Monday, March 11, 2013

എഴുത്തച്ഛന്റെ പ്രതിമയും ലീഗ് വിലക്കി


 ഒ വി വിജയന്റെ പ്രതിമയോട് അസഹിഷ്ണുത കാണിച്ച മുസ്ലിംലീഗുകാര്‍ മലയാളഭാഷാ പിതാവായ തുഞ്ചത്ത് എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കുന്നതും വിലക്കി. തുഞ്ചന്റെ മണ്ണായ തിരൂരില്‍ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കുന്നതാണ് ലീഗ് ഭരിച്ച നഗരസഭ എതിര്‍ത്തത്. ലീഗ് കനിയാത്തതിനാല്‍ പൂര്‍ത്തിയായ പ്രതിമ ശില്‍പ്പിയുടെ പറമ്പില്‍ അനാഥമായി കിടക്കുന്നു. 2003ല്‍ അന്നത്തെ നഗരസഭാ ഭരണസമിതിയാണ് സിറ്റി ജങ്ഷനില്‍ ശില്‍പ്പം സ്ഥാപിക്കാന്‍ അനുമതി നല്‍കിയത്. ശില്‍പ്പി രാജന്‍ അരിയല്ലൂര്‍ നിര്‍മാണവും തുടങ്ങി.

എന്നാല്‍ പണി അവസാനഘട്ടത്തിലെത്തിയതോടെ ശില്‍പ്പത്തിന്റെ കഷ്ടകാലവും തുടങ്ങി. നാല് പടികള്‍ നിര്‍മിച്ച് അതിനുനടുവില്‍ എഴുത്തച്ഛന്‍ എഴുത്താണികൊണ്ട് താളിയോലയില്‍ എഴുതുന്നതാണ് ശില്‍പ്പം. ഇത് ചില ലീഗ് നേതാക്കള്‍ക്കും നഗരസഭാ കൗണ്‍സില്‍ അംഗങ്ങള്‍ക്കും രസിച്ചില്ല. ക്ഷേത്രത്തിലെ ശ്രീകോവിലുകളോട് സാദൃശ്യം തോന്നുന്നുവെന്നും അനുവദിക്കാനാവില്ലെന്നും നഗരസഭ നിലപാടെടുത്തു. എഴുത്തച്ഛനെ കണ്ടവര്‍ ജീവിച്ചിരിപ്പില്ലാത്തതിനാല്‍ ശില്‍പ്പം എങ്ങനെ എഴുത്തച്ഛന്റേതെന്നുപറയുമെന്നാണ് അന്നത്തെ നഗരസഭാ ചെയര്‍പേഴ്സണായ ടി കുഞ്ഞീബി മുടന്തന്‍ ന്യായമായി പറഞ്ഞത്. നഗരസഭയുടെ എതിര്‍പ്പിനെ തുടര്‍ന്ന് സിറ്റി ജങ്ഷനില്‍ മഷിക്കുപ്പിയും തൂവലും ശില്‍പ്പമായി സ്ഥാപിച്ചു. 90,000 രൂപ ചെലവിട്ട് കോണ്‍ക്രീറ്റില്‍ തീര്‍ത്ത ശില്‍പ്പം അവസാന നിമിഷം വേണ്ടെന്ന് പറഞ്ഞപ്പോള്‍ വിഷമം തോന്നിയെന്ന് ശില്‍പ്പി രാജന്‍ അരിയല്ലൂര്‍ പറഞ്ഞു. "90 ശതമാനം പണിയും പൂര്‍ത്തിയായിരുന്നു. കോണ്‍ക്രീറ്റില്‍ നിര്‍മാണം ശ്രമകരമായിരുന്നു. പക്ഷേ, എല്ലാം വെറുതൊയി." പ്രതിമ ഇപ്പോള്‍ വിവാദങ്ങളൊന്നുമറിയാതെ ശില്‍പ്പിയുടെ പറമ്പില്‍ കിടക്കുകയാണ്.

deshabhimani 110313

No comments:

Post a Comment