയും ജനറൽ സെക്രട്ടറിമാരായ ഹന്നൻ മൊള്ളയും അതുൽകുമാർ അൻജാനും പറഞ്ഞു.

അഖിലേന്ത്യാ പണിമുടക്ക്‌ : കേരളം നിശ്‌ചലമാകും; ടൂറിസം മേഖലയെ ഒഴിവാക്കി

26ലെ അഖിലേന്ത്യാ പണിമുടക്ക്‌ ചരിത്രവിജയമാക്കാൻ ട്രേഡ്‌ യൂണിയൻ സംയുക്ത സമിതി സംസ്ഥാനത്തെ ജീവനക്കാരോടും തൊഴിലാളികളോടും അഭ്യർഥിച്ചു. ദേശീയ ട്രേഡ് യൂണിയനുകളും കേന്ദ്ര– -സംസ്ഥാന സർക്കാർ ജീവനക്കാരുടെയും ബാങ്ക് –-ഇൻഷുറൻസ് ജീവനക്കാരുടെയും സംഘടനകളുമാണ്‌ പണിമുടക്കിന്‌ ആഹ്വാനം ചെയ്‌തത്‌. കർഷക സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചു‌.

സംസ്ഥാനത്തെ എല്ലാ മോട്ടോർ തൊഴിലാളികളും പണിമുടക്കുന്നതിനാൽ വാഹനഗതാഗതം സ്തംഭിക്കും. വ്യാപാരമേഖലയിലെ തൊഴിലാളികളും പണിമുടക്കിൽ അണിചേരും. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കും. ടൂറിസംമേഖലയെ പണിമുടക്കിൽനിന്ന്‌ ഒഴിവാക്കി. പണിമുടക്ക് വിജയിപ്പിക്കാൻ ആവേശകരമായ തയ്യാറെടുപ്പാണ് സംസ്ഥാനമെങ്ങും നടക്കുന്നതെന്ന്‌ ട്രേഡ്‌ യൂണിയൻ സംയുക്ത യോഗം വിലയിരുത്തി. ജില്ലാതലംമുതൽ വില്ലേജ്തലംവരെ സംയുക്ത കൺവൻഷനുകൾ ചേർന്നു. 24ന് അസംഘടിത മേഖലയിലെ തൊഴിലാളികൾ തൊഴിലിടങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. 25ന് എല്ലാ അങ്ങാടികളിലും പന്തംകൊളുത്തി പ്രകടനം നടത്തും. ആഗോളവൽക്കരണ നയങ്ങൾക്കെതിരെ 1991 നുശേഷം രാജ്യത്ത്‌ നടക്കുന്ന ഇരുപതാമത്തെ ദേശീയ പണിമുടക്കാണ് ഇത്‌.

യോഗത്തിൽ ആർ ചന്ദ്രശേഖരൻ (ഐഎൻടിയുസി) അധ്യക്ഷനായി. എളമരം കരീം (സിഐടിയു), കെ പി രാജേന്ദ്രൻ, ജെ ഉദയഭാനു (എഐടിയുസി), വി ജെ ജോസഫ് (ഐഎൻടിയുസി), ടി സി വിജയൻ (യുടിയുസി), സോണിയ ജോർജ്‌ (സേവ), ടോമി മാത്യു (എച്ച്എംഎസ്), അഹമ്മദ്കുട്ടി ഉണ്ണികുളം (എസ്ടിയു), അഡ്വ. ടി ബി മിനി (ടിയുസിസി), വി കെ സദാനന്ദൻ (എഐയുടിയുസി), ബിജു ആന്റണി (ജെഎൽയു), മനോജ് പെരുമ്പിള്ളി (ജെടിയു), മോഹൻലാൽ (എൻടിയുഐ) എന്നിവർ പങ്കെടുത്തു.

സർവ്വകലാശാല അധ്യാപകർ നവംബർ 26 ന്‌ ദേശീയ പണിമുടക്കിൽ പങ്കെടുക്കും

കേന്ദ്ര സർക്കാരിൻ്റെ ജന വിരുദ്ധ, അദ്ധ്യാപക- തൊഴിലാളി - കർഷകദ്രോഹ നടപടികൾക്കെതിരെ നടക്കുന്ന ദേശീയ പണിമുടക്കിൽ  സർവ്വകലാശാല അദ്ധ്യാപകരും പങ്കെടുക്കും.

നിർദ്ദിഷ്ട ദേശീയ വിദ്യാഭ്യാസ നയം ഉപേക്ഷിക്കുക ,കേന്ദ്ര സർക്കാർ കൊണ്ടുവന്ന ജന വിരുദ്ധ തൊഴിൽ നിയമ ഭേദഗതിയും കർഷക നിയമഭേദഗതിയും പിൻവലിക്കുക എന്ന പ്രധാന മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് അദ്ധ്യാപകർ സമരത്തിന് അണി നിരക്കു ന്നത്‌.

വർഗ്ഗീയവൽക്കരണവും വാണിജ്യവൽക്കരണവും ലക്ഷ്യമിടുന്ന പുത്തൻ വിദ്യാഭ്യാസനയം അദ്ധ്യാപകരുടെ തൊഴിൽസ്ഥിരതയില്ലാതാക്കുകയും വീണ്ടും വിഭ്യാഭ്യാസം  വരേണ്യവൽക്കരിക്കുന്നതിനുംകാവിവൽക്കരിക്കുന്നതിനുമെതിരെയുള്ള ഒരു സമരമാണിതെന്ന് കൂടി ഫെഡറേഷൻ ഓഫ് യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് അസോസിയേഷൻ പ്രസിഡൻറ് ഡോ. ജിജൂ പി അലക്‌സും ജനൽ സെക്രട്ടറി ഡോ. എ പസ് ലിത്തിലും   പ്രസ്‌താവനയിൽ പറഞ്ഞു.

No comments:

Post a Comment