Saturday, November 9, 2013

വകുപ്പ് മന്ത്രിയുടെ വാദം മറികടന്ന് തീരുമാനം അസാധാരണം

സുപ്രധാന വിഷയങ്ങളില്‍ വകുപ്പ് മന്ത്രിയുടെ അഭിപ്രായം മറികടന്ന് മന്ത്രിസഭായോഗം തീരുമാനമെടുക്കുന്നത് സംസ്ഥാന ചരിത്രത്തില്‍ അപൂര്‍വം. പാമൊലിന്‍ കേസ് പിന്‍വലിക്കുന്നതിനെതിരെ കേസ് നടത്തിപ്പിന്റെ ചുമതലയുള്ള വിജിലന്‍സ് വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ശക്തമായ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിട്ടും മന്ത്രിസഭ മറിച്ച് തീരുമാനമെടുത്തതാണ് വിവാദമാവുന്നത്. മന്ത്രിസഭയുടെ തീരുമാനത്തിന്റെ പകര്‍പ്പുമായി കേസിലെ പ്രതിയായ പി ജെ തോമസ് സുപ്രീംകോടതിയെ സമീപിപ്പിച്ചതും ഗൂഢാലോചനയുടെ ഭാഗമാണ്.

പി ജെ തോമസിനെ കേന്ദ്ര വിജിലന്‍സ് കമീഷണറായി നിയമിച്ചതിനെ സുപ്രീംകോടതി നേരത്തെ രൂക്ഷമായി വിമര്‍ശിച്ചത് പാമൊലിന്‍ കേസില്‍ പ്രതിയായതിനാലാണ്. കേസിലെ മറ്റൊരു പ്രതി മുന്‍ മുഖ്യമന്ത്രി അന്തരിച്ച കെ കരുണാകരന്‍ നല്‍കിയ ഹര്‍ജിയിലും കേസ് തുടരണമെന്നായിരുന്നു നിലപാട്. 2005ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചതിനെതിരെയും സുപ്രീംകോടതി വിമര്‍ശിച്ചു. രാജ്യത്തെ പരമോന്നത നീതിപീഠം വിചാരണ നടത്തണമെന്ന് നിര്‍ദേശിച്ച കേസാണ് വകുപ്പ് മന്ത്രിയുടെ അഭിപ്രായം മറികടന്ന് പിന്‍വലിക്കാനുള്ള തീരുമാനം. പ്രതികളായ ഉദ്യോഗസ്ഥരെ കേസില്‍ നിന്ന് ഒഴിവാക്കാനായിരുന്നു ആദ്യം തീരുമാനം. ദീര്‍ഘകാലം കേസില്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം നഷ്ടപ്പെടുന്നുവെന്നാണ് ഇതിന് കാരണം പറഞ്ഞത്. കേസിലെ പ്രതി ജിജി തോംസണിന്റെ അപേക്ഷയുടെ പേരിലായിരുന്നു നീക്കം. ഉദ്യോഗസ്ഥരുടെ പേരിലുള്ള കേസ് പിന്‍വലിക്കാനുള്ള തീരുമാനത്തിന്റെ മറവില്‍ കേസ് മുഴുവനായി പിന്‍വലിക്കാന്‍ തീരുമാനിക്കുകയായിരുന്നു. "പാമൊലിന്‍ ഇടപാടില്‍ തെറ്റായി എന്തെങ്കിലും നടന്നുവെന്ന് കരുതുന്നില്ലെന്ന്" ആണ് ഇതിന് ന്യായീകരണമായി ഉമ്മന്‍ചാണ്ടി പറഞ്ഞത്. മുഖ്യമന്ത്രി ഏകപക്ഷീയമായി കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചതാണെന്ന് ഇതില്‍നിന്ന് വ്യക്തം.

സുപ്രീംകോടതിയിലും ഹൈക്കോടതിയിലുമുള്ള കേസില്‍ തീരുമാനമായശേഷം വിജിലന്‍സ് കോടതിയിലുള്ള കേസ് പിന്‍വലിച്ചാല്‍ മതിയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞതും കോടതിയുടെ വിമര്‍ശം കേള്‍ക്കേണ്ടെന്ന് കണക്കാക്കിയാണ്. എന്നാല്‍, കേസിന്റെ വിചാരണയുടെ ഘട്ടത്തില്‍ താന്‍ പ്രതിയാകുമോയെന്നാണ് ഉമ്മന്‍ചാണ്ടി ഭയക്കുന്നത്. ഉമ്മന്‍ചാണ്ടിക്കെതിരായ തെളിവുകള്‍ ശക്തമാണ്. ധനവകുപ്പ് സെക്രട്ടറിയുടെ തടസ്സവാദം തള്ളിയാണ് അന്ന് ധനമന്ത്രിയായ ഉമ്മന്‍ചാണ്ടി തുക അനുവദിച്ചതെന്നത് സംശയാതീതമായി വെളിപ്പെടുന്നതാണ്. പാമൊലിന്‍ കേസില്‍ വിജിലന്‍സ് കോടതിയില്‍ തനിക്കെതിരെ പരാമര്‍ശം വന്നപ്പോഴായിരുന്നു ഉമ്മന്‍ചാണ്ടി വിജിലന്‍സ് വകുപ്പ് വിശ്വസ്തനായ തിരുവഞ്ചൂരിന് കൈമാറിയത്. ആദ്യം ഉമ്മന്‍ചാണ്ടിക്ക് ഒപ്പമായ മന്ത്രി സോളാര്‍ തട്ടിപ്പ് കേസോടെ അകന്നു. ഈ അകല്‍ച്ചയും ഇപ്പോഴത്തെ വിയോജനക്കുറിപ്പിന് കാരണമായെന്നാണ് കരുതുന്നത്.

deshabhimani

No comments:

Post a Comment