Friday, January 24, 2014

നവ ഉദാരനയങ്ങള്‍ക്കെതിരെ 26 മുതല്‍ ബെഫി ജാഥകള്‍

നവ ഉദാരനയങ്ങള്‍ ബാങ്കിങ്മേഖലയില്‍ സൃഷ്ടിച്ച പ്രത്യാഘാതങ്ങളിലേക്ക് ജനമനസ്സുണര്‍ത്തി ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബെഫി)യുടെ ആഭിമുഖ്യത്തില്‍ 26 മുതല്‍ ഫെബ്രുവരി ഒന്നുവരെ സംസ്ഥാനത്ത് നാല് വാഹന-കലാജാഥകള്‍ പര്യടനം നടത്തുമെന്ന് ബെഫി സംസ്ഥാന ജനറല്‍ സെക്രട്ടറി സി ജെ നന്ദകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു."ജനകീയ ബാങ്കിങ് ജനനന്മയ്ക്ക്" എന്ന സന്ദേശവുമായി ധനകാര്യമേഖലയുടെ പ്രകടനപത്രിക ജാഥയില്‍ പ്രചരിപ്പിക്കും.

ഓഹരിവില്‍പ്പനയിലൂടെയും സ്വകാര്യവല്‍ക്കരണത്തിലൂടെയും പൊതുമേഖലാ ബാങ്കുകളെ തകര്‍ക്കുന്നതിന് സര്‍ക്കാര്‍ ആക്കംകൂട്ടുകയാണ്. ഗ്രാമീണ ബാങ്കിങ് ശാഖകളെ ദുര്‍ബലപ്പെടുത്തുന്നതോടൊപ്പം സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കിടാനുള്ള നീക്കവും സജീവമാണ്. തസ്തികകള്‍ വെട്ടിക്കുറയ്ക്കുന്നതോടൊപ്പം ബാങ്കുകള്‍ ലയിപ്പിച്ച് ഇല്ലാതാക്കുകയും ചെയ്യുന്നു. കോര്‍പറേറ്റുകള്‍ക്ക് പട്ടുപരവതാനി വിരിക്കുന്ന ബാങ്കുകള്‍ സാധാരണക്കാരെ സഹായിക്കുന്ന പദ്ധതികളില്‍നിന്നു പിന്‍വാങ്ങുന്നു. ഇക്കാര്യങ്ങളൊക്കെ തുറന്നുകാട്ടുന്നതാകും ജാഥകള്‍.

ബെഫി സംസ്ഥാന വൈസ് പ്രസിഡന്റ് ടി നരേന്ദ്രന്‍ ക്യാപ്റ്റനായ എറണാകുളം മേഖലാ ജാഥ 26ന് വൈകിട്ട് വടക്കന്‍ പറവൂരില്‍ ഡോ. സുനില്‍ പി ഇളയിടം ഉദ്ഘാടനം ചെയ്യും. 27ന് രാവിലെ ഒമ്പതിന് എറണാകുളം മറൈന്‍ ഡ്രൈവില്‍നിന്ന് പര്യടനം ആരംഭിക്കും. എറണാകുളത്തിനു പുറമെ ഇടുക്കി, കോട്ടയം ജില്ലകളിലും ജാഥ പര്യടനം നടത്തും. മാവൂര്‍ വിജയന്‍ രചിച്ച് സുരേഷ് പി കുട്ടന്‍ സംവിധാനം ചെയ്ത് ബാങ്ക് ജീവനക്കാര്‍ അവതരിപ്പിക്കുന്ന "ബാലന്‍ മാഷ് പറഞ്ഞത്" എന്ന നാടകം കലാജാഥയില്‍ അവതരിപ്പിക്കും. മേഖലയിലെ പ്രശ്നങ്ങള്‍ പ്രതിപാദിക്കുന്ന ലഘുപുസ്തകവും പ്രചരിപ്പിക്കും.

സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ സുരേഷ് നയിക്കുന്ന കാസര്‍കോട് ജാഥ 26ന് വൈകിട്ട് കാസര്‍കോട്ട് കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ പര്യടനം നടത്തും. വൈസ് പ്രസിഡന്റ് എ അജയന്‍ നയിക്കുന്ന തൃശൂര്‍ ജാഥ 26ന് കൊടുങ്ങല്ലൂരില്‍ പ്രൊഫ. സി രവീന്ദ്രനാഥ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ പര്യടനം നടത്തും. സംസ്ഥാന സെക്രട്ടറി എസ് എസ് അനില്‍ നയിക്കുന്ന തിരുവനന്തപുരം ജാഥ 25ന് വൈകിട്ട് ഗാന്ധിപാര്‍ക്കില്‍ എം വിജയകുമാര്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ പര്യടനം നടത്തും. ബെഫി ഭാരവാഹികളായ എസ് എസ് അനില്‍, കെ എസ് രവീന്ദ്രന്‍, എം കെ സന്തോഷ്, എസ് ഗോകുല്‍ദാസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani

1 comment:

  1. വാഹന-കലാജാഥകള്‍ പര്യടനം ?

    why... go for a hartal itself! have you seen a banking in any western country? if not go and see one. check the difference in service!

    ReplyDelete