Saturday, November 9, 2013

മൂലമറ്റം: ഉല്‍പ്പാദനം നിരന്തരം; അറ്റകുറ്റപ്പണിക്ക് അവധിയും നിരന്തരം

ഇടുക്കി: നവീകരണ കാലാവധി കഴിഞ്ഞിട്ടും അറ്റകുറ്റപ്പണി പോലും നടത്താതെ വൈദ്യുതി ഉല്‍പ്പാദനം തുടരുന്നതിനാല്‍ മൂലമറ്റം പവര്‍ഹൗസില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. പവര്‍ഹൗസുമായി ബന്ധപ്പെട്ട് ഒന്‍പത് വലിയ അപകടങ്ങള്‍ ഉണ്ടായിട്ടും സൂക്ഷ്മ പരിശോധന നടന്നില്ല. കുഴപ്പങ്ങള്‍ മൂടിവയ്ക്കുകയാണെന്നും ആക്ഷേപമുണ്ട്. ഇത് തുടരെയുണ്ടാകുന്ന പൊട്ടിത്തെറികള്‍ക്ക് കാരണമാകുന്നതായി ഉന്നതഉദ്യോഗസ്ഥന്‍ തന്നെ വ്യക്തമാക്കി.

ഇത്തവണ ജലസംഭരണി നിറഞ്ഞ സാഹചര്യത്തില്‍ സുരക്ഷയൊന്നും പരിഗണിക്കാതെ പരമാവധി ലാഭം ലക്ഷ്യമിട്ട് നിരന്തര ഉല്‍പ്പാദനത്തിനാണ് ബോര്‍ഡ് തീരുമാനിച്ചത്. 1976 ഫെബ്രുവരി16ന് കമീഷന്‍ ചെയ്ത ഒന്നാംഘട്ടപദ്ധതിലെ മൂന്ന് ജനറേറ്ററുകളുടെ സുഗമമായ പ്രവര്‍ത്തനകാലാവധി 25 വര്‍ഷമാണ്. ഇക്കാര്യം കനേഡിയന്‍ വിദഗ്ധര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 38 വര്‍ഷം പിന്നിട്ട ഒന്നാം ഘട്ടത്തിലെ ജനറേറ്ററും 27 വര്‍ഷം പഴക്കമുള്ള രണ്ടാംഘട്ട ജനറേറ്ററുകള്‍ക്കും ചെറിയ തോതിലുള്ള അറ്റകുറ്റപണികള്‍ മാത്രമാണ് നടന്നത്. നവീകരണം സംബന്ധിച്ച് ജീവനക്കാരുടെ സംഘടനകളും സങ്കേതിക വിദഗ്ധരും സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടും അവഗണിച്ചു.ബംഗളൂരു ആസ്ഥാനമായ സര്‍ക്കാര്‍ സ്ഥാപനം സെന്‍ട്രല്‍ പവര്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നവീകരണ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സ്വിച്ച്യാര്‍ഡും ജനറേറ്ററുമായി ബന്ധപ്പെട്ട അപകടങ്ങളാണ് പതിവായിട്ടുള്ളത്. പരസ്പരം ബന്ധിപ്പിച്ചിട്ടുള്ള ഉപകരണങ്ങളായതിനാല്‍ ഒന്നിന് തകരാറുണ്ടായല്‍ പവര്‍ഹൗസിനെയാകെ ബാധിക്കും. സ്വിച്ച്യാര്‍ഡ്, ട്രാന്‍സ്ഫോര്‍മര്‍, കണ്‍ട്രോള്‍പാനല്‍, ഇന്‍സുലേറ്റര്‍, സര്‍ക്ക്യുട്ട് ബ്രേക്കര്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട അപകടങ്ങളാണ് മൂലമറ്റത്ത് ആവര്‍ത്തിക്കുന്നത്. ഇത് ഗൗരവമായി കാണെണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

അഞ്ചാം ജനറേറ്ററിലെ കണ്‍ട്രോള്‍ പാനല്‍ പൊട്ടിത്തെറിച്ച് രണ്ട് ജീവനക്കാര്‍ മരിച്ച 2011 ജൂണ്‍ 20ലെ അപകടം സംബന്ധിച്ച് അന്വേഷണം രണ്ടരവര്‍ഷം പിന്നിട്ടിട്ടും നടന്നില്ല. പവര്‍ഹൗസിലെ സങ്കേതിക സുരക്ഷാ ക്രമീകരണങ്ങള്‍ പരിചയമുള്ളവരെയല്ല അന്വേഷണത്തിന് നിയോഗിച്ചതെന്ന ആക്ഷേപമുണ്ട്. സുരക്ഷാചട്ടങ്ങളും നടപടിക്രമങ്ങളും പാലിക്കപ്പെടുന്നില്ലെന്നുള്ള അരോപണവും ശക്തം. സംസ്ഥാനത്ത് വേണ്ട 3000ലേറെ മെഗാവാട്ട് വൈദ്യുതിയില്‍ 780 മെഗാവാട്ട് മൂലമറ്റത്തെ സംഭാവനയാണ്. മല തുരന്നുണ്ടാക്കിയ ഭൂഗര്‍ഭ അറയില്‍ സ്ഥിതിചെയ്യുന്ന മൂലമറ്റം പവര്‍ഹൗസ് രാജ്യത്തെ ഏറ്റവും വലിയ വൈദ്യുത ഉല്‍പ്പാദനനിലയമാണ്. ഒരു കിലോമീറ്റര്‍ തുരങ്കത്തിലൂടെ കടന്ന് വേണം വിവിധ നിലകളിലെ ഉല്‍പ്പാദന നിലയത്തിലെത്താന്‍. മൂന്നാംനിലയിലാണ് 130 മെഗാവാട്ടിന്റെ ആറ് ജനറേറ്ററുകള്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത്. 18 വലിയ 220 കെവി ട്രാന്‍സ്ഫോര്‍മറും ഉണ്ട്. ഈ ഭാഗത്ത് വലിയ അത്യാഹിതം ഉണ്ടായാല്‍ പ്രത്യാഘാതം വിവരണാതീതമാണെന്ന് എന്‍ജിനിയര്‍മാര്‍ പറയുന്നു. പവര്‍ഹൗസില്‍ നാല് ഷിഫ്റ്റുകളിലായി 235 ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നു.

deshabhimani

No comments:

Post a Comment