Wednesday, November 20, 2013

ആദിവാസി ഊരുകളിലേക്കും കുടുംബശ്രീ

കണ്ണൂര്‍: ആദിവാസി ഊരുകളിലെ പട്ടിണിയകറ്റാന്‍ കുടുംബശ്രീയുടെ കൈത്താങ്ങ്. പട്ടികവര്‍ഗ വകുപ്പിന്റെ നേതൃത്വത്തിലാണ് സംസ്ഥാന കുടുംബശ്രീ മിഷന്‍ പുതിയ പദ്ധതികളുമായി രംഗത്തെത്തുന്നത്. ആദിവാസി ഊരുകളിലെ സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമിട്ടാണ് വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കിയത്. കുട്ടികളുടെ വിദ്യാഭ്യാസം, സ്ത്രീകള്‍ക്ക് സ്ഥിര വരുമാനമുണ്ടാകുന്ന തൊഴില്‍ സമ്പ്രദായങ്ങള്‍ തുടങ്ങിയവയ്ക്കാണ് ഊന്നല്‍. കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് ആദ്യഘട്ടം പ്രവര്‍ത്തനം. ഓരോ ജില്ലയിലെയും ആദിവാസി മേഖലകളില്‍നിന്ന് എസ്എസ്എല്‍സി യോഗ്യതയുള്ള സ്ത്രീകളെ സന്നദ്ധ സേവകരായി തെരഞ്ഞെടുത്തിട്ടുണ്ട്. ഇവരുടെ നേതൃത്വത്തില്‍ സര്‍വേ നടത്തി ആദിവാസി കുടുംബങ്ങളുടെ വിവരം ശേഖരിക്കും. കുടുംബശ്രീ ജില്ലാ മിഷന്‍ നേരിട്ടാണ് പദ്ധതി നടപ്പാക്കുക. ആരോഗ്യവകുപ്പ് ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തില്‍ ഊരുകളില്‍ ആരോഗ്യപ്രശ്നങ്ങളുള്ളതായി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കുടുംബശ്രീ പ്രവര്‍ത്തനം പട്ടികവര്‍ഗ മേഖലയിലേക്ക് വ്യാപിപ്പിക്കാന്‍ നിര്‍ദേശമുയര്‍ന്നത്.

സംസ്ഥാനത്തെ പട്ടികവര്‍ഗ വനിതകളില്‍ 20301 പേര്‍ വിധവകളും 887 പേര്‍ അവിവാഹിത അമ്മമാരുമാണെന്ന് നേരത്തെ "കില" നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന സ്ത്രീകള്‍ കുടുംബനാഥകളായ 18623 പട്ടികവര്‍ഗ കുടുംബങ്ങളും സംസ്ഥാനത്തുണ്ട്. പട്ടികവര്‍ഗക്കാരില്‍ 15-59 വയസ്സിനിടയില്‍ പ്രായമുള്ളവരില്‍ 77680പേര്‍ തൊഴിലില്ലാത്തവരാണെന്നതും ആദിവാസി മേഖലയിലെ പ്രശ്നങ്ങളുടെ ഗൗരവം വര്‍ധിപ്പിക്കുന്നു. ആദിവാസി ഗ്രാമങ്ങളിലെ അയല്‍ക്കൂട്ടങ്ങള്‍ പുനരുദ്ധരിക്കാനും പുതിയവ ഉണ്ടാക്കാനും നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി ആദിവാസി അയല്‍ക്കൂട്ടങ്ങള്‍ക്ക് 10,000 രൂപ കോര്‍പറേറ്റ് ഫണ്ട് നല്‍കും. സ്ഥിര വരുമാനമുണ്ടാകുന്ന തൊഴില്‍ സംരംഭങ്ങള്‍ രൂപീകരിക്കാനാണിത്. സംരംഭങ്ങള്‍ക്ക് പണം നല്‍കുന്ന കുടുംബശ്രീയുടെ മേല്‍നോട്ടത്തിലാകും ഇവയുടെ വിനിയോഗവും നടത്തുക.എല്ലാ മേഖലകളിലും കുടുംബശ്രീ പ്രവര്‍ത്തനം വിജയിച്ച സാഹചര്യത്തിലാണ് പട്ടികവര്‍ഗ മേഖലകളിലും കുടുംബശ്രീയുടെ സജീവ സാന്നിധ്യമുണ്ടാക്കാന്‍ തീരുമാനിച്ചത്. സംസ്ഥാനത്ത് 100912 കുടുംബങ്ങളിലായി 401401 പട്ടികവര്‍ഗക്കാരുണ്ടെന്നാണ് കണക്ക്.
(സതീഷ്ഗോപി)

deshabhimani

No comments:

Post a Comment