Thursday, November 21, 2013

ആറന്മുള വിമാനത്താവളത്തിന് സര്‍ക്കാര്‍ ഭൂമി നല്‍കും

ആറന്മുളയില്‍ സ്വകാര്യ വിമാനത്താവള നിര്‍മാണത്തിനായി സര്‍ക്കാര്‍ ഭൂമി വിട്ടുകൊടുക്കാന്‍ തീരുമാനം. വിമാനത്താവള കമ്പനിയായ കെജിഎസ് ഗ്രൂപ്പ് അധികൃതര്‍കൂടി പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

വിമാനത്താവളത്തിനെതിരെ ജനകീയ പ്രക്ഷോഭം ശക്തമായിരിക്കെയാണ് ചട്ടങ്ങള്‍ ഇളവുചെയ്ത് ഭൂമി വിട്ടുകൊടുക്കുന്നത്. ബുധനാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് തീരുമാനം അറിയിച്ചത്. കമ്പനി അധികൃതര്‍ ഉന്നയിച്ച ഭൂരിപക്ഷം ആവശ്യങ്ങളും അംഗീകരിക്കാമെന്ന ഉറപ്പും ലഭിച്ചു. പദ്ധതിക്കുള്ള പാരിസ്ഥിതികാനുമതി നല്‍കിയതിന്റെ തൊട്ടടുത്ത ദിവസംതന്നെ തിടുക്കപ്പെട്ട് യോഗം വിളിച്ചുചേര്‍ക്കുകയായിരുന്നു. അമ്പതേക്കര്‍ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയാണ് വിട്ടുനല്‍കുക. മിച്ചഭൂമിപരിധിയില്‍നിന്ന് പദ്ധതിപ്രദേശത്തെ ഒഴിവാക്കും. പ്രദേശത്തെ ഇരുനൂറോളം ഏക്കര്‍ മിച്ചഭൂമിയായി സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ കമ്പനി നല്‍കിയ കത്ത് അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. ഭൂമി വിട്ടുനല്‍കുന്നതിന് നിയമപരമായ തടസ്സമുണ്ടോ എന്നും തടസ്സങ്ങള്‍ എങ്ങനെ മറികടക്കാനാകും എന്നും ഉടന്‍ അറിയിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

വിമാനത്താവളം ഉള്‍പ്പെടുന്ന പ്രദേശം വ്യവസായമേഖലയായി പ്രഖ്യാപിച്ചതും ഭാഗികമായി പിന്‍വലിക്കും. എഴുനൂറ് ഏക്കറില്‍ വിമാനത്താവളവും അനുബന്ധപദ്ധതികളും നടപ്പാക്കാനാണ് സ്വകാര്യ കമ്പനിയുടെ പദ്ധതി. ടൗണ്‍ഷിപ്പ്, പ്രത്യേക സാമ്പത്തികമേഖല തുടങ്ങിയവയെല്ലാം ഇതില്‍പ്പെടും. വിമാനത്താവളനിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുമെന്ന് ഉമ്മന്‍ചാണ്ടി യോഗത്തില്‍ പറഞ്ഞു. നിയമപരമായ തടസ്സം നീക്കും. എതിര്‍പ്പുകള്‍ കണക്കാക്കാതെ നിര്‍മാണവുമായി മുന്നോട്ടുപോകാനും മുഖ്യമന്ത്രി കമ്പനി അധികൃതരോട് ആവശ്യപ്പെട്ടു. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് യോഗത്തില്‍ കമ്പനി ആവശ്യം ഉന്നയിച്ചു. റണ്‍വേയ്ക്കായി ആവശ്യമുള്ള വയല്‍ നികത്താനുള്ള അനുമതി നല്‍കും. ഇതിനായി 400 മുതല്‍ 500 ഏക്കര്‍ വരെ സ്ഥലമാണ് വേണ്ടിവരിക.

വിമാനത്താവളത്തിന്റെ പത്തുശതമാനം ഓഹരി സംസ്ഥാന സര്‍ക്കാരിനുണ്ടാകുമെന്ന് യോഗതീരുമാനങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് അറിയിച്ച മന്ത്രി കെ ബാബു പറഞ്ഞു. സര്‍ക്കാര്‍ നല്‍കുന്ന ഭൂമിക്ക് പകരം ഭൂമി കമ്പനി വാങ്ങിനല്‍കണം. സര്‍ക്കാര്‍ ഓഹരി, പ്രതിനിധി എന്നിവ സംബന്ധിച്ച് ഉടന്‍ തീരുമാനം ഉണ്ടാകും. വിമാനത്താവളം സംബന്ധിച്ച് പാര്‍ടിയിലും മുന്നണിയിലും അഭിപ്രായവ്യത്യാസം ഉണ്ടാകുന്നത് സ്വാഭാവികമാണ്. വി എം സുധീരന്റെയും കെ മുരളീധരന്റെയും എതിര്‍പ്പുകള്‍ ഈ രീതിയിലേ കാണുന്നുള്ളൂ. പാര്‍ടി നിലപാട് എന്തെന്ന് കെപിസിസി പ്രസിഡന്റിനോട് ചോദിക്കണം. ആറന്മുളയില്‍ വിമാനത്താവള കമ്പനി നിയമലംഘനം നടത്തിയതായി അറിയില്ലെന്നും മന്ത്രി പറഞ്ഞു.

മാധ്യമപ്രവര്‍ത്തകരുടെ കൂടുതല്‍ ചോദ്യങ്ങളില്‍നിന്ന് മന്ത്രി ഒഴിഞ്ഞുമാറി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, കെ ബാബു, അടൂര്‍ പ്രകാശ് എന്നിവരും ആന്റോ ആന്റണി, കെ ശിവദാസന്‍നായര്‍, ഉന്നത ഉദ്യോഗസ്ഥര്‍, കെജിഎസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ജിജി ജോര്‍ജ്, എക്സിക്യൂട്ടിവ് ഡയറക്ടര്‍ പി ടി നന്ദകുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.

deshabhimani

No comments:

Post a Comment