Saturday, November 2, 2013

സൗദി വിട്ടത് ഒന്നേകാല്‍ ലക്ഷം മലയാളികള്‍

നിതാഖാത്ത് സമ്പ്രദായം നടപ്പാക്കിയ കാലയളവില്‍ സൗദി വിട്ടത് ഒന്നേകാല്‍ ലക്ഷം മലയാളികള്‍. തൊഴില്‍പരമായ പ്രതിസന്ധിയില്‍ കൂടുതല്‍ പേര്‍ സൗദി വിട്ടില്ലെന്ന് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് ഇത്രയും പേര്‍ നാട്ടിലേക്ക് മടങ്ങിയത്. കേരള സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട പ്രവാസി സെന്‍സസനുസരിച്ച് ഏഴു മാസത്തിനകം 1,24,510 മലയാളികളാണ് സൗദിയില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയത്. സൗദിയില്‍ 5,74,739 മലയാളികള്‍ ഉണ്ടെന്നായിരുന്നു ഏപ്രില്‍ മാസം പത്തിന് പ്രവാസിമന്ത്രി കെ സി ജോസഫ് നിയമസഭയില്‍ പറഞ്ഞത്്. പുതിയ സെന്‍സസ് അനുസരിച്ച് ഇത് 4,50,229 ആണ്.

നിതാഖാത്ത് നടപ്പായതോടെ സ്വന്തം ചെലവിലും പല സംഘടനകള്‍ സഹായിച്ചും പതിനായിരങ്ങള്‍ സൗദി വിട്ടതായി സംസ്ഥാന സര്‍ക്കാര്‍തന്നെ സമ്മതിക്കുന്നത്. നോര്‍ക്കയുടെ കണക്കനുസരിച്ച് സൗദിയില്‍ നിന്ന് ഇനി മടങ്ങാനുള്ള മലയാളികളുടെ എണ്ണം മൂവായിരമാണ്. ഇതുവരെ 4907 പേര്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് കൈപറ്റിയതായും പറയുന്നു. ഏപ്രില്‍ മുതല്‍ ഇതുവരെ 13,112 പേര്‍ മടങ്ങിയതായാണ് കണക്ക്. തൊഴില്‍ പ്രതിസന്ധിയില്‍ നാടുവിട്ടവരെല്ലാം എംബസിയില്‍ നിന്ന് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് വാങ്ങിയിട്ടില്ല. നാട്ടിലേക്ക് പോകാന്‍ രേഖയില്ലാത്തവര്‍ മാത്രമാണ് സര്‍ട്ടിഫിക്കറ്റ് വാങ്ങിയത്. എംബസിയുടെ കണക്കനുസരിച്ച് ഒരു ലക്ഷത്തോളം ഇന്ത്യക്കാര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി പോയിട്ടുണ്ട്. മൊത്തം 13 ലക്ഷം ഇന്ത്യക്കാര്‍ സൗദി ഭരണകൂടം പ്രഖ്യാപിച്ച ഇളവ് ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നാണ് എംബസി വ്യക്തമാക്കിയത്. 11,81,721 പേര്‍ രേഖകള്‍ ശരിയാക്കി സൗദിയില്‍ തുടരുന്നു. സൗദി സര്‍ക്കാര്‍ ഇളവ് അനുവദിച്ചിരുന്നില്ലെങ്കില്‍ മടങ്ങുന്നവരുടെ എണ്ണം ഇരട്ടിയാകുമായിരുന്നു. ഒക്ടോബര്‍ 21വരെ 77,054 ഇന്ത്യക്കാരാണ് നാട്ടില്‍ പോകുന്നതിനായി സര്‍ട്ടിഫിക്കറ്റ് വാങ്ങിയത്. ഇതില്‍ 95 ശതമാനവും എക്സിറ്റ് നേടി. ബാക്കിയുള്ളവര്‍ക്ക് ഉടന്‍ ലഭിക്കും. ഇതനുസരിച്ച് മുക്കാല്‍ ലക്ഷത്തിലധികം ഇന്ത്യക്കാര്‍ എംബസി മുഖേനമാത്രം സൗദി വിടാന്‍ തയ്യാറായിട്ടുണ്ട്. നിതാഖാത്ത് നടപ്പാക്കിയ ശേഷം മൊത്തം ഇന്ത്യക്കാരുടെ എണ്ണം സൗദിയില്‍ വര്‍ധിച്ചുവെന്നാണ് എംബസി പറയുന്നത്. ഏപ്രില്‍ മാസം ഉണ്ടായിരുന്ന 24 ലക്ഷംപേര്‍ക്കുപകരം ഇപ്പോള്‍ 28 ലക്ഷമായി എന്നാണ് എംബസി യുടെ കണക്ക്. ഇതിലും അവ്യക്തതയുണ്ട്.
(ടി എം മന്‍സൂര്‍)

deshabhimani

No comments:

Post a Comment