Sunday, November 25, 2012
മീറ്റര്‍ ക്ഷാമം, വൈദ്യുതി പ്രതിസന്ധി: വൈദ്യുതി കണക്ഷന്‍ നല്‍കല്‍ നിലച്ചു
സംസ്ഥാനത്ത് പുതിയ വൈദ്യുതി കണക്ഷന്‍ നല്‍കുന്നത് നിലച്ചു. അപേക്ഷിച്ചാല്‍ 24 മണിക്കൂറിനകം നല്‍കേണ്ട "ഓണ്‍ യുവര്‍ ഇലക്ട്രിക്കല്‍ കണക്ഷന്‍" അപേക്ഷകള്‍ മാസങ്ങളായി കെട്ടിക്കിടക്കുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ മീറ്റര്‍, സര്‍വീസ് വയര്‍, സപ്പോര്‍ട്ട് വയര്‍ എന്നിവയുടെ പര്‍ച്ചേസ് നിര്‍ത്തിയതാണ് ഇതിനു പ്രധാന കാരണം. വൈദ്യുതി പ്രതിസന്ധിയും പുതിയ കണക്ഷന്‍ നല്‍കാത്തതിനു കാരണമാണ്. കേടായ മീറ്റര്‍ മാറ്റിസ്ഥാപിക്കുന്നില്ല. എല്‍ഡിഎഫ് ഭരണത്തില്‍ പുതിയ കണക്ഷനുകള്‍ക്കുള്ള സാധാരണ അപേക്ഷയില്‍പ്പോലും ഉടന്‍ തീരുമാനമുണ്ടായിരുന്ന അവസ്ഥയയില്‍ നിന്നാണ് പണം നല്‍കി അപേക്ഷിക്കുന്ന "ഓണ്‍ യുവര്‍ ഇലക്ട്രിക്കല്‍ കണക്ഷനില്‍" പോലും ഇപ്പോള്‍ മാസങ്ങളുടെ കാലതാമസമുണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സാധാരണ അപേക്ഷയില്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാലും തീരുമാനമുണ്ടാകാനിടയില്ല. ഉപയോക്താക്കളില്‍ നിന്ന് 5,000 രൂപവരെ ഓണ്‍ യുവര്‍ ഇലക്ട്രിക്കല്‍ കണക്ഷന്‍ അപേക്ഷയില്‍ ചാര്‍ജ് ഈടാക്കുന്നുണ്ട്. പുതിയ പോസ്റ്റ് ഇടേണ്ട കണക്ഷനുകളാണെങ്കില്‍ 10,000 രൂപയ്ക്കു മുകളില്‍ ചാര്‍ജ് ഈടാക്കും.
കെഎസ്ഇബി മീറ്ററുകള്‍ വാങ്ങിയിരുന്നത് കൊല്ലത്തെ പൊതുമേഖലാ കമ്പനിയായ യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസില്‍ നിന്നാണ്. കമീഷനില്‍ കണ്ണുവച്ച് സ്വകാര്യ ഏജന്‍സികളില്‍ നിന്ന് മീറ്റര്‍ വാങ്ങാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് 10 മാസത്തോളമായി ഇവിടെ നിന്ന് മീറ്റര്‍ വാങ്ങുന്നില്ല. ജനുവരിയില്‍ ഒരുലക്ഷം മീറ്റര്‍ വാങ്ങിയതാണ് കെഎസ്ഇബിയുടെ അവസാന പര്‍ച്ചേസ്. ഇവിടെ നിന്നുള്ള പര്‍ച്ചേസിങ് നിര്‍ത്തിയതോടെ പ്രധാനമായും കെഎസ്ഇബിക്കുള്ള മീറ്റര്‍ നിര്‍മാണത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോയിരുന്ന കമ്പനി ഇതോടെ സാമ്പത്തിക പ്രതിസന്ധിയിലായി. ഉപയോഗം കൂടിയ സമയവും കുറഞ്ഞ സമയവും കണക്കാക്കുന്ന മീറ്റര്‍ വാങ്ങി ഉപയോക്താക്കളുടെമേല്‍ ഭാരം അടിച്ചേല്‍പ്പിക്കാന്‍ ഒരു സ്വകാര്യ മീറ്റര്‍ കമ്പനിയുമായി ചേര്‍ന്നു നടത്തുന്ന ഗൂഢനീക്കമാണ് മീറ്റര്‍ ക്ഷാമത്തിന് ഇടയാക്കിയതെന്ന് ആരോപണമുണ്ട്.
പര്‍ച്ചേസുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധിയോടൊപ്പം വൈദ്യുതി പ്രതിസന്ധിയും കണക്ഷന്‍ നല്‍കുന്നതിന് തടസ്സവാദമായി പറയുന്നുണ്ട്. എന്നാല്‍, ലോഡ്ഷെഡിങ്ങും പവര്‍കട്ടും ഏര്‍പ്പെടുത്തി മാസങ്ങളായിട്ടും വൈദ്യുത പദ്ധതികളുടെ നിര്‍മാണം നിശ്ചലാവസ്ഥയില്‍ തന്നെയാണ്. 100 മെഗാവാട്ടിലേറെ ലക്ഷ്യമിടുന്ന പള്ളിവാസല്‍ എക്സ്റ്റെന്‍ഷന്‍ പദ്ധതിയുള്‍പ്പെടെ 12 പദ്ധതിയുടെ നിര്‍മാണമാണ് നിലച്ചിരിക്കുന്നത്. 1996ലെ തെരഞ്ഞെടുപ്പിനു മുമ്പുള്ള കാലത്ത് മൂന്നരമണിക്കൂര്‍ വരെ ലോഡ്ഷെഡിങ്ങും വ്യവസായങ്ങള്‍ക്ക് 100 ശതമാനം പവര്‍കട്ടും യുഡിഎഫ് ഏര്‍പ്പെടുത്തിയിരുന്നു. എല്‍ഡിഎഫ് അധികാരത്തില്‍ വന്നശേഷമാണ് ഇതില്‍നിന്ന് മോചനമുണ്ടായത്.
(വി ഡി ശ്യാംകുമാര്‍)
ശബരിമല ഭൂഗര്‍ഭ വൈദ്യുതപദ്ധതി എങ്ങുമെത്തിയില്ല
ശബരിമല: ശബരിമലയുടെ സ്വപ്നപദ്ധതിയായ ഭൂഗര്‍ഭ വൈദ്യുത പദ്ധതി എങ്ങുമെത്തിയില്ല. വൈദ്യുതിബോര്‍ഡും ദേവസ്വം ബോര്‍ഡും തമ്മിലുള്ള ഭിന്നത മൂലമാണ് പദ്ധതി പ്രവര്‍ത്തനം ആരംഭിക്കുംമുമ്പ് തന്നെ അനിശ്ചിതാസ്ഥയിലായത്. ശബരിമലയില്‍ മുടക്കം കൂടാതെ വൈദ്യുതി ലഭ്യമാക്കാന്‍ 2001ല്‍ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാരാണ് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത ഇതിനായി കെഎസ്ഇബി രൂപരേഖയും തയ്യാറാക്കി. പമ്പ മുതല്‍ സന്നിധാനം വരെ അഞ്ചു കിലോമീറ്റര്‍ ദൂരത്തിലായിരുന്നു ഭൂഗര്‍ഭ വൈദ്യുതിലൈന്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. കെഎസ്ഇബി തയ്യാറാക്കിയ രൂപരേഖ പിന്നീട് അധികൃതര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കൈമാറുകയും ചെയ്തു. 1.5 കോടി രൂപയായിരുന്നു അന്ന് പദ്ധതിക്കായി കണക്കാക്കിയിരുന്നത്.എന്നാല്‍, പദ്ധതിചെലവ് സംബന്ധിച്ച് തര്‍ക്കമുണ്ടായി. ഉപയോക്താവായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പണം കണ്ടെത്തണമെന്നായിരുന്നു വൈദ്യുതിബോര്‍ഡിന്റെ ആവശ്യം. എന്നാല്‍, ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ ദേവസ്വം ബോര്‍ഡ് ഉറച്ചുനിന്നു. ഇതോടെയാണ് പദ്ധതി കടലാസില്‍ ഒതുങ്ങിയത്.
ദീര്‍ഘദൂര മിസൈല്‍ പരീക്ഷണകേന്ദ്രം ആന്ധ്രപ്രദേശില്‍ ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ തീരദേശനഗരമായ മച്ചിലിപട്ടണത്തിനുസമീപം പ്രതിരോധ ഗവേഷണ വികസനകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ (ഡിആര്‍ഡിഒ) ദീര്‍ഘദൂര മിസൈല്‍ പരീക്ഷണകേന്ദ്രം ഒരുക്കും. മച്ചിലിപട്ടണം കൃഷ്ണ- ഗോദാവരി വാതകതടത്തോട് ചേര്‍ന്നുള്ള പ്രദേശമായതിനാല്‍ പെട്രോളിയം മന്ത്രാലയുമായി ചര്‍ച്ച നടത്തി നിലവിലുള്ള തര്‍ക്കങ്ങള്‍ പരിഹരിച്ചെന്ന് ഡിആര്‍ഡിഒ മേധാവി വി കെ സാരസ്വത് മാധ്യമങ്ങളോട് പറഞ്ഞു. സ്ഥലം വിട്ടുകിട്ടാന്‍ ഡിആര്‍ഡിഒ സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചു. 260 ഏക്കര്‍ പദ്ധതിക്കായി ഏറ്റെടുക്കേണ്ടിവരും.
(മനോജ് വാസുദേവ്)
deshabhimani 251112
Labels:
വലതു സര്‍ക്കാര്‍,
വൈദ്യുതി,
ശബരിമല
Subscribe to:
Post Comments (Atom)
സംസ്ഥാനത്ത് പുതിയ വൈദ്യുതി കണക്ഷന്‍ നല്‍കുന്നത് നിലച്ചു. അപേക്ഷിച്ചാല്‍ 24 മണിക്കൂറിനകം നല്‍കേണ്ട "ഓണ്‍ യുവര്‍ ഇലക്ട്രിക്കല്‍ കണക്ഷന്‍" അപേക്ഷകള്‍ മാസങ്ങളായി കെട്ടിക്കിടക്കുന്നു.
ReplyDelete