Sunday, November 3, 2013

കേരളത്തെ പുരോഗതിയിലേക്കു നയിച്ചത് കമ്യൂണിസ്റ്റ്പ്രസ്ഥാനങ്ങള്‍: മല്ലിക സാരാഭായ്

കലയും സാഹിത്യവും കമ്യൂണിസ്റ്റ്പ്രസ്ഥാനങ്ങളും ഒത്തുചേര്‍ന്നാണ് കേരളത്തിന്റെ പുരോഗമനപാത ഒരുക്കിയതെന്ന് നര്‍ത്തകിയും സാമൂഹിക പ്രവര്‍ത്തകയുമായ മല്ലിക സാരാഭായ് പറഞ്ഞു. ഈ സാംസ്കാരിക ദിശാബോധമാണ് രാഷ്ട്രീയത്തിന്റെ പുരോഗമനമുഖവും. പുരോഗമന കലാസാഹിത്യസംഘം പത്താം സംസ്ഥാന സമ്മേളനം പാലക്കാട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

കലയും സാഹിത്യവും രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചിരുന്ന കമ്യൂണിസ്റ്റ്പ്രസ്ഥാനങ്ങളുടെ ശൈലി ഇന്നത്തെ സാഹചര്യത്തില്‍ സവിശേഷ പ്രാധാന്യമര്‍ഹിക്കുന്നു. സ്ത്രീകള്‍ക്ക് മാന്യത കല്‍പ്പിക്കാത്ത ഒരു സമൂഹവും സാംസ്കാരികമല്ല. കേരളത്തിന്റെ ഇന്നത്തെ അവസ്ഥയില്‍ ഉല്‍ക്കണ്ഠയുണ്ടെന്നും താന്‍ ഗുജറാത്തില്‍ ജീവിക്കുമ്പോഴും ഹൃദയംകൊണ്ട് മലയാളിയാണെന്നുംമല്ലിക പറഞ്ഞു.

മലയാളം ഇന്ത്യയിലെ പ്രമുഖ സാഹിത്യമേഖലകളില്‍ ഒന്നാണെന്നും ബഷീറിന്റെയും തകഴിയുടെയും കാക്കനാടന്റെയും രചനകളുടെ ബംഗാളിമൊഴിമാറ്റം വായിച്ചാണ് താന്‍ മലയാളത്തെ അടുത്തറിഞ്ഞതെന്നും മുഖ്യപ്രഭാഷണം നടത്തിയ ബംഗാളി എഴുത്തുകാരി തിലോത്തമ മജുംദാര്‍ പറഞ്ഞു. മലയാളസാഹിത്യം ബംഗാളി ഉള്‍പ്പെടെയുള്ള മറ്റ് ഇന്ത്യന്‍ഭാഷകളിലേക്ക് കൂടുതലായി വിവര്‍ത്തനം ചെയ്യപ്പെടണം. എങ്കില്‍മാത്രമേ മലയാളത്തിന്റെ മഹത്വം രാജ്യത്തിന് അടുത്തറിയാന്‍ കഴിയൂ. കലാസാഹിത്യപ്രവര്‍ത്തകര്‍ അതിനു മുന്‍കൈയെടുക്കണം. ജീവിത പോരാട്ടങ്ങളേയും പുരോഗമനത്തേയും സാംസ്കാരികമായി അടയാളപ്പെടുത്തുന്നതില്‍ മലയാള സാഹിത്യത്തിന് സഹായകമായിത്തീര്‍ന്ന പുരോഗമന പ്രസ്ഥാനത്തിന്റെ പ്രസക്തി വിളിച്ചോതുന്നതാണ് സമ്മേളനമെന്നും അവര്‍ പറഞ്ഞു. ദളിത്സ്വത്വത്തിന്റെ വീണ്ടെടുപ്പ് മനുഷ്യസ്വത്വത്തിന്റെതന്നെ വീണ്ടെടുപ്പാണെന്ന് തമിഴ് സാഹിത്യകാരന്‍ അഴകിയ പെരിയവന്‍ പറഞ്ഞു. മാനവിക സമത്വത്തിനായുള്ള പോരാട്ടമാണ് പുരോഗമന കലാസാഹിത്യപ്രവര്‍ത്തകര്‍ ഏറ്റെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പുരുഷന്‍ കടലുണ്ടി അധ്യക്ഷനായി.

കലാകാരന്മാര്‍ ഉണര്‍ത്തുപാട്ടുകാരാകണം

പാലക്കാട്: പുതിയ കാലഘട്ടത്തില്‍ കലയ്ക്കും സാഹിത്യത്തിനും ജീവിതത്തിനും സമൂഹത്തില്‍ നേരിടേണ്ടിവരുന്ന പ്രതിസന്ധിയില്‍ കലാകാരന്മാര്‍ക്ക് ഉല്‍കണ്ഠ. സാമൂഹ്യ മാറ്റത്തിനുള്ള പോരാട്ടത്തിന് ചാലകശക്തിയായി പ്രവര്‍ത്തിച്ച സാംസ്കാരിക മേഖലയുടെ വര്‍ത്തമാനകാലം ആശങ്കാജനകമാണെന്ന് കലാകാരന്മാരുടെ സംഗമത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. പുരോഗമന കലാസാഹിത്യസംഘം പത്താം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചാണ് കലാസംഗമം സംഘടിപ്പിച്ചത്.

നമുക്ക് നഷ്ടപ്പെടുന്ന പൊതുഇടങ്ങള്‍ തിരിച്ചുപിടിക്കാന്‍ കലാകാരന്മാര്‍ക്കേ കഴിയൂ എന്ന് കലാസംഗമം ഉദ്ഘാടനം ചെയ്ത വൈശാഖന്‍ പറഞ്ഞു. മനസ്സുകളില്‍ അദൃശ്യമായി ഉയര്‍ന്നുവരുന്ന മതില്‍ക്കെട്ടുകള്‍ പൊളിച്ചുമാറ്റേണ്ടവരാണ് കലാകാരന്മാര്‍. ഉണര്‍ത്തുപാട്ടുകാരായി കലാകാരന്മാര്‍ മാറണമെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരന്റെ വേദനയകറ്റാന്‍ സംഗീതം ഉപയോഗിക്കണമെന്ന് സംഗീതജ്ഞന്‍ മണ്ണൂര്‍ രാജകുമാരനുണ്ണി പറഞ്ഞു. സംഗീതത്തിലും നൃത്തത്തിലും പൂര്‍ണത ഉണ്ടാകണം. ആര്‍ നമ്പിയത്തിന്റെ "പുഴയെവിടെ" എന്ന കവിതയും അദ്ദേഹം ചൊല്ലി.

നാടകം, കഥാപ്രസംഗം തുടങ്ങിയ ജനകീയകലകള്‍ കേരളത്തില്‍ അപ്രത്യക്ഷമാവുകയാണെന്ന് പിരപ്പന്‍കോട് മുരളി പറഞ്ഞു. അക്ഷരമറിയാത്തവരുടെ ആശയമായിട്ടാണ് നാടകത്തിന്റെ പിറവിയെന്നും അദ്ദേഹം പറഞ്ഞു. മണ്ണൂര്‍ രാജകുമാരനുണ്ണി, കലാമണ്ഡലം വാസു പിഷാരോടി, കലാമണ്ഡലം കെ ജി വാസുദേവന്‍, പല്ലാവൂര്‍ കൃഷ്ണന്‍കുട്ടി, ദ്വാരകാകൃഷ്ണന്‍, പൊറാട്ടു നാടകകലാകാരന്‍ നല്ലേപ്പിള്ളി നാരായണന്‍, ആര്‍ ഡി പ്രഭാകരന്‍ എന്നിവരെ ആദരിച്ചു. കലാമണ്ഡലം ശിവന്‍ നമ്പൂതിരി, ചലച്ചിത്ര സംവിധായകന്‍ നേമം പുഷ്പരാജ്, ചിത്രകാരന്‍ പൊന്ന്യം ചന്ദ്രന്‍, നാടകകൃത്ത് സേവ്യര്‍ പുല്‍പ്പാട്ട്, പ്രൊഫ. കെ യു അരുണന്‍, നാടകനടന്‍ ഒ കെ കുറ്റിക്കോല്‍, നാടകപ്രവര്‍ത്തകന്‍ ആര്‍ ഡി പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു. പുരുഷന്‍ കടലുണ്ടി എംഎല്‍എ അധ്യക്ഷനായി. ഡോ. എ കെ നമ്പ്യാര്‍ സ്വാഗതം പറഞ്ഞു.

അന്യഭാഷകളുടെ കടന്നുകയറ്റം പുതുതലമുറയെ സ്വാധീനിക്കുന്നു

പാലക്കാട്: മലയാളഭാഷയിലേക്ക് അന്യഭാഷകളുടെ കടന്നുകയറ്റം പുതുതലമുറയുടെ സംസ്കാര രൂപീകരണത്തില്‍ സ്വാധീനം ചെലുത്തുന്നുവെന്ന് "ഭാഷയും ജനാധിപത്യവും" സെമിനാര്‍ വിലയിരുത്തി. പുരോഗമനകലാസാഹിത്യസംഘം സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച് നടന്ന ഭാഷാസംഗമമാണ് ഗൗരവമേറിയ ചര്‍ച്ചയ്ക്ക് വേദിയായത്.

ഭാഷ അതിന്റേതായ സിംഹാസനം ഉറപ്പിക്കുമ്പോഴേ അതിന് ദേശീയത കൈവരുകയുള്ളൂ എന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. അന്യഭാഷയെ സ്വീകരിക്കുന്നതോടൊപ്പം മലയാളത്തെ സംരക്ഷിക്കണമെന്ന ബോധംകൂടിവേണം. ഒരു ഭാഷ മറ്റൊരു ഭാഷക്ക് അധീശപ്പെടുമ്പോഴാണ് അപശബ്ദങ്ങള്‍ രൂപപ്പെടുന്നത്. പ്രയോഗരീതികളിലും ഉച്ചാരണത്തിലും വന്നുകൂടുന്ന വൈകല്യങ്ങള്‍ ഭാഷയുടെ സ്വത്വത്തെ നശിപ്പിക്കുമെന്നും സെമിനാറില്‍ അഭിപ്രായമുയര്‍ന്നു. പ്രൊഫ. കെ പി ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. ഭാഷ ശ്രേഷ്ഠമായി ഉപയോഗിച്ചാല്‍ ജനാധിപത്യത്തിന്റെ നല്ല പാഠങ്ങള്‍ ഉള്‍ക്കൊള്ളാനാകുമെന്നും ചാനലുകള്‍ മലയാള ഭാഷക്ക് വേണ്ട പ്രോത്സാഹനം നല്‍കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

deshabhimani

No comments:

Post a Comment