മലയാളിയടക്കം രണ്ടു മത്സ്യത്തൊഴിലാളികളെ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ ഇറ്റാലിയന്‍ എണ്ണക്കപ്പലിലെ സൈനികര്‍ വെടിവച്ചുകൊന്ന സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തിരക്കിട്ട് നടപടി സ്വീകരിക്കരുതെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സംഭവം അറിഞ്ഞയുടനെ താന്‍ കേരളത്തിലെ കത്തോലിക്കാ മന്ത്രിമാരെ വിളിച്ചതായും തിരക്കിട്ട് നടപടിയെടുക്കരുതെന്ന് ആവശ്യപ്പെട്ടതായും കര്‍ദിനാള്‍ വ്യക്തമാക്കി. റോമില്‍ കത്തോലിക്ക വാര്‍ത്താ ഏജന്‍സി ഫിഡെസിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കേന്ദ്ര സഹമന്ത്രി കെ വി തോമസും കര്‍ദിനാളിനൊപ്പമുണ്ടായിരുന്നു. സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പായ മാര്‍ ആലഞ്ചേരി ശനിയാഴ്ചയാണ് വത്തിക്കാനില്‍ കര്‍ദിനാളായി അഭിഷിക്തനായത്.
പ്രശ്നം സമാധാനപരമായി പരിഹരിക്കണമെന്ന് അഭിപ്രായപ്പെട്ട കര്‍ദിനാള്‍ , പ്രതിപക്ഷം പാശ്ചാത്യശക്തികളെക്കുറിച്ച് പറഞ്ഞ് തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയനേട്ടത്തിന് ഇത് ഉപയോഗിക്കാനാണ് ശ്രമിക്കുന്നതെന്ന് ആശങ്കയും പ്രകടിപ്പിച്ചു. പ്രശ്നത്തില്‍ ഇന്ത്യന്‍ സര്‍ക്കാരുമായി രാഷ്ട്രീയതല ചര്‍ച്ചകള്‍ക്ക് ഇറ്റലി ജൂനിയര്‍ വിദേശമന്ത്രി സ്റ്റഫാന്‍ ഡി മിസ്റ്റ്യൂറയെ അയച്ചിരിക്കെയാണ് ആലഞ്ചേരിയുടെ പ്രതികരണം. ഇറ്റലി വിദേശമന്ത്രി ജ്യൂലിയോ ടെര്‍സി അടുത്ത ചൊവ്വാഴ്ച ഇന്ത്യയില്‍ എത്തുന്നുണ്ട്. കേരളത്തിലെ തെരഞ്ഞെടുപ്പുസാഹചര്യമാണ് സങ്കീര്‍ണമായ സ്ഥിതി കൂടുതല്‍ വഷളാക്കിയതെന്നും ഇത് അന്വേഷണത്തെ സ്വാധീനിക്കുമെന്നും ടെര്‍സി അവകാശപ്പെട്ടിരുന്നു.
തോക്ക് കിട്ടണമെന്നതില്‍നിന്ന് പൊലീസ് അയയുന്നു
കൊച്ചി/കൊല്ലം: ഇറ്റാലിയന്‍ കപ്പലിലെ നാവികസേനാംഗങ്ങള്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊല്ലാന്‍ ഉപയോഗിച്ച തോക്ക് വിട്ടുകിട്ടണമെന്ന വാദത്തില്‍നിന്ന് പൊലീസ് പിന്മാറുന്നു. സംഭത്തെക്കുറിച്ച് ഇറ്റലി അന്വേഷണം നടത്തുന്ന സാഹചര്യത്തില്‍ തൊണ്ടിയായ തോക്ക് ആര് പരിശോധിക്കണമെന്നതില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് പരിശോധനയില്‍നിന്ന് പിന്മാറാന്‍ പൊലീസ് നീക്കം നടത്തുന്നത്. നാവികസേനയുടെ സ്വത്തായ തോക്ക് ഇറ്റലിക്ക് അവകാശപ്പെട്ടതാണെന്ന അവരുടെ വാദമാണ് ഇതുവഴി പൊലീസ് അംഗീകരിക്കുന്നത്. പ്രതികളെ അറസ്റ്റ്ചെയ്യാന്‍ കാണിച്ച ചങ്കൂറ്റം ഇക്കാര്യത്തില്‍ കാണിക്കേണ്ടതില്ലെന്നാണ് പൊലീസിന് മുകളില്‍നിന്നുകിട്ടിയ നിര്‍ദേശമെന്നും സൂചനയുണ്ട്.
ഇതിനിടെ കപ്പലില്‍ പരിശോധന നടത്താന്‍ അന്വേഷകസംഘത്തിന് കോടതി അനുമതി നല്‍കി. സിറ്റി പൊലീസ് കമീഷണര്‍ നല്‍കിയ അപേക്ഷ പരിഗണിച്ച് കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ടിന്റെ ചുമതല വഹിക്കുന്ന കൊല്ലം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് ടി പി അനീഷ്കുമാറാണ് സെര്‍ച്ച് വാറണ്ട് പുറപ്പെടുവിച്ചത്. "കേരളത്തില്‍ രജിസ്റ്റര്‍ചെയ്ത കേസ് പ്രകാരം കേരള പൊലീസിനും ഇറ്റലിയിലുള്ള കേസ് പ്രകാരം അവര്‍ക്കും തോക്ക് പരിശോധിക്കാന്‍ അവകാശമുണ്ട്. ഈ സാഹചര്യത്തില്‍ അവര്‍ തോക്ക് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയാല്‍പോരെ എന്ന നിര്‍ദേശമുണ്ടായാല്‍ ഒരുപക്ഷെ അംഗീകരിക്കുകയേ നിവൃത്തിയുള്ളുവെന്ന്" കേസ് അന്വേഷിക്കുന്ന ഉന്നത ഉദ്യോഗസ്ഥന്‍ ദേശാഭിമാനിയോട് പറഞ്ഞു. തോക്ക് ഇപ്പോള്‍ കപ്പലിന്റെ ക്യാപ്റ്റന്‍ സീല്‍ചെയ്ത് രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണെന്നാണ് വിവരം. ഇത് വിട്ടുകിട്ടാന്‍പൊലീസ് ശ്രമംനടത്തിയെങ്കിലും നല്‍കാനാവില്ലെന്ന നിലപാടാണ് ആദ്യംമുതലേ ഇറ്റലി അധികൃതരുടേത്്. ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി തോക്ക് കസ്റ്റഡിയില്‍ എടുക്കാന്‍ നിര്‍ദേശിച്ചത് നടപടിക്രമം മാത്രമാണെന്നും തോക്ക് കിട്ടിയില്ലെങ്കിലും അന്വേഷണം ഊര്‍ജിതമായി മുന്നോട്ടുപോകുമെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കടലിലെ കൊലപാതകം: പ്രത്യേക സംഘത്തെ നിയോഗിച്ചു
കൊച്ചി: കടലിലെ കൊലപാതകം അന്വേഷിക്കാന്‍ ഡിജിപി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ എം ആര്‍ അജിത്കുമാറാണ് അന്വേഷണസംഘത്തെ നയിക്കുക. കൊല്ലം സിറ്റി പൊലീസ് കമീഷണര്‍ ദേബാഷിഷ് ബെഹ്റ, കൊല്ലം ക്രൈംബ്രാഞ്ച് എസ്പി സാംക്രിസ്റ്റി ഡാനിയല്‍ , കൊല്ലം അസിസ്റ്റന്റ് കമീഷണര്‍മാരായ അജിത്കുമാര്‍ , ജേക്കബ്, നീണ്ടകര സിഐ ജയരാജ് എന്നിവര്‍ അന്വേഷണസംഘത്തിലുണ്ടാകും. എഡിജിപി വിന്‍സന്‍ എം പോളിനായിരിക്കും അന്വേഷണത്തിന്റെ മേല്‍നോട്ടച്ചുമതല. വെടിവയ്പ്പുകേസില്‍ തുടര്‍നടപടികളില്‍ സങ്കീര്‍ണ പ്രശ്നങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാലാണ് ഡിഐജിയുടെ നേതൃത്വത്തിലുള്ള സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചത്. കൊല്ലം സിറ്റി പൊലീസ് കമീഷണറാണ് ഇതുവരെ കേസന്വേഷിച്ചിരുന്നത്. ഇറ്റാലിയന്‍ കപ്പല്‍ കൊച്ചിയിലേക്ക് കൊണ്ടുവരുന്നതിലും പ്രതികളെ അറസ്റ്റ് ചെയ്യുന്നതിലും നിര്‍ണായകപങ്ക് വഹിച്ചത് സിറ്റി പൊലീസ് കമീഷണര്‍ അജിത്കുമാറായിരുന്നു.
കോണ്‍ഗ്രസ് നേതൃത്വം ഇറ്റലിക്കാരെ സഹായിക്കുന്നു: കോടിയേരി
കണ്ണൂര്‍ : രണ്ടു മത്സ്യത്തൊഴിലാളികള്‍ കടലില്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ ഇറ്റലിക്ക് അനുകൂലമായി ഇടപെട്ട് കോണ്‍ഗ്രസ് ദേശീയ നേതൃത്വം കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. എഐസിസി ഓഫീസ് കേന്ദ്രീകരിച്ചാണ് ഈ നീക്കം. സര്‍ക്കാരിലെ ചിലരും ഹൈക്കോടതിയിലെ ചില സര്‍ക്കാര്‍ അഭിഭാഷകരും ചേര്‍ന്ന് കപ്പല്‍ വിട്ടുകൊടുക്കാന്‍ ശ്രമിക്കുന്നു. ഇത്തരമൊരു സംഭവം ആദ്യത്തേതായിരുന്നിട്ടും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല. അഞ്ചുദിവസമായിട്ടും കപ്പല്‍ പിടിച്ചെടുത്തില്ല. അവര്‍ക്ക് കോടതിയെ സമീപിക്കാന്‍ സാവകാശമുണ്ടാക്കി. സര്‍ക്കാര്‍ ശക്തമായി ഇടപെട്ട് കപ്പല്‍ പിടിച്ചെടുക്കണം. കപ്പല്‍ വിട്ടുകൊടുത്താല്‍ മരിച്ച മത്സ്യത്തൊഴിലാളികളുടെ ആശ്രിതര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കില്ല. നിയമങ്ങള്‍ നമുക്ക് അനുകൂലമാണെങ്കിലും കോടതിയില്‍ സമര്‍പ്പിച്ച എഫ്ഐആറില്‍ ഇറ്റലിക്കാര്‍ക്ക് അനുകൂലമായ പഴുതുകളുണ്ട്. ശരിയായ നിലയില്‍ കേസ് നടത്തിയില്ലെങ്കില്‍ അട്ടിമറിക്കപ്പെടും. കോടതിയില്‍ ഗൗരവപൂര്‍ണമായ നിലപാട് സ്വീകരിക്കന്‍ മുഖ്യമന്ത്രി അഡ്വക്കറ്റ് ജനറലിന് നിര്‍ദേശം നല്‍കണമെന്ന്കോടിയേരി ആവശ്യപ്പെട്ടു.
deshabhimani 220212
മലയാളിയടക്കം രണ്ടു മത്സ്യത്തൊഴിലാളികളെ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ ഇറ്റാലിയന്‍ എണ്ണക്കപ്പലിലെ സൈനികര്‍ വെടിവച്ചുകൊന്ന സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തിരക്കിട്ട് നടപടി സ്വീകരിക്കരുതെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സംഭവം അറിഞ്ഞയുടനെ താന്‍ കേരളത്തിലെ കത്തോലിക്കാ മന്ത്രിമാരെ വിളിച്ചതായും തിരക്കിട്ട് നടപടിയെടുക്കരുതെന്ന് ആവശ്യപ്പെട്ടതായും കര്‍ദിനാള്‍ വ്യക്തമാക്കി.
ReplyDeleteരണ്ടു മല്‍സ്യത്തൊഴിലാളികളെ വെടിവെച്ച് കൊന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ക്കായി ഇറ്റാലിയന്‍ മന്ത്രി സ്റ്റഫാന്‍ ഡി മിസ്റ്റ്യൂറ ഇന്ത്യയിലെത്തി. ഇന്ത്യന്‍ വിദേശ സഹമന്ത്രി പ്രണീത് കൗറുമായി ചര്‍ച്ച നടത്തി. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വെളിവെടുത്തിയിട്ടില്ല. അന്താരാഷ്ട്ര കപ്പല്‍ച്ചാലിലാണ് വെടിവെപ്പുണ്ടായതെന്ന തങ്ങളുടെ വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ഇറ്റലി. സംഭവത്തില്‍ ഖേദമുണ്ടെന്നും മരിച്ചവരുടെ കുടുംബത്തെ സന്ദര്‍ശിക്കുമെന്നും മിസ്റ്റ്യൂറ പറഞ്ഞു. അറസ്റ്റിലായ സൈനികരെ മോചിപ്പിക്കുന്നതിനുള്ള നിയമനടപടികള്‍ തുടരും. അടുത്ത ബുധനാഴ്ച ഇറ്റാലിയന്‍ വിദേശമന്ത്രി ജ്യൂലിയോ ടെര്‍സി ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്. ഇന്ത്യന്‍ നിയമപ്രകാരം പ്രതികളെ വിചാരണക്കായി വിട്ടുനല്‍കാനാവില്ലെന്നാണ് ഇറ്റലിയുടെ നിലപാട്. സൈനികരെ മോചിപ്പിക്കണം. കടല്‍ക്കൊള്ളക്കാര്‍ക്ക് എതിരെയുള്ള പോരാട്ടത്തെ ഇന്ത്യയുടെ നിലപാട് ദുര്‍ബലപ്പെടുത്തുമെന്നാണ് ഇറ്റലി പറയുന്നത്്്.
ReplyDeleteകപ്പലില്‍ നിന്ന് വെടിയേറ്റു മരിച്ച മത്സ്യത്തൊഴിലാളി കളുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കര്‍ദിനാളായി ചുമതലയേറ്റശേഷം കൊച്ചിയിലെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. വിവാദങ്ങള്‍ തുടരാന്‍ താല്‍പ്പര്യമില്ല. തെറ്റായ വാര്‍ത്തയാണ് നേരത്തേ വന്നത്. ഇതേപ്പറ്റി തനിക്ക് പറയാനുള്ളത് റോമില്‍ വച്ചേ പറഞ്ഞു എന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.
ReplyDelete