Friday, November 1, 2013

കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ്: ചരിത്രം രചിച്ച് വിദ്യാര്‍ഥിസമരം

കാട്ടാക്കടയില്‍ വിദ്യാര്‍ഥിസമരം ചരിത്രമായി. സാമ്രാജ്യത്വത്തിനെതിരെ ജീവിതാന്ത്യംവരെ പോരാടിയ അനശ്വര രക്തസാക്ഷി ചെ ഗുവേരയുടെ ചിത്രം കോളേജ് ഗ്രൗണ്ടില്‍ വരച്ചതിന്റെ പേരിലാണ് എട്ട് വിദ്യാര്‍ഥികളെ കാട്ടാക്കട ക്രിസ്ത്യന്‍ കോളേജില്‍നിന്ന് പുറത്താക്കാന്‍ കോളേജ് മാനേജ്മെന്റ് തീരുമാനിച്ചത്. അതിനെതിരെ വിദ്യാര്‍ഥികള്‍ 110 ദിവസം നടത്തിയ സമരവും അതിന്റെ വിജയവും ഇതോടെ ചരിത്രമാകുകയാണ്. ചെ ഗുവേരയുടെ ചിത്രം കേവലം ഒരു രാഷ്ട്രീയനേതാവിന്റെ ചിത്രമാണെന്ന് വ്യാഖ്യാനിച്ച കോളേജ് മേധാവിയുടെ അറിവില്ലായ്മയും ഈ സമരത്തിലൂടെ തുറന്നുകാട്ടപ്പെട്ടു.
കേരളത്തിന്റെ വിദ്യാഭ്യാസചരിത്രത്തില്‍ ആദ്യമായാണ് വിദ്യാര്‍ഥികളെ ഏതെങ്കിലും കുറ്റം ആരോപിച്ച് 70 ദിവസം തുടര്‍ച്ചയായി സസ്പെന്‍ഷനില്‍ നിര്‍ത്തുന്നതും തുടര്‍ന്ന് പുറത്താക്കുന്നതും. കോളേജിലെ വിദ്യാര്‍ഥിനികളടക്കമുള്ള എല്ലാ കുട്ടികളെയും സംഘടിപ്പിച്ച് ദിവസങ്ങളോളം നടത്തിയ കോളേജിനുള്ളിലെ സത്യഗ്രഹസമരം വിദ്യാര്‍ഥിസമരചരിത്രത്തില്‍ പുതിയൊരു അധ്യായം എഴുതിച്ചേര്‍ക്കുകയായിരുന്നു. കോളേജിനുള്ളില്‍ വിദ്യാര്‍ഥികള്‍ സ്നേഹച്ചങ്ങല തീര്‍ത്തും കോളേജിനുപുറത്ത് ഒരാഴ്ചക്കാലം സത്യഗ്രഹസമരം നടത്തിയും വിവിധ സമരരൂപങ്ങള്‍ പിന്നിട്ടാണ് അനിശ്ചിതകാല നിരാഹാരസമരത്തിലേക്ക് കടന്നത്. എസ്എഫ്ഐ കാട്ടാക്കട ഏരിയ സെക്രട്ടറി എം എസ് കിച്ചു, ഒമ്പതു ദിവസവും യൂണിറ്റ് പ്രസിഡന്റ് ഷൈന്‍ദാസ് ആറു ദിവസവും നിരാഹാരം അനുഷ്ഠിച്ചു. നിരാഹാരസമരത്തിന് സമൂഹത്തിന്റെ വിവിധ മേഖലകളില്‍നിന്നുള്ള വലിയ പിന്തുണയാണ് ഉണ്ടായത്. പൂര്‍വവിദ്യാര്‍ഥികളും പൂര്‍വാധ്യാപകരും രക്ഷാകര്‍ത്താക്കളും കല- സാംസ്കാരിക പ്രവര്‍ത്തകരും തൊഴിലാളിസംഘടനകളും മറ്റു ബഹുജനസംഘടനാ പ്രവര്‍ത്തകരും ഉള്‍പ്പെടെ സമരത്തിന് പിന്തുണയുമായി സമരപ്പന്തലില്‍ എത്തിച്ചേര്‍ന്നു. സമരത്തിന് കിട്ടുന്ന ഈ വലിയ ജനകീയാംഗീകാരം കണ്ട് ഭയന്ന കോളേജ് അധികൃതര്‍ കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ട് സമരം പരാജയപ്പെടുത്താനും ശ്രമിച്ചു.

എന്നാല്‍, കത്തുന്ന വെയിലിനെയും കോരിച്ചൊരിയുന്ന മഴയെയും നിഷ്പ്രഭമാക്കി നിശ്ചയദാര്‍ഢ്യത്തോടെയുള്ള സമരം വിദ്യാര്‍ഥിസമൂഹത്തോടൊപ്പം സമൂഹവും ഏറ്റെടുക്കുകയായിരുന്നു. സമരത്തിന് പിന്തുണയുമായി കേരളത്തിന് പുറത്തുനിന്നും വിദേശരാജ്യങ്ങളില്‍നിന്നും ഉള്‍പ്പെടെ ആളുകളെത്തിയത് ആവേശം പകര്‍ന്നു. സമരം നാള്‍ക്കുനാള്‍ കരുത്താര്‍ജിക്കുന്നത് മനസ്സിലാക്കിയ കോളേജ് മാനേജ്മെന്റും സിഎസ്ഐ സഭാനേതൃത്വവും മുന്‍കൈ എടുത്ത് ചര്‍ച്ച നടത്തുകയും വിദ്യാര്‍ഥികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കാനും പുറത്താക്കിയ വിദ്യാര്‍ഥികളെ തിരിച്ചെടുക്കാനും തീരുമാനിക്കുകയായിരുന്നു. പുറത്താക്കപ്പെട്ട വിദ്യാര്‍ഥികള്‍ തിരിച്ചെടുക്കപ്പെട്ടപ്പോള്‍ അകാരണമായി വിദ്യാര്‍ഥികളെ പുറത്താക്കാന്‍ നേതൃത്വം നല്‍കിയവര്‍ക്ക് സ്വന്തം സ്ഥാനങ്ങള്‍ തെറിച്ചു എന്ന പ്രത്യേകതയും ഈ സമരത്തിന്റെ ഭാഗമായുണ്ടായി. കോളേജ് മാനേജരായ ബെന്‍ ഗ്ലാഡ്സ്റ്റനെ മാറ്റി പകരം ഡോ. ബെന്‍റോയിയെ മാനേജരാക്കി. വിദ്യാര്‍ഥിദ്രോഹനടപടികള്‍ക്ക് നേതൃത്വം നല്‍കിയ മുന്‍കാല കെഎസ്യു പ്രവര്‍ത്തകനും കോളേജിലെ ബര്‍സറുമായ പോള്‍രാജിനെ മാറ്റി പ്രൊഫ. സുനിതാറാണിയെ ബര്‍സറായി നിയമിക്കാനും സഭാനേതൃത്വം തയ്യാറായി.

deshabhimani

No comments:

Post a Comment