ഒരുകുറ്റി പാചകവാതകം വാങ്ങണമെങ്കില്‍ 1300 രൂപയിലധികം കൈയില്‍ വേണം. നിയന്ത്രണം എടുത്തുകളഞ്ഞതിനു ശേഷം പെട്രോളിന് 25 തവണയാണ് വില വര്‍ധിപ്പിച്ചത്. ഇന്ന് തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോള്‍ വാങ്ങാന്‍ കൊടുക്കേണ്ടത് 76.08 രൂപ. ഡീസലിന് 58.35 രൂപ. അത് ഒറ്റയടിക്ക് രണ്ടുരൂപ കൂടി വര്‍ധിപ്പിക്കാന്‍ പോകുന്നു. അഞ്ചു നിയമസഭാ തെരഞ്ഞെടുപ്പിന്റെ കാലമായതിനാല്‍ ഇടയ്ക്ക് "മുറപ്രകാരമുള്ള" വര്‍ധന സാധിച്ചില്ല. അതുകൊണ്ടാണ് ഒറ്റയടിക്ക് രണ്ടുരൂപ കൂട്ടി "കേട്" തീര്‍ക്കുന്നത്. തമ്പാനൂരിലെ തട്ടുകടയില്‍ ഒരു ചായ കുടിക്കണമെങ്കില്‍ ഏഴുരൂപ കൊടുക്കണം. റെയില്‍വെ സ്റ്റേഷനടുത്ത വെജിറ്റേറിയന്‍ റസ്റ്ററന്റില്‍ സാദാ ഊണിന് വില എഴുപത്തിയഞ്ചു രൂപ.
സര്‍ക്കാരിന്റെ എല്ലാ ആനുകൂല്യങ്ങളും "ആധാറി"ല്‍ കുരുക്കിയിടുകയാണ്. അതിനര്‍ഥം റേഷന്‍ കടയില്‍ചെന്നാലും മാര്‍ക്കറ്റ് വിലയിലേ അരി കിട്ടൂ എന്നാണ്. മണ്ണെണ്ണയും രാസവളവും ആധാറിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് തീരുമാനിച്ചു. പാചകവാതക വില ഇനിയും നൂറുരൂപയോളം വര്‍ധിപ്പിക്കാന്‍ തീരുമാനമെടുത്തു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില താഴ്ന്നു താഴ്ന്നു വരുമ്പോഴാണ്, ഇവിടെ പെട്രോളിന്റെയും ഡീസലിന്റെയും പാചകവാതകത്തിന്റെയും വില കയറിക്കൊണ്ടിരിക്കുന്നത്.
രാസവളത്തിന് സബ്സിഡി പരിപൂര്‍ണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യം. കൃഷിയുടെ നഷ്ടക്കണക്കും കര്‍ഷക ആത്മഹത്യയും പെരുകുമ്പോഴും വളം സബ്സിഡിയില്‍നിന്ന് പിന്മാറാനാണ് കാര്‍ഷികരാജ്യത്തിന്റെ ഭരണാധികള്‍ക്ക് താല്‍പര്യം. റെയില്‍വേ കടത്തുകൂലിയും യാത്രാനിരക്കും പലവഴിക്കാണ് വര്‍ധിപ്പിക്കുന്നത്. ഇനി അതിനും പെട്രോളിന്റെ ഗതിയാണ്. ഓരോ ആറുമാസത്തിലും വര്‍ധന ഉറപ്പാക്കുന്ന റെയില്‍ താരിഫ് അതോറിറ്റി ഉടന്‍ നിലവില്‍വരും. അടുത്ത മന്ത്രിസഭാ യോഗത്തില്‍ തന്നെ അതോറിറ്റി രൂപീകരണമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. അതോടെ ഇനി "സ്വാഭാവിക"മായ നിരക്കുവര്‍ധന ഉറപ്പാകും. വാറ്റും സേവന നികുതിയും ഏതു വഴിക്കാണ് ആഘാതമേല്‍പ്പിക്കുകയെന്നത് അചിന്ത്യം. 2012-13ല്‍ വാറ്റ് നികുതി നിരക്ക് ഒരുശതമാനം, 4 ശതമാനം, 13.5 ശതമാനം എന്നിങ്ങനെയായിരുന്നു. ഏറ്റവുമൊടുവില്‍, 2013-14ല്‍ നാലുശതമാന നികുതി നിരക്ക് അഞ്ചായും 13.5 ശതമാന നിരക്ക് 14.5 ആയും ഉയര്‍ത്തി. ഇടതുപക്ഷ ജനാധിപത്യമുന്നണി ഭരണകാലത്ത് ഒരിക്കല്‍പോലും നികുതിനിരക്ക് ഉയര്‍ത്തിയില്ല. യുഡിഎഫ് വന്ന് ആദ്യവര്‍ഷങ്ങളില്‍ തന്നെ ബജറ്റുകളിലൂടെ എട്ടുമുതല്‍ 25 ശതമാനംവരെ വാറ്റ് നികുതി കൂട്ടി.
ജനങ്ങള്‍ക്ക് ദുരിതം സമ്മാനിക്കുന്നതില്‍ കേന്ദ്ര യുപിഎ സര്‍ക്കാരും കേരളത്തിലെ യുഡിഎഫ് സര്‍ക്കാരും ഒരേ വാശി കാണിക്കുന്നു. കേന്ദ്രത്തിന്റെ ആഗോളവല്‍ക്കരണ തിട്ടൂരങ്ങള്‍ ശിരസ്സാവഹിച്ച് അതിന്റെ ഭാരം ജനങ്ങളുടെ തലയില്‍വയ്ക്കുന്നതിന് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ഒട്ടും ജാള്യം തോന്നുന്നില്ല. പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെടുകയല്ല; സംസ്ഥാന സര്‍ക്കാരിന്റെ അധികനികുതി വേണ്ടെന്നുവയ്ക്കാമെന്ന് പ്രഖ്യാപിക്കുകയാണ് ആദ്യംഘട്ടത്തില്‍ ഉമ്മന്‍ചാണ്ടി ചെയ്തത്. പിന്നെ ആ പല്ലവി ഉപേക്ഷിച്ചു. ഇപ്പോള്‍ കേന്ദ്രം വില കൂട്ടും; നിശബ്ദമായി കേരളം അത് നടപ്പാക്കുമെന്നത് "അംഗീകൃത" രീതിയായി. ഇന്ന് കേരളത്തില്‍ സര്‍ക്കാരിന് കമ്പോളത്തില്‍ നിയന്ത്രണമില്ല. സപ്ലൈകോയുടെ, ലാഭം മാര്‍ക്കറ്റിലും മാവേലി സ്റ്റോറിലും സബ്സിഡിയോടുകൂടിയ ഇനങ്ങള്‍ ലഭ്യമല്ല. ആവശ്യത്തിന് സാധനങ്ങള്‍ സര്‍ക്കാര്‍ നല്‍കുന്നില്ല. കണ്‍സ്യൂമര്‍ഫെഡില്‍ അഴിമതിയാണ് പ്രധാന കച്ചവടം. വിപണി ഇടപെടലിന് മാത്രം ശരാശരി 100കോടി രൂപ പ്രതിവര്‍ഷം എല്‍ഡിഎഫ് സര്‍ക്കാര്‍ ചെലവിട്ടതാണ്. യുഡിഎഫ് വന്നപ്പോള്‍ ആദ്യം അത് 50 കോടിയാക്കി ചുരുക്കി. സപ്ലൈകോ ഒഴികെയുള്ള എല്ലാ സ്ഥാപനങ്ങളിലും ന്യായവില ഉത്സവകാലത്തു മാത്രം മതി എന്നാണ് സര്‍ക്കാര്‍ തീരുമാനം. ഒരിടത്തും വില നിയന്ത്രണം വേണ്ടെന്ന സര്‍ക്കാര്‍ തീരുമാനം, ഹോട്ടലുകളിലെ ഭക്ഷ്യവിലയില്‍ കാണാം. തോന്നിയപോലെയാണ് വര്‍ധന. ആരും ചോദിക്കാനില്ലാത്ത അവസ്ഥ. കുടിവെള്ളക്കരം വര്‍ധിപ്പിച്ചതു പോരാഞ്ഞ് വെള്ളക്കച്ചവടം തുടങ്ങുകയാണ്. പ്രകൃതിയിലെ വെള്ളം കുപ്പിയിലാക്കി വിറ്റ് ലാഭമുണ്ടാക്കുന്ന കമ്പനി വരുന്നു. സര്‍ക്കാരിനെതന്നെ കഴുത്തറപ്പന്‍ ലാഭമുണ്ടാക്കുന്ന സ്ഥാപനമാക്കി മാറ്റുകയാണ്. വൈദ്യുതി താരിഫ്, അടിക്കടി വര്‍ധനയും സര്‍ചാര്‍ജും മറ്റു പലതരത്തിലുള്ള പണം പിടുങ്ങലുമായി മുകളിലേക്ക് പോകുന്നു. 200 യൂണിറ്റിന് മുകളിലുള്ളവര്‍ക്ക് 50 ശതമാനം വര്‍ധനയും ഇരുപതുശതമാനം വച്ച് സര്‍ച്ചാര്‍ജും ഏര്‍പ്പെടുത്തിയിട്ടും തൃപ്തി വന്നില്ല. ഉല്‍പാദനം വര്‍ധിപ്പിക്കാനോ പകരം സ്രോതസ്സുകള്‍ കണ്ടെത്താനോ ശ്രമമില്ല. സോളാര്‍ വൈദ്യുതി വ്യാപിപ്പിക്കാനെന്ന പേരില്‍ ഇടപെടലുകളുണ്ടായി-ഭരണകക്ഷിയിലെ വമ്പന്മാരുടെ പണപ്പെട്ടികള്‍ നിറഞ്ഞത് മിച്ചം.
നിര്‍മാണ മേഖലയില്‍ അക്ഷരാര്‍ഥത്തില്‍ സ്തംഭനമാണ്. സിമന്റിന് 340-370 രൂപ. കമ്പി കിലോയ്ക്ക് 60-68 രൂപ. സിമന്റ് വില 270 രൂപയില്‍ നിന്നാണ് ഉയര്‍ന്നത്. കമ്പി കിലോയ്ക്ക് 49 രൂപയില്‍ നിന്നും. മണല്‍ കിട്ടാനില്ല. കഷ്ടപ്പെട്ട് വാങ്ങുകയാണെങ്കില്‍ നൂറ് ചതുരശ്ര അടിക്ക് പതിനയ്യായിരം രൂപവരെ കൊടുക്കണം. ജീവിതച്ചെലവിനനുസരിച്ച് കൂലിയിലും വര്‍ധന. ഇതെല്ലാം ചേര്‍ന്നാല്‍ ഉയര്‍ന്ന ഇടത്തരക്കാരനുപോലും വീടുപണി അസാധ്യം. സര്‍ക്കാര്‍ അടിക്കടി കൊണ്ടുവരുന്ന നിയന്ത്രണങ്ങളും നിരോധനങ്ങളും പകരം സംവിധാനം കണ്ടെത്താനുള്ള സന്നദ്ധതയില്ലായ്മയും ഈ രംഗത്തെ പ്രതിസന്ധി അതിരൂക്ഷമാക്കി. ഇരുപത്തിയഞ്ചുലക്ഷത്തോളം നിര്‍മാണത്തൊഴിലാളികളും അനുബന്ധമേഖലയില്‍ തൊഴിലെടുക്കുന്നവരും ദുരിതത്തില്‍.
ബസ്, ടാക്സി, ആട്ടോ ചാര്‍ജുകള്‍ ഇനിയും കൂട്ടാന്‍പോകുന്നു. ഇന്ധന വിലവര്‍ധനയുടെ പേരില്‍ അത് ന്യായീകരിക്കപ്പെടുന്നു. പഴം, പച്ചക്കറി, പാല്‍, പയര്‍ വര്‍ഗങ്ങള്‍-വില വര്‍ധിപ്പിക്കാത്തവ ഒന്നുമില്ല. അതേസമയം ഇവിടത്തെ കാര്‍ഷിക ഉല്‍പന്നവില താഴോട്ടാണ്. സര്‍ക്കാരാശുപത്രികളില്‍ മരുന്നുമില്ല, സൗകര്യവുമില്ല- സ്വകാര്യ മേഖലയിലാകട്ടെ ചികിത്സാച്ചെലവില്‍ അമ്പരപ്പിക്കുന്ന വര്‍ധന. വിദ്യാഭ്യാസച്ചെലവ് എത്രയെന്ന് ആര്‍ക്കും തിട്ടപ്പെടുത്താനാവുന്നില്ല. സ്വകാര്യസ്ഥാപനങ്ങള്‍ നിശ്ചയിക്കുന്നതാണ് നിരക്ക്. നിയന്ത്രണങ്ങള്‍ ഒന്നുമില്ല. എത്ര തുക കോഴ വാങ്ങിയാലും നടപടിയുമില്ല.
കേരളീയന്റെ ദൈനംദിന ജീവിതം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുടെ ചെറിയൊരു ഭാഗം മാത്രമാണിത്. ഇതാണ് ജനകീയ പ്രശ്നം. ജനങ്ങള്‍ക്ക് രക്ഷപ്പെടാനുള്ളത് ഈ ദുരിതത്തില്‍നിന്നാണ്. വിലക്കയറ്റത്തിനെതിരെ ഉയരുന്നത് ഇന്ന് നാട്ടില്‍ നടക്കേണ്ട ഏറ്റവും പ്രസക്തവും പ്രധാനവുമായ ജനകീയ സമരമാകുന്നത് അതുകൊണ്ടാണ്. സമരങ്ങളെ പുച്ഛിക്കുന്നവരുണ്ട്- അവ പരാജയമാണെന്ന് പരിഹസിച്ച് ഭരണാധികാരികളുടെ ജനദ്രോഹങ്ങള്‍ക്ക്, ജനവിരുദ്ധ നയങ്ങള്‍ക്ക് കുടപിടിക്കുന്നവരുണ്ട്. ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങള്‍ കൂട്ടായ പ്രതിഷേധസ്വരമുയര്‍ത്തിയാണ് ഭരണാധികാരികളുടെ കണ്ണുതുറപ്പിക്കുക. ആ ശബ്ദംകേട്ട് ഭരണാധികാരികളുടെ കര്‍ണങ്ങള്‍ ഉണര്‍ന്നില്ലെങ്കില്‍ കൂടുതല്‍ ഉച്ചത്തില്‍, കൂടുതല്‍ ശക്തിയാര്‍ജിച്ച് സ്വരമുയര്‍ത്താനാണ് ജനപക്ഷത്തുനില്‍ക്കുന്നവര്‍ തയ്യാറാവുക. അങ്ങനെയൊരു സമരമാണ്, ബുധനാഴ്ച സംസ്ഥാനത്തിന്റെ ആയിരത്തിനാനൂറ് കേന്ദ്രങ്ങളില്‍ ആരംഭിക്കുന്നത്. സിപിഐ എം നേതൃത്വം നല്‍കുന്ന സഹനസമരം. ജനങ്ങള്‍ ഇത് കാണുന്നുണ്ട്; മനസ്സിലാക്കുന്നുണ്ട്. മനസ്സറിഞ്ഞ് ഈ പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്നുമുണ്ട്. അത് കാണാത്തത് വലതുപക്ഷത്തിന്റെ വിടുവേലക്കാര്‍ മാത്രമാണ്. അവരുടെ കണ്ണില്‍ പതിഞ്ഞില്ലെങ്കിലും സമരം എങ്ങനെ ജനങ്ങള്‍ ഏറ്റെടുക്കുമെന്ന കാഴചയ്ക്കാണ് ബുധനാഴ്ച കേരളം സാക്ഷിയാകുന്നത്. നാടിനുവേണ്ടി നിരാഹാരസമരം ചെയ്യുന്നതും നാളെ സമരവിരോധികളുടെ നെറ്റി ചുളിപ്പിച്ചേക്കും. അവര്‍ക്കുള്ള മറുപടി അവഗണന മാത്രം.
പി എം മനോജ് deshabhimani
No comments:
Post a Comment