Saturday, November 2, 2013

"റൂസ" കോടാലിയാകും; സംസ്ഥാനം വഹിക്കേണ്ടത് 35 ശതമാനം തുക

യൂണിവേഴ്സിറ്റി ഗ്രാന്റ് കമീഷന്‍ വഴി കോളേജുകള്‍ക്കുള്ള ധനസഹായം ഇനിമുതല്‍ രാഷ്ട്രീയ ഉദ്ധഞ്ജര്‍ ശിക്ഷക് അഭിയാന്‍ (റൂസ) വഴി നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം സംസ്ഥാനത്തെ കോളേജുകള്‍ക്കും സര്‍ക്കാരിനും വന്‍ സാമ്പത്തിക ബാധ്യതയാകും. ഓരോ പദ്ധതിക്കും ആകെ തുകയുടെ 35 ശതമാനം സംസ്ഥാനങ്ങളിലെ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലോ അതത് കോളേജുകളോ വഹിക്കണമെന്നാണ് റൂസ നിയമം. കോളേജുകള്‍ക്ക് നേരത്തെ യുജിസി സാമ്പത്തികസഹായം അനുവദിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന് ബാധ്യത ഉണ്ടായിരുന്നില്ല. യുജിസിയും കോളേജുകളും തമ്മിലായിരുന്നു ഇടപാട്. ദേശീയ ഉന്നത വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി "റൂസ" വന്നതോടെ കോളേജ് വിദ്യാഭ്യാസത്തിന് ചെലവഴിക്കുന്ന തുകയുടെ 35 ശതമാനം സംസ്ഥാനം വഹിക്കണമെന്നത് നിര്‍ബന്ധ നിയമമാക്കി. ആദ്യഘട്ടം റൂസയ്ക്ക് 22000 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. തുക മുഴുവന്‍ ലഭിക്കണമെങ്കില്‍ 7700 കോടി രൂപ സംസ്ഥാനങ്ങള്‍ വഹിക്കണം.

സംസ്ഥാനത്ത് 178 എയ്ഡഡ് കോളേജുകളും 44 സര്‍ക്കാര്‍ കോളേജുകളുമാണുള്ളത്. എയ്ഡഡ് കോളേജിന് റൂസ ഫണ്ട് നല്‍കുമ്പോള്‍ 35 ശതമാനം തുക മാനേജ്മെന്റ് വഹിക്കണമെന്ന നിര്‍ദേശം സംസ്ഥാനത്തിന് വയ്ക്കാം. രണ്ടുകോടി രൂപയുടെ ഒരു പദ്ധതി ലഭിക്കുന്ന കോളേജ് 70 ലക്ഷം സ്വന്തം നിലയില്‍ വഹിക്കണമെന്നതും ഇന്നത്തെ നിലയില്‍ സാധ്യമല്ല. "റൂസ" വിദ്യാഭ്യാസ ക്കച്ചവടത്തിനുള്ള വാതിലും തുറന്നിടുന്നു. കോളേജുകള്‍ക്ക് സ്വയംഭരണ അനുമതി ലഭിക്കുന്നതോടെ റൂസയുടെ പേരില്‍ വിദ്യാഭ്യാസക്കൊള്ളയ്ക്ക് മാനേജുമെന്റുകള്‍ക്ക് അവസരം ലഭിക്കും. സംസ്ഥാനങ്ങളിലെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വഴിയാണ് റൂസ ഫണ്ട് വരിക. 35 ശതമാനം തുക വഹിക്കാനുള്ള ശേഷി ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന് ഇല്ല. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അഭിപ്രായം പ്രകടിപ്പിക്കാതെ നീട്ടിക്കൊണ്ടുപോകുന്നതിലും ദുരൂഹതയുണ്ട്.

deshabhimani

No comments:

Post a Comment