Wednesday, November 20, 2013

തെളിയുന്നത് അദൃശ്യ ശക്തികളുടെ ഭരണസ്വാധീനം: എല്‍ഡിഎഫ്

പത്തനംതിട്ട: ആറന്മുള വിമാനത്താവളത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയത് അദൃശ്യ ശക്തികളുടെ ഭരണത്തിലെ സ്വാധീനവും സമ്മദര്‍ദവും മൂലമാണെന്ന് എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ അലക്സ് കണ്ണമല പ്രസ്താവനയില്‍ പറഞ്ഞു. സംസ്ഥാനത്തെ ഭൂരിപക്ഷം ജനപ്രതിനിധികളുടെ എതിര്‍പ്പും നിയമസഭയുടെ പരിസ്ഥിതി കമ്മിറ്റിയുടെ റിപ്പോര്‍ട്ടും തള്ളിക്കളഞ്ഞ് ധൃതിപിടിച്ച് തീരുമാനമെടുത്തത് സംശയത്തിനിടനല്‍കുന്നു. നാലായിരത്തോളം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് അഞ്ചോളം കുന്നുകള്‍ ഇടിച്ചുനിരത്തി ഒരു പ്രദേശത്തിന്റെ സംസ്കാരത്തെയും പൈതൃകത്തെയും തകര്‍ക്കുവാനുള്ള തീരുമാനത്തില്‍ നിന്ന് കേന്ദ്ര ഗവണ്‍മെന്റ് പിന്മാറണം. ജനവികാരം മനസ്സിലാക്കി പ്രവര്‍ത്തിക്കുവാന്‍ ജനപ്രതിനിധികളും ഗവണ്‍മെന്റും തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് എല്‍ഡിഎഫ് നേതൃത്വം കൊടുക്കുമെന്ന് കണ്‍വീനര്‍ അറിയിച്ചു.

വിമാനത്താവളം കേന്ദ്രാനുമതിക്കെതിരെ വന്‍ പ്രതിഷേധം

പത്തനംതിട്ട: ആറന്മുള വിമാനത്താവളത്തിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതിന് പിന്നില്‍ ഭരണ-പണ സ്വാധീനമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി അഡ്വ. കെ അനന്തഗോപന്‍ പറഞ്ഞു. ഈ നീക്കത്തിനെതിരായ പ്രക്ഷോഭം വരും ദിനങ്ങളില്‍ ശക്തിപ്പെടുമെന്നും അനന്തഗോപന്‍ പറഞ്ഞു. റിയല്‍ എസ്റ്റേറ്റ് ലോബിക്ക് വഴങ്ങിയ കേന്ദ്ര നടപടി ആറന്മുളയിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ആറന്മുള വിമാനത്താവള വിരുദ്ധ ഏകോപന സമിതി കണ്‍വീനര്‍ എ പത്മകുമാര്‍ പറഞ്ഞു. കേന്ദ്ര നടപടിക്കെതിരെ ഗ്രീന്‍ ട്രൈബ്യൂണലിനെയും സുപ്രീകോടതിയെയും സമീപിക്കുമെന്ന് ആറന്മുള പൈതൃക ഗ്രാമകര്‍മ സമിതി ഭാരവാഹികള്‍ പറഞ്ഞു. കേന്ദ്ര നിലപാടിന് പിന്നില്‍ അദൃശ്യശക്തികളുടെ ഭരണസ്വാധീനമാണെന്നും ജനവികാരം മനസ്സിലാക്കാന്‍ ജനപ്രതിനിധികളും ഗവണ്‍മെന്റും തയ്യാറാകണമെന്നും എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ അലക്സ് കണ്ണമല പറഞ്ഞു.

ഇത് ആറന്മുളക്കാരോടുള്ള വെല്ലുവിളി: ഏകോപന സമിതി

ആറന്മുള: കേന്ദ്ര നടപടി ആറന്മുളയിലെ ജനങ്ങളോടുള്ള വെല്ലുവിളിയും റിയല്‍ എസ്റ്റേറ്റ് മാഫിയ്ക്ക് മുന്നിലുള്ള കീഴടങ്ങലുമാണെന്ന് ആറന്മുള വിമാനത്താവള വിരുദ്ധ ഏകോപന സമിതി കണ്‍വീനര്‍ എ പത്മകുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു. ആറന്മുളയിലെ ജനങ്ങളൊന്നാകെ പദ്ധതിക്കെതിരെ നിരന്നിരിക്കുകയാണ്. നിയമസഭാ പരിസ്ഥിതി കമ്മിറ്റിയും നിയമസഭയിലെ 74 അംഗങ്ങളും ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടും പദ്ധതിയുമായി മുന്നോട്ടുപോവുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇതിന്റെ പിന്‍ബലത്തില്‍ നിരവധി നിയമലംഘനങ്ങളാണ് നടന്നിട്ടുള്ളത്. ഈ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്യാനോ, കുറ്റവാളികളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാനോ ശ്രമിക്കുന്നതിന് പകരം കുറ്റവാളികള്‍ നിയം കയ്യിലെടുക്കുകയും ജനങ്ങളെ നേരിടുകയും ചെയ്യുന്ന രീതിയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.

വിമാനത്താവളം ഉണ്ടായാല്‍ ഈ നാട്ടിലുണ്ടാകുന്ന ഭവിഷ്യത്തുകളെപ്പറ്റി നേരത്തെ തന്നെ പല റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. വിമാനത്താവളം യാഥാര്‍ഥ്യമാകണമെങ്കില്‍ നില്‍വയലുകളാകെ നികത്തേണ്ടിവരും. 72 ലക്ഷത്തിലധികം ലോഡ് മണ്ണ് ഇതിനാവശ്യമായിവരും എന്നാണ് ഏകദേശ കണക്ക്. മല്ലപ്പുഴശ്ശേരി, ആറന്മുള, കിടങ്ങന്നൂര്‍, മെഴുവേലി വില്ലേജുകളിലെ നെല്‍വയലുകള്‍ നികത്തുന്നതുകൊണ്ട് ഉണ്ടാകുന്ന ദുരന്തം മാത്രമല്ല ഇതിനാവശ്യമായ മണ്ണ് എടുക്കുന്ന മലകള്‍ ആകെ ഇല്ലാതാകും. ആറന്മുള ക്ഷേത്രത്തിന്റെ ഗോപുരം മാറ്റുന്നതിനെപ്പറ്റിയും കൊടിമരത്തിന്റെ നീളം കുറയ്ക്കുന്നതിനെപ്പറ്റിയുമുള്ള നിര്‍ദ്ദേശങ്ങള്‍ അടുത്തകാലത്താണ് പുറത്തുവന്നത്. സ്വകാര്യ മുതലാളിമാര്‍ക്കുവേണ്ടി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരു സംസ്കാരത്തെത്തന്നെ ഇല്ലാതാക്കുവാന്‍ ശ്രമിക്കുകയാണ്. വിമാനത്താവളത്തിലേക്ക് പ്രധാന കേന്ദ്രങ്ങളില്‍ നിന്ന് നാലുവരിപ്പാത നിര്‍മിക്കുന്നതിനുള്ള നിര്‍ദ്ദേശമുണ്ട്. ചെങ്ങന്നൂര്‍, തിരുവല്ല, പത്തനംതിട്ട, പന്തളം, കോഴഞ്ചേരി എന്നീ കേന്ദ്രങ്ങളില്‍ നിന്നാണ് പ്രധാന റോഡുകള്‍ ഉള്ളത്. ഏകദേശം നൂറ് കിലോമീറ്റര്‍ നീളം നാലുവരിപ്പാതയാക്കണമെങ്കില്‍ ഇപ്പോഴുള്ള റോഡിന്റെ ഇരുവശത്തും നിലവിലുള്ള വ്യാപാര സ്ഥാപനങ്ങളും വീടുകളും കുരിശടികളും കാണിക്ക വഞ്ചികളും ദേവാലയങ്ങളുമെല്ലാം പൊളിച്ചു മാറ്റേണ്ടിവരും. എല്ലാ നിയമങ്ങളെയും വെല്ലുവിളിക്കുന്ന, വന്‍ പാരിസ്ഥിതികാഘാതങ്ങള്‍ ഉണ്ടാക്കുന്നതുമായ പദ്ധതിയില്‍ ഉറച്ചുനില്‍ക്കുകയാണ് ഭരണാധികാരികളും ജനപ്രതിനിധികളും. അതുമൂലമുണ്ടാകുന്ന ഭവിക്ഷ്യത്തുകള്‍ക്ക് അവര്‍ മാത്രമായിരിക്കും ഉത്തരവാദികളെന്ന് പത്മകുമാര്‍ പറഞ്ഞു.

വീണ്ടും പ്രക്ഷോഭ വേദിയായി ആറന്മുള

ആറന്മുള: ആറന്മുള വിമാനത്താവളത്തിന് വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമാനുമതി ലഭിച്ച വിവരം പുറത്തുവന്നതോടെ ആറന്മുള വന്‍ പ്രതിഷേധത്തിന് വേദിയായി. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. വിമാനത്താവള വിരുദ്ധ സംയുക്ത സമിതി വൈകിട്ട് നാല് മുതല്‍ ഹര്‍ത്താലും ആചരിച്ചു. ഡിവൈഎഫ്ഐ വഴിതടയല്‍ സമരം സിപിഐ എം മല്ലപ്പുഴശ്ശേരി ലോക്കല്‍ സെക്രട്ടറി തോമസ് തര്യന്‍ ഉദ്ഘാടനം ചെയ്തു. സുബീഷ് കുമാര്‍ അധ്യക്ഷനായി. എസ് ഉദയകുമാര്‍, സജിത് പി ആനന്ദ്, ഷെറിന്‍ ദേവ്, റോയി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. ഐക്കര ജങ്ഷനിലായിരുന്നു ഉപരോധം. ഹര്‍ത്താലിനോടനുബനധിച്ച് നടന്ന പ്രകടനത്തിന് ശേഷം ചേര്‍ന്ന യോഗം കെ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ സെക്രട്ടറി പി പ്രസാദ്, ബിജെപി ജില്ലാ പ്രസിഡന്റ് ടി ആര്‍ അജിത്കുമാര്‍, വി ആര്‍ ഷാജി, ബി ഇന്ദുചൂഢന്‍, പ്രദീപ് അയ്രൂര്‍, എന്‍ ജി ഉണ്ണികൃഷ്ണന്‍, എന്‍ കെ നന്ദകുമാര്‍ എന്നിവര്‍ സംസാരിച്ചു. സിപിഐ എം പ്രവര്‍ത്തകര്‍ ആറന്മുളയില്‍ പ്രതിഷേധ പ്രകടനം നടത്തി. സ്ഥലം എംഎല്‍എ ശിവദാസന്‍ നായര്‍, എംപി ആന്റോ ആന്റണി, രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി ജെ കുര്യന്‍ എന്നിവരുടെ കോലവും കത്തിച്ചു. സുനില്‍ ജി നെടുമ്പറും, സുധീഷ്കുമാര്‍, വി കെ ഉദയകുമാര്‍, പി കെ സുരേഷ്, സജി എംപി എന്നിവര്‍ നേതൃത്വം നല്‍കി.

ഇത് വെല്ലുവിളി: ആര്‍എസ്പി

പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതിക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം നടന്നുകൊണ്ടിരിക്കുമ്പോള്‍ വിമാനത്താവള നിര്‍മാണത്തിന് അനുമതി കൊടുത്ത കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഇത് പ്രതിഷേധാര്‍ഹാമാണെന്നും ആര്‍എസ്പി ജില്ലാ സെക്രട്ടറിയറ്റ് അഭിപ്രായപ്പെട്ടു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ മറവില്‍ ജനങ്ങളെ കുടിയൊഴിപ്പിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ പരിസ്ഥിതി സംരക്ഷണത്തിന് ഏറെ ഹാനികരമായ വിമാനത്താവള നിര്‍മാണത്തിന് അനുമതികൊടുക്കുന്നത് ഇരട്ടത്താപ്പ് ആണെന്നും കമ്മിറ്റി കുറ്റപ്പെടുത്തി. സംസ്ഥാന കമ്മിറ്റിയംഗം തോമസ് ജോസഫ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ജോര്‍ജ് വര്‍ഗീസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

നിയമലംഘനവും അഴിമതിയും: പൈതൃക ഗ്രാമകര്‍മസമിതി

കോഴഞ്ചേരി: നഗ്നമായ നിയമലംഘനവും അഴിമതിയും നടത്തി ഏകപക്ഷീയമായാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ആറന്മുള വിമാനത്താവളത്തിന് പാരിസ്ഥിതിക അനുമതി നല്‍കിയതെന്ന് പൈതൃക ഗ്രാമകര്‍മസമിതി ആരോപിച്ചു. നെല്‍വയലുകള്‍ നികത്തിയും ജലസ്രോതസുകള്‍ ഇല്ലാതാക്കിയും ആയിരങ്ങളെ കുടിയൊഴിപ്പിച്ചും ആറന്മുളയില്‍ വിമാനത്താവളം നിര്‍മിക്കാന്‍ ഏത് അനുമതിയുമായി വന്നാലും അനുവദിക്കില്ലെന്നും സമിതി അറിയിച്ചു.

നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടേത് ഉള്‍പ്പെടെ നിരവധി പഠനങ്ങള്‍ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിയ്ക്കുമെന്ന് തെളിയിച്ച പദ്ധതിക്ക് ഏത് അടിസ്ഥാനത്തിലാണ് അനുമതി നല്‍കിയതെന്ന് മന്ത്രാലയം വ്യക്തമാക്കണം. ആറന്മുളയിലെ പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് 74 എംഎല്‍എമാര്‍ ഒപ്പിട്ട നിവേദനവും മന്ത്രാലയത്തിന്റെ മുന്നില്‍ സമര്‍പ്പിച്ചിരുന്നു. തദ്ദേശവാസികളുടെ ശക്തമായ എതിര്‍പ്പിനെയും സമരങ്ങളെയും തള്ളിക്കളഞ്ഞ് സ്വകാര്യ കമ്പനിയുടെ താളത്തിനു തുള്ളുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ പ്രവര്‍ത്തനം കേന്ദ്ര സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്നും കര്‍മസമിതി ആവശ്യപ്പെട്ടു. കമ്പനി നടത്തിയ ഭൂനിയമങ്ങളുടെ ലംഘനങ്ങളെക്കുറിച്ചും വ്യവസായ മേഖലാ പ്രഖ്യാപനത്തിലെ പാളിച്ചകളെക്കുറിച്ചും പദ്ധതി പ്രദേശം മിച്ചഭൂമിയായി പ്രഖ്യാപിച്ചതിനെക്കുറിച്ചും ഹൈക്കോടതിയില്‍ കേസുകള്‍ നിലനില്‍ക്കെയാണ് പരിസ്ഥിതി മന്ത്രാലയം തിരക്കിട്ട് തീരുമാനമെടുത്തത്. കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം നല്‍കിയ അനുമതിയുടെ വിശദാംശങ്ങള്‍ ലഭിയ്ക്കുന്ന മുറയ്ക്ക് നിയമനടപടികള്‍ ശക്തമാക്കാനും ജനങ്ങളെ അണിനിരത്തി നിര്‍മാണം തടയാനും തീരുമാനിച്ചതായി കര്‍മസമിതി അറിയിച്ചു.

deshabhimani

No comments:

Post a Comment