Friday, November 22, 2013

പറഞ്ഞ നുണകളെല്ലാം വിഴുങ്ങി ഉമ്മന്‍ചാണ്ടി

ഭൂമി രജിസ്ട്രേഷന്‍ നിര്‍ത്തുന്നു

പാലക്കാട്: കസ്തൂരിരംഗന്‍ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ പാലക്കാട് ജില്ലയിലെ മലയോരമേഖലയില്‍ ഭൂമി രജിസ്ട്രേഷന്‍ നിര്‍ത്താന്‍ രഹസ്യനിര്‍ദേശം. പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിച്ച സംസ്ഥാനത്തെ 123 വില്ലേജുകളില്‍ ഉള്‍പ്പെട്ട അട്ടപ്പാടിയിലെ അഗളി, ഷോളയൂര്‍, പുതൂര്‍, പാലക്കാട് താലൂക്കിലെ മലമ്പുഴ-1 വില്ലേജുകളിലാണ് ഭൂമി രജിസ്ട്രേഷന്‍ ഉള്‍പ്പെടെയുള്ള നടപടി നിര്‍ത്താന്‍ നിര്‍ദേശം. അഗളി വില്ലേജില്‍ രജിസ്ട്രേഷന്‍ വ്യാഴാഴ്ച നിര്‍ത്തിവച്ചു. പാലക്കാട് ജില്ലാ രജിസ്ട്രാര്‍ ഓഫീസില്‍നിന്ന് സബ്രജിസ്ട്രാര്‍ ഓഫീസര്‍മാര്‍ക്ക് ഫോണില്‍ നല്‍കിയ നിര്‍ദേശത്തിലാണ് നടപടിയെന്നാണ് അറിയുന്നത്.

അതിനിടെ, മലമ്പുഴ വില്ലേജില്‍ ഭൂമിയുടെ ഉടമസ്ഥാവകാശം നല്‍കാന്‍ വനം- റവന്യൂ വകുപ്പുകള്‍ നടത്താനിരുന്ന സംയുക്തപരിശോധനയും റദ്ദാക്കി. മലമ്പുഴ, കവ, ആനക്കല്ല് പ്രദേശത്ത് കര്‍ഷകരുടെ ഭൂമിസംബന്ധിച്ച് വനം- റവന്യൂ വകുപ്പുകള്‍ സംയുക്തപരിശോധന നടത്തണമെന്ന കലക്ടറുടെ ഉത്തരവാണ് പരിസ്ഥിതിലോലപ്രദേശം എന്നനിലയില്‍ വനംവകുപ്പ് പരിശോധനമാത്രമാക്കി ചുരുക്കിയത്. കസ്തൂരിരംഗന്‍ ശുപാര്‍ശകളില്‍ ഉള്‍പ്പെടുന്ന പ്രദേശമായതിനാല്‍ റവന്യൂവകുപ്പിന് പരിശോധിക്കാന്‍ അധികാരമില്ലെന്ന് തഹസില്‍ദാര്‍ പറഞ്ഞു.

1977നുമുമ്പ് പട്ടയം ലഭിച്ച ഭൂമിയില്‍ ഉടമസ്ഥാവകാശത്തിനാണ് കര്‍ഷകര്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയില്‍ പരാതി നല്‍കിയത്. തുടര്‍ന്നാണ് സംയുക്തപരിശോധനയ്ക്ക് ഉത്തരവായത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പ്രാബല്യത്തിലായതിനാല്‍ ഒന്നും ചെയ്യാനാകില്ലെന്നു പറഞ്ഞ്് റവന്യൂവകുപ്പ് കൈമലര്‍ത്തി. പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ കര്‍ഷകരക്ഷാസമിതിയുടെ നേതൃത്വത്തില്‍ മലയോരകര്‍ഷകരുടെ വിപുലമായ യോഗം ശനിയാഴ്ച മണ്ണാര്‍ക്കാട് പാലക്കയത്ത് ചേരും.
(വേണു കെ ആലത്തൂര്‍)

പറഞ്ഞ നുണകളെല്ലാം വിഴുങ്ങി ഉമ്മന്‍ചാണ്ടി

തിരു: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ഒന്നും ഭയക്കാനില്ലെന്നും ജനങ്ങളുടെ ആശങ്ക അസ്ഥാനത്താണെന്നും ആവര്‍ത്തിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജനരോഷം ശക്തമായപ്പോള്‍ പറഞ്ഞ നുണകളെല്ലാം വിഴുങ്ങി. 123 വില്ലേജുകളെ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളായി (ഇഎഫ്എല്‍) നിര്‍ണയിച്ചതില്‍ അപാകമുണ്ടെന്നാണ് ഇപ്പോള്‍ ഉമ്മന്‍ചാണ്ടി പറയുന്നത്. പരിസ്ഥിതി ലോല പ്രദേശങ്ങളെ (ഇഎസ്ഐ) പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളായി നോട്ടിഫൈ ചെയ്തെന്നാണ് ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ കുറ്റസമ്മതം.

പ്രതിപക്ഷവും സമരം നടത്തുന്ന മറ്റ് വിഭാഗങ്ങളും ഉന്നയിക്കുന്ന പ്രധാന പരാതിയാണ് ജനവാസപ്രദേശങ്ങള്‍ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളായി നോട്ടിഫൈ ചെയ്തുവെന്നത്. ഇതിനെതിരെ നടക്കുന്ന സമരങ്ങളെയാണ് രാഷ്ട്രീയപ്രേരിതമെന്നും കാര്യങ്ങള്‍ മനസ്സിലാക്കാതെയുള്ളതെന്നും ഉമ്മന്‍ചാണ്ടി ആക്ഷേപിച്ചത്. കേന്ദ്രനിലപാടിനെ ആവര്‍ത്തിച്ച് ന്യായീകരിക്കുകയും ചെയ്തു. ഇപ്പോള്‍ കുറ്റസമ്മതം നടത്തുന്ന ഉമ്മന്‍ചാണ്ടി, കേന്ദ്രത്തില്‍ ശക്തമായി സമ്മര്‍ദം ചെലുത്തിയിരുന്നെങ്കില്‍ പരിസ്ഥിതി ലോല പ്രദേശങ്ങളെ ഒരിക്കലും പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളായി മാറ്റില്ലായിരുന്നു. നിയമസഭ ഏകകണ്ഠമായി പാസാക്കിയ പ്രമേയത്തിലും നോട്ടിഫിക്കേഷന്‍ കാര്യത്തില്‍ ഉല്‍ക്കണ്ഠ രേഖപ്പെടുത്തിയിരുന്നു. എന്നിട്ടും കേന്ദ്ര സര്‍ക്കാര്‍ ഏകപക്ഷീയമായി വിജ്ഞാപനമിറക്കി. ഇഎഫ്എല്‍ നിയമത്തില്‍ പെട്ടാല്‍ ഭൂമി പൂര്‍ണമായും വനംവകുപ്പിന്റെ പരിധിയിലാകും. പിന്നെ ഏത് പ്രവര്‍ത്തനവും അവിടെ അസാധ്യമാകും. എന്നാല്‍, പരിസ്ഥിതി ലോല പ്രദേശമായാല്‍ അത് വനഭൂമിയല്ല. പട്ടയഭൂമിയോ പട്ടയം കിട്ടാന്‍ അര്‍ഹതയുള്ള ഭൂമിയോ ആണ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനപ്രകാരം ഈ 123 വില്ലേജുകളും ഇനി വനഭൂമി പരിധിയിലാണ്. ഇതിനെയാണ് പ്രതിപക്ഷവും കര്‍ഷകരും എതിര്‍ക്കുന്നതും സമരം ചെയ്യുന്നതും. 123 വില്ലേജുകളെ നിര്‍ണയിച്ചതില്‍ വന്ന അപാകങ്ങള്‍ കേന്ദ്രസര്‍ക്കാരിലെ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുന്നതില്‍ വിജയിച്ചെന്നും കേരളത്തിന്റെ ആശങ്ക പൂര്‍ണമായും പരിഹരിക്കാന്‍ കഴിയുമെന്ന് ഉറപ്പുണ്ടെന്നുമാണ് ഉമ്മന്‍ചാണ്ടി ഇപ്പോള്‍ പറയുന്നത്.

ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിലെ ആശങ്കകള്‍ പ്രതിപക്ഷവും കര്‍ഷകരും ഉന്നയിച്ചപ്പോഴെല്ലാം ഉമ്മന്‍ചാണ്ടി പറഞ്ഞത് എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നാണ്. അന്ന് ഉമ്മന്‍ചാണ്ടിയുടെ വാക്കുകള്‍ കേട്ടതുകൊണ്ടാണ് ജനങ്ങള്‍ പ്രക്ഷോഭത്തില്‍നിന്ന് പിന്മാറിയതും ഇന്നത്തെ ഗുരുതരമായ സ്ഥിതി വന്നതും. ഉമ്മന്‍ചാണ്ടിയുടെ വാക്കുകള്‍ അതേപടി ഇനിയും വിശ്വസിച്ചാല്‍ ഈ 123 വില്ലേജുകള്‍ "വനങ്ങള്‍" ആകുമെന്ന് മാത്രമല്ല, അടുത്ത ഘട്ടത്തില്‍ വരുന്ന വിജ്ഞാപനങ്ങള്‍ കൂടുതല്‍ പ്രദേശങ്ങളിലും ഇടിത്തീയാകും. റിപ്പോര്‍ട്ടിനെ കുറിച്ച് ആരുമായും ചര്‍ച്ച നടത്തുമെന്ന് പറയുന്ന ഉമ്മന്‍ചാണ്ടി അപ്പോഴും സമരം ചെയ്യുന്നവരെ അവഹേളിക്കുകയാണ്. യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കുന്നവരുമായും പ്രായോഗികസമീപനം സ്വീകരിക്കുന്നവരുമായും ചര്‍ച്ച നടത്തുമെന്നാണ് ഉമ്മന്‍ചാണ്ടി ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. സമരം ചെയ്യുന്നവര്‍ യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കാത്തവരും പ്രായോഗികസമീപനം സ്വീകരിക്കാത്തവരുമാണെന്ന കുറ്റപ്പെടുത്തലുകളും ഈ വാക്കുകളിലുണ്ട്.

deshabhimani

No comments:

Post a Comment